ഗവ.എൽ.പി.എസ് വെട്ടൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശുദ്ധവായുവിനാൽ സമ്പുഷ്ടമായ പത്തനംതിട്ട ജില്ലയിലെ വെട്ടൂർ ഗ്രാമത്തിൽ ഈശ്വരചൈതന്യംതുളുമ്പുന്ന ശ്രീ ആയിരവില്ലൻ ക്ഷേത്രത്തിനു സമീപം പ്രകൃതിരമണീയമായ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ മുകളിലായി "പാറേസ്കൂൾ" എന്ന ഓമനപ്പേരിൽ സ്പെഷ്യൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.
ഇപ്പോൾ സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജിയായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക് സർക്കാരിലേക്ക് ആയി പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടംവിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല.