ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് കിഴതിരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 2- പ്രവേശനോത്സവം

02/06/2025 തിങ്കളാഴ്ച ഗവ. എൽ. പി. സ്കൂൾ കിഴതിരിയിൽ പ്രവേശനോത്സവം ആഘോഷപൂർവം നടന്നു.മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിന്റെ പൂന്തോപ്പിലേക്ക് വർണ്ണപൂമ്പാറ്റകളായി കുട്ടികൾ പറന്നെത്തി. അവർക്കായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചിരുന്നു. പുതുതായി ഒന്നാം ക്ലാസ്സിലെത്തിയ കൊച്ചു കൂട്ടുകാർ അക്ഷരത്തൊപ്പിയും അവരുടെ പേരെഴുതിയ പട്ടുനാടയും അണിഞ്ഞു ഗമ കൂട്ടി.

തുടർന്ന് യോഗനടപടികൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ എൻ. ആർ. സ്വാഗതമാശംസിച്ചു.പി. ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ തുമ്പക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം കുറിഞ്ഞി വാർഡ്  മെമ്പർ ശ്രീമതി. കവിത മനോജ് ഉദ്‌ഘാടനം ചെയ്തു. സേവാ ഭാരതി പ്രവർത്തകരായ ബാബുരാജ് വെട്ടിയോലിക്കൽ, രാജ്‌മോഹൻ എന്നിവർ സ്കൂളിലേക്ക് 12 ബാഗുകൾ സംഭാവന നൽകി. റിട്ട. അധ്യാപകൻ ശ്രീ. ഡി. ശുഭലൻ സർ കുട്ടികൾക്ക് അക്ഷര ദീപം പകർന്നു നൽകുകയും സന്ദേശം നൽകി സംസാരിക്കുകയും ചെയ്തു.  ശ്രീ. കേണൽ  കെ. എൻ. വി. ആചാരി, അദ്ദേഹം സംഭാവന ചെയ്ത നോട്ടു ബുക്കുകളും മറ്റു പഠനോപകരണങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു. ബിനിയ ടീച്ചർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് അധ്യാപകർ കൊച്ചു  കൂട്ടുകാർക്ക് മധുര മിഠായികൾ നല്കിയതോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

സമഗ്ര ഗുണമേന്മ

ജൂൺ 3 സമഗ്ര ഗുണമേന്മ ക്ലാസ്- ഒന്നാം ദിനം

2025 ജൂൺ 3 ചൊവ്വാഴ്ച കിഴതിരി ഗവ. എൽ. പി. സ്കൂളിൽ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി  ഒന്നാം ദിവസത്തെ ക്ലാസ്സ്‌ നടത്തപ്പെട്ടു. പൊതുകാര്യങ്ങളെ പറ്റി സലില ടീച്ചർ ക്ലാസ്സെടുത്തു. 2 മണിക്ക് ക്ലാസ്സ് ആരംഭിച്ചു. ആദ്യം കുട്ടികൾ സ്വയം പരിചയപ്പെടുത്തി. പിന്നീട് കൂട്ടുകാരെ പരിചയപ്പെട്ടു. ക്ലാസിനു ശേഷം

സ്കൂളും പരിസരവും,  ക്ലാസ്സ്‌റൂമുകൾ, ഓഫീസ്, ലൈബ്രറി, പാർക്ക്‌, അടുക്കള, ഊണു മുറി, ടോയ്‌ലെറ്റ്, പൂന്തോട്ടം,പച്ചക്കറി തോട്ടം, എന്നിവ പരിചയപ്പെടൽ, ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിൽ ബോധവത്കരണം നൽകി. കുട്ടികൾ ക്ലാസ്സ്‌ നന്നായി ആസ്വദിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം ക്ലാസ്സിൽ ഉടനീളം ഉണ്ടായിരുന്നു. സ്കൂളിലെ എല്ലാ  അധ്യാപകരുടെയും സഹകരണവും ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സ് 3 മണിക്ക് അവസാനിച്ചു.

ജൂൺ 4- രണ്ടാം ദിനം

04.06.2025 ബുധനാഴ്ച സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ ബോധവത്കരണ ക്ലാസ്സ് നടത്തി. ബിനിയടീച്ചറാണ് ക്ലാസ്സെടുത്തത്.റോഡിലൂടെയുള്ള സഞ്ചാരം, സ്കൂൾ വാഹനത്തിന്റെ ഉപയോഗം, റോഡ് നിയമങ്ങൾ, ട്രാഫിക് സിഗ്നൽ മുതലായവയായിരുന്നു തീമുകൾ.

കുട്ടികൾക്കായി ഒരു വീഡിയോ പ്രസന്റേഷൻ നടത്തി. അതുപോലെ ട്രാഫിക് സിഗ്നലിന്റെ മോഡൽ കുട്ടികളെ കാണിച്ചു പരിചയപ്പെടുത്തി. റോഡ് നിയമങ്ങളെപ്പറ്റിയുള്ള തങ്ങളുടെ ധാരണ കുട്ടികൾ പങ്കുവച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിന്റെ മുൻപിലുള്ള റോഡ് സന്ദർശിച്ചു. സീബ്രാ വരകൾ നേരിട്ടു കണ്ട് സീബ്രാക്രോസ്സ് ചെയ്യുന്നതും റോഡിലൂടെ നടക്കുന്നത് എങ്ങനെയെന്നും  മനസ്സിലാക്കി. സൂചന ബോർഡുകളും പരിചയപ്പെട്ടു. സ്കൂൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു.

കുട്ടികൾ എല്ലാവരും ക്ലാസ്സ്‌ ആസ്വദിച്ചു. ഹെഡ്മിസ്ട്രെസ്സിന്റയും അദ്ധ്യാപകരുടെയും നേതൃത്വവും കുട്ടികളുടെ പൂർണ സഹകരണവും ഉണ്ടായിരുന്നു.

