ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/അത്യാഗ്രഹം വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹം വരുത്തിയ വിന

ഉദയവർമ്മ രാജാവിന്റെ ദേശമായിരുന്നു പാണ്ഡവപുരം . പാണ്ഡവപുരത്തെ കള്ളൻമാരായിരുന്നു രാമുവും കോമുവും. ഇവരെ കൊണ്ട് നാട്ടുകാർക്ക് എല്ലാം വല്യ ശല്യമായിരുന്നു.മോഷ്ടിക്കുന്ന സാധനങ്ങൾ അയൽ ദേശങ്ങളിൽ കൊണ്ടുപോയി വിൽക്കലായിരുന്നു അവരുടെ പ്രധാന ജോലി. അങ്ങനെയൊരിക്കൽ മോഷ്ടിച്ച സാധനങ്ങളുമായി രണ്ടു പേരും രാത്രിയിൽ യാത്ര തിരിച്ചു. കുറെ യാത്ര ചെയ്ത് കഴിഞ്ഞപ്പോൾ രണ്ടു പേരും വിശ്രമിക്കാൻ തീരുമാനിച്ചു. കൈയിൽ ഉള്ള ഭക്ഷണ പൊതികളുമായി രാമുവും കോമുവും ഒരു നദി കരയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. പെട്ടന്ന് നദിയിൽ നിന്നും ഒരു മുതല പൊങ്ങിവന്നു. ഇത് കണ്ട് പേടിച്ച കള്ളൻമാർ തങ്ങളുടെ കൈയിലെ സാധനങ്ങൾ എല്ലാം ഉപേക്ഷിച്ച് നദിക്കരയിൽ നിന്ന് ഓടി രക്ഷപെട്ടു. പേടി കാരണം തിരിച്ച് നദിക്കരയിലേക്ക് പോകാതെ രണ്ടു പേരും അവരുടെ വീടുകളിലേക്ക് തിരിച്ചു. വെറും കൈയോടെ തിരിച്ച് വീട്ടിലെത്തിയ രാമുവിനെയും കോമുവിനെയും കണ്ട് അവരുടെ ഭാര്യമാർ കാര്യം അന്വേഷിച്ചു. നടന്ന സംഭവങ്ങൾ അവർ ഭാര്യമാരെ അറിയിച്ചു. എന്നാൽ അത്യാഗ്രഹികളായ അവരുടെ ഭാര്യമാർക്ക് ഇത് കേട്ടിട്ട് ഒട്ടും വിശ്വാസം വന്നില്ല. മോഷ്ടിച്ചു കിട്ടിയ സാധനങ്ങൾ നദികരയിൽ ഉപേക്ഷിച്ചു പോന്നതിന് അവർ ഭർത്താക്കൻമാരെ നല്ലപോലെ ശകാരിച്ചു. കള്ളൻമാർ ഉറങ്ങിയിട്ടും ഭാര്യമാർക്ക് ഉറങ്ങാൻ സാധിച്ചില്ല. അങ്ങനെ അവസാനം നദികരയിൽ ഉപേക്ഷിച്ച സാധനങ്ങൾ എടുക്കുവാനായി രാമുവിന്റെയും കോമുവിന്റെയും ഭാര്യമാർ വീട്ടിൽ നിന്നും യാത്ര തിരിച്ചു. പക്ഷേ നദിക്കരയിൽ എത്തിയപ്പോൾ അവിടെ ഒന്നും കാണാനുണ്ടായിരുന്നില്ല. ഇത് കണ്ട് നിരാശരായി അവർ തിരിച്ചു നടക്കാനൊരുങ്ങി. എന്നാൽ രാമുവിന്റെ ഭാര്യക്ക് പെട്ടന്ന് ഒരു ചിന്ത ഉണ്ടായി. ഇനി മുതല സാധനങ്ങൾ എല്ലാം കടിച്ചെടുത്ത് വെള്ളത്തിൽ ഇട്ടതാണെങ്കിലോ? അവൾ കോമുവിന്റെ ഭാര്യയോട് ഇത് പറഞ്ഞു. അവരും അത് ശരിയായിരിക്കും എന്ന് വിചാരിച്ചു. അങ്ങനെ രണ്ടു പേരും കൂടി വെള്ളത്തിൽ ഇറങ്ങി സാധനങ്ങൾ തപ്പി എടുക്കാൻ തീരുമാനിച്ചു. എന്നാൽ ആ നദിക്ക് നല്ല ആഴമുള്ളതായിരുന്നു. ഇത് അറിയാതെ നദിയിൽ ഇറങ്ങിയ അവർ നീന്തൽ അറിയാതെ വെള്ളത്തിൽ മുങ്ങി പോകാൻ തുടങ്ങി. അപ്പോൾ അയൽ ദേശത്തേക്ക് പോകാൻ ആ വഴി വന്ന രാജാവിന്റെ ഭടൻമാർ ഇവരുടെ ഉച്ചത്തിൽ ഉള്ള നിലവിളി കേൾക്കാനിടയായി. നദിക്കരയിലേക്ക് ഓടിച്ചെന്ന ഭടൻമാർ വെള്ളത്തിൽ മുങ്ങുന്ന രാമുവിന്റെയും കോമുവിന്റെയും ഭാര്യമാരെ കണ്ടു. ആ നിമിഷം തന്നെ അവർ വെള്ളത്തിൽ ഇറങ്ങി അവരെ രക്ഷിച്ചു കരയ്ക്കെത്തിച്ചു. എന്നാൽ തങ്ങളെ രക്ഷിച്ചത് രാജഭടൻമാരാണ് എന്നറിയാതെ അവരുടെ വീട്ടിലേക്കുള്ള വഴി കള്ളൻ മാരുടെ ഭാര്യമാർ പറഞ്ഞു കൊടുത്തു. അതനുസരിച്ച് ഭടൻമാർ അവരെ വീടുകളിൽ കൊണ്ടു ചെന്നാക്കി. ബുദ്ധിമാൻമാരായ ഭടൻമാർ ഈ അവസരം മുതലാക്കി കള്ളൻ മാരെ പിടിക്കാൻ തീരുമാനിച്ചിരുന്നു. ഇതു ഒന്നുമറിയാതെ വീട്ടിൽ കിടന്ന് ഉറങ്ങുകയാരുന്നു രാമുവും കോമുവും. പെട്ടന്ന് കതകിൽ മുട്ടുന്ന ശബ്ദം കേട്ട് കള്ളൻമാർ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന രാജഭടൻമാരെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവർക്ക് അതിന് സാധിച്ചില്ല. തങ്ങളുടെ ഭാര്യമാരുടെ അത്യാഗ്രഹം ആണ് ഇതിനെല്ലാം കാരണമെന്ന് രാമുവും കോമുവും മനസിലാക്കി.അങ്ങനെ പാണ്ഡവപുരത്തെ രണ്ട് കള്ളൻമാരും തടവറയിലായി. പിറ്റെ ദിവസം ഈ വാർത്ത അറിഞ്ഞ നാട്ടുകാർക്ക് എല്ലാം ഭയങ്കര സന്തോഷമായി. അവർ രാജകൊട്ടാരത്തിന് മുന്നിൽ ആരവങ്ങളുമായി തടിച്ചു കൂടി . എന്നാൽ ഇത് എല്ലാം കണ്ടും കേട്ടും രാമുവിന്റെയും കോമുവിന്റെയും ഭാര്യമാർ വളരെയധികം സങ്കടപ്പെട്ടു. തങ്ങളുടെ അത്യാഗ്രഹമാണ് ഇതിനെല്ലാം കാരണമായതെന്നും അത്യാഗ്രഹം ആപത്താണെന്നും അവർക്ക് മനസിലായി.

അജയ് അനിൽകുമാർ
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കഥ