ഗവ.എച്ച്. എസ്.എസ്. വാളത്തുംഗൽ/കുട്ടിക്കൂട്ടം
ഇ @ ഉത്സവ് 2017
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട പരിശീലനം ഇ @ ഉത്സവ് 2017 സെപ്റ്റംബർ 7,8 തീയതികളിൽ നടന്നു. അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളിൽ വിദഗ്ധ പരിശീലനം നൽകി. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.
സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്സ് കിറ്റുകളിലെ ബ്രിക്കുകൾ ഉപയോഗിച്ചുള്ള അഡ്വാൻസ്ഡ് സർക്കീട്ട് നിർമാണം, കുഞ്ഞൻ കമ്പ്യൂട്ടറായ റാസ്‌പറിപൈ ഉപയോഗം, വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചുപയോഗിച്ച് എഡ്യൂടൈന്റ്മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്സ് വിഭാഗത്തിനുള്ള ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ വിക്കി പുതുക്കൽ, സ്കൂൾ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാർത്തകൾ തയ്യാറാക്കി ഓൺലൈനിൽ പ്രസിദ്ധീകരിക്കൽ, ഇന്റർനെറ്റ് മര്യാദകൾ, സൈബർ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ തുടങ്ങിയവ മലയാള - കമ്പ്യൂട്ടിംഗ് സൈബർ സുരക്ഷാ മേഖലയിലെ ക്യാമ്പുകളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിക്കും. ക്ലാസ്‌മുറികൾ ഹൈടെക് ആകുന്ന പശ്ചാത്തലത്തിൽ ക്ലാസ്‌മുറികളിൽ ഐടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും, പരിപാലനം ഉറപ്പാക്കാനും തുടങ്ങി സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, കണക്ടിവിറ്റി പ്രശ്നങ്ങൾവരെ ഹാർഡ്‌വെയർ വിഭാഗത്തിൽ കുട്ടികൾ തൊട്ടറിയും. ഇ-മാലിന്യ നിർമാർജനത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്കൂൾതല സമിതിയിൽ ഈ കുട്ടികൾകൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും ഇ@ഉത്സവിൽ നൽകി.