ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്റ്റർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്ന‍ു തന്ന‍ു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. 1914 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സർക്കാർ വിദ്യാലയമാക്കി. ആ വർഷം തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ പത്രപ്പരസ്യത്തെ തുടർന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊൻപതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേർന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മൺപാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സർക്കാർ അംഗീകൃത അധ്യാപകൻ. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നൽകുന്നു. ഒരു ബെഞ്ചിൽ ഒന്നാം ക്ലാസ്സും ചേർത്തിട്ട മറ്റൊരു ബെഞ്ചിൽ, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടർന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കൾ. രക്ഷിതാക്കളുടെ മുന്നിൽ വെച്ച് അധ്യാപകൻ കുട്ടികളെ വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകൾ നൽകുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നൽകിയ ഒരു കാലത്തിന്റെ നാട്ടുവർത്തമാനം.

1957 ൽ യു. പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യർ പ്രഥമാധ്യപകനായെത്തി, തുടർന്ന് 1980 ൽ ഹൈസ്ക്കൂളായും 1997ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർന്നു വന്നു.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീർത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനൽകാനെത്തിയ അവധൂതർക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകർന്നു നൽകിയ തദ്ദേശീയർക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാൻ പ്രയത്നിച്ച പൗരപ്രമുഖർക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാർക്ക്, കുഞ്ഞുകൈകളിൽ മുള ചുമന്ന ബാല്യങ്ങൾക്ക്, പനമ്പു തട്ടിയിലെ ടാറിന്റെ അംശം കുപ്പായങ്ങളിൽ കരി പടർത്തിയ കുട്ടികൾക്ക്, ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ കഥകൾ ഇനിയുമേറെ പറയാനുണ്ട്.