ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണയെ പിടിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പിടിക്കാൻ


കാറ്റിൻ്റെ വേഗത കുറഞ്ഞു. കരിയിലകൾ മുറ്റത്തെല്ലാം വീണു കിടപ്പുണ്ട്. മഴത്തുള്ളികൾ ചെടികളുടെ മേൽ തെന്നിക്കളിക്കുകയാണ്. വേനൽമഴ ഗംഭീര ആരവത്തോടെ ആയിരുന്നു വന്നത് . അമ്മ : അപ്പു ...... അപ്പു....
അമ്മയുടെ വിളി കേട്ട് അപ്പു ഉണർന്നു.
അമ്മ : എന്താ അപ്പു എണീക്കാൻ താമസിച്ചേ?
അപ്പു : നല്ല തണുപ്പുണ്ടായിരുന്നു അമ്മേ. അത് പോട്ടെ. മാമൻ വന്നോ അമ്മേ?
അമ്മ : ഇല്ല.
അമ്മയുടെ മറുപടി അപ്പുവിനെ തെല്ലൊന്ന് നിരാശനാക്കി.ആറാം ക്ലാസ് പരീക്ഷ എഴുതാതെ തന്നെ ഏഴാം ക്ലാസിലേക്ക് കയറിയ അപ്പുവിന് യുഎസിൽ നിന്നും വരുന്ന മാമനൊപ്പം വേനലവധി ആഘോഷിക്കാനായിരുന്നു ഉത്സാഹം.
അപ്പു : മാമൻറെ കൂടെ പാർക്കിലും ബീച്ചിലുമൊക്കെ പോയി അടിച്ചു പൊളിക്കണം.
അവൻ പുലമ്പിക്കൊണ്ടിരുന്നു.
അപ്പോഴാണ് അമ്മയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടത്. അവൻ ഫോണെടുത്ത് അമ്മയ്ക്ക് കൊടുത്തു. അമ്മ അടുക്കളയിൽ തിരക്കിലായിരുന്നു. അവിടെ ചുറ്റിപ്പറ്റി നിന്ന അപ്പുവിന് മാമൻ ആണ് വിളിച്ചതെന്ന് മനസ്സിലായി. അവനെ നിരാശരാക്കിക്കൊണ്ട് അമ്മ ആവാർത്ത പറഞ്ഞു.
അമ്മ : മാമന് വരാൻ സാധിക്കുകയില്ല .ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയല്ലേ.
അപ്പു : ലോക്ക് ഡൗണോ?
അമ്മ : അതേ അപ്പു ഇന്നലെ രാത്രി വാർത്തയിൽ കണ്ടില്ലേ.
കാറ്റ് പോയ ബലൂൺ പോലെയായി പിന്നെ അവൻ. വീടും നിശ്ചലമായി. അന്നത്തെ ദിവസം അങ്ങനെ പോയി. അടുത്തദിവസം പന്തു മെടുത്തു കൂട്ടുകാരുമായി കളിക്കാനിറങ്ങിയ അപ്പുവിനെ അമ്മുമ്മ കയ്യോടെ പിടിച്ചു.
അമ്മൂമ്മ : എങ്ങോട്ടാ അപ്പു പോകുന്നേ?
അപ്പു : ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുവാ അമ്മുമ്മേ...
അമ്മുമ്മ : കളിക്കാൻ ഒന്നും ഇപ്പൊ പോകണ്ട.
അപ്പുവിനെ അമ്മുമ്മ തിരിച്ചയച്ചു. ബോറടി സഹിക്കാൻ വയ്യാത്ത അപ്പു അവസാനം അച്ഛന് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. കാര്യം കേട്ടപ്പോൾ തന്നെ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. അച്ഛൻ : കളിക്കാൻ പോയിട്ട് ഗേറ്റിനു വെളിയിൽ പോലും ഇറങ്ങാൻ പാടില്ല.
അപ്പുവിൻ്റെ ചിന്ത മറ്റൊരാളെക്കുറിച്ചായി പിന്നെ.
അപ്പു : ഇതിനെല്ലാം കാരണം ആ വൈറസാണ് - കൊറോണ . അവൻ കാരണമാ എൻ്റെ എല്ലാ സന്തോഷവും പോയേ. എങ്ങനെയെങ്കിലും അവനെ ഓടിക്കണം.
തലേ ദിവസം വാർത്തയിൽ കണ്ട വൈറസിൻ്റെ ചിത്രം ഓർത്തുകൊണ്ട് അപ്പു പറഞ്ഞു. അല്പ്പം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ അപ്പുവിനെ തിരക്കിയ അമ്മ അന്വേഷണത്തിനൊടുവിൽ ചെന്നെത്തിയത് വിറക്പുരയിലായിരുന്നു.
അമ്മ : അപ്പു നീ എന്തെടുക്കവാ ഇവിടെ?
അപ്പു : ഞാൻ കയർ നോക്കുവാ.
അമ്മ : കയറോ? നിനക്കിപ്പോൾ എന്തിനാ കയറ്?
അപ്പു : വൈറസിനെ പിടിക്കാനാ.
അമ്മ : വൈറസിനെ പിടിക്കാനോ ?എന്താ അപ്പു നിനക്ക് വട്ടായോ.
അമ്മയ്ക്ക് ചിരി അടക്കാനായില്ല.തൻ്റെ വിഷമങ്ങളും കൊറോണ യോടുള്ള ദേഷ്യവുമെല്ലാം അവൻ അമ്മയോട് പറഞ്ഞു. അപ്പു : ഞാൻ കൊറോണയെ പിടിക്കാൻ പോവാ എന്നെ അമ്മ തടയേണ്ട.
ഗാംഭീര്യത്തോടെ അവൻ പറഞ്ഞു.
അമ്മ : എൻറെ പൊന്നു അപ്പു.കൊറോണ ഒരു സൂക്ഷ്മാണുവാണ്. അതിനെ ഓടിക്കാൻ ഇതല്ല മാർഗം .
അമ്മ അവനെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. എന്നിട്ട് വാഷ്ബേസിനരികിൽ ഇരിക്കുന്ന സോപ്പ് കാണിച്ചുകൊണ്ട് പറഞ്ഞു . അമ്മ : ഇതാണാ മാർഗം.
അത്ഭുതത്തോടെ അവൻ ചോദിച്ചു.
അപ്പു : സോപ്പോ!
അമ്മ : അതെ അപ്പു. സോപ്പു ഉപയോഗിച്ച് ഇടയ്ക്കിടെ കൈ നന്നായി കഴുകണം. അങ്ങനെ ചെയ്താൽ കയ്യിൽ വൈറസ് ഉണ്ടെങ്കിൽ അത് നശിച്ചുപോകും. വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലവും പാലിക്കണം.
മനസ്സിലായ ഭാവത്തിൽ അപ്പു ചിരിച്ചു.
അമ്മ : പിന്നെ അപ്പുവിൻ്റെ ബോറടി മാറ്റാൻ ധാരാളം വഴികളുണ്ട് കേട്ടോ.
സ്റ്റഡി റൂമിൽ ഇരിക്കുന്ന പുസ്തകങ്ങൾ കാണിച്ചു കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു.
അപ്പു ഇപ്പോൾ പുസ്തകങ്ങളുടെ മായാ ലോകത്താണ്. ചിത്രരചനയ്ക്കും, അച്ഛനെയും അപ്പുപ്പനെയും കൃഷിയിൽ സഹായിക്കാനും സമയം കണ്ടെത്താറുണ്ട്.
പിന്നീട് ഒരിക്കൽ അപ്പു അമ്മയോട് പറഞ്ഞു. മാമന് ഇവിടെ വരുന്നതിനേക്കാൾ രോഗികളെ പരിചരിക്കുന്നതാണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞു. ഞാനും വലുതാകുമ്പോൾ ഒരു ഡോക്ടറാകും, മാമനെപ്പോലെ. എന്നിട്ട് എല്ലാവരെയും രക്ഷിക്കും.

അശ്വതി ആർനായർ
8 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം