ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/തെങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
തെങ്ങ്

എല്ലാത്തരം മരങ്ങളും മനുഷ്യന് എന്നും ഉപകാരപ്രദമാണ്. പൂക്കളായും പഴങ്ങളായും ഇലകളായും തടിയായും വ്യത്യസ്ത രീതിയിൽ നമ്മുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് മരങ്ങൾ.

കേരളത്തിന്റെ സ്വന്തം കല്പവൃക്ഷമായ തെങ്ങിന്റെ ഗുണഗണങ്ങളെക്കുറിച്ച് ഈ പ്രായത്തിനിടയിൽ എനിക്കറിയാൻ സാധിച്ച കാര്യങ്ങളെ ഇവിടെ കുറിക്കുന്നു കേരവൃക്ഷം എന്നറിയപ്പെടുന്ന നമ്മുടെ തെങ്ങിനെ എന്റെ വഴികാട്ടിയായി അല്ലെങ്കിൽ മാർഗദർശിയായി കാണുന്നതിന് ഞാൻ ഏറെ അഭിമാനിക്കുന്നു. ഒരു മരം അതിന്റെ ജീവിതം മുഴുവൻ മാനവനായി സമർപ്പിക്കുന്നു. എന്റെ ഈ കുറിപ്പുകൾ അത്തരത്തിൽ അവയ്ക്കുള്ള ഒരു സമർപ്പണമാണ്.

തെങ്ങ്, അടിമുതൽ മുടിവരെ ഉപയോഗമുള്ള മരം.

1. തേങ്ങ 
 

പണ്ടു കാലംതൊട്ടേ ഭക്ഷണത്തിനു സ്വാദുകൂട്ടാൻ തേങ്ങ ഉപയോഗിക്കുന്നു. തേങ്ങാവെള്ളംവും വളരെ നല്ലതാണ്. • നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. തേങ്ങ ഉണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ എന്നും മലയാളികൾക്ക് പ്രിയംകരമാണ്.

 •  നല്ലയൊരു ഔഷധമായ വെളിച്ചെണ്ണ തേച്ചുകുളിക്കാനും പാചകത്തിനും നാം ധാരാളമായി ഉപയോഗിക്കുന്നു. 

• പച്ചത്തേങ്ങ ചുരണ്ടി തിരുമ്മി പിഴിഞ്ഞടുത്ത പാൽ വറ്റിച്ചുണ്ടാക്കുന്ന വിർജിൻ എണ്ണയുടെ ഗുണഗണങ്ങൾ അനവധിയാണ്. പിഞ്ചുകുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ ഇതിലും നല്ല എണ്ണയില്ലെന്നു തന്നെ പറയാം. • വെളിച്ചെണ്ണ ആട്ടിയെടുത്തശേഷം വരുന്ന കൊപ്ര സോപ്പിനു പകരമായി ദേഹത്തെ കഴുകുവാൻ ഉപയോഗിക്കാം. കൂടാതെ വളർത്തുമൃഗങ്ങൾക്കുള്ള നല്ലൊരു ഭക്ഷണം കൂടിയാണിത്. • കൊപ്രയെല്ലാം മാറ്റിയ ചിരട്ടയും മോശക്കാരനല്ല. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ജീവിതശൈലീരോഗങ്ങളായ ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ മുതലായവയെ തടുക്കാൻ കുറെയൊക്കെ നമ്മെ സഹായിക്കും. • ഇന്ധനമായും ചിരട്ടയെ ഉപയോഗിക്കാം. • പണ്ടുകാലങ്ങളിൽ തുണികൾ തേയ്ക്കുന്നത് ചിരട്ട കത്തിച്ചു തേപ്പുപെട്ടിയിൽ ഇട്ടിട്ടായിരുന്നു. • ഇപ്പോഴും ക്രിസ്ത്യൻ ആചാരങ്ങളിൽ ചിരട്ടക്കരി ഉപയോഗിക്കുന്നു. • ചിരട്ട ഉപയോഗിച്ച് ധാരാളം കരകൗശല വസ്തുക്കൾ നിർമ്മിക്കാം.

  1. തേങ്ങ പൊതിച്ചെടുക്കുന്ന ചകിരിക്കു ഒട്ടേറെ ഉപയോഗങ്ങൾ ഉണ്ട്.

