ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
പേരമരം

തയഞ്ഞ് തീർന്ന് നടക്കാൻ കഴിയാതായ വള്ളിച്ചെരുപ്പുമിട്ട് അഭി മാഷ് മഴ പെയ്തു തീർന്ന മുറ്റത്തേക്കിറങ്ങി. ദിവസങ്ങളോളം നീണ്ടുനിന്ന ഭൂമിയുടെ രോധനം കേട്ട് വാനം ദാഹ ജലം നല്കിയതായിരുന്നു അത്. വാർദ്ധക്യത്തിന്റെ മുൾ മുനകൾ തട്ടി കീറിയ ഗാത്രവുമായി ഭാര്യ സുലു ടെറസിൽ അറിയാതെ വീണുപോയ മഴത്തുള്ളികളെ ഒപ്പി എടുക്കുകയാണ്. ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്കൊടുവിലാണ് മണ്ണിന്റെ മണമനുഭവിക്കാൻ അഭി മാഷിന് സാധിച്ചത്. കുടുംബ ഭാരവും സാഹചര്യങ്ങളുടെ തീപ്പൊരികളും ഏൽപ്പിച്ച മുറിവുകൾ ഹൃദയത്തെ നിലപ്പിച്ചതിനാൽ ഇനിയൊരു മന്മണം അനുഭവിക്കുവാൻ ബാക്കിയുണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം തന്റെ വീട്ട് മുറ്റത്ത് വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷങ്ങളെ ഒന്ന് നോക്കി. എല്ലാം റിട്ടയർമെന്റിനു ശേഷം നട്ടവ. പെട്ടെന്നാണ് കയ്യിലൊരു കോരിത്തരിപ്പനുഭവപ്പെട്ടത്. തന്റെ കയ്യിൽ ഉറ്റിയ കൊട്ട വെള്ളത്തെ, ചുളിവുകൾ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്ന കൈകൾ കൊണ്ട്പതിയെ തുടച്ചു മാറ്റിയതിനുശേഷം മെല്ലെ അയാൾ മുകളിലേക്ക് നോക്കി. അതെ, അയാൾ ശരിക്കും ആ മരത്തെ അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് തന്റെ സാന്നിധ്യമറിയിച്ചതാവാം. അഭി മാഷ് പേര മരത്തിന്റെ ഏറ്റവും മുകളിലായി തെറുത്തു വരുന്ന തിരിയിലേക്ക് നോക്കി. അത് വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര കടന്നിരുന്നു. " പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അത് തന്റെ മുട്ടിന്റെയത്ര നിന്നതാണ്, എത്ര പെട്ടെന്നാണ് അത് മുകളിലേക്ക് കൈ നീട്ടി തുടങ്ങിയത്". ചക്രവാളങ്ങളെ മറികടക്കുവാനായി അണ്ഡ കടാഹത്തിന്റെ അത്ഭുതങ്ങളും തേടിപ്പോവുന്ന മനുഷ്യന് കേവലം യൗവനത്തിൽ എത്തി നിൽക്കുന്ന പേരമരത്തിന്റെ മന: ശാസ്ത്രം പോലും അറിയുവാൻ കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ അദ്ദേഹത്തിന് നവ യുഗങ്ങളോടുള്ള പുച്ഛം അടക്കാൻ കഴിഞ്ഞില്ല. മേലാകെ കീറല് പിടിച്ചു നിൽക്കുന്ന ആ പുളിയൻ പേരമരത്തെ ഒന്ന് പതിയെ തലോടി അഭി മാഷ്. അപ്പോഴാണ് മരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന ചീഞ്ഞളിഞ്ഞ പേരയ്ക്കകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. സംരക്ഷിക്കാൻ ആരും ഇല്ലാത്ത ഒരു അനാഥ കുട്ടിയുടെ ഒട്ടിയതും മണ്ണ് പിടിച്ചതുമായ മുഖം പോലെ വികൃതമായി തീർന്നിരുന്നു അത്. അതിലൊരു പേരയ്ക്കയെ അദ്ദേഹം പതിയെ എടുത്തു. അതിൽ പുഴുവിന്റെ ജന്മത്തിൽ ഒരന്തേവാസി കൂടി ഉണ്ടായിരുന്നു. അതിനെ സൂക്ഷിച്ചു നോക്കി കൊണ്ട് അദ്ദേഹം വർഷങ്ങൾക്കു പുറകോട്ട് പോയി. " അച്ഛാ........... പേരയ്ക്ക കൊണ്ടു വന്നോ. " കൊഞ്ചല് തീരാത്ത സംസാരവുമായി അനുമോൻ ഓടിവന്നു. " അയ്യോ....... മോനെ ഇന്നു മറന്നു പോയല്ലോ". " അച്ഛന് എപ്പോഴും അച്ഛന്റെ സ്കൂളിലെ കുട്ടികളെ മാത്രമേ ഓർമ്മയുള്ളൂ, എന്നെ അച്ഛൻ മിക്കപ്പോഴും മറന്നു പോവുകയാണ് ഞാൻ ഇന്നലെ അച്ഛനോട് പറഞ്ഞതല്ലേ ഞാൻ പിണങ്ങി ട്ടോ." " അയ്യോ മോനേ പിണങ്ങല്ലേ, അച്ഛൻ നാളെ വാങ്ങിത്തരാം ഇന്നു മറന്നു പോയതല്ലേ." " അബി ഏട്ടാ നാളെ അനു കുട്ടന്റെ പിറന്നാൾ ആണ് കേട്ടോ". അതുവരെ എല്ലാത്തിനും മൂകസാക്ഷിയായിരുന്ന സുലു ആ പ്രപഞ്ച സത്യം വിളിച്ചു പറഞ്ഞു. അഭി മാഷ് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുറിയിലേക്ക് പോയി. " അച്ഛാ.... പേരയ്ക്ക കൊണ്ടുവന്നോ എവിടെ പേരയ്ക്ക." പിറ്റേ ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പാടെയുള്ള അനുമോന്റെ ചോദ്യം അത് ആയിരുന്നു. " മോൻ ഇന്നലെ എന്നോട് പിണങ്ങിയത് കൊണ്ട് ഞാൻ പേരയ്ക്ക മറന്നിട്ടില്ല. പിന്നെ മോൻ അച്ഛന്റെ ബർത്ത് ഡേ സമ്മാനം വേണ്ടേ?. കേക്ക് മുറിക്കുന്നതിന് പകരം അച്ഛൻ കൊണ്ടുവന്ന ഈ പേര തൈനട്ടുപിടിപ്പിക്കാം കേട്ടോ." " നിന്റെ പുന്നാരഅച്ചൻ നല്ല സമ്മാനം" അനു വിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തത് കണ്ട അഭി മാഷ് സുലു വിനെയും കൂട്ടി തൊടിയിൽ ഒരിടത്ത് പേരമരം നട്ടു. മരം നട്ട് സന്തോഷത്തിൽ ചാരുപടിയിൽ വന്നിരുന്ന അഭി മാഷിനെ സുലു ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം ആവാഹിച്ചെന്നോളം അഭി മാഷ് പറഞ്ഞു. " പേരയ്ക്കൊക്കെ ഇപ്പോ എന്താ വില, പേരമരം നട്ടാൽ ഇഷ്ടംപോലെ പേരക്ക തിന്നാലോ." "ഉം" സുലു ഒന്ന് അമർത്തി മൂളി. പേരമരത്തോടൊപ്പം അനുവും വളർന്നുവലുതായി. ബഡ്ഡ് ചെയ്ത തൈ ആയതിനാൽ അതൊരുപാട്തവണ കായ്ച്ചു. ആദ്യമൊക്കെ കായ്ച്ചപ്പോൾ പേരയ്ക്ക കണികാണാൻ പോലും കിറ്റിയിട്ടുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അതിനെ ആർക്കും വേണ്ടാതായി. അനു മോനെ ബോർഡിങ്ങിൽ ചേർത്തു. അനുമോൻ അനുവായി, അനു രാജായി, ഒടുവിൽ നാട്ടുകാർക്ക് അവൻ അനുരാജ് മേനോനായി. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് അനു മാറാൻ തുടങ്ങി. തൊടികളെയും തോട്ടങ്ങളെയും മറന്നു. കിളികളോട് മിണ്ടാതായി. തോട്ടത്തിൽ വിളഞ്ഞ പേരയ്ക്ക കണ്ടു കൂടാതായി. മനുഷ്യൻ വികസിച്ചു. അന്നം നൽകിയ പ്രകൃതിയെ വെറുത്തു. വീട്ടുമുറ്റത്ത് ഉണ്ടാവുന്ന കായ ഗുണം ഇല്ലാത്തതായി. " അബി ഏട്ടാ........." അഭി മാഷ് ഞെട്ടി. " ഇതെന്തൊരു നിൽപ്പാ, എത്ര നേരമായി വിളിക്കുന്നു. മനുഷ്യന്റെ തൊണ്ട പൊട്ടി." " ഓ, ഞാൻ കേട്ടില്ല സുലു". " എവിടെ കേൾക്കാനാ, ഈയിടെയായി ചിന്ത കുറെ കൂടുന്നുണ്ട്, മോൻ വിളിച്ചിരുന്നു, അവന്റെ ഫ്രണ്ടിന്റെ വീട്ടിൽ ആപ്പിൾ ട്രീ ഉണ്ടത്രേ, ആ പഴകിയ പേരമരം മുറിച്ചിട്ട് ആപ്പിൾ ട്രീ വെക്കാൻ നിങ്ങളോട് പറഞ്ഞു". അഭി മാഷ് പതിയെ സുലുവിനെ ഒന്നു നോക്കി. പിന്നെ, അണ്ഡകടാഹങ്ങളെ മുഴുവൻ അടക്കി വാഴാൻ കൊതിക്കുന്ന മനുഷ്യന്റെ മന:ശാസ്ത്രമറിഞ്ഞനെന്നോണം അഭി മാഷിനെ നോക്കി സഹതപിക്കുന്ന പേരയ്ക്കാ മരത്തെയും.

ഫാത്തിമത്ത് ഷബീബ കെ പി
10ബി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