ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2018 - 2019


26-6-2018 ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ചു

അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളുടെ ഐ .റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം പി റ്റി എ പ്രസിഡന്റ് വൈ മുജീബിന്റെ അധ്യക്ഷതയിൽ നടന്നു.എച്ച്.എം ശോഭനാദേവി യോഗം ഉത്‌ഘാ ടനം ചെയ്തു.ലീഡർ സുധി സ്വാഗതവും എം പി റ്റി എ പ്രസിഡന്റ് ജയദേവി ആശംസയും അർപ്പിച്ചു.കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മിസ്ട്രസ് രശ്‌മി മോൾ നന്ദി അറിയിച്ചു.

26 -6 -2018 ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് 26 -6 -2018 ചൊവ്വാഴ്ച 10 മണിക്ക് മാസ്റ്റർ ട്രെയിനർ ശ്രീ കണ്ണൻ ഷൺമുഖം ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചു .ഹെഡ്മിസ്ട്രസ് സി .ശോഭന ദേവി മുഖ്യസാന്നിധ്യം വഹിച്ചു.


26-6-2018 ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ ആദ്യ യോഗം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്താക്കളുടെ യോഗം 3 p .m നു ഐ ടി ലാബിൽ വച്ച് കൂടുകയുണ്ടായി .പി ടി എ വൈസ് പപ്രസിഡന്റ് ശ്രീ സുഗതൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി.ശോഭനാദേവി ,മദർ പി ടി എ പ്രസിഡന്റ് രജനി എസ് എന്നിവർ പങ്കെടുത്തു.

28-6-2018 ലിറ്റിൽ കൈറ്റ്സ് ആദ്യ നിർവഹണ സമിതി യോഗം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് ആദ്യ നിർവഹണ സമിതി യോഗം 4 p .m നു ഹെഡ്മിസ്ട്രസ് സി.ശോഭനാദേവിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി .പി ടി എ വൈസ് പ്രസിഡന്റ് ശ്രീ സുഗതൻ ,മദർ പി ടി എ പ്രസിഡന്റ് രജനി എസ് ഐ ടി കോഓർഡിനേറ്റർ സുരാജ് പി ആർ ,കൈറ്റ് മിസ്ട്രസ് രശ്മി എന്നിവർ പങ്കെടുത്തു.

11 -7 -2018 ഐ ഡി കാർഡ് വിതരണോത്‌ഘാടനം

ഐ ഡി കാർഡിന്റെ വിതരണോത്‌ഘാടനംഹെഡ്മിസ്ട്രസ് സി.ശോഭനാദേവി നിർവഹിച്ചു.പി ടി എ യുടെയും എസ് എം സിയുടെയും പ്രതിനിധികൾ സാന്നിധ്യം വഹിച്ചു.

12 -7 -2018 ഗോളടിക്കൂ ചാമ്പ്യനാകൂ

നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് കൈഫിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് സംഭാവന നൽകുന്നതിനായി നടത്തിയ ഗോളടിക്കൂ ചാമ്പ്യനാകൂ മത്സരത്തിന്റെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ വൈ മുജീബ് നിർവഹിച്ചു.ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരവും സംഘടിപ്പിച്ചു.

18-7 -2018 യോഗ

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ തരണം ചെയ്യാൻ ആവശ്യമായ ചില യോഗ ടിപ്സ് ശ്രീ എം പി ചന്ദ്രദത്തൻ കുട്ടികൾക്ക് ഡെമോൺസ്‌ട്രേഷൻ നടത്തി .

21 -7 -2018 ചാന്ദ്രദിന ക്വിസ്

ചാന്ദ്രദിനത്തോടനുബന്ധിച്ചു കൈറ്റ് അംഗങ്ങളായ അക്ഷയ്.എസ്,അർജുൻ.ടി എന്നിവർ ഹൈസ്കൂൾ കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ്‌സംഘടിപ്പിച്ചു.

21 -7 -2018 വിദഗ്ധ ക്ലാസ്-സിനിമ സാക്ഷരത

ശ്രീ വിഷ്ണു പ്രസാദ് സിനിമ സാക്ഷരത,അനിമേഷൻ,കാർട്ടൂൺ ,എഡിറ്റിംഗ്,ഡബ്മാഷ്,സിനിമ സങ്കേതങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു.

തുടർന്ന് പൂർവ്വ വിദ്യാർത്ഥിയും ,ചിത്ര രചനയിലും ഡിജിറ്റൽ പൈന്റിങ്ങിലുമൊക്കെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള കലാകാരനുമായ അഭിഷേക് കുട്ടികൾക്കായി ജിമ്പിൽ ലൈവ് ചിത്രരചനാ ഡെമോൺസ്‌ട്രേഷൻ നടത്തി .

24 -7 2018 സമ്മാനദാനം

ഗോളടിക്കൂ ചാമ്പ്യനാകൂ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അക്ഷയ് കൃഷ്ണന് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ഫുട്ബോൾ സമ്മാനം നൽകി.

25 -7 2018 റോഡിലെ വെള്ളക്കെട്ട് നികത്തി .

സ്കൂളിന് മുന്നിൽ അപകടകരമായ വെള്ളക്കെട്ട് കൈറ്റ്സ് അംഗങ്ങൾ മണ്ണിട്ട് മൂടി .വെള്ളക്കെട്ട് മൂലം ആൾക്കാർ റോഡിലേക്കിറങ്ങി നടന്നുപോകുന്നത് അപകടകരമാണ് എന്നുള്ള പോലീസ് നിർദേശത്തെ തുടർന്നാണ് കുട്ടികൾ സേവനത്തിനു തയാറായത്.

26 -7 -2018 ബ്ലഡ് മൂൺ ദിന തയാറെടുപ്പ്

ബി ആർ സി ട്രെയിനർ ശ്രീ ഗോപകുമാർ ബ്ലഡ് മൂൺ ദിനവുമായി ബന്ധപെട്ടു ക്ലാസ്സെടുത്തു.ചന്ദ്രഗ്രഹണം ദർശിക്കാൻ എന്തൊക്കെ സജ്ജീകരണങ്ങളാണ് സ്വീകരിക്കേണ്ടതെന്നു കുട്ടികളെ ബോധ്യപ്പെടുത്തി .

27 -7 -2018 ഓവർ കോട്ട് വിതരണോത്‌ഘാടനം

കൈറ്റ് അംഗങ്ങൾക്കായി കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ ഡിസൈൻ ചെയ്ത ഓവർ കോട്ടിന്റെ വിതരണം വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ഉത്‌ഘാടനം ചെയ്തു .

27 -7 -2018 ഹായ് സ്കൂൾ കുട്ടിക്കൂട്ടം സർട്ടിഫിക്കറ്റ് വിതരണം

2017-18 അക്കാദമിക വർഷം മികച്ച പ്രവർത്തനം നടത്തിയ ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ ,ഹെഡ്മിസ്ട്രസ് സി ശോഭനാദേവി ,പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ,എം പി ടി എ പ്രസിഡന്റ് രജനി.എസ് ,ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ ,ബി പി ഓ ശ്രീ ഷുക്കൂർ കൈറ്റ് മിസ്ട്രസ് രശ്മി തുടങ്ങിയവർ സെർട്ടിഫിക്കറ്റ് വിതരണം നടത്തി.

4-8-2018 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ് അഞ്ചാലുംമൂട് സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി സി .ശോഭനാദേവി ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഫ്രൈഡ് റൈസും ചിക്കൻ കറിയും തയാറാക്കിയത് മദർ പി ടി എ യുടെ നേതൃത്വത്തിലായിരുന്നു .എച്.എം.,പി ടി എ ,എസ് എം സി പ്രതിനിധികൾ ,രക്ഷകർത്താക്കൾ ,അധ്യാപകർ ,അനദ്ധ്യാപകർ ,കുട്ടികൾ ,തുടങ്ങിയവർ ഭക്ഷണം പാചകം ചെയ്യാനും ,വിളമ്പാനും ഒത്തു ചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു കാഹൂട്ട് എന്ന ഓൺലൈൻ ഗെയിം സംഘടിപ്പിച്ചു.. വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.എച് എം ,എസ് .ഐ ടി സി .പി ആർ സുരാജ് ,കൈറ്റ് മിസ്ട്രസ് ജി .രശ്മി അദ്ധ്യാപകരായ ആൻഡേഴ്സൺ,സുജിത്കുമാർ ,രക്ഷാകർത്ര പ്രതിനിധി ശ്രീമതി ജിസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

15-8-2018 സ്വാതന്ത്ര്യദിനാഘോഷം

എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൃത്യ സമയത്തു തന്നെ യൂണിഫോമിൽ സ്കൂളിൽ എത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. പിന്നീട് ഇഞ്ചവിള വൃദ്ധസദനത്തിൽ സന്ദർശനം നടത്തി. അന്തേവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അവരോടൊപ്പം മൂന്ന്‌ മണിക്കൂർ ആടിയും പാടിയും ചിലവഴിച്ചു. ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ വീഡിയോ രൂപത്തിലാക്കി സി. ഡി. സ്ഥാപനത്തിലേക്ക് നൽകും. വാർഡ് കൗൺസിലർ ശ്രീ എം എസ് ഗോപകുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ശോഭനാദേവി,പി ടി എ പ്രസിഡന്റ്‌ ശ്രീ.വൈ.മുജീബ്,അദ്ധ്യാപകർ, എസ്. എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


31-8-2018 മുഹമ്മദ് കൈഫ് ചികിത്സാ ഫണ്ട് വിതരണം

മുഹമ്മദ് കൈഫ് ചികിത്സാ ഫണ്ട് വിതരണം ,ബഹു മുകേഷ് എം എൽ എ കൈഫിന് കൈമാറി കൊല്ലം മേയർ അഡ്വ രാജേന്ദ്ര ബാബു,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ ,കൊല്ലം ഡി ഡി ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു

5-9-2018 അധ്യാപക ദിനാഘോഷം

അധ്യാപക ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിപുലമായ പാരിപാടികളാണ് സംഘടിപ്പിച്ചത് .കുട്ടികൾ എല്ലാ അദ്ധ്യാപകർക്കും റോസാ പൂക്കൾ നൽകി ഗുരുവന്ദനം നടത്തി .ഇഞ്ചവിള വൃദ്ധസദനത്തിലെ അന്തേവാസിയായ രാജമ്മ ടീച്ചറിനെ അഞ്ചാലുംമൂട് സ്കൂൾ അങ്കണത്തിൽ കൊണ്ട് വന്നു പൊന്നാടയണിയിച്ചു ആദരിച്ചു.ടീച്ചർ എഴുതിയ കവിതകൾ കുട്ടികൾസംഗീതം നൽകി ആലപിച്ചു .


18-9-2018 കൊല്ലം സബ് ജില്ലാ ക്യാമ്പ്

കൊല്ലം സബ് ജില്ലാ ക്യാമ്പിലേക്ക് താഴെ പേരുള്ള കുട്ടികളെ ആപ്റ്റിറ്റ്യുഡ് പരീക്ഷ നടത്തി തിരഞ്ഞെടുത്തു . പ്രോഗ്രാമിങ് -അഭിഷേക് എം ,ദർശന എസ് ,അശ്വതി എം എൽ ,തസ്ലീമ എസ് . അനിമേഷൻ -അർജുൻ ടി ,അക്ഷയയ.എസ്,ദേവി പ്രസാദ് ജെ ,അഫ്ന ഫാത്തിമ ജെ .എൻ.


22-9-2018 രാജമ്മ ടീച്ചറുടെ തിരഞ്ഞെടുത്ത കവിതകൾ എന്ന ഡിജിറ്റൽ മാസിക പ്രസിദ്ധീകരിച്ചു.

ഇഞ്ചവിള വൃദ്ധസദനത്തിലെ അന്തേവാസിയായ രാജമ്മ ടീച്ചറുടെ തിരഞ്ഞെടുത്ത കവിതകൾ എന്ന ഡിജിറ്റൽ മാസിക പ്രസിദ്ധീകരിച്ചു.


29-9-2018&30-9-2018 സബ് ജില്ലാ ക്യാമ്പ് നടത്തി

അഞ്ചാലുംമൂട്,നീരാവിൽ ,തൃക്കരുവ,അഷ്ടമുടി , പ്രാക്കുളം സ്കൂളുകളിലെ തിരഞ്ഞെടുത്ത 36 കൈറ്റ് അംഗങ്ങൾക്കുള്ള പ്രോഗ്രാമിങ് ,അനിമേഷൻ ക്ലാസ് നടത്തി.അഞ്ചാലുംമൂട് സ്കൂളിലേ കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ, മിസ്ട്രസ് രസ്മി ,എസ് ഐ ടി സി സുരാജ് എന്നിവർ ക്യാമ്പ് നയിച്ചു .

31-9-2018 വീഡിയോ ആൽബം തയ്യാറാക്കി

ഇഞ്ചവിള വൃദ്ധസദന സന്ദർശനത്തിന്റെ വീഡിയോ ഓപ്പൺ ഷോട്ട് ഉപയോഗിച്ച് തയ്യാറാക്കി നൽകി .

31-9-2018 മലയാളം വിക്കിപീഡിയ

മലയാളം വിക്കിപീഡിയയിൽ 60000 ലേഖനങ്ങൾ തികയ്ക്കുന്ന സംരംഭത്തിന്റെ ഭാഗമാകാൻ അക്ഷയ് & പ്രത്യുഷ്

8-10-218 ലിറ്റിൽ കൈറ്റ്സ് അവതരണ ഗാനം

ഡിജിറ്റൽ ഇന്ത്യ ,ലിറ്റിൽ കൈറ്റ്സ് പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിൽ ഒരു അവതരണ ഗാനം കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ രചിച്ചു.പ്രവീൺ ശ്രീനിവാസൻ സംഗീത പകർന്നു.പ്രവീൺ ശ്രീനിവാസൻ,അധ്യാപികയായ ജിജ ,വിദ്യാർഥിനി ആഷ്‌ന എന്നിവർ ഗാനം ആലപിച്ചു .


25-11-218 ലിറ്റിൽ കൈറ്റ്സ് പ്രോമോസ്റ്റേജ്പ്ലേ

ഹൈടെക് യുഗത്തിൽ പുതുതലമുറ നേരിടേണ്ടി വരുന്ന പ്രശ്നങ്ങനെ എങ്ങനെ ആരോഗ്യകരമായി പരിഹരിക്കാം എന്ന് പഠിപ്പിക്കുന്ന നാടകം.വാട്സ്ആപ്,ഫേസ് ബുക്ക്,ട്വിറ്റർ ,യൂട്യൂബ് ഇൻസ്റ്റാഗ്രാം എന്നതിനെ കുറിച്ചുള്ള ഒരു അവബോധം സൃഷ്ട്ടിക്കാൻ നാടകത്തിനു കഴിഞ്ഞു.ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ ക്കുറിച്ചും കുട്ടികളിൽ അതുണ്ടാക്കിയേക്കാവുന്ന പോസിറ്റീവ് മാറ്റത്തെക്കുറിച്ചും നാടകം നിരീക്ഷിക്കുന്നു .കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാറാണ് നാടകം രചിച്ചു സംവിധാനം നൽകിയത് .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ചിരിക്കുന്നു .

8-12-2018 ദി ഹിന്ദു പത്രത്തിൽ വന്ന വാർത്ത

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ വാർത്തയാണ്‌ ഹിന്ദു പത്രത്തിൽ വന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, അതിൽ ലിറ്റിൽ കൈറ്റ്സിന്റെ പങ്കുമൊക്കെ വിശദമായി വാർത്തയിൽ വന്നു.

 

26-12-2018 സബ്‌ജില്ലാതല ക്രിസ്മസ് ക്യാമ്പ് നടത്തി

കൊല്ലം സബ്‌ജില്ലയിലുള്ള പത്തു സ്കൂളുകൾക്കുള്ള ഡി എസ് എൽ ആർ ക്യാമറയുടെ പരിശീലനം അഞ്ചാലുംമൂട് സ്കൂളിൽ വച്ച് നടത്തി.കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ ,സുനിൽ എന്നിവർ ക്ലാസുകൾ നയിച്ചു .

19-1-2019 ഡിജിറ്റൽ മാഗസിൻ പ്രകാശനം

വൈക്കം മുഹമ്മദ് ബഷീർ ജന്മദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'കച്ഛപി' യുടെ പ്രകാശനം ഡയറ്റ് പ്രിൻസിപ്പൽ ബാബുക്കുട്ടൻ നിർവ്വഹിച്ചു .വാർഡ് കൗൺസിലർ എം എസ് ഗോപകുമാർ മുഖ്യ സാന്നിദ്ധ്യം വഹിച്ചു. ഡിജിറ്റൽ മാഗസിൻ 2019

  •  
    ഗവണ്മെന്റ് എച്ച് സ് എസ് അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സിന്റെ ഇ മാസിക കച്ഛപി, കവർ




21-1-2019 ആദ്യ ചാനൽ വാർത്തയുടെ പ്രകാശനം

കൈറ്റ് സ്കൂളുകൾക്കായി നൽകിയ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ,ഹൈടെക് സ്കൂളിനെ കുറിച്ചു കുട്ടികൾ തയ്യാറാക്കിയ,ചാനൽ വാർത്തയുടെ പ്രകാശനം വാർഡ് കൗൺസിലർ എം എസ് ഗോപകുമാർ നിർവ്വഹിച്ചു.

23-1-2019 ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്

ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്സെലക്ഷൻ നടത്തി .എട്ടാം ക്ലാസ്സിലെ 84 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .40 കുട്ടികളെ തിരഞ്ഞെടുത്തു .

ലീഡർ -മാളവിക.എസ് സെക്കന്റ് ലീഡർ ആദിത്യൻ എ .

24-1-2019 രക്ഷാകർതൃ സംഗമം

ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു .രക്ഷാകർതൃപ്രതിനിധിയായി ശ്രീമതി മിനി സേനനെ തിരഞ്ഞെടുത്തു .

26-1-2019 റേഡിയോ നാടക മത്സരം

കൊല്ലം ബിഷപ്പ് ബെൻസീഗർ റേഡിയോ എഫ് എം സംഘടിപ്പിച്ച പ്രളയനാന്തരം എന്ന വിഷയാടിസ്ഥാനമായുള്ള റേഡിയോ നാടക മത്സരത്തിലേക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ സ്ക്രിപ്റ്റിന് സെലക്ഷൻ ലഭിക്കുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സിനെ പ്രൊമോട്ട് ചെയ്യുന്ന നാടകം ആകാശപതംഗങ്ങൾ റേഡിയോ നാടക രൂപത്തിലാക്കി അവതരിപ്പിക്കുകയും ചെയ്തു .

29-1-2019 പാലിയേറ്റീവ് കെയർ കുട്ടികളിലൂടെ

പാലിയേറ്റീവ് കെയർ കുട്ടികളിലൂടെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അംഗങ്ങൾക്ക് ക്ലാസ് സംഘടിപ്പിച്ചു .ജീവ കാരുണ്യ പ്രവർത്തകനായ രാജേഷ് തെങ്ങിലഴികത്താണ് ക്ലാസ് നയിച്ചത് .

2-2-2019 റേഡിയോ പ്രോഗ്രാം റെക്കോർഡിങ്

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു കൊല്ലം ബിഷപ്പ് ബെൻസീഗർ റേഡിയോ എഫ്എമ്മിൽ സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളുടെ റെക്കോർഡിങ് നടന്നു.


6-2-2019 സ്കൂൾ പഠനോത്സവം2019

സ്കൂളിലെ പഠനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധങ്ങളായ പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു.മീഡിയ സെന്ററിൽ അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു, കർട്ടൻ റെയ്സർ ,പോസ്റ്റർ ,നോട്ടീസ് തയാറാക്കൽ ,ഇന്റർവ്യൂ ,ചാനൽ വാർത്ത തയാറാക്കൽ ,വീഡിയോ കവറേജ്‌ ,ഫോട്ടോ ആൽബം തയാറാക്കൽ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നൽകി . ലിറ്റിൽ കൈറ്റ്സ് പ്രോമോ ഫ്ലാഷ് മോബും ,നാടകവും അവതരിപ്പിച്ചു .

8-2-2019 യൂണിഫോം വിതരണം

ജൂനിയർ കുട്ടികളുടെ യൂണിഫോം വിതരണം നടത്തി .ഹെഡ്മിസ്ട്രസ് ശോഭനാദേവി ലീഡർ മാളവികക്ക് നൽകി

9-2-2019 ട്രാഫിക് ബോധവത്കരണം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ട്രായും ,മോട്ടോർ വാഹന വകുപ്പും കിളികൊല്ലൂർ ജന മൈത്രി പോലീസും ചേർന്ന് കാവനാട് -മേവറം ബൈപാസ് റോഡിൽ കണ്ടച്ചിറ പാലത്തിനു സമീപം ട്രാഫിക് ബോധവത്കരണം നടത്തി.കിളികൊല്ലൂർ എസ് ഐ വിനോദ് ചന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾ റോഡിൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനം ഓടിച്ചവരെ തടഞ്ഞു നിർത്തി ലഘു ലേഖ വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തു .

11-2-2019 ഇലക്ട്രോണിക്സ് പരിശീലനം

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുരീപ്പുഴ ഗവണ്മെന്റ് യൂ പി സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സ് കിറ്റ് പരിചയപ്പെടുത്തുകയും അതിലെ ബ്ലോക്കുകൾ ഉപയോഗിച്ചുള്ള വിവിധ പരീക്ഷണങ്ങൾ പഠിപ്പിക്കുകയും ചെയ്തു.കുട്ടികൾ കൗതുകത്തോടും ആവേശത്തോടുമാണ് ലിറ്റിൽ കൈറ്റ്സിന്റെ ഈ സംരംഭത്തെ സ്വീകരിച്ചത് .

11-2-2019 സ്കൂൾവിക്കിയിലേക്ക് മുഖചിത്രം അപ്‌ലോഡ്

അഞ്ചാലുംമൂട് സ്കൂളിന് സമീപ പ്രദേശങ്ങളിലുള്ള എൽ പി യൂ പി സ്കൂളുകളുടെ മനോഹരങ്ങളായ മുഖചിത്രങ്ങളെടുത്തു സ്കൂൾവിക്കിയിലേക്കു അപ്‌ലോഡ് ചെയ്യുക എന്ന ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തു. അതിന്റെ ഭാഗമായി കുരീപ്പുഴ,നീരാവിൽ ,സി കെ പി ,മുരുന്തവേലി, ഇഞ്ചവിള ,പ്രാക്കുളം തുടങ്ങിയ സ്കൂളുകൾ സന്ദർശിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

11-2-2019 കൈറ്റ് പ്രാദേശിക വാർത്ത

സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും അത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക എന്ന ഉദ്ദേശത്തോടെ കൈറ്റ് ഏറ്റെടുത്ത പുതിയ ഉദ്യമമാണ് കൈറ്റ് പ്രാദേശിക വാർത്ത .മലിനമായ അഷ്ടമുടി കായൽ എന്ന വാർത്ത ഡോക്യുമെന്റ് ചെയ്തുകൊണ്ട് ഞങ്ങൾ ഈ പരിപാടിക്ക് തുടക്കം കുറിച്ചു

13-2-2019 ഭിന്ന ശേഷി കുട്ടികൾക്ക് കൈത്താങ്ങ്

അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് വൺ ഹ്യൂമിനിറ്റീസ് ബാച്ചിൽ പഠിക്കുന്ന മെറിൻ ആൽബർട്ട് എന്ന ഭിന്ന ശേഷിക്കാരിയായ കുട്ടിയുടെ വീട് സന്ദർശിച്ചു.മാനസികവും ,ശാരീരികവും സാമ്പത്തികവുമായ കാരണങ്ങളാൽ അഡ്മിഷൻ എടുത്തതിനു ശേഷം ഇന്ന് വരെ സ്കൂളിൽ വരാൻ ഈ കുട്ടിക്ക് കഴിഞ്ഞിട്ടില്ല ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മെറിനോടൊപ്പം ആടിയും പാടിയും സമയം ചിലവഴിച്ചു.ലാപ്‌ടോപ്പിൽ സ്കൂളിലെ പഠനോത്സവ ഫോട്ടോസും വിഡിയോസും കാണിച്ചു .മെറിന്റെ കുടുംബത്തിന്റെ ജീവിത പ്രാരാബ്ധങ്ങൾ സാമൂഹിക ശ്രദ്ധയിൽ കൊണ്ട് വരുന്നതിനായി വാർത്ത തയാറാക്കി .

17-2-2019 വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ട്രാൻസ്ഫോർമിങ് ടെക്സ്റ്റ്‌ ടു ഫ്രെയിംസ് എന്ന പേരിൽ വർക്ഷോപ്പ് സംഘടിപ്പിച്ചു. പുത്തൂർ ഹൈ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അരുൺകുമാർ ക്ലാസ്സെടുത്തു. പാഠഭാഗങ്ങളെ, ഐ സി ടി സാധ്യത ഉപയോഗിച്ച് ഷോർട്ട് ഫിലിം, റേഡിയോ നാടകം, ചാനൽ വാർത്ത റിപ്പോർട്ടിങ് തുടങ്ങിയ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള പരിശീലനം നടത്തി. പി ടി എ പ്രസിഡന്റ് ഷാജഹാൻ വർക്ക്‌ ഷോപ്പ് ഉത്‌ഘാടനം ചെയ്തു.

21-2-2019 ഫീൽഡ് ട്രിപ്പ്‌ സംഘടിപ്പിച്ചു

സംസ്ഥാനത്തെ തന്നെ ആദ്യത്തെ ലിറ്റിൽ കൈറ്റ് ഫീൽഡ് ട്രിപ്പ്‌ അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ചു. 37കുട്ടികളും 4 അധ്യാപകരുമടങ്ങുന്ന സംഘം രാവിലെ 6:30ന് സ്കൂളിൽ നിന്നും പുറപ്പെട്ടു. ലോക മാതൃഭാഷാ ദിനത്തിൽ തന്നെ ആശാൻ സ്മാരകം സന്ദർശിക്കാനായത് തികച്ചും യാദൃശ്ചികമായി.

വിക്ടേഴ്സ് ചാനൽ സ്ഥിതി ചെയ്യുന്ന SCERT കെട്ടിട സമുച്ചയത്തിൽ, SCERT ഡയറക്ടർ, Dr. J. Prasad, KITE ചീഫ്, അൻവർ സാദത്ത്, വിക്ടേഴ്സ് ചാനൽ ഹെഡ്, മുരുകൻ കാട്ടാക്കട, SCERT മലയാളം ഹെഡ്, Dr. P.K തിലക് എന്നീ വിശിഷ്ടാതിഥികൾക്കൊപ്പം അസുലഭ മുഹൂർത്തങ്ങൾ പങ്കിടാൻ ഞങ്ങൾക്ക് സാധിച്ചു. ശ്രീ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി കുട്ടികവിത ചൊല്ലി.

പിന്നീട് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു ചാനൽ ഒഫീഷ്യൽസ് ഡബ്ബിങ്, എഡിറ്റിംഗ്, സ്റ്റുഡിയോ,ഫോട്ടോഗ്രഫി ഓഡിയോ,സംപ്രേഷണം തുടങ്ങിയ മേഖലകളെക്കുറിച്ചു കുട്ടികൾക്ക് വിശദീകരിച്ചു.

കുട്ടികൾ വിക്‌ടേഴ്‌സ് ചാനൽ ജീവനക്കാരെ ഇന്റർവ്യൂ ചെയ്തത് കൗതുകകരമായ കാഴ്ചയായി.

Scert ഡയറക്ടർ ഞങ്ങൾക്ക് scert ലൈബ്രറി സന്ദർശിക്കാനുള്ള അവസരം ഒരുക്കിത്തന്നു. കാറ്റലോഗിങ്ങിനെ കുറിച്ച് ലൈബ്രേറിയൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഏർപ്പാട് ചെയ്ത ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ പ്രിയദർശിനി പ്ലാനറ്റേറിയം സന്ദർശിച്ചു. വേളി ടൂറിസ്റ്റ് വില്ലേജിൽ മനോഹരമായ ഒരു സായാഹ്നം ചെലവഴിച്ച ശേഷം രാത്രി 10മണിക്ക് സ്കൂളിൽ തിരിച്ചെത്തി.

ഈ ഫീൽഡ് ട്രിപ്പുമായി ബന്ധപെട്ടു ഞങ്ങൾ സമീപിച്ച എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഞങ്ങളോട് കാണിച്ച ഹൃദയപൂർവ്വമായ സഹായ സഹകരണം ഇത്തരുണത്തിൽ എടുത്തു പറയേണ്ടതാണ്.

നവകേരളം 2019

നവകേരളം - 2019. കേരള സർക്കാരിന്റെ 1000 ദിനങ്ങൾ. കൊല്ലം ആശ്രാമം മൈതാനത്ത് സർക്കാരിന്റെ വിവിധ വകുപ്പുകൾ നേട്ടങ്ങളുമായി അണിനിരന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെ വിശദീകരണവുമായി KITE കൊല്ലത്തോടൊപ്പം അഞ്ചാലുംമൂട് GHSS ലെ ലിറ്റിൽ കൈറ്റ്സും. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെകുറിച്ചും, സമഗ്ര, ഹൈടെക് ക്ലാസ്സ്‌റൂം,തുടങ്ങിയവയെ കുറിച്ചുമൊക്കെ കുട്ടികൾ പൊതുജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് പോലും കുട്ടികൾ ആളറിയാതെ കാര്യങ്ങൾ വിശദീകരിച്ചത് എല്ലാവരിലും ചിരി പടർത്തി. കൊല്ലം കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ഉല്ലാസ് സർ, മാസ്റ്റർ ട്രെയ്നർ കണ്ണൻ സർ, മറ്റു മാസ്റ്റർ ട്രൈനർമാർ തുടങ്ങിയവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. കൊല്ലംDDE ശ്രീകല മാഡവും ഞങ്ങളുടെ കുട്ടികൾക്ക് കട്ലറ്റും, മധുരവുമായെത്തി. Thank you Kannan Sir for giving us this opportunity.

03-3-2019 സംസ്ഥാനതല അനിമേഷൻ ക്യാമ്പിലേക്ക് സിലക്ഷൻ ലഭിച്ചു

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിലെ അംഗമായ അഫ്ന ഫാത്തിമ ജെ എൻ നു സംസ്ഥാനതല അനിമേഷൻ ക്യാമ്പിലേക്ക് സിലക്ഷൻ ലഭിച്ചു .

04-3-2019 സൂര്യാഘാതം പ്രതിരോധ മാർഗ്ഗങ്ങൾ സ്ലൈഡ് തയ്യാറാക്കി

കേരളത്തിൽ വരും ദിവസങ്ങളിൽ ക്രമാതീതമായി ചൂട് വർധിക്കുമെന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾക്കുള്ള മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി .ആ സിർക്കുലറിലെ പ്രധാനപ്പെട്ട വിവരങ്ങൾ കോർത്തിണക്കികൊണ്ട് അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് പൊതുജന താല്പര്യാർത്ഥം ഒരു സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു . പ്രമാണം:41059 lkslide1.pdf

01-4-2019ബാലസൂര്യൻ ഷൂട്ടിംഗ്

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, നമ്മുടെ സ്കൂളിലെ കലാ കായിക പ്രതിഭകൾക്ക് അവരുടെ മികവുകൾ വിക്‌ടേഴ്‌സ് ചാനലിലൂടെ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു.

ഏപ്രിൽ 1 ന് വിക്‌ടേഴ്‌സ് ചാനൽ, ലിസ്റ്റ് പ്രകാരമുള്ള കുട്ടികളുടെ വീട് സന്ദർശിക്കുകയും പ്രൊഫൈൽ ചിത്രീകരിക്കുകയും  ചെയ്യും. തുടർന്ന് സ്റ്റുഡിയോയിൽ വച്ചു ഷൂട്ടിംഗ്.

13-4-2019 ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചു

18.4 ഒ എസ് ഇൻസ്റ്റലേഷൻ സ്കൂളിലെ ലാപ്ടോപ്പുകളിൽ ചെയ്തു. ശ്രീ നരേന്ദ്രൻ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്യുന്ന വിധം പരിചയപ്പെടുത്തി. തുടന്ന് കുട്ടികൾ സ്കൂളിലെ 30 സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തു.

20-4-2019 പ്രൈമറി അദ്ധ്യാപക പരിശീലനത്തിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള ഐ സി ടി പരിശീലനം സംഘടിപ്പിച്ചപ്പോൾ ആർ പി മാരെ സഹായിക്കുവാൻ കൈറ്റ്സ് അംഗങ്ങളും ചേർന്നു. കുട്ടികൾ അദ്ധ്യാപകരെ പഠിപ്പിക്കുന്ന കാഴ്ച കൗതുകമുണർത്തി.

3-5-2019 എസ് എസ് എൽ സി റിസൾട്ട്‌ ഹെൽപ് ഡസ്ക്

എസ് എസ് എൽ സി റിസൾട്ട്‌ തത്സമയം അറിയുന്നതിനായി ഹെൽപ് ഡസ്ക് തയാറാക്കി. റിസൾട്ടിന്റെ പ്രിന്റൗട്ടും നൽകി.