• ചകിരി വെള്ളത്തിലിട്ടു അഴുക്കി നന്നായി തല്ലി അതിൽനിന്നു ചകിരിച്ചോറും ചകിരിയും തിരിച്ചെടുക്കുന്ന കയർ മേഖല കേരളത്തിന്റെ വാണിജ്യഭൂപടത്തിൽ വളരെയധികം പ്രാധാന്യം ഉള്ളതാണ്. • ഒട്ടേറെ ആളുകൾക്ക് തൊഴിൽ നൽകുന്ന മേഖലയിൽ കയർ, കരകൗശല വസ്തുക്കൾ, വിവിധയിനം ചവിട്ടികൾ എന്നിവ നിർമ്മിക്കപ്പെടുന്നു. • ചകിരിചോർ നല്ലവളവും കൃഷിക്ക് ഏറ്റവും നല്ലതുമാണ്.


  1. മൂപ്പെത്തുന്നതിനുമുമ്പ് കരിക്ക് എന്നനിലക്കും നമുക്ക് തേങ്ങയെ ഉപയോഗിക്കാം.

• നല്ല ഒരു ശീതള പാനീയമായ കരിക്കിനെ പണ്ടുകാലംമുതലെ ഔഷധമായും ഉപയോഗിക്കുന്നു. • ന്യൂക്ലിക് ആസിഡിന്റെ കലവറയാണ് കരിക്ക്. ന്യൂക്ലിക് ആസിഡ് ലഭ്യമായ ഏക ഭക്ഷണപദാർത്ഥവും കരിക്കാണ്. • സോഡിയം കുറയുക പോലത്തെ അവസ്ഥയിൽ വീട്ടിൽതന്നെങ്കിൽ രോഗികൾക്ക് കൊടുക്കാവുന്ന പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഇളനീർ ഏതുപ്രായക്കാർക്കും കുടിക്കാവുന്നതാണ്. • ഇളനീരിനൊപ്പമുള്ള കരിക്കിൻ കാമ്പ് സ്വാദിഷ്ടമായ ഭക്ഷണം ആണ്. അതുപയോഗിച്ചു പായസം, പുഡ്ഡിംഗ്, ജ്യൂസ് എന്നിവ തയ്യാറാക്കാം. കൂടാതെ ശർക്കര കൂട്ടി വെറുതെ കഴിക്കാനും അത്യുത്തമം.

2. തെങ്ങിൻപൂവ്

• തെങ്ങിൻപൂവ് ഉപയോഗിച്ച് നടുവേദനയകറ്റാനുള്ള തെങ്ങിൻ പൂക്കുല രസായനം പോലുള്ള ഔഷധങ്ങൾ ഉണ്ടാക്കാം. • പൂക്കുലചെത്തി കള്ള്, നീര തുടങ്ങിയ പാനീയങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കാം. • ഹിന്ദു ആചാരങ്ങളിൽ തെങ്ങിൻ പൂക്കുലക്കുള്ള പ്രാധാന്യം വലുതാണ്. വിവാഹം, തിരുവാതിര പോലുള്ളവ ഉദാഹരണം.

3. ഓല

തെങ്ങിന്റെ ഇലയായ ഓലയ്‌ക്കുള്ള പ്രാധാന്യം നോക്കാം. • പണ്ടുകാലങ്ങളിൽ, ഇന്നത്തെപ്പോലെ ഓടും, വാർക്കയും ഷീറ്റും ഒന്നും ഇല്ലാതിരുന്ന കാലത്ത് പുര മേയുന്നതിനു മെടഞ്ഞ ഓലയാണ് ഉപയോഗിച്ചിരുന്നത്. • ടോർച്ചും മൊബൈലിന്റെ വെളിച്ചവും ഒന്നും ഇല്ലാതിരുന്ന അക്കാലത്തു ആളുകൾ രാത്രിസഞ്ചാരത്തിനുള്ള വെളിച്ചത്തിനായി ഓലവെട്ടി കെട്ടിയുണ്ടാക്കുന്ന ചൂട്ടുകൾ കത്തിച്ചായിരുന്നു ഉപയോഗിച്ചത്. • ഓലചീമ്പിയെടുക്കുന്ന ഈർക്കിലികൾ കെട്ടിയും അല്ലാതെ ഓലത്തുമ്പു കെട്ടിയുണ്ടാക്കുന്ന തരത്തിലുള്ള ചൂലുകളും ഇന്നും നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ നാം ഉപയോഗിക്കുന്നു. • ഓലയും നല്ലൊരു ഇന്ധനമാണ്.