ജൂൺ 5- മൂന്നാം ദിനം

05.06.2025 വ്യാഴാഴ്ച മൂന്നാം ദിവസത്തെ ബോധവത്കരണ ക്ലാസ്സ് നടന്നു. ശ്യാമിലി ടീച്ചറാണ്  ക്ലാസ്സെടുത്തത്.തീമുകൾ വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്,സ്കൂൾ സൗന്ദര്യവത്ക്കരണം എന്നിവയായിരുന്നു. ക്ലാസ്സ്‌ ആരംഭിച്ചത് മൂന്നാംക്ലാസുകാർ ആലപിച്ച ഒരു ശുചിത്വപ്പാട്ടോടു  കൂടിയാണ്. കുട്ടികൾ അതേറ്റുപാടി. തുടർന്ന് ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശുചിത്വസർവേ നടത്തി. അത് സർവേ ഫോറത്തിൽ രേഖപ്പെടുത്തി. തന്മൂലം കുട്ടികൾ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞു.

ശുചിത്വശീലം കൃത്യമായി പാലിക്കുന്നവരെ അഭിനന്ദിച്ചു. എല്ലാവരും ഉത്സാഹപൂർവം സർവേയിൽ പങ്കെടുത്തു. തുടർന്ന് ഒരു പ്രകൃതി നടത്തത്തിലൂടെ തങ്ങളുടെ സ്കൂളിന്റെ പരിസരം വൃത്തിയുള്ളതാണോ എന്ന് കുട്ടികൾ നിരീക്ഷിച്ചു. ക്ലാസ്സ്‌റൂം കുട്ടികൾ വൃത്തിയാക്കി. തങ്ങളുടെ സ്കൂളിന്റെ സൗന്ദര്യവത്കരണത്തെ പറ്റിയുള്ള ചർച്ചകളും നടന്നു. കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ച് സ്കൂൾ ഉദ്യാനത്തിന്റെ ഭംഗി വർധിപ്പിക്കാനും തീരുമാനിച്ചു.  പരിസ്ഥിതി ദിനവുമായി

ബന്ധിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. കുട്ടികൾ എല്ലാവരും ക്ലാസ്സ്‌ ആസ്വദിച്ചു. തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രൂപപ്പെടേണ്ട വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകേണ്ടത് അനിവാര്യമാണ്. അതിന്  ഉതകുന്ന ക്ലാസ്സായിരുന്നു നടന്നത്. കുട്ടികളിൽ ശുചിത്വബോധവും ഹരിതബോധവും ഉണരുവാൻ ഈ ക്ലാസ്സ്‌ സഹായകമായി.

ജൂൺ 5- ലോക പരിസ്‌ഥിതി ദിനം

05/06/2025 വ്യാഴാഴ്ച ഗവ. എൽ. പി. സ്കൂൾ കിഴതിരിയിൽ ലോക പരിസ്‌ഥിതി ദിനം ആചരിച്ചു. കുട്ടികൾ മനോഹരമായ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ശ്രീ. ഡി. ശുഭലൻ സാറിന്റെ വിജ്ഞാനപ്രദമായ ക്ലാസ് ഉണ്ടായിരുന്നു.സ്കൂളിലെയും പരിസരത്തെയും ജൈവ വൈവിധ്യം കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച പ്രകൃതി നടത്തത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളിലെ ജൈവ വൈവിധ്യ പാർക്കും നക്ഷത്ര വനവും ആമ്പൽപ്പൊയ്കയും സന്ദർശിച്ചു. സീഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇലകൾ നഷ്ടപ്പെട്ട ഒരു മരത്തിനു പുതുജീവൻ നൽകുന്നതിന്റെ പ്രതീകമായി ഉണങ്ങിയ മരത്തിന്റെ ചിത്രത്തിൽ നിറം മുക്കിയ വിരലുകളാൽ ഇലകൾ പതിപ്പിച്ചു.സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴക്കവിതാ രചനയിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.ഓരോ വീട്ടിലും ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക്  ഗുണമേന്മ യുള്ള പച്ചക്കറി  വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വളപ്പിൽ നട്ടു. കൂടാതെ ഹെഡ്മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ, മധുര ഫലം തരുന്ന അബിയു എന്ന വിദേശിചെടിയും വർണ്ണ ശലഭങ്ങളെ ആകർഷിക്കുന്ന ബട്ടർഫ്‌ളൈ ചെടിയും സവിശേഷമായ കൊളമ്പ് മാവിൻതൈയും സ്കൂളിന്റെ ജൈവ സമ്പത്തിന്റെ ഭാഗമായി.സ്കൂളിന്റെ പരിസരത്തുള്ള വീടുകളിൽ നാട്ടു മാവിൻതൈകൾ വിതരണം ചെയ്തു.

‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്ന ഈ വർഷത്തെ തീമിനോട് യോജിക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാൻ ബോധവത്ക്കരണം നൽകി.നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് കലാമൂല്യമുള്ളതും ഉപയോഗപ്രദവുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനായി പ്രോത്സാഹനം നൽകുകയും അവ സ്കൂൾ സൗന്ദര്യവത്ക്കരണത്തിനു ഉപയോഗിക്കുകയും ചെയ്തു. കൂടാതെ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് കുട്ടികൾ നിർമ്മിച്ച കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും സ്കൂളിൽ പ്രദർശിപ്പിച്ചു. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിനായി പേപ്പർ ക്യാരി ബാഗുകൾ നിർമ്മിക്കുന്നതിന് സലില ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.  പരിസര ശുചീകരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തരം തിരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളായ ഗൗരി കൃഷ്ണ (ഫസ്റ്റ്), ജുവൽ മരിയ ലിജോ (സെക്കന്റ്) എന്നിവർ വിജയികളായി.

ജൂൺ 9- സമഗ്ര ഗുണമേന്മ ക്ലാസ് നാലാം ദിനം

09.06.2025 തിങ്കളാഴ്ച സമഗ്ര ഗുണമേന്മ പദ്ധതിയുടെ നാലാം ദിവസത്തെ ബോധവത്കരണ ക്ലാസ്സ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് മിനി ടീച്ചർ പൊതു ആരോഗ്യം എന്ന വിഷയത്തിൽ  ക്ലാസ്സെടുത്തു.

പോഷണം,ശുചിത്വം,വ്യായാമം, നല്ല ഉറക്കശീലം,മനസ്സിന്റെ സന്തോഷം,ആരോഗ്യ മര്യാദകൾ തുടങ്ങിയ  മേഖലകളെ കുറിച്ചുള്ള സമഗ്രമായ ഒരു ക്ലാസ്സായിരുന്നു. കുട്ടികളുടെ ശുചിത്വ ശീലങ്ങളെ കുറിച്ചുള്ള അന്വേഷണവും, സംശയ നിവാരണവും, പൊതുചർച്ചയുമെല്ലാം ഈ ക്ലാസ്സിനെ മികവുറ്റതാക്കി. തല മുതൽ പാദം വരെയുള്ള ശ്രദ്ധയ്ക്ക് ഊന്നൽ നൽകിയുള്ള ക്ലാസ്സായിരുന്നു.

കുട്ടികൾ എല്ലാവരും ക്ലാസ്സ്‌ ആസ്വദിച്ചു. തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. പോഷകാഹാരം, കണ്ണിന്റെ സംരക്ഷണം,  ദന്തസംരക്ഷണം, മാനസികാരോഗ്യം, വ്യായാമം,  മൃഗങ്ങളുമായുള്ള ഇടപെടൽ, തുടങ്ങിയ എല്ലാത്തരം കാര്യങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണർത്താൻ ഈ ക്ലാസ്സ്‌ ഉപകരിച്ചു. വീട്ടിലും സ്കൂളിലും തങ്ങൾ ഇടപെടുന്ന സാഹചര്യങ്ങളിലുമെല്ലാം പുലർത്തേണ്ട നല്ല ശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ലഭിക്കാൻ ഉതകുന്ന ക്ലാസ്സായിരുന്നു.

ജൂൺ 10 അഞ്ചാം ദിനം

10.06.2025 ചൊവ്വാഴ്ച കിഴതിരി ഗവ. എൽ. പി. സ്കൂളിൽ അഞ്ചാം ദിവസത്തെ   ബോധവത്കരണ ക്ലാസ്സ് നടന്നു. ഡിജിറ്റൽ അച്ചടക്കത്തെപ്പറ്റി ശ്രീദേവി ടീച്ചർ ക്ലാസ്സെടുത്തു. ആധുനിക കാലഘട്ടത്തിൽ  കുട്ടികളുടെ ഇടയിൽ വർധിച്ചു വരുന്ന  ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുകയെന്ന ഉദ്ദേശമായിരുന്നു ക്ലാസ്സ്‌ മുന്നോട്ടു വച്ചത്.

മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ ധാരണ ഉണ്ടാക്കുവാൻ ക്ലാസ്സ്‌ സഹായിച്ചു. കുട്ടികളുടെ സ്ക്രീൻ ടൈമിനെപ്പറ്റി ചോദിച്ചു മനസ്സിലാക്കുകയും  ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെപ്പറ്റി വിശദമാക്കുകയും ചെയ്തു. ദൂഷ്യഫലങ്ങൾ പരിചയപ്പെടുത്തിയതിനോടൊപ്പം ഇവ ഫലപ്രദമായും മാതാപിതാക്കളുടെ മേൽനോട്ടത്തിലും എങ്ങനെ ഉപയോഗിക്കാമെന്നും ടീച്ചർ പറഞ്ഞുവച്ചു.

കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ സംബന്ധിച്ചു. ക്ലാസ്സിന്റെ വെളിച്ചത്തിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ പോസ്റ്റർ രചന,  ചിത്രരചന എന്നിവ നടത്തി. കുട്ടികൾ വളരെ ഭംഗിയായി ഈ പ്രവർത്തനങ്ങൾ ചെയ്തു. ജൂൺ 11 ആറാം ദിനം 11.06.2025 ബുധനാഴ്ച കിഴതിരി ഗവ. എൽ. പി. സ്കൂളിൽ ആറാം ദിവസത്തെ   ബോധവത്കരണ ക്ലാസ്സ് നടന്നു. സലില ടീച്ചറാണ് ക്ലാസ്സ്‌ നയിച്ചത്.  "പൊതുമുതൽ സംരക്ഷണം" ആയിരുന്നു വിഷയം.

പൊതുമുതൽ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം സ്കൂൾ കാലഘട്ടം മുതലേ  കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ ആവശ്യകതയെപ്പറ്റി കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കികൊടുക്കാൻ പര്യാപ്തമായിരുന്നു ഇന്നത്തെ ക്ലാസ്സ്‌. സ്വന്തം സാധന സാമഗ്രികൾ അടുക്കോടും ചിട്ടയോടും കൂടി നിശ്ചിത സ്ഥാനത്ത് സൂക്ഷിക്കുക,  ക്ലാസ്സിലെ പൊതുവായ സാമഗ്രികൾ കൂട്ടുത്തരവാദിത്വത്തിൽ സംരക്ഷിക്കുക എന്നീ കാര്യങ്ങളെപ്പറ്റി ടീച്ചർ പറഞ്ഞു വച്ചു. അതുപോലെ സ്കൂളും കെട്ടിടവും പൊതുമുതലാണെന്നും അത്  സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും  വിശദമാക്കി.  സ്വന്തം സാധന സാമഗ്രികൾ വൃത്തിയായി സൂക്ഷിച്ചു ശീലിക്കുന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. ഇതു മറ്റുള്ളവർക്ക് പ്രചോദനമായി.

കുട്ടികളേവരും താല്പര്യപൂർവ്വം ക്ലാസ്സിൽ സംബന്ധിച്ചു.

ജൂൺ 12  ഏഴാം ദിനം

12.06.2025 വ്യാഴാഴ്ച കിഴതിരി ഗവ. എൽ. പി. സ്കൂളിൽ ഏഴാം ദിവസത്തെ  ബോധവത്കരണ ക്ലാസ്സ്‌ നടന്നു. "പരസ്പര സഹകരണം" എന്നതായിരുന്നു തീം. ബിനിയ ടീച്ചർ ക്ലാസ്സ്‌ നയിച്ചു.    

പരസ്പര സഹകരണം എന്നത് പ്രൈമറി തലം മുതൽ ശീലിച്ചുപോരേണ്ട ഒന്നാണ്.വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അത് വളരെ അനിവാര്യമാണെന്ന ആശയം ടീച്ചർ പങ്കുവച്ചു. ചില ക്ലാസ്സ്‌റൂം സന്ദർഭങ്ങൾ  ഉദാഹരങ്ങളിലൂടെ അവതരിപ്പിച്ചു. ഈ വിഷയത്തെക്കുറിച്ചുള്ള ധാരണ  ഉണ്ടാക്കാൻ ഒരു റോൾപ്ലേ ഉപയോഗപ്പെടുത്തി. ബസ് യാത്ര, തുണിക്കട മുതലായ തീമുകൾ തിരഞ്ഞെടുത്ത്  കുട്ടികൾ തന്നെ വളരെ ഭംഗിയായി റോൾപ്ലേ അവതരിപ്പിച്ചു. കുട്ടികളുടെ അഭിനയമികവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായും ഇതുമാറി.  മറ്റ് കുട്ടികൾ ഇവ വിശകലനം ചെയ്യുകയും ചെയ്തു. തന്മൂലം വളരെ ലളിതമായി  ഈ ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ സാധിച്ചു.

ശേഷം ടീച്ചർ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന ഒരു കുട്ടിക്കഥ അവതരിപ്പിച്ചു. കുട്ടികൾ ക്ലാസും റോൾപ്ലേയുമെല്ലാം വളരെ നന്നായി ആസ്വദിച്ചു.

മറ്റ് അധ്യാപകരുടെ നേതൃത്വവും സഹകരണവും ഉണ്ടായിരുന്നു.

ജൂൺ 13 ക്രോഡീകരണം

കിഴതിരി ഗവ. എൽ. പി. സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ്സുകളിലെ അവസാന ക്ലാസ്സ്‌ 13.06.2025 വെള്ളിയാഴ്ച നടന്നു. ശ്രീദേവി ടീച്ചർ രണ്ടാഴ്ച നടന്ന ക്ലാസ്സുകളുടെ ഒരു ക്രോഡീകരണം നടത്തി. കുട്ടികൾ തങ്ങൾക്ക് ക്ലാസ്സുകളിലൂടെ ലഭിച്ച ധാരണകൾ ഒന്നുകൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തി.

സുംബാ ഡാൻസ് പരിശീലനം

കിഴതിരി ഗവ. എൽ. പി. സ്കൂളിൽ സുംബാ ഡാൻസ് പരിശീലനം ആരംഭിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പുതിയതായി കരിക്കുലത്തിൽ ഉൾപ്പെടുത്തിയ ഒരു ഫിറ്റ്നസ് പ്രോഗ്രാം ആണിത്.കുട്ടികൾക്ക് ഒരു വ്യായാമരീതിയായും മാനസികോല്ലാസത്തിനും സുംബാ ഡാൻസ് ഉപകരിച്ചു. മൂന്നാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ എല്ലാവരും സുംബാ ഡാൻസ് പരിശീലിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സിന്റെയും മറ്റ് അദ്ധ്യാപകരുടെയും നേതൃത്വവും ഉണ്ടായിരുന്നു. തുടർന്ന് സ്കൂൾ അസ്സംബ്ലിയിൽ ഒരു സമയം സുംബാ പരിശീലനത്തിനായി നീക്കി വയ്ക്കാനും തീരുമാനമായി.

ജൂൺ 19 വായനാ ദിനം

വായനാ വാരാചാരണം

ജൂൺ 19  ഒന്നാം ദിനം

ജൂൺ 19 വ്യാഴാഴ്ച ഗവ. എൽ. പി. സ്കൂൾ കിഴതിരിയിൽ വായന ദിനം ആചരിച്ചു. സ്കൂൾ പി.ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ തുമ്പക്കുന്നേൽ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ എൻ. ആർ സ്വാഗതം ആശംസിച്ചു.വിശിഷ്ടാതിഥിയായ രാമപുരം മാർ. ആഗസ്‌തിനോസ്  കോളേജ് പ്രൊഫസർ ശ്രീ. പി.ആർ. വിജയകുമാർ സർ വായന ദിന ഉദ്‌ഘാടനം നിർവഹിച്ചു. അദ്ദേഹം വിജ്ഞാന പ്രദമായ വായന ദിന സന്ദേശം കുട്ടികൾക്ക് നൽകി.തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീമതി. സലില കുമാരി ടി. ടി. മലയാളത്തിന്റെ അതുല്യനായ എഴുത്തുകാരൻ ശ്രീ. എം. ടി. വാസുദേവൻ നായരുടെ പ്രസിദ്ധമായ  നോവൽ  'അസുര വിത്ത്' പരിചയപ്പെടുത്തി.ശേഷം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പുസ്തക പൂജ നടത്തി.റിട്ട. അദ്ധ്യാപകൻ ശ്രീ. ഡി. ശുഭലൻ സർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.പി.ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ തുമ്പക്കുന്നേൽ 'അമ്മ വായനയുടെ ഉദ്ഘാടനവും നിർവഹിച്ചു.അമ്മമാരിൽ വായനാശീലം വളർത്തുന്നതിനായി ആരംഭിച്ച 'അമ്മവായന'യുടെ ഭാഗമായി അമ്മമാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന ക്രിയാത്മക പരിപാടികൾ വായന വർഷം എന്ന പേരിൽ ആസൂത്രണം ചെയ്യാനുള്ള തീരുമാനം യോഗത്തിൽ അഭിനന്ദിച്ചു.ലഹരിവിരുദ്ധ പ്രതിജ്ഞ സലില ടീച്ചർ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വായനാവാരാചാരണത്തിന്റെ ഒന്നാം ദിനത്തിന് തുടക്കമിട്ടു.

മൂന്നാം ക്ലാസ്സിലെ ഗൗരി കൃഷ്ണ മലയാള പ്രസംഗം അവതരിപ്പിച്ചു. അൻവിത അനിൽ കുട്ടിക്കവിത ചൊല്ലി. രണ്ടാം ക്ലാസ്സുകാർ താളത്തിൽ പാട്ടു പാടി. നാലാം ക്ലാസുകാരി ഹെലന മരിയ ജോൺസ് അർത്ഥവത്തായ ഒരു നാടൻ പാട്ട് ആലപിച്ചു. മൂന്നാം ക്ലാസ്സിലെ ഗൗരി കൃഷ്ണ, ജുവൽ മരിയ ലിജോ, നാലാം ക്ലാസ്സിലെ അശ്വിൻ അശോകൻ, ഹെലന മരിയ ജോൺസ് എന്നിവർ ആധുനിക ലോകത്തിലെ വായനയുടെ പ്രസക്തി മനസ്സിലാക്കിത്തരുന്നതും ശ്രീ. പി. എൻ. പണിക്കരെക്കുറിച്ചു അറിവു പകരുന്നതുമായ  ഒരു സ്കിറ്റ് അവതരിപ്പിച്ചു. ജൂൺ 20 രണ്ടാം ദിനം വായനമാസത്തിന്റെ 2 ആം ദിവസം കുട്ടികൾ വായനദിന പോസ്റ്ററുകൾ തയ്യാറാക്കി. 3,4 ക്ലാസിലെ കുട്ടികൾ വായന ദിന പോസ്റ്ററുകൾ ക്ലാസ്സ്‌ തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു. 1,2 ക്ലാസുകാർ വായനദിനവുമായി ബന്ധപ്പെട്ട ചിത്രരചന നടത്തി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

ഇടിയനാൽ ആയുർവേദ  ആശുപത്രിയിലെ ഹരി സർ സ്കൂളിലെത്തി. ഹെഡ്മിസ്ട്ട്രെസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. ഹരിസാർ കുട്ടികളെ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. കുട്ടികൾ ഉത്‍സാഹപൂർവ്വം യോഗക്ലാസിൽ സംബന്ധിച്ചു.അധ്യാപകരും കുട്ടികളോടൊപ്പം യോഗ പരിശീലിച്ചു. യോഗാസനങ്ങളെക്കുറിച്ച് ചെറിയ വിവരണവും സാർ നൽകി.

വളരെ ഫലപ്രദമായ ക്ലാസ്സായിരുന്നു. സലില ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

ജൂൺ 23 മൂന്നാം ദിനം

വാക്ക് നിർമാണം വായന മാസത്തിന്റെ മൂന്നാം ദിവസം 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾക്കായി ‘ വാക്ക് നിർമാണം’ എന്ന പ്രവർത്തനം ചെയ്തു. ‘സ’ എന്ന അക്ഷരം ഉപയോഗിച്ച് പരമാവധി വാക്കുകൾ നിർമിക്കുക എന്നതായിരുന്നു പ്രവർത്തനം. എല്ലാവരും വളരെ ഊർജസ്വലമായി ഈ പ്രവർത്തനം ചെയ്തു.പദ സമ്പത്ത് വർധിപ്പിക്കാനുള്ള മികച്ച ഒരു പ്രവർത്തനമായിരുന്നു ഇത്.

ജൂൺ 24 നാലാം ദിനം ലൈബ്രറി സന്ദർശനംനാലാം ദിവസം കിഴതിരി ഗവ. എൽ. പി. സ്കൂളിന് സമീപത്തുള്ള കിഴതിരി അതുല്യ വായനശാല  കുട്ടികൾ സന്ദർശിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി മുദ്രാവാക്യങ്ങളുമായി വായന ദിന റാലി നടത്തി. എല്ലാവരും മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി. രാവിലെ 11 മണിയോടെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കാൽനടയായി ലൈബ്രറിയിലേക്കെത്തി. കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തും വായിച്ചും കഥകൾ ഉറക്കെ വായിച്ചും ലൈബ്രറി യിൽ സമയം ചെലവഴിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ തിരികെ സ്കൂളിലേക്ക് തിരിച്ചു.  പബ്ലിക് ലൈബ്രറി നേരിട്ട് കാണാനും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും വായിക്കാനും കുട്ടികൾക്ക് സാധിച്ചു. ഇത് വായനയുടെ ലോകത്തേക്കുള്ള ഒരു ചുവടുവയ്പ്പായി. ഈ ലൈബ്രറി വിസിറ്റ് കുട്ടികൾക്ക് വളരെ നല്ല ഒരനുഭവമായി.

ജൂൺ 25 നവകേരളം കർമ പദ്ധതി-ചങ്ങാതിക്കൊരു മരം

25/06/2025 വ്യാഴാഴ്ച ഹരിത മിഷൻ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ചങ്ങാതിക്കൊരു മരം’ പദ്ധതിയിൽ ജി. എൽ. പി. എസ്. കിഴതിരിയിലെ കുട്ടികൾ പങ്കെടുത്തു. വീട്ടുവളപ്പിൽ നിന്നു കണ്ടെത്തിയതും വീട്ടിൽ നട്ടു മുളപ്പിച്ചതുമായ ഫല വൃക്ഷത്തൈകൾ കൂട്ടുകാർക്ക് സമ്മാനിക്കാനായി കുട്ടികൾ കൊണ്ടു വന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ എൻ. ആറിന്റെയും പി. ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ തുമ്പക്കുന്നേലിന്റെയും സാന്നിധ്യത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ കൈമാറി. കുട്ടികളിൽ ഹരിത ബോധവും പ്രകൃതി സ്നേഹവും ഉണർത്തുന്നതിന് ഈ പരിപാടി ഏറെ സഹായകമായിരുന്നു.

ജൂൺ 25 അഞ്ചാം ദിനം

വായനാദിന ക്വിസിൽ മൂന്നാം ക്ലാസ്സിലെ ഗൗരി കൃഷ്ണ (first), ജുവൽ മരിയ ലിജോ (second) എന്നിവർ വിജയികളായി.

ജൂൺ 26 ആറാം ദിനം

കാവ്യ കേളി

ജൂൺ 26- ലഹരി വിരുദ്ധ ദിനം

26/06/2025  വ്യാഴാഴ്ച ജി. എൽ. പി. എസ്. കിഴതിരിയിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു.

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം അസംബ്ലിയിൽ ലൈവായി പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ എൻ.ആറും സീനിയർ അസിസ്റ്റന്റ് ശ്രീമതി. സലിലകുമാരി ടി. ടി യും  വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികൾക്ക് ബോധവത്ക്കരണം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റു ചൊല്ലി.പി.ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ തുമ്പക്കുന്നേൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. തുടർന്ന് ബിനിയ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സുംബാ ഡാൻസ് പരിശീലനം നൽകി. ലഹരിവിരുദ്ധ ദിന റാലിയിൽ ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂൾ ഭിത്തിയിൽ ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ എഴുതിയ സ്റ്റിക്കി നോട്ടുകൾ പതിപ്പിക്കാൻ കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേർന്നു.

ജൂൺ 27 ഏഴാം ദിനം

ജൂൺ 30

27/06/25 മഴ അവധിയായിരുന്നതിനാൽ വായനാവാരത്തിന്റെ ഏഴാം നാൾ 30/06/25 തിങ്കളാഴ്ച, ജി.എൽ. പി. സ്കൂൾ കിഴതിരിയിലെ കുട്ടികളും അധ്യാപകരും ലളിതാംബിക അന്തർജ്ജനം സ്മാരക ട്രസ്റ്റ് സന്ദർശിക്കാൻ തീരുമാനിച്ചു.മലയാളത്തിന്റെ അനുഗ്രഹീതയായ സാഹിത്യകാരി ശ്രീമതി. ലളിതാംബിക അന്തർജ്ജനത്തിന്റെ തൂലികയിൽ പിറന്ന അത്ഭുതങ്ങളുടെ ഉറവിടമായിരുന്നു രാമപുരത്തെ ഈ സാഹിത്യത്തറവാട്. ലളിതാംബിക അന്തർജനത്തിന്റെ വിവിധ കൃതികൾ, ലഭിച്ച അംഗീകാരങ്ങൾ, ചിത്രങ്ങൾ, മറ്റു പ്രശസ്തരായ എഴുത്തുകാർ അവർക്കായി എഴുതിയ കത്തുകൾ മുതലായവ മാത്രമല്ല, ആ കാലഘട്ടത്തിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച ഉപകരണങ്ങളും നാണയങ്ങളും വരെ കുട്ടികൾ കണ്ടു, അറിഞ്ഞു, അനുഭവിച്ചു. ഒരു ജനതയെ അന്ധവിശ്വാസങ്ങളുടെ ഇരുണ്ട കോലായിൽ നിന്ന് തിരിച്ചറിവിന്റെ,വെളിച്ചത്തിന്റെ മുറ്റത്തേക്ക് കൈ പിടിച്ചിറക്കിയ പുസ്തകങ്ങളുടെ ഇടയിലിരുന്ന്, അവർ സലില ടീച്ചർ വായിച്ചു കൊടുത്ത ‘കുഞ്ഞോമന’യിലെ ആദ്യ ഭാഗങ്ങൾ കേട്ടു. വയലാർ രാമവർമ ‘എന്റെ ചേച്ചി’ എന്ന സംബോധനയോടെ സ്വന്തം കൈയക്ഷരത്തിൽ എഴുതിയയച്ച കത്ത് ശുഭലൻ സർ കുട്ടികൾക്കായി വായിച്ചു.

മാസം നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങൾ

ഉച്ചയ്ക്ക് ഉച്ചത്തിൽ വായന, കാവ്യകേളി, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം, വായനാക്കൂടാരം.

ജൂലൈ 5 ബഷീർ ദിനം

05/07/2025 ശനിയാഴ്ചയായിരുന്നതിനാൽ 07/07/2025 തിങ്കളാഴ്ച ബഷീർ ദിനം ആചരിച്ചു. ബഷീറിന്റെ ജീവിതം ആസ്പദമാക്കി എം. എ. റഹ്മാൻ ഒരുക്കിയ ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങളായി മൂന്നാം ക്ലാസ്സുകാരും നാലാം ക്ലാസ്സുകാരും വേഷമിട്ടു. ബഷീറായി നാലാം ക്ലാസ്സിലെ ആൽവിൻ എത്തിയപ്പോൾ നാലിലെ മറ്റു കൂട്ടുകാരായ ഹെലന, അശ്വിൻ, സിനാസ് എന്നിവർ യഥാക്രമം സൈനബ, ഒറ്റക്കണ്ണൻ പോക്കർ, ആനവാരി രാമൻ നായർ എന്നിവരായി. മൂന്നാം ക്ലാസ്സിലെ അഭിജിത്തും ഇവാഞ്ചലിനും മജീദും സുഹ്റയുമായപ്പോൾ ഗൗരി കൃഷ്ണ പാത്തുമ്മയായി വേഷമിട്ടു. അൻവിത കുഞ്ഞുപാത്തുമ്മയായും ജുവൽ സാറാമ്മയുമായി രംഗത്തെത്തി. മാവിന്റെ തണലിൽ ബഷീറും(ആൽവിൻ) കുട്ടികളും ഒത്തു കൂടി സംസാരിച്ചു. കുട്ടികൾ ബഷീറിന്റെ ചിത്രം വരച്ചു. പിന്നീട് മതിലുകളിലെ ബഷീറും നാരായണിയുമായുള്ള സംഭാഷണം രണ്ടാം ക്ലാസ്സിലെ അഡോണും അഥീനയും ഭാവാത്മകമായി അവതരിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും സ്കൂളിന്റെ അടുത്തുള്ള അതുല്യ ലൈബ്രറിയിൽ നിന്നുമായി ശേഖരിച്ച ബഷീർ കൃതികളുടെ പ്രദർശനം നടന്നു. ബഷീർ ദിന ക്വിസിൽ മൂന്നാം ക്ലാസ്സിലെ ഗൗരി കൃഷ്ണ ഒന്നാം സ്ഥാനവും ജുവൽ മരിയ ലിജോ രണ്ടാം സ്ഥാനവും നേടി.

ജൂലൈ 21ചാന്ദ്ര ദിനം

ജി. എൽ. പി. എസ്. കിഴതിരിയിൽ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനത്തിൽ കുട്ടികൾ പേപ്പർ റോക്കറ്റ് നിർമ്മിച്ചു പറത്തി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ജുവൽ മരിയ ലിജോ (std 3), ഗൗരി കൃഷ്ണ (std 3) എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.

ഓഗസ്റ്റ് 1

കിഴതിരി ഗവ. എൽ. പി സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ അനിൽ തുമ്പക്കൂന്നേൽ

ഭക്ഷണം വിളമ്പി ഉദ്ഘാടനം നിർവഹിച്ചു.

ഓഗസ്റ്റ് 6,9   നാഗസാക്കി- ഹിരോഷിമ ദിനം

കിഴതിരി GLP സ്കൂളിൽ നാഗസാക്കി ദിനവും ഹിരോഷിമ ദിനവും സംയുക്തമായി ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ നാഗസാക്കി- ഹിരോഷിമ ദുരന്തങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.

ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങളെ ക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം നടന്നു. കുട്ടികൾ ഒന്നിച്ചു ചേർന്ന് സഡാക്കോ കൊക്കുകളെ ഉണ്ടാക്കി

പ്രദർശിപ്പിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

കിഴഗിരി ഗവൺമെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി നടന്നു. രാവിലെ ഹെഡ്മി സ്ട്രസ് മിനി ടീച്ചർ ദേശീയ പതാക ഉയർത്തി. ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. ശേഷം കുട്ടികൾ പ്രതിജ്ഞ ചൊല്ലി. തുടർന്നുനടന്ന സ്വാതന്ത്ര്യദിന റാലിയിൽ ദേശീയ പതാകകളും കയ്യിലേന്തി  മുദ്രാവാക്യങ്ങളോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് മധുരവിതരണമായിരുന്നു.

ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അനിൽ സെബാസ്റ്റ്യൻ തുമ്പക്കുന്നേൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. റിട്ട. അദ്ധ്യാപകൻ ശ്രീ ശുഭലൻ സാർ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപക പ്രതിനിധി ശ്രീമതി ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു.  കെജി യിലെ കൊച്ചു മിടുക്കി ദിയ ബിനീഷ് പാട്ട് അവതരിപ്പിച്ചു. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഗാനം ഏവർക്കും ആവേശം പകർന്നു. തുടർന്ന് 3 ആം ക്ലാസുകാരായ ഗൗരി കൃഷ്ണയുടെയും ജുവൽ മരിയയുടെയും പ്രസംഗങ്ങളായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായി വേഷം ധരിച്ച് ദേശഭക്തി ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ സ്റ്റേജിൽ റാംമ്പ് വാക്ക് നടത്തി. മഹാത്മാ ഗാന്ധിയും നെഹ്‌റുവും ഝാൻസി റാണിയും ഇന്ദിരാ ഗാന്ധിയുമൊക്കെ അണിനിരന്നു. കുട്ടികൾക്ക് സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടാൻ ഇതിലൂടെ സാധിച്ചു. ശ്രീദേവി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

ആഗസ്റ്റ് 17 കർഷക ദിനം

ആഗസ്റ്റ് 27 ഓണാഘോഷം

ജി.എൽ. പി.എസ്. കിഴതിരിയിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും കുട്ടികളും ചേർന്ന് തയാറാക്കിയ മനോഹരമായ പൂക്കളം തയ്യാറാക്കി. രണ്ടാം ക്ലാസ്സിലെ അഡോൺ മഹാബലിയായി വേഷമിട്ടപ്പോൾ ഒപ്പം വാമനനായി ഒന്നാം ക്ലാസ്സിലെ ജയ്‌ഡനും ചേർന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക്  ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓണക്കളികൾ നടന്നു. രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള ഫാഷൻ ഷോ കൗതുകമായി.

സെപ്റ്റംബർ 5 അധ്യാപക ദിനം

ജി.എൽ. പി.എസ് കിഴതിരിയിൽ അധ്യാപക ദിനം ആചരിച്ചു. ടീച്ചർമാർ കുട്ടികൾക്ക് മധുരം പങ്കിട്ടപ്പോൾ കുട്ടികൾ ടീച്ചർമാർക്ക് സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ നൽകി.

വയോജന ദിനം

വയോജന ദിനത്തിൽ കുട്ടികൾ സ്കൂളിനടുത്തുള്ള അമ്പാടി വീട്ടിലെ മുത്തശ്ശിയെ സന്ദർശിച്ചു.പൊന്നാട അണിയിച്ചു ആദരിച്ചു. കുറച്ചു സമയം മുത്തശ്ശിയോടൊപ്പം ചിലവഴിച്ചു കുട്ടികൾ സന്തോഷത്തോടെ പിരിഞ്ഞു.

കായിക പരിശീലനം

വരാനിരിക്കുന്ന കായിക മേളയ്ക്കായി കഴിവുള്ളകുട്ടികളെ കണ്ടെത്തി ഒരുക്കുന്നതിനും കാര്യക്ഷമമായ കായിക പരിശീലനം സാധ്യമാക്കാൻ വിതരണം ചെയ്തിട്ടുള്ള നവീനമായ കായികോപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും കായിക പരിശീലനം നൽകി.

ഒക്ടോബർ 9- ലോക തപാൽ ദിനം

തപാൽ ദിനത്തിൽ കിഴതിരി സ്കൂളിലെ കുട്ടികൾ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ നടപടിക്രമങ്ങൾ അവർ നേരിട്ട് കണ്ട് മനസ്സിലാക്കി.

പ്രവൃത്തി പരിചയമേള

22/10/25 ന് ആരംഭിച്ച സബ് ജില്ല പ്രവൃത്തി പരിചയ മേളയിൽ കിഴതിരി സ്കൂളിലെ 10 കുട്ടികൾ പങ്കെടുത്തു. സിനാസ് സിജോ (മെറ്റൽ എൻഗ്രേവിങ്) second A grade, ഗൗരി കൃഷ്ണ (book binding) Third A grade നേടി; കൂടാതെ ഏഴ് A ഗ്രേഡും ഒരു B ഗ്രേഡും കുട്ടികൾ സ്വന്തമാക്കി.

ശാസ്ത്ര മേളകൾ

ഗണിത ശാസ്ത്ര മേളയിൽ ജി. എൽ. പി.എസ് കിഴതിരിയുടെ ഗണിത മാഗസിനായ തേനറ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി.സാമൂഹ്യശാസ്ത്ര മേളയിൽ ആൽബം വിഭാഗത്തിൽ A ഗ്രേഡ്, ശാസ്ത്ര മേളയിൽ കളക്ഷനിൽ A ഗ്രേഡ് എന്നിവ നേടിയതിനോടൊപ്പം വിവിധ ക്വിസ് മത്സരങ്ങളിലും കുട്ടികൾ മാറ്റുരച്ചു.

ഒക്ടോബർ 11 സീഡ് ഹരിത വിദ്യാലയ പുരസ്കാര സ്വീകരണം

2024-25 അധ്യയന വർഷത്തെ മികവുറ്റ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് അർഹിച്ച അംഗീകാരം സ്കൂളിനെ തേടിയെത്തി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി ഗവ. എൽ. പി. സ്കൂൾ കിഴതിരി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി വി. എൻ. വാസവൻ സന്നിഹിതനായിരുന്ന സദസ്സിനു മുന്നിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനിമോൾ എൻ. ആർ. സ്കൂളിന്റെ പേരിൽ പുരസ്കാരം ഏറ്റു വാങ്ങി.

ബെസ്റ്റ് സീഡ് കോർഡിനേറ്റർ പുരസ്‌കാരസ്വീകരണം

ഇരട്ടി മധുരമായി മറ്റൊരു പുരസ്കാരം കൂടി സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടി.

പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സീഡ് കോർഡിനേറ്ററായി അധ്യാപികയായ ശ്രീമതി.ശ്രീദേവി കെ. ആർ തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 27 - ഭക്ഷ്യ മേള

പഠന പ്രവർത്തനങ്ങൾക്ക് പിന്തുണയായി രക്ഷിതാക്കൾ ഒത്തു ചേർന്നപ്പോൾ കൂട്ടായ്മയുടെ നാടൻ രുചികൾ കൊണ്ട് ആഘോഷമാക്കിയ ഒരു ദിവസം. കുട്ടിതട്ടുകടയിൽ ചായയും കടിയും വിളമ്പിയ രണ്ടാം ക്ലാസ്സുകാർ കൗതുകമായി. എല്ലാ ക്ലാസ്സിലെയും കൊച്ചുകൂട്ടുകാർ ആവിയിൽ പുഴുങ്ങിയ കിഴങ്ങുകളും, പുഴുക്കുകളും രുചിയൂറുന്ന നാടൻ പലഹാരങ്ങളും കൊണ്ടു വന്നു നിരത്തി ആവോളം ആസ്വദിച്ചു.

ഒക്ടോബർ 29 ഫീൽഡ് ട്രിപ്പ്- കുറിഞ്ഞിക്കാവ്

കോട്ടയം ജില്ലയിലെ വനമായി സംരക്ഷിക്കുന്ന ഏറ്റവും വലിയ കാവായ കുറിഞ്ഞിക്കാവ് കുട്ടികൾ സന്ദർശിച്ചു. കാവിലെ ചര്യകളും മര്യാദകളും പാലിച്ചു കൊണ്ടു തന്നെ കുളിച്ചു വൃത്തിയുള്ള വേഷം ധരിച്ചാണ് കുട്ടികൾ എത്തിയത്. ഒരു കുന്നിന്റെ ആകൃതിയുള്ള കാവിൽ ഓരോ തട്ടിലും തനതായ ഭൂപ്രകൃതിയും അപൂർവങ്ങളായ മരങ്ങളും വിവിധയിനം ജന്തുജാലങ്ങളുമുണ്ട്. മുനിമാർ തപസ്സു ചെയ്തിരുന്ന മുനിയറകൾ, കൽമാണിക്യം, മരവുരി തുടങ്ങിയ മരങ്ങൾ എന്നിവ കാവിന്റെ സ്വന്തം സ്വകാര്യ സ്വത്തുക്കളിൽ പെടുന്നു.

കാവിന്റെ ജൈവസമ്പത്തിലേക്ക് സ്കൂളിന്റെ വിനീതമായ ഒരു സംഭാവന- സ്കൂൾ വളപ്പിൽ മുളച്ച ഒരു ദന്തപ്പാലയുടെ തൈ. കുട്ടികളും ടീച്ചർമാരും സ്കൂൾ PTCM സേതുഭായും ചേർന്ന് അത് കാവിൽ നട്ടു വെച്ചു.

ചേലുള്ള ചുവന്ന തൊപ്പി വെച്ച സുന്ദരൻ മരംകൊത്തി, ഒരു സൂപ്പർ ഹീറോയുടെ കേപ് പോലെ തൂക്കിയിട്ട വാലിന്റെ പ്രൗഢിയിൽ ഇരട്ടവാലൻ,ചാഞ്ഞുനിൽക്കുന്ന മഞ്ഞമുളകളിൽ തലങ്ങും വിലങ്ങും പായുന്ന അണ്ണാറക്കണ്ണന്മാർ.. അങ്ങനെ എത്രയെത്ര മനോഹര കാഴ്ചകൾ.. മനസു നിറഞ്ഞ കുട്ടികൾ കാവിറങ്ങി.

നവംബർ 4 കേരളപ്പിറവി ആഘോഷം

നവംബർ 1 ശനിയാഴ്ച ആയതിനാൽ ചൊവ്വാഴ്ച കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളും ടീച്ചർമാരും ചേർന്ന് കളിച്ച തിരുവാതിരയാണ് മുഖ്യ ആകർഷണം. കേരളത്തിന്റെ ഭംഗി വർണിക്കുന്ന പാട്ടുകൾ കുട്ടികൾ ആലപിച്ചു. മൂന്നാം ക്ലാസ്സുകാർ പതിപ്പ് തയ്യാറാക്കി.