ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് കിഴതിരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം കിഴതിരി ജി.എൽ.പി സ്കൂളിൽ വർണ്ണാഭമായി ആഘോഷിച്ചു.

പുത്തനുടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ പാറി നടന്ന കുരുന്നുകൾ പരിപാടികൾക്ക് കൂടുതൽ മിഴിവേകി. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ എൻ. ആറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് പി.ടി.എ പ്രസിഡണ്ട് അനിൽ സെബാസ്റ്റ്യൻ തുമ്പക്കുന്നേൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കവിത മനോജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഡി.ശുഭലൻ സാർ അറിവിന്റെ അക്ഷരദീപം കുട്ടികൾക്ക് പകർന്നു നൽകി. ശ്രീ. ജോഷി ജോസഫ് (വാർഡ് മെമ്പർ), ശ്രീ. തോമസ് തച്ചൂർ എന്നിവർ ആശംസകൾ അറിയിച്ചു.കൈ നിറയെ സമ്മാനങ്ങളും വയറു നിറയെ ഭക്ഷണവും കഴിച്ച ശേഷമാണ് കുരുന്നുകൾ വീട്ടിലേക്ക് യാത്രയായത്.കേണൽ കെ.എൻ.വി ആചാരി കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.

ജൈവ കൃഷി

കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ കൃഷി ചെയുന്നുണ്ട്. വാഴ , കോവൽ , ചേമ്പ് , ചേന ,കപ്ലങ്ങ ,മത്തങ്ങ, പേരക്ക,  കറിവേപ്പ്, ചീര, തക്കാളി, ചീനി, വെണ്ട, വഴുതന ,പയർ തുടങ്ങിയവ സ്കൂളിൽ കൃഷി ചെയുന്നുണ്ട്.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി വാങ്മയം പരീക്ഷ സ്കൂൾ തലത്തിൽ നടത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്

2024 ജൂലൈ 25 ന് കിഴതിരി ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു. കുമാരി ബിനിയ ടീച്ചറിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചുമതല നൽകി. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9. 30 ന് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ്‌ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് അസ്സംബ്ലിയും റോൾ പ്ലേയും ഇംഗ്ലീഷ് സ്കിറ്റും നടത്തി. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കാൻ ക്ലാസുകൾ സഹായിക്കുന്നു.

L.S.S. പരിശീലനം

അക്കാദമിക വർഷം ആരംഭം മുതൽ തന്നെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ ഉള്ള LSS പരിശീലനം നൽകി വരുന്നു. എല്ലാ ദിവസവും ഓരോ വിഷയങ്ങളോടും അനുബന്ധിച്ച് കുറച്ച് സമയം LSS പരിശീലനത്തിനായി ചിലവഴിക്കുന്നതിന് പുറമേ എല്ലാ ആഴ്ചയിലും mock test, മുൻ വർഷ ചോദ്യപ്പേപ്പർ പരിശീലനം മുതലായവ നൽകി വരുന്നു. ആവശ്യാനുസരണം മോർണിംഗ് ക്ലാസ്സുകളും നൽകി വരുന്നു.

ക്വിസ് പരിശീലനം

മെഗാ ക്വിസ്

മറ്റെന്തൊക്കെ അറിവുകൾ ഉണ്ടായാലും മത്സരപരീക്ഷകളിൽ വിജയിക്കണമെങ്കിൽ പൊതുവിജ്ഞാനം കൂടിയേ തീരൂ. പൊതുവിജ്ഞാനത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്. ഓരോ ദിനാചരണത്തോടനുബന്ധിച്ച് ചോദ്യങ്ങൾ കൊടുക്കുകയും ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വർഷാന്ത്യം മെഗാക്വിസ് നടത്തി വിജയികളെ കണ്ടെത്തുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ക്വിസ്മത്സരം നടത്തുന്നുണ്ട്.

പത്ര ക്വിസ്

പത്രവായന കുട്ടികൾ ചെറുപ്പം മുതലേ ശീലിക്കേണ്ട ഒന്നാണ്. പത്രവായനയ്ക്ക് സ്കൂൾ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും പത്രത്തിൽ നിന്ന് ചോദ്യങ്ങൾ കൊടുക്കും കുട്ടികൾ പത്രം വായിച്ച് ഉത്തരം കണ്ടെത്തും. വർഷാവസാനം ക്വിസ് നടത്തി വിജയിയെ തെരഞ്ഞെടുക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പഠനം

കുട്ടിയുടെയും അധ്യാപകന്റേയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടൊപ്പം ടെക്നോളജി കൂടി ഒത്തുചേരുമ്പോഴാണ് കാര്യക്ഷമമായ പഠനപ്രക്രിയ സാധ്യമാകുന്നത്. ഈയൊരു ആശയം ഉൾക്കൊണ്ട് ഐസിടിയുടെ സഹായത്താൽ ആണ് പാഠഭാഗങ്ങൾ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നത്. വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം വിവരങ്ങൾ കൈമാറുന്നത് കൊണ്ട്തന്നെ അറിവ് വർദ്ധിക്കുന്നതിനൊപ്പം പഠനവിരസതയും കുറയ്ക്കാൻ സഹായിക്കുന്നു. ഐസിടിയുടെ പാഠപുസ്തകം കളിപ്പെട്ടിയും ഫലപ്രദമായി വിനിമയം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്

കയ്യെഴുത്തു മാസിക

കുട്ടികളിലെ സർഗാത്മകശേഷി വളർത്താൻ സഹായിക്കുന്നവയാണ് കൈയെഴുത്ത് മാസികകൾ. സ്കൂളിലെ ഓരോ കുട്ടികളും കയ്യെഴുത്ത് മാസികകൾ തയ്യാറാക്കി.ജൂൺ മുതലുളള പഠന പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കഥകകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, യാത്രാവിവരണം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിലുള്ള രചനകളാണ് ഓരോ കൈയെഴുത്തു മാസികകളിലുമുള്ളത്. മലയാളം ഇംഗ്ലീഷ്, ഭാഷകളിലുള്ള രചനകളും വിവിധ നിരീക്ഷണങ്ങളും ശാസത്ര കണ്ടെത്തലുകളും ഗണിത പ്രവർത്തനങ്ങളും പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.

പഠനോത്സവം

കിഴതിരി ജി .എൽ .പി സ്കൂളിൽ പഠനോത്സവം കെങ്കേമമായി 17/03/25 ന് ആഘോഷിച്ചു. കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് തയ്യാറാക്കിയ വിവിധ പഠനോപകരണങ്ങളുടെ പ്രദർശനം, കുട്ടികളുടെ പഠന മികവിന്റെ പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം എന്നിവയായിരുന്നു പ്രധാന കാര്യപരിപാടികൾ. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും മാത്രമല്ല നാട്ടുകാരും ജനപ്രതിനിധികളും പരിപാടികളിൽ പങ്കുചേർന്നു. കുട്ടികൾ തങ്ങൾ പഠിച്ചതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിച്ച് തങ്ങൾ ആർജ്ജിച്ച ശേഷികൾ പ്രദർശിപ്പിച്ചു.

പഠനയാത്ര

2024 ജനുവരി 22 ന് വാഗമണ്ണിന് പഠനയാത്ര നടത്തി. മൊട്ടക്കുന്ന് , കുരിശുമല ആശ്രമം പൈൻവാലി, അഡ്വഞ്ചർ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.രക്ഷകർത്താക്കളെയും കൂടി ഉൾപ്പെടുത്തിയുള്ള പഠനയാത്ര രസകരവുംഅറിവ് പ്രദാനംചെയ്യുന്നതും ആയിരുന്നു.

അക്ഷരമുറ്റം ക്വിസ്

പൊതു വിജ്ഞാനത്തിന്റെ അൽപ്പം ഉയർന്ന തലത്തിലുള്ള ഒരു പരീക്ഷയാണ് അക്ഷര മുറ്റം ക്വിസ്. ഈ ക്വിസിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സ്കൂൾ തല ക്വിസ് മത്സരം നടത്തുകയും വിജയികളെ ഉപജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

അമ്മ വായന

അമ്മമാരുടെ അറിവും വായനാശീലവും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അമ്മ വായന എന്ന പരിപാടി വായനാദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീ ഡി. ശുഭലൻ സാർ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ അമ്മമാർക്ക് കൈമാറി. അവർ വായിച്ചു തീർന്നതനുസരിച്ച് പുസ്തകങ്ങൾ മാറി കൊടുക്കുകയും വായന കുറിപ്പുകൾ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

യോഗക്ലാസ്

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് ഈ വർഷത്തെ യോഗ ക്ലാസുകൾക്ക് തുടക്കമായി.സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വ്യാഴാഴ്ചകളിലും യോഗ ക്ലാസ് നടത്തി വരുന്നു. യോഗ ക്ലാസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾ യോഗ ഡാൻസും അവതരിപ്പിച്ചു.

അവധിക്കാലപ്രവർത്തനങ്ങൾ

ഓണാവധി, ക്രിസ്മസ് അവധി തുടങ്ങിയവ ഫലപ്രദമായി വിനിയോഗിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. പഠനോപകരണ നിർമ്മാണം, കയ്യെഴുത്തു മാസിക നിർമ്മാണം, ഹോം ടൂർ വീഡിയോ ചെയ്യൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ കൊടുത്തു.

കലാ കായിക പ്രവൃത്തിപരിചയ പരിശീലനം

പഠനത്തോടൊപ്പം കലാകായിക പ്രവൃത്തി പരിചയം മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകി. ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും ഈ പരിശീലനത്തിലൂടെ അവർക്ക് സാധിച്ചു. കുട്ട നിർമ്മാണം, പൂ നിർമ്മാണം, ബുക്ക് ബൈൻഡിങ്, ചന്ദനത്തിരി നിർമ്മാണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ, കവിത കഥ അഭിനയം പ്രസംഗം തുടങ്ങിയ കലാശേഷികൾ ഒപ്പം ഓട്ടം, ചാട്ടം തുടങ്ങിയ കായിക പ്രവർത്തനങ്ങൾ ഇവയുടെയൊക്കെ പരിശീലനം യഥാസമയം നടന്നു.ശ്രീ. ശുഭലൻ സാറിനെപ്പോലെയുള്ള റിട്ടയേർഡ് അധ്യാപകരുടെ സേവനവും കലാകായിക പ്രവൃത്തി പരിചയ പരിശീലനം മികവുറ്റതാക്കാൻ ഏറെ സഹായിച്ചു.

പ്രഭാതഭക്ഷണം

കഴിഞ്ഞ വർഷങ്ങളിൽ ഇതുപോലെ ഈ വർഷവും പ്രഭാതഭക്ഷണം നൽകുന്നുണ്ട്.2024 നവംബർ മാസം മുതൽ പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി പഠനം ത്വരിതപ്പെടുത്താനും സാധിച്ചു.

ഉച്ചഭക്ഷണം

സ്കൂൾ ഉച്ചഭക്ഷണ പരിപാടി വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ സാധിക്കുന്നുണ്ട് .ആഴ്ചയിൽ രണ്ടുദിവസം പാലും (ചൊവ്വ, വ്യാഴം ദിവസങ്ങളിൽ) ഒരു ദിവസം മുട്ടയും (ബുധൻ) നൽകിവരുന്നു. ചോറിനൊപ്പം സാമ്പാർ, എരിശ്ശേരി, മോര്കറി, ഉരുളക്കിഴങ്ങ്കറി തുടങ്ങിയ ഏതെങ്കിലും ഒരു കറിയും കടല, കാബേജ്, ബീറ്റ്റൂട്ട് പയർ,വാഴക്ക,വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ കൊണ്ടുള്ള തോരനും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ പപ്പടവും നൽകാറുണ്ട്. ചക്കയുള്ള സമയത്ത് ചക്കപ്പുഴുക്കും ഉണ്ടാക്കാറുണ്ട്. കുട്ടികളുടെ പിറന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിൽ രക്ഷകർത്താക്കൾ ചിക്കൻ കറി സ്പോൺസർ ചെയ്യുന്നു. വീട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കുട്ടികളുടെ കൈവശം കൊടുത്തു വിടുന്നുണ്ട്. മത്തങ്ങ, കുമ്പളങ്ങ, വാഴക്ക, വാഴച്ചുണ്ട്, മാങ്ങ, ചക്ക തുടങ്ങിയവയൊക്കെ അങ്ങനെ ലഭിച്ചിട്ടുണ്ട്. അധ്യാപകരും പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സഹകരണവും ഉച്ചഭക്ഷണ പദ്ധതി സുഗമമായി നടത്തിക്കൊണ്ടു പോകാൻ കാരണമാകുന്നു. വാഴയ്ക്ക, വാഴച്ചുണ്ട്, ചക്ക തുടങ്ങിയ വിഭവങ്ങൾ നാട്ടുകാർ സ്കൂളിലേക്ക് നൽകാറുണ്ട്.കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു. ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും. എല്ലാകുട്ടികളും അധ്യാപകരും ഇത് ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു.വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ്,കപ്പയും മീനും, തുടങ്ങിയവയും ഉണ്ടാക്കും.ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്.കൂടാതെ പപ്പടം ,സോയാബോൾ, കേക്ക്, പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും.

സ്‌കൂൾ വളപ്പിലെ കൃഷി, ജൈവവൈവിധ്യ ഉദ്യാനം

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിഴതിരി സ്കൂളിലെ കുട്ടികൾ കരനെൽ കൃഷി ചെയ്തിരുന്നു. സ്കൂൾ മുറ്റത്ത് ലഭ്യമായ ചെറിയ സ്ഥലം കൃഷിക്കാവശ്യമായി ഒരുക്കി എടുത്തു.

സ്കൂളിനടുത്ത് കൃഷി ചെയ്യുന്ന ഒരു വീട്ടുകാരുടെ അടുത്ത് നിന്ന് വിത്ത് ശേഖരിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ വിത്ത് പാകി. വിത്ത് മുളച്ച് വന്നത് മുതലുള്ള ഘട്ടങ്ങൾ കുട്ടികൾ നിരീക്ഷിക്കുകയും ആവശ്യമായ പരിപാലനം നൽകുകയും ചെയ്തു .അരി എവിടെ നിന്നാണ് ലഭിക്കുന്നതെന്നും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണെന്നും ഇതിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

സ്കൂളിന് വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷി ചെയ്യാനായി ഉള്ളൂ. അതിൽ എല്ലാത്തരം കൃഷികളും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂൾ തുറന്നു വന്നത് മുതൽ കുട്ടികളുടെ നേതൃത്വത്തിൽ വിത്തുകളും തൈകളും കൊണ്ടുവരികയും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. വെണ്ട, പയർ ,പാവൽ ,കുമ്പളം, മത്തൻ ,വെള്ളരി മുളക്, തക്കാളി ,വഴുതന ,കോവൽ, കപ്പളം, മുരിങ്ങ, വാഴ ,വിവിധതരം ചീരകൾ തുടങ്ങിയവയൊക്കെ സ്കൂൾ വളപ്പിൽ നട്ടിരുന്നു. സ്കൂളിലെ കൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ തങ്ങളുടെ വീട്ടിലും ചെറിയ രീതിയിൽ കൃഷി ആരംഭിച്ചു. അങ്ങനെ ലഭിച്ച മത്തങ്ങ, കുമ്പളങ്ങ, വാഴക്ക തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു.

യോഗാ ക്ലാസ്

എല്ലാ വ്യാഴാഴ്ചയും സ്കൂളിലെ കുട്ടികൾ യോഗ പരിശീലിക്കുന്നു. ശവാസനം , പദ്മാസനം, അർദ്ധമേരുദണ്ഡാസനം, ഭുജംഗാസനം, അർദ്ധശലഭാസനം എന്നീ യോഗാസനങ്ങൾ കുട്ടികൾ പതിവായി ചെയ്യുന്നു. യോഗ ക്ലാസ്സിലെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ സ്വാതന്ത്ര്യ ദിനത്തിൽ ഒരു യോഗ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു.

പർണ

രാമപുരം വിദ്യാഭ്യാസ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ ഇല ആൽബം ആണ് പർണ. സുന്ദരമായ ഇലച്ചിത്രങ്ങളിലൂടെ ഓരോ ഇലയുടെയും പ്രത്യേകതകൾ കൊച്ചു കുറിപ്പുകളോടൊപ്പം ആകർഷകമായി വിവരിച്ച പർണ, കുട്ടികളുടെ സർഗാത്മകതയുടെ തെളിഞ്ഞ ആവിഷ്കാരമാണ്. ഓരോ ഇലയും കണ്ടും തൊട്ടും അറിഞ്ഞ കുട്ടികൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്കായി പറഞ്ഞു കൊടുക്കുന്ന തരത്തിൽ അവരുടെ ആത്‍മ വിശ്വാസവും ശേഷികളും വളർത്തുന്നതിൽ പർണ വഹിച്ച പങ്ക് എടുത്തു പറയേണ്ട അഭിമാന നേട്ടം തന്നെയാണ്.

സ്കൂൾ സേവിങ്സ് സ്കീം

കിഴതിരി ഗവ. എൽ. പി. സ്കൂളിലെ എല്ലാ കുട്ടികളും സ്കൂൾ സേവിങ്സ് സ്കീം അംഗങ്ങളാണ്. കുട്ടികൾ ഓരോ മാസവും തങ്ങളുടെ സമ്പാദ്യത്തുക സ്കൂളിൽ കൊണ്ടുവന്ന് അക്കൗണ്ടിൽ ഇടുന്നു. മാസം തോറും ആ തുക സ്കൂൾ ഹെഡ്മിസ്ട്രെസ് ട്രഷറിയിൽ നിക്ഷേപിക്കുന്നു.


മഴമാപിനി നിർമ്മാണം

മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനും ആയി കുട്ടികളുടെ നേതൃത്വത്തിൽ കുപ്പിയും സ്കെയിലും ചോർപ്പും ഉപയോഗിച്ച് മഴമാപിനി നിർമ്മിച്ചു. തുറസ്സായ സ്ഥലത്ത് വെക്കുകയും ഓരോ ദിവസത്തെയും മഴ അളന്നു എഴുതാനുള്ള ചാർട്ട് ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തു. കുട്ടികൾ തനിയെ മഴ അളന്നു രേഖപ്പെടുത്താനും തുടങ്ങി.

ഫീൽഡ് ട്രിപ്പ്

പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ഫീൽഡ് ട്രിപ്പുകൾ നടത്തി. കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചകൾ കുട്ടികളെ ഹരം കൊള്ളിച്ചു. അവിടെയുള്ള വിവിധ സസ്യജാലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പരിസര ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു.

പക്ഷികൾക്ക് വെള്ളം

കിഴതിരി സ്കൂളിൻറെ പ്രത്യേകതയാണ് ചുറ്റുപാടുകളിലും സംരക്ഷിക്കപ്പെടുന്ന മരങ്ങളും വൈവിധ്യമാർന്ന സസ്യങ്ങളും അതിൽ ചേക്കേറുന്ന പലതരത്തിലുള്ള പക്ഷികളും പൂമ്പാറ്റകളും. അവയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാകുന്നതിന് വേണ്ട സംവിധാനങ്ങൾ നടപ്പാക്കി. മരത്തിൽ ചട്ടി കെട്ടി വെള്ളം നിറച്ചു കുട്ടികൾ ആവശ്യാനുസരണം ദിവസം തോറും വെള്ളം നിറച്ചു കൊടുക്കുന്നു.

സാലഡ് നിർമ്മാണം

മൂന്നാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിന് ഭാഗമായി സാലഡ് നിർമ്മിച്ചു വീട്ടിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ അവർ തന്നെ കഴുകി അരിഞ്ഞു ഐസ്ക്രീം ചേർത്ത് ഇളക്കി എല്ലാവർക്കും നൽകി.

മുട്ട പരീക്ഷണം

ഒന്നാം ക്ലാസിലെ കുട്ടികൾ അധ്യാപികയുടെ സഹായത്തോടെ ക്ലാസിൽ മുട്ട പരീക്ഷണം നടത്തി. പരീക്ഷണം വളരെ രസകരവും കുട്ടികൾ ഏറെ ആ സ്വദിച്ചതുമായിരുന്നു.

ഈ വർഷം നാലാം ക്ലാസ്സിലെ കുട്ടികൾ രസകരവും വിജ്ഞാനപ്രദവുമായ ഒരു കൂട്ടം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. ഇംഗ്ലീഷ് role play, skit മുതലായവ അവർ ആസ്വദിച്ചു ചെയ്തു. Whatsapp meta യുടെ സഹായത്തോടെ paper boats എന്ന പാഠത്തിലെ പ്രിയ കഥാപാത്രങ്ങൾക്ക് രൂപം നൽകി. പരിസര പഠനത്തിൽ അവർ വേരുകൾ നിരീക്ഷിക്കുകയും ഇലകൾ കൊണ്ട് വർണചിത്രങ്ങൾ തയ്യാറാക്കുകയും ഭൂമിയും ചന്ദ്രനും സൂര്യനുമായി സ്വയം മാറുകയും ചെയ്തു.അവർ ദിനരാത്രങ്ങൾ മാറി വരുന്നതും വായുവിന്റെയും ജലത്തിന്റെയും അത്ഭുതങ്ങളും പരീക്ഷണങ്ങളിലൂടെ അടുത്തറിഞ്ഞു. പ്രഥമ ശുശ്രൂഷയുടെ ബാല പാഠങ്ങൾ മറ്റുള്ളവർക്കു പറഞ്ഞു നൽകാനും കുട്ടികൾ പ്രാപ്തരായി.

അവൽ കുഴയ്ക്കാം

രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ' അവൽ കുഴയ്ക്കാം' പ്രവർത്തനം ചെയ്തു. ക്ലാസ് ടീച്ചറുടെ സഹായത്തോടെ അവൽ കുഴച്ച് മറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു.

നിലത്തെഴുത്ത്

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂളിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്ത് നടപ്പാക്കുന്ന ഒന്നാണ് നിലത്തെഴുത്ത്. പണ്ടത്തെ ആശാൻ കളരിയിൽ കുട്ടികൾ മണലിൽ എഴുതിയാണ് അക്ഷരങ്ങൾ പഠിച്ചിരുന്നത്. വിരൽത്തുമ്പ് മണലിൽ ഊന്നി എഴുതുമ്പോൾ അക്ഷരങ്ങൾ വേഗം മനസ്സിൽ ഉറയ്ക്കും. പ്രീ പ്രൈമറി, ഒന്ന് എന്നീ ക്ലാസുകൾക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തി വരുന്നത്. എല്ലാ അധ്യാപകരും കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകാറുണ്ട്.

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഹെഡ്മിസ്ട്രസ് മിനിമോൾ എൻ. ആർ ടീച്ചറിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ടീച്ചർ പരിസ്ഥിതി ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. ബഹുമാനപ്പെട്ട ഡി. ശുഭലൻ സാർ എന്താണ് പരിസ്ഥിതി, പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും പൂച്ചെടികളും എല്ലാം സ്കൂൾ വളപ്പിൽ നട്ടു. തുടർന്നങ്ങോട്ട് പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങൾ പങ്കാളികളായിരിക്കും എന്ന് അവർ പ്രതിജ്ഞ ചെയ്തു.

ജൂൺ 8 ലോക സമുദ്ര ദിനം

8 /6 /2024 ശനിയാഴ്ച ആയതിനാൽ അടുത്തദിവസം 10/ 6 /2024 സമുദ്ര ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സമുദ്രത്തിന്റെ ആവശ്യകത എന്താണെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് എങ്ങനെയാണെന്നും സംസാരിച്ചു. ഈ വർഷത്തെ സമുദ്ര ദിന പ്രമേയമായ "പുതിയ ആഴങ്ങൾ ഉണർത്തുക" എന്നതിനെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഈ വർഷത്തെ പ്രവർത്തന തീം "നമ്മുടെ സമുദ്രത്തിനും കാലാവസ്ഥയ്ക്കും ഉത്തേജനം നൽകുന്ന പ്രവർത്തനം" എന്നതാണെന്നും ഓർമിപ്പിച്ചു.

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം, ജൈവവൈവിധ്യ ഉദ്യാനം നിർമ്മാണം

12 /6 /24 ബുധൻ ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു. ലോകത്തിൽ അനേകം കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ചും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് മിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും കൂടുതൽ മിഴിവുറ്റതാക്കുന്നതിനായി കുട്ടികളുടെ വീട്ടിൽ നിന്ന് വിവിധ തരത്തിലുള്ള ചെടികൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതിന്റെ ഭാഗമായി കൊണ്ടുവന്ന ധാരാളം പൂച്ചെടികളും ഔഷധ ചെടികളും ശാസ്ത്ര സാമൂഹ്യ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടുകയും ചെയ്തു.

ജൂൺ 14 ലോക രക്തദാന ദിനം, പച്ചക്കറിത്തോട്ട നിർമ്മാണം

14 /6 /24 ലോക രക്തദാന ദിനം ആചരിച്ചു രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് രക്തദാനത്തിന്റെ മഹാത്മ്യത്തെപ്പറ്റി ഹെഡ്മിസ്ട്രസ് മിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് സലില കുമാരി ടീച്ചർ രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റി സംസാരിച്ചു. മുതിരുമ്പോൾ തങ്ങളും രക്തം ദാനം ചെയ്യുമെന്ന് കുട്ടികൾ പ ്രതിജ്ഞ ചെയ്തു.

ശ ാസ്ത്ര സാമൂഹ്യശാസ്ത്ര പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂൾ പച്ചക്കറി തോട്ടത്തിൽ പയർ, ചീര, വെണ്ട, വഴുതന, ചേമ്പ്, കാച്ചിൽ, കുമ്പളം, മുളക് തുടങ്ങിയവ നട്ടു. കൂടാതെ മുരിങ്ങ കറിവേപ്പില തുടങ്ങിയവയ്ക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്തു.

ജൂൺ 19 വായനാദിനം

കിഴതിരി ജി.എൽ. പി സ്കൂളിൽ വായനാവാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം രാമപുരം ആർ.വി.എം യു.പി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് ശ്രീമതി വി.എം ചിത്ര നിർവഹിച്ചു. പി.എൻ പണിക്കരുടെ ജീവചരിത്രവും അതുപോലെ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചും എല്ലാം രസകരമായ കഥകളിലൂടെയും കവിതകളിലൂടെയും കുഞ്ഞു മനസ്സുകളിലേക്ക് ടീച്ചർ പകർന്നു നൽകി.തുടർന്ന് പുസ്തക വന്ദനം നടത്തി. പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന പുസ്തകമാണ് പുസ്തക വന്ദനത്തിനായി തിരഞ്ഞെടുത്തത്. അമ്മ വായനയ്ക്കായി തിരഞ്ഞെടുത്ത പുസ്തകങ്ങൾ സാർ അമ്മമാർക്ക് വിതരണം ചെയ്യുകയും 'വായന അന്നും ഇന്നും' എന്ന് വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വായനയുമായി ബന്ധപ്പെട്ട ഒരു കവിത കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും കുട്ടികൾ ഒത്തൊരുമയോടെ ഏറ്റുചൊല്ലുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അനിൽ തുമ്പക്കുന്നേൽ ആശംസകൾ അറിയിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

ജൂൺ 20 ജലസംരക്ഷണ ദിനം

ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ശ്രീമതി സലില കുമാരി ക്ലാസ് എടുത്തു. തുടർന്ന് കുട്ടികൾ ജലസംരക്ഷണ പോസ്റ്ററുകൾ തയ്യാറാക്കി കൈ കഴുകുന്ന ഇടത്തും പാത്രം കഴുകുന്ന ഇടത്തും പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് ഈ വർഷത്തെ യോഗ ക്ലാസുകൾക്ക് തുടക്കമായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അതിൻറെ ഗുണഗണങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വ്യാഴാഴ്ചകളിലും യോഗ ക്ലാസ് നടത്താൻ തീരുമാനമെടുത്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കിഴതിരി ഗവ എൽ പി സ്കൂളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു. മാതാപിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് ശ്രീമതി സലിലകുമാരി ടീച്ചർ (സീനിയർ അസിസ്റ്റൻറ്) നയിച്ചു.ഹെഡ്മിസ്ട്രസ് മിനിമോൾ ടീച്ചറുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയ പരിപാടികളിൽ കുട്ടികളും പങ്കാളികളായി. ലഹരി ഉപയോഗം മൂലമുള്ള ഭവിഷ്യത്തുകൾ, ലഹരി ഉപയോഗം തടയാൻ കൈക്കൊള്ളാവുന്ന മാർഗങ്ങൾ തുടങ്ങിയ ആശയങ്ങളെ മുൻനിർത്തി അവർ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ജൂലൈ 1 ഡോക്ടർ ദിനം

1/7/24 തിങ്കളാഴ്ച ഡോക്ടേഴ്സ് ദിനമായി ആചരിച്ചു. നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനും ആരോഗ്യം പരിരക്ഷിക്കുന്നതിനും വേണ്ടി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഭാവനകൾക്ക് നാമെന്നും നന്ദിയുള്ളവരായിരിക്കണം എന്ന് ഹെഡ്മിസ്ട്രസ് മിനി ടീച്ചർ കുട്ടികളെ ഓർമിപ്പിച്ചു. വലുതാകുമ്പോൾ നന്നായി പഠിച്ച്‌ സമൂഹത്തിന് നന്മ ചെയ്യുന്ന ഡോക്ടർമാരായി മാറുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജൂലൈ 11 ലോക ജനസംഖ്യാദിനം

ജൂലൈ 11 വ്യാഴാഴ്ച ലോക ജനസംഖ്യ ദിനമായി ആചരിച്ചു. എന്താണ് ജനസംഖ്യ, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരംതിരിക്കുന്നത് എന്തിന്, ജനസംഖ്യ വർദ്ധനവ് നല്ലതോ ദോഷകരമോ എന്നീ വിഷയങ്ങളെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ ശ്രീമതിസലിലകുമാരി ടീച്ചർ സംസാരിച്ചു. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ ജനസമ്പത്ത് ഉയർന്ന മാനവ വിഭവ ശേഷിയാക്കി മാറ്റുന്നതിലൂടെ വികസനം സാധ്യമാക്കാവുന്നതാണെന്നും അതിനാൽ നാം ഓരോരുത്തരും നമ്മുടെ ഉയർന്ന ജനസംഖ്യ നിരക്കിൽ അഭിമാനിക്കണമെന്നുള്ള സന്ദേശം കുട്ടികളിൽ എത്തിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

ഈ വർഷത്തെ ചാന്ദ്രദിനാഘോഷം വിപുലമായി നടത്തി. മൂന്നു ദിവസം നീണ്ടുനിന്ന പരിപാടികളിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ബഹുമാനപ്പെട്ട ശുഭലൻ സർ ചാന്ദ്രദിന സന്ദേശം നൽകി. കുട്ടികൾക്ക് സ്പേസ് സ്യൂട്ട് പരിചയപ്പെടുത്തി. ബഹിരാകാശ പര്യവേഷകന്റെ വേഷത്തിൽ എത്തിയ അക്ഷയ് അനിലുമായി (std 4) കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി. രണ്ടാം ക്ലാസിലെ കുട്ടികൾ അമ്പിളിമാമന്റെ പാട്ടുകൾ രസകരമായി പാടി അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സുകാർ അമ്പിളിമാമന് ഒരു കത്താണ് തയ്യാറാക്കി അവതരിപ്പിച്ചത്. നാലാം ക്ലാസുകാരാകട്ടെ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി പോസ്റ്ററുകളും. ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ എൻറെ അമ്പിളിമാമൻ എന്ന പേരിൽ ചിത്രരചനയും നടത്തി. ഇതുകൂടാതെ ഡോക്യുമെൻററി പ്രദർശനം, ക്ലാസുതല റോക്കറ്റ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ഓഗസ്റ്റ് 6 -ഹിരോഷിമ ദിനം, ടാഗോർ ചരമദിനം

6/ 8 /24 ചൊവ്വാഴ്ച ഹിരോഷിമ ദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും അവ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും മിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. എല്ലാവരും പരസ്പര സ്നേഹത്തിലും ഐക്യത്തിലും കഴിയണമെന്ന് സലിലകുമാരി ടീച്ചർ പറഞ്ഞു. ലോകസമാധാനത്തിന്റെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ പ്രദർശനവും നടന്നു. നമ്മുടെ ദേശീയ ഗാനം രചിച്ച രബീന്ദ്രനാഥ ടാഗോറിന്റെ ചരമദിനം കൂടി ഹിരോഷിമ ദിനത്തോടൊപ്പം ആചരിച്ചു. അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിച്ചു.

ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനം, നാഗസാക്കി ദിനം

9 /8 24 വെള്ളിയാഴ്ച ക്വിറ്റിന്ത്യ ദിനവും നാഗസാക്കി ദിനവും ആചരിച്ചു. കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സഡാക്കോ സസാക്കി എന്ന ജാപ്പനീസ് പെൺകുട്ടിയുടെ കഥ ഹൃദയസ്പർശിയായി മിനി ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് നിർമ്മിച്ച കൊക്കുകൾ ലോകസമാധാനത്തിന്റെ പ്രതീകമായി കണ്ട് എല്ലാവരും ചേർന്ന് ആകാശത്തേക്ക് പറത്തി. നാം സ്വാതന്ത്ര്യം നേടിയ വഴികളിലൂടെയും ന ടത്തിയ പോരാട്ടങ്ങളിലൂടെയും ഇന്ത്യൻ ജനതയുടെ നാനാത്വത്തിലെ ഏകത്വത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന പ്രസംഗത്തിലൂടെ സലില ടീച്ചർ കുട്ടികൾക്ക് അറിവ് പകർന്നു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

78 മത് സ്വാതന്ത്ര്യ ദിനം കിഴതിരി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ എൻ ആർ പതാക ഉയർത്തി. സ്വാതന്ത്ര്യസമര നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ അണിനിരന്ന റാലിയിൽ ഭാരതത്തിൻറെ എസ്എസ് ഉയർന്നുനിൽക്കുന്ന മുദ്രാ ഗീതങ്ങൾ അലയടിച്ചു. പിടിഎ പ്രസിഡൻറ് അനിൽ തുമ്പക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത മനോജ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എത്തിയ കേണൽ കെ.എൻ.വി

ആചാരിയെ കുട്ടികൾ സല്യൂട്ട് നൽകി ബഹുമാനിച്ചു. പിടിഎ പ്രസിഡൻറ് അനിൽ തുമ്പക്കുന്നേൽ പൊന്നാട അണിയിച്ചു ആദരിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വരെ അനുസ്മരിച്ച് ശ്രദ്ധാഞ്ജലി നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക കേണൽ കെ.എൻ.വി ആചാരി പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ ദിന ക്വിസ്, ദേശഭക്തിഗാനാലാപനം, സ്കിറ്റ് ,വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി . കുട്ടികൾക്ക് സേമിയ പായസം വിതരണം ചെയ്തു.

ഓഗസ്റ്റ് 17 കർഷക ദിനം

ഓഗസ്റ്റ് 17 ശനിയാഴ്ച ആയതിനാൽ 23 24 വെള്ളിയാഴ്ച കർഷക ദിനമായി ആചരിച്ചു. ഇന്ത്യയുടെ മഹത്തായ കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകത വിളിച്ചുപറയുന്ന ദിനമാണ് കർഷകദിനം. അന്നേദിവസം വിശിഷ്ട അതിഥിയായി കർഷകനായ സിബി ചേട്ടനെ ക്ഷണിച്ചു യോഗത്തിൽ ആദരിച്ചു. നമ്മുടെ ജീവിത രീതിയുടെ ഭാഗമായി കൃഷിയെ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ശ്രീമതി. മിനി ടീച്ചർ സംസാരിച്ചു. തുടർന്ന് സിബി ചേട്ടൻ കുട്ടികളോട് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ലളിതമായ രീതിയിൽ ഉത്തരങ്ങൾ നൽകുകയും ചെയ്തു. നാലാം ക്ലാസിലെ അക്ഷയ് കർഷകനായി വേഷമിട്ടു. ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും കൃഷിക്കാരായി വേഷം ധരിച്ച് ചീരപ്പാട്ട് പാടി. സിബി ചേട്ടന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈകൾ നട്ടു.

തുടർന്ന് സ്കൂളിൽ കരനെൽകൃഷിക്കായി വിത്തു വിതയ്ക്കുകയും ചെയ്തു.

ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം

2023 ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇന്ത്യ കാലുകുത്തി. ആ സുപ്രധാന നേട്ടത്തെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിച്ചു. കിഴതിരി സ്കൂളും അതിൽ ഭാഗമായി. ചാന്ദ്രയാൻ-3 യുടെ വിജയകരമായ വിക്ഷേപണത്തിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതേ ആവേശത്തോടെ കുട്ടികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ N .R ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ പേപ്പർ റോക്കറ്റുകൾ ഉണ്ടാക്കി പറത്തി പരിപാടി ഗംഭീരമാക്കി.

അയൺ ഫോളിക് ഗുളിക വിതരണം -ആഗസ്റ്റ് 29

കിഴഗിരി ഗവൺമെൻറ് എൽപി സ്കൂളിലെ കുട്ടികൾക്കുള്ള അയൺ ഫോളിക് ഗുളിക വിതരണം ആഗസ്റ്റ് 29ന് നടത്തപ്പെട്ടു .സ്കൂൾ അസംബ്ലിയിൽ വച്ച് രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ജെ. പി. എച്ച്. എൻ. മാരായ ചിഞ്ചു മാഡവും റോബിൻ സാറും കുട്ടികൾക്കുള്ള അയൺ ഫോളിക് ഗുളികകളും ഫസ്റ്റ് എയ്ഡ് കിറ്റും ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചറിന് കൈമാറി. ശ്രീമതി ചിഞ്ചു മാഡം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുമാരി ബിനിയ ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

ആഗസ്റ്റ് 29 -ദേശീയ കായിക ദിനം

കായിക മേഖല അനുദിനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചെറിയ രീതിയിൽ കായിക ദിനം ആചരിച്ചു.കായിക മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ പറ്റി സ്ലൈഡ് പ്രസന്റേഷൻ നടത്തി.ഒരു ചെറിയ മത്സരവും നടത്തി.ഇതിലൂടെ കായിക മേഖലയെയും കായിക താരങ്ങളെയും പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

സെപ്റ്റംബർ 5 അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു. കുട്ടികൾ അധ്യാപക ദിന കാർഡുകൾ നിർമ്മിച്ചു തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.

ഒന്നാം ക്ലാസ്സിലെ അനന്ദന അധ്യാപർക്കും കൂട്ടുകാർക്കും മധുരം നൽകി സന്തോഷം പങ്കു വെച്ചു.

സെപ്റ്റംബർ 11 പ്രഥമ ശുശ്രൂഷ ദിനം

പ്രഥമ ശുശ്രൂഷയെ പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി . പ്രഥമ ശുശ്രൂഷ പെട്ടി തയ്യാറാക്കി . പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ റോബിൻ സാറും ചിഞ്ചു സിസ്റ്ററും സ്കൂളിലെത്തി ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി . കുട്ടികൾ പ്രഥമ ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങൾ അവതരിപ്പിച്ചു.

സെപ്റ്റംബർ 13 സ്കൂൾ ഓണാഘോഷം

സെപ്റ്റംബർ 13 ന് കിഴതിരി ജി. എൽ. പി. സ്കൂളിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ അരങ്ങേറി. അധ്യാപരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചു പൂക്കളമിട്ടു. ഒന്നാം ക്ലാസ്സിലെ അഡോണും ആദിലും മാവേലിയും വാമനനുമായി വേഷമിട്ടു. തുടർന്ന് കുട്ടികളുടെ ഓണപ്പാട്ടും നൃത്തവും ഫാഷൻ ഷോയും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. രക്ഷിതാക്കൾ വീടുകളിൽ നിന്ന് തയ്യാറാക്കിക്കൊണ്ട് വന്ന വൈവിധ്യമാർന്ന കറികൾ കൊണ്ട് ഓണസദ്യ വിഭവ സമൃദ്ധമായി. അതിമനോഹരമായ ഒരു ഓണക്കാലത്തിന്റെ കൂടി ഓർമകൾ സമ്മാനിച്ചാണ് ഈ ദിനം കടന്നു പോയത്.

സെപ്റ്റംബർ 16 ലോക ഓസോൺ ദിനം

16/ 9 /24 ഓണാവധി ആയതിനാൽ തുടർന്നുള്ള പ്രവർത്തി ദിനമായ 23 9 24 ഓസോൺ ദിനമായി ആചരിച്ചു എന്താണ് ഓസോൺ പാളി എന്നതിനെക്കുറിച്ചും ഓസോൺ പാളി ശോഷണം എപ്രകാരം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ശ്രീമതി സലില ടീച്ചർ സംസാരിച്ചു. തുടർന്ന് സ്ലൈഡ് പ്രദർശനം നടന്നു.

സെപ്റ്റംബർ 29 ലോകഹൃദയ ദിനം

29 /9 24 ഞായറാഴ്ച ആയതിനാൽ 30 9 24 തിങ്കൾ ലോകഹൃദയ ദിനമായി ആചരിച്ചു. ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയസംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിരോധ നടപടികളെ കുറിച്ചും അവബോധം വളർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സംസാരിച്ചു. 2024ലെ ലോക ഹൃദയ ദിനത്തിൻറെ തീമായ പ്രവർത്തനത്തിനായി 'ഹൃദയം ഉപയോഗിക്കുക' എന്ന ആശയത്തെക്കുറിച്ച് ശ്രീമതി ശ്രീദേവി ടീച്ചർ സംസാരിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ബുധനാഴ്ച ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗാന്ധിജിയുടെ ജീവചരിത്രത്തെ സംബന്ധിച്ച് ബിനിയ ടീച്ചർ ക്ലാസ് എടുത്തു. തുടർന്ന് ഡോക്യുമെൻററി പ്രദർശനം ഉണ്ടായിരുന്നു. പിന്നീട് എല്ലാവരും ചേർന്ന് സ്കൂളും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നാലാം ക്ലാസിലെ അക്ഷയ് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. രണ്ടാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയെ കുറിച്ച് കുട്ടി ക്കവിതകൾ ആലപിച്ചു. ഒന്നാം ക്ലാസിലെ അഡോൺ ജിനു ഗാന്ധിജിയായി വേഷമിട്ടു. ഗാന്ധിജിയുടെ ജീവിതത്തിലെ കേട്ടെഴുത്ത് നടത്തിയ സംഭവം നാലാം ക്ലാസിലെ കുട്ടികൾ തന്മയത്വത്തോടെ സ്റ്റേജിൽ അവതരിപ്പിച്ചു.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

16 /10 /24ബുധനാഴ്ച ലോക ഭക്ഷ്യ ദിനമായി ആചരിച്ചു ഈ വർഷത്തെ ലോകഭക്ഷ്യദിന പ്രമേയം 'മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും ഭക്ഷണത്തിനുള്ള അവകാശം' എന്നതാണ്. ഭക്ഷണശീലങ്ങൾ ആരോഗ്യകരമായ ജീവിതത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഹെഡ്മിസ്ട്രസ് മിനി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഭക്ഷണം പാഴാക്കരുത് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യമേളയും ഉണ്ടായിരുന്നു.

ഒക്ടോബർ 31 ഇന്ദിരാഗാന്ധി ചരമദിനം, ദേശീയ പുനരർപ്പണ ദിനം, ഏകതാദിനം

31 /10 /2024 വ്യാഴാഴ്ച ഇന്ദിരാഗാന്ധി ചരമദിനം, ദേശീയ പുനരർപ്പണ ദിനം, ഏകതാദിനം എന്നിവ ആചരിച്ചു. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ആദരവർപ്പിക്കുന്നതിനായി അസംബ്ലിയിൽ കുട്ടികൾ പ്രസംഗിച്ചു. പിന്നീട് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം എന്ന പ്രാധാന്യം കൂടി കുട്ടികൾ എത്തിക്കുന്നതിനായി ബിനിയ ടീച്ചർ സംസാരിച്ചു.

നവംബർ 1 കേരളപ്പിറവി

1 /11 /24 വെള്ളിയാഴ്ച കേരളപ്പിറവി ദിനം ആചരിച്ചു. കൊച്ചുകുട്ടുകാർ ഒരുമിച്ച് കേരളത്തിൻറെ മഹിമയും ഭംഗിയും പ്രകീർത്തിക്കുന്ന പാട്ടുകൾ പാടി. കേരളത്തനിമ വ്യക്തമാക്കുന്ന നാടൻ വേഷങ്ങൾ ധരിച്ചു നടത്തിയ ഫാഷൻ ഷോ കൗതുകമായി. കുട്ടികൾ എന്റെ കേരളം എന്ന വിഷയത്തിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. കേരളപ്പിറവി ദിന ക്വിസ്സിൽ സൂര്യഗോഗോയി (ഫസ്റ്റ്) നിരഞ്ജന രതീഷ് (സെക്കൻഡ്),അക്ഷയ് അനിൽ (തേർഡ്)എന്നിവർ വിജയികളായി.


നവംബർ 8-ആയുർവേദ ദിനാചരണം

രാമപുരം ഗ്രാമപഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ കോട്ടയം, ഭാരതീയ ചികിത്സ വകുപ്പ്, രാമപുരം ആയുർവേദ ഡിസ്പെൻസറി എന്നിവരുടെ നേതൃത്വത്തിൽ കിഴതിരി ഗവൺമെൻറ് എൽ പി സ്കൂളിൽ ദേശീയ ആയുർവേദ ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടത്തപ്പെട്ടു. നവംബർ 8-ന് നടന്ന ദിനാചരണത്തിന് അധ്യക്ഷത വഹിച്ചത് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി കവിത മനോജ് ആയിരുന്നു. രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലിസമ്മ മത്തച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വേവിക്കാത്ത ഭക്ഷണങ്ങളുടെ പ്രദർശനവും യോഗ ഡാൻസും നടത്തപ്പെട്ടു. മെഡിക്കൽ ഓഫീസർ ശ്രീമതി ഡോക്ടർ സീനിയ അനുരാഗ് ആശംസകൾ അർപ്പിച്ചു. മെമ്പർ ജോഷി ജോസഫ്, യോഗ പരിശീലകൻ ശ്രീ ഹരിപ്രസാദ് കിഴതിരി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ,പിടിഎ പ്രസിഡൻറ് ശ്രീ അനിൽ തുമ്പക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീമതി സലീല ടീച്ചർ കൃതജ്ഞത അർപ്പിച്ചു. ജീവിതശൈലി രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഒരു ഭീഷണിയായി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആയുർവേദത്തിന്റെ പ്രസക്തി എന്തെന്ന് മനസ്സിലാക്കാൻ ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. ആയുർവേദത്തെ അറിയാനും യോഗയുടെ പ്രാധാന്യം മനസ്സിലാക്കാനും സാധിച്ചു. കൂടാതെ യോഗ ക്ലബ് അംഗങ്ങൾ സ്കൂളിലെ കുട്ടികൾക്ക് യോഗ ക്ലാസുകൾ നടത്താനുള്ള സന്നദ്ധതയും അറിയിക്കുകയുണ്ടായി.

നവംബർ 14 -ലോക പ്രമേഹ ദിനം

ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ നവംബർ 14ന് ലോക പ്രമേഹ ദിനം ആചരിച്ചു. പ്രമേഹരോഗം എങ്ങനെ ഉണ്ടാകുന്നു എന്നും അതിൻറെ കാര്യകാരണങ്ങളെ പറ്റിയും രാമപുരം ഹെൽത്ത് സെൻററിൽ ചിഞ്ചു മാഡം ക്ലാസ് എടുത്തു. യോഗത്തിൽ ഹെഡ്മിസ്‌ട്രെസ്‌ മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. ക്ലാസിനു ശേഷം കുമാരി ബിനിയ ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

നവംബർ 14 ശിശുദിനം

14 /11 /24 വ്യാഴാഴ്ച ശിശുദിനം ആചരിച്ചു. തൂവെള്ള വേഷം ധരിച്ച് നെഹ്റു തൊപ്പി വെച്ച കുട്ടികൾ ശിശുദിന റാലിയിൽ ആവേശത്തോടെ പങ്കെടുത്തു. ഉയർത്തിയ പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങൾ അവർ ഉറക്കെ വിളിച്ചു പറഞ്ഞു. തുടർന്ന് കുട്ടികളുടെ ആക്ഷൻ സോങ്, ഡാൻസ് എന്നിവ ഉണ്ടായിരുന്നു. ചാച്ചാജിയെക്കുറിച്ച് ഒരു പ്രസംഗം അക്ഷയും ഇംഗ്ലീഷ് പ്രസംഗം ഗൗരിയും അവതരിപ്പിച്ചു. തുടർന്ന് നെഹ്റുവിൻറെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരവും അരങ്ങേറി. അക്ഷയ് അനിൽ, ആകാശ് അനിൽ, ആദിൽ അനിൽ എന്നിവർ മോത്തിലാൽ നെഹ്റു, സ്വരൂപ് റാണി, ജവഹർലാൽ നെഹ്റു എന്നിവരായിവേഷമിട്ടു. ശിശുദിന ക്വിസ്സിൽ സൂര്യഗോഗോയി ഫസ്റ്റ് ആകാശ് അനിൽ സെക്കൻഡ് എന്നിവർ വിജയിച്ചു. മധുരപലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.


നവംബർ 26 -ദേശീയ വിര വിമുക്ത ദിനം

ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ജെ പി എച്ച്എൻ മാരായ ചിഞ്ചു മാഡവും റോബിൻ സാറും കിഴതിരി ഗവൺമെൻറ് എൽ.പി. സ്കൂളിലെത്തുകയും കുട്ടികൾക്കും അധ്യാപകർക്കും വിര ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. ആരോഗ്യപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ചിഞ്ചു മാഡവും റോബിൻ സാറും വിരഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾ എല്ലാവരും വിര ഗുളിക കഴിച്ചു. എന്തിന് കഴിക്കണം, കഴിക്കാതിരുന്നാൽ ഉള്ള ദൂഷ്യഫലങ്ങൾ എന്നിവയെപ്പറ്റി അവബോധം ഉണ്ടാകാൻ ക്ലാസ് ഉപകരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ സ്റ്റാഫ് പ്രതിനിധി ശ്രീമതി സലില ടീച്ചർ നന്ദി അർപ്പിച്ചു

നവംബർ 16 ദേശീയ പത്ര ദിനം

16 /11 /24 ശനിയാഴ്ചയായതിനാൽ 18 /11 /24 തിങ്കളാഴ്ച ദേശീയ പത്ര ദിനമായി ആചരിച്ചു. ജനാധിപത്യ രാജ്യത്തിൻറെ സുഗമമായ കുതിപ്പിന് സ്വതന്ത്ര മാധ്യമത്തിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണെന്ന് മിനി ടീച്ചർ കുട്ടികളോട് പ്രസംഗിച്ചു. കുട്ടികളിൽ പത്രവായന എന്ന നല്ല ശീലം വളർത്തുന്നതിനായി ഓരോ ദിവസവും ഒന്നോ രണ്ടോ ചോദ്യങ്ങൾ ബോർഡിൽ എഴുതിയിടാറുണ്ട്. കുട്ടികൾ സ്വയം പത്രം സൂക്ഷ്മമായി വായിച്ച് ഉത്തരം കണ്ടെത്തുന്നത് വഴി അറിവ് വളരുന്നതോടൊപ്പം പത്രവായന ശീലമാക്കുകയും ചെയ്യുന്നു.

ലോക എയ്ഡ്സ് ദിനം- ഡിസംബർ 1

ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കിഴതിരി ഗവൺമെൻറ് എൽപി സ്കൂളിൽ ദിനാചരണം നടത്തി. സ്കൂൾ അസംബ്ലിയിൽ ടീച്ചർ ബോധവൽക്കരണ ക്ലാസ് എടുത്തു. എയ്ഡ്സ് രോഗത്തെപ്പറ്റിയും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ശ്രീമതി സലില ടീച്ചർ സ്വാഗതം ആശംസിച്ചു. കുമാരി ബിനിയ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിന് ശേഷം ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരുന്നു.

ഡിസംബർ 3-ലോക ഭിന്നശേഷി ദിനം

ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് സ്കൂളിൽ ദിനാചരണം നടത്തി. സഹജീവികളെ മാറ്റിനിർത്താതെ ചേർത്തു പിടിക്കാനുള്ള ആഹ്വാനമാണ് ഭിന്നശേഷി ദിനം മുന്നോട്ട് വയ്ക്കുന്നത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ക്ലാസ് എടുത്തു. ശ്രീമതി ശ്രീദേവി ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീമതി ടീച്ചർ കൃതജ്ഞത അർപ്പിച്ചു. അതിനുശേഷം ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി ചില പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികളുടെ കണ്ണുകൾ മൂടിക്കെട്ടിയും, കൈകൾ കെട്ടിവെച്ചും, കസേരയിലിരുത്തിയും ഓരോ കാര്യങ്ങൾ ചെയ്യാൻ പരിശീലിപ്പിച്ചു.

ഇത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ഡോക്യുമെൻററി പ്രദർശനവും നടത്തി.

ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനം

14 /12 /2024 ശനിയാഴ്ച ആയതിനാൽ 16 /12 /2024 തിങ്കളാഴ്ച ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് മിനി ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു. ക്ലാസ് മുറികളിൽ സ്വീകരിക്കാവുന്ന ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ച് കുട്ടികൾ സ്വയം ചർച്ച ചെയ്തു. ലൈറ്റ്, ഫാൻ, ടാപ്പ് മുതലായവ ആവശ്യത്തിന് ശേഷം ഓഫ് ചെയ്യുകയും സ്വാഭാവിക പ്രകാശം പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നത് ഊർജ്ജം പാഴാക്കുന്നത് തടയുമെന്ന് അവർ സ്വയം കണ്ടെത്തി. തുടർന്ന് ഊർജ്ജ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ട്രീ ഉണ്ടാക്കി.പുൽക്കൂട് അലങ്കരിച്ചു. സ്റ്റേജ് ഭംഗിയായി ഒരുക്കി.

അഡോൺ ക്രിസ്മസ് പാപ്പയുടെ വേഷം കെട്ടി. കുട്ടികൾ സമ്മാനിച്ച കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു. കരോൾ ഗാനം പാടി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചഭക്ഷണത്തോടെ പിരിഞ്ഞു.

ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനാചരണം

19 /12 /2024 വ്യാഴാഴ്ച അന്താരാഷ്ട്ര മില്ലറ്റ് ദിനാചരണം കിഴതിരി ജി. എൽ. പി സ്കൂളിൽ നടന്നു. മില്ലറ്റ് വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ അറിയിക്കുക എന്ന് ഉദ്ദേശത്തോടെ നടത്തിയ ക്ലാസ് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. മില്ലറ്റ് ദിനത്തെക്കുറിച്ച് സംക്ഷിപ്തമായ ഒരു ആമുഖം ടീച്ചർ നൽകി. തുടർന്ന് ചെറു ധാന്യങ്ങൾ എന്തെല്ലാമാണെന്നും അവയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും അവ ആഹാരത്തിന്റെ ഭാഗമാക്കേണ്ട ആവശ്യകത എന്താണെന്നും ശ്രീദേവി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ചെറു ധാന്യങ്ങൾ ക്ലാസ്സിൽ കൊണ്ടുവന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഒരു ഡോക്യുമെൻററി പ്രദർശിപ്പിക്കുകയും ചെയ്തു. ഈ ക്ലാസ്സിൽ നിന്ന് ലഭിച്ച അറിവ് പരിശോധിക്കുന്നതിനായി ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. തുടർന്ന് ചെറുധാന്യമായ റാഗി ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷ്യവിഭവങ്ങൾ കുട്ടികൾക്ക് നൽകി.

ജനുവരി 9 -ദേശീയ പ്രവാസി ദിനം

ജനുവരി 9 വ്യാഴാഴ്ച ദേശീയ പ്രവാസി ദിനമായി ആചരിച്ചു.മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ദിവസത്തിൻറെ അനുസ്മരണാർത്ഥം ഓരോ വർഷവും പ്രവാസി ദിനം ആചരിക്കുന്നു. ഈ ദിവസത്തിൻറെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പ്രവാസി ജീവിതത്തെക്കുറിച്ചും ഹെഡ് മിസ്ട്രസ് മിനി ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു. പ്രവാസി ദിനത്തിൻറെ പച്ചയായ യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടിയ ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതിയിലെ ചില ഭാഗങ്ങൾ മൂന്നാം ക്ലാസിലെ ആൽവിൻ ആന്റണി അസംബ്ലിയിൽ വായിച്ചു.

ജനുവരി 26 -റിപ്പബ്ലിക് ദിനം

ജനുവരി 26 ഞായറാഴ്ച റിപ്പബ്ലിക് ദിനം സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പതാക ഉയർത്തി. സ്കൂളിലെത്തിച്ചേർന്ന എല്ലാവർക്കും റിപ്പബ്ലിക് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ശുഭലൻ സാർ സന്ദേശം നൽകി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ജനുവരി 28-ലോക കുഷ്ഠരോഗ നിവാരണ ദിനം

ലോക കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 28ന് സ്കൂളിൽ ദിനാചരണം നടത്തി. കുഷ്ഠരോഗത്തെപ്പറ്റിയും ഇതിനെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ ക്ലാസ് എടുത്തു. കുമാരി ബിനിയാ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീമതി ശ്രീദേവി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.ക്ലാസിനു ശേഷം ഒരു ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരുന്നു.

ജനുവരി 30 -രക്തസാക്ഷി ദിനം

ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു. മഹാത്മാഗാന്ധിയുടെ ചരമവാർഷികമാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. രക്തസാക്ഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മിനി ടീച്ചർ സംസാരിച്ചു. തുടർന്ന് രണ്ടുമിനിറ്റ് മൗനാചരണം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ബിനിയാ ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഡോക്യുമെൻററി പ്രദർശനം ഉണ്ടായിരുന്നു.

ഫെബ്രുവരി 4 -ലോക അർബുദ ദിനം

ഫെബ്രുവരി നാല് ചൊവ്വാഴ്ച ലോക അർബുദ ദിനം ആയി ആചരിച്ചു. കാൻസർ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കിയാണ് ലോകമെമ്പാടും അർബുദദിനം ആചരിക്കുന്നത്. മാറുന്ന ജീവിതശൈലിയോടൊപ്പം വളരുന്ന ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും മാരകവും തിരിച്ചറിഞ്ഞു ചികിത്സ ആരംഭിക്കാൻ ഏറ്റവും പ്രയാസമേറിയതും ആയ രോഗമാണ് കാൻസർ. അതിനാൽ കാൻസറിനെ തടയാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതിന് പുതുതലമുറയെ അവബോധമുള്ളവരാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി സലില ടീച്ചറാണ് ക്ലാസ് എടുത്തത്. തുടർന്ന് വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21 വെള്ളിയാഴ്ച ലോക മാതൃഭാഷാ ദിനമായി ആചരിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സലില ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു. മലയാളം വായനാ മത്സരം സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ ആൽവിൻ ആൻറണിയാണ് വിജയിയായത്. കഥാകഥനം, കവിത പാരായണം, പ്രസംഗം തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് മാതൃഭാഷാ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28 വെള്ളിയാഴ്ച ദേശീയ ശാസ്ത്ര ദിനമായി ആചരിച്ചു. കുട്ടികളുടെ ശാസ്ത്ര ബോധം വളർത്താനായി സ്കൂളിൽ ശാസ്ത്ര ദിനം ആചരിക്കേണ്ടത് ആവശ്യമാണ്. കുട്ടികൾ തങ്ങളുടെ കൊച്ചു പരീക്ഷണങ്ങൾ കൂട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു. ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി.

ഡ്രൈ ഡേ ആചരണം

കിഴഗിരി ഗവൺമെൻറ് എൽപി സ്കൂളിൽ ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസ് റൂമും മൂത്രപ്പുരയും അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസും ശ്രീമതി മിനി ടീച്ചർ എടുത്തു. അതിൻറെ ഭാഗമായി സ്കൂളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിച്ചു. സ്കൂളിലെ ജലവിതരണ സംവിധാനവും തൃപ്തികരം എന്ന് ഉറപ്പുവരുത്തി.