  1. മൂപ്പെത്താത്ത ഓലയായ കുരുത്തോല അലങ്കാരപ്പണികൾക്കായി ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളുടെ ഓശാനപെരുന്നാളിന് കുരുത്തോല പെരുന്നാൾ എന്നും പറയപ്പെടുന്നു. ഹിന്ദുമതത്തിലും മുസ്ലിം മതത്തിലും കുരുത്തോലയ്ക്ക് നല്ല സ്ഥാനമുണ്ട്. …4. തടി

• തെങ്ങിന്റെ തടി നല്ല ഉറപ്പുള്ളതാണ്. ആയതിനാൽ പണ്ടുകാലംമുതൽക്കെ ഉരുപ്പടികൾ നിർമ്മിക്കാൻ തെങ്ങിൻ തടി ഉപയോഗിക്കുന്നു. കാലിത്തൊഴുത്തുകൾക്കു തറയിൽ തെങ്ങിന്റെ തടി വിരിക്കുമായിരുന്നു. • തോടുകൾ കനാലുകൾ എന്നിവയ്ക്ക് കുറുകെയുള്ള പാലമായി ഇവയെ ഉപയോഗിക്കാൻ കാരണവും ഈ ഉറപ്പുതന്നെ. • ഏണിപ്പടികൾ, താങ്ങുകൾ എന്നിവയ്ക്കായും തെങ്ങിൻ തടി ഉപയോഗിക്കുന്നു.

5. വേര്

തീർച്ചയായും ഔഷധ ഗുണമുള്ളതു തന്നെയാണ് വേര്. ചില ആയുർവേദ മരുന്നുകളിലെ ചേരുവയാണ് ഇത്.

6. മച്ചിങ്ങ അഥവാ വെള്ളയ്ക്ക

തെങ്ങിന്റെ ചെറിയ കായകളായ മച്ചിങ്ങ അഥവാ വെള്ളയ്ക്ക ഉപയോഗിച്ചു ധാരാളം കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം. വണ്ടിയുടെ ചക്രങ്ങളായും ടിക് ടിക് ശബ്‌ദമുണ്ടാക്കുന്ന കളിപ്പാട്ടമായും ചീട്ടുകളിയിൽ തോൽക്കുന്നവരുടെ ചെവിയിലെ കുണുക്കായും ഒക്കെ. കൂടാതെ വെള്ളയ്ക്ക നല്ലതുപോലെ കുറച്ചുവെള്ളംതൊട്ടു കല്ലിൽ അരച്ചെടുത്തു പുരട്ടിയാൽ നല്ലതണുപ്പു കിട്ടുകയും തലവേദനയൊക്കെ മാറുമെന്നും മുത്തശ്ശി പറയാറുണ്ടായിരുന്നു. മണ്ടരിയും മറ്റു രോഗങ്ങളും കാരണം കേരളത്തിലെ തെങ്ങുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നു. ആയതിനാൽ നമ്മുടെ സ്വന്തം കേരവൃക്ഷത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി, അല്ലെങ്കിൽ കൂട്ടായി നാം ഇറങ്ങണം.

ഇത്തരത്തിൽ ഒരുപാടു ഗുണങ്ങളുള്ള ഒത്തിരി ഒത്തിരി മരങ്ങൾ നിറഞ്ഞ ഒരു നാടുണ്ടാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം. മരങ്ങളുണ്ടെങ്കിലേ മറ്റെന്തുമുള്ളു എന്ന് നാം മനസ്സിലാക്കണം. പറവകൾക്കും മൃഗങ്ങൾക്കും മനുഷ്യനും ജീവിക്കാൻ നമ്മുടെ പ്രയത്‌നം സഹായമാവണം.

ആൻ‍ഡ്രിയ ഷെറിൻ
8 E ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം