ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

“ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴിതുറക്കൂ……….”

ഇന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ ഏതൊരു വ്യക്തിയുടെയും മനസ്സിൽ ഈ ഒരു പ്രാർത്ഥന മാത്രമേയുള്ളു. എന്താണീ ലോകത്തിന് സംഭവിച്ചത്? പ്രകൃതിയുടെമേൽ ആധിപത്യം നേടിയ, എന്തിനേയും തന്റെ കൈപ്പിടിയിലൊതുക്കിയ മനുഷ്യൻ അജ്‍ഞാതനായ ഒരു വൈറസിനു മുന്നിൽ തലകുനിച്ചു നിൽക്കുന്നു.

കൊറോണ അഥവാ കോവിഡ്19

എന്താണീ കൊറോണ വൈറസ്? ആരോഗ്യവകുപ്പിന്റെ നിഗമനം അനുസരിച്ച് സാധാരണ പനിയും ജലദോഷവും തൊണ്ടവേദനയും ഉണ്ടാക്കുന്നത് ഈ കൊറോണ വിഭാഗത്തിൽപ്പെട്ട‍ വൈറസുകൾ തന്നെയാണ്.എന്നാൽ ജനിതകഘടനയിൽ ഈ വൈറസുകൾക്ക് ചിലപ്പോൾ മാറ്റം ഉണ്ടാവാമത്രെ.അങ്ങനെ രൂപാന്തരം വന്ന ഒരു കൊറോണ വൈറസാണ് ഇന്ന് മനുഷ്യന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്.വായുലിൽ ഇവ തങ്ങിനിൽക്കില്ലെങ്കെിലും ഏതെങ്കിലും പ്രതലത്തിലെത്തിച്ചേർന്നാൽ ഇവ മണിക്കൂറുകളും ദിവസങ്ങളോളവും തങ്ങിനിൽക്കുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.പ്രതലങ്ങളിൽ നിന്നും മനുഷ്യകോശങ്ങളിൽ എത്തിച്ചേരുന്ന ഇവ അവിടെ വാസമുറപ്പിക്കുന്നു.?

കൊറോണ മനുഷ്യന് അപകടകാരിയായി തീരുന്നതെങ്ങനെ?

മനുഷ്യകോശങ്ങളിൽ എത്തിച്ചേരുന്ന കൊറോണ വൈറസ് അവടെ പെറ്റുപെരുകുന്നു.മനുഷ്യന്റെ പ്രതിരോധശേഷിയെഇല്ലാതാക്കുന്നതിനാൽ കുട്ടികൾക്കും പ്രായംചെന്നവർക്കും രോഗികൾക്കും ഇവൻ പെട്ടെന്ന് അപകടകാരിയായി മാറുന്നു.അല്പമെങ്കിലും പിടിച്ചുനിൽക്കുന്നത് യുവത്വം മാത്രം.പനി ചുമ ജലദോഷം തൊണ്ടവേദന ഈ ലക്ഷണങ്ങളോടെയെത്തുന്ന കൊറോണ വൈറസ് മതിയായ ചികിത്സ എത്രയും പെട്ടെന്ന് കിട്ടിയില്ലെങ്കിൽ രോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു.അതിലും രസം ഇന്ന് വ്യപിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസിനെതിരെ ഫലപ്രദമായ മരുന്ന കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്.

കൊറോണയുടെ പിറവി

2019 ഡിസംബറിന്റെ അവസാന നാളുകളിൽ നമ്മുടെ പത്രതാളുകളിൽ വന്ന ഒരു ചെറു വാർത്തയായിരുന്നു തുടക്കം.ചൈനയിൽ ഒരജ്ഞാതരോഗം പടർന്നുപിടിക്കുന്നു.വാർത്തവായിച്ച മറ്റുരാജ്യക്കാർ അത് ചൈനയുടെ പ്രശ്നമായി മാത്രം കണ്ട് മിണ്ടാതിരുന്നു.എന്നാൽ ആ വാർത്തയ്ക്ക് ഒാരോ ദിവസം കഴിയുമ്പോഴും വലുപ്പം വർദ്ധിച്ചുവർദ്ധിച്ചു വന്നു.രോഗികളെ കൊണ്ട് അവിടുത്തെ ആശുപത്രികൾ നിറ‍ഞ്ഞു.താത്കാലിക ആശുപത്രികൾ വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് ഉയർന്നുപൊങ്ങി.ക്രമേണ ആരോഗ്യപ്രവർത്തകരും രോഗികളായി മാറി.മതിയായ ചികിത്സ നൽകാൻ കഴിയാതെ വന്നതോടെ പ്രായംചെന്നവരെ മരണത്തിനുവിട്ടുകൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാതെയായി മാറി.

കാട്ടുതീപോലെ കോവിഡ്

ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിനു വ്യക്തതവരുന്നതിനുമുൻപേ ഒരു കാട്ടുതീപോലെ ആ മഹാമാരി പ്രബലരായ രാജ്യങ്ങളെ ഒന്നൊന്നായി കീഴപ്പെടുത്താൻ തുടങ്ങി.ഇറ്റലി,സ്പെയ്ൻ,അമേരിക്ക………………………………………...എന്നുവേണ്ട കോവിഡിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു ലോകരാജ്യവും ഇല്ലെന്നായി. ആധുരസേവന രംഗത്തും സാമ്പത്തിക നിലയിലും ഭദ്രം എന്ന കരുതിയിരുന്ന രാജ്യങ്ങൾ പോലും മാസ്കിനും സാനിറ്റൈസറിനും പാരസെറ്റാമോളിനും വേണ്ടി മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതും നമ്മൾ കണ്ടു.

ഇന്ത്യയും കോവിഡിന്റെ പിടിയിൽ

ലോകരാജ്യങ്ങളെപോലെ ഭാരതവും മെല്ലെ കോവിഡിന്റെ പിടിയിലേക്ക് കടക്കുകയായിരുന്നു.ഇന്ത്യയിൽ ആദ്യ കൊറോണക്കേസ്സ് റിപ്പോർട്ട് ചെയ്തതാകട്ടെ നമ്മുടെ കൊച്ചുകേരളത്തിലും.ചൈനയിൻ നിന്നു വന്ന വിദ്യാർത്ഥികളിൽ കൊറോണ ലക്ഷണങ്ങൾ കണ്ടു എന്ന വാർത്ത മലയാളിയെ ആദ്യമൊന്നും പിടിച്ചുകെട്ടിയില്ല.ഒാഖിയേയും മഹാപ്രളയത്തേയും ചെറുപ്രളയത്തെയും നിപ്പയേയും അതിജീവിച്ച നമുക്ക് കൊറോണയെ ഭയപ്പെടേണ്ടെന്ന് മലയാളി വ്യാമോഹിച്ചു.ആദ്യ കേസ് ഭയാശങ്കയില്ലാതെ ഒഴി‍ഞ്ഞുപോയെങ്കിലും ആഴ്ചകൾ പിന്നിട്ടപ്പോൾ വീണ്ടും കൊറോണയേയും വഹിച്ചുകൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്നും ജനങ്ങൾ എത്താൻ തുടങ്ങി.എന്നാൽ നിശ്ചയദാർഢ്യമുള്ള ഒരു ഭരണകൂടവും കരളുറപ്പുള്ള ആരോഗ്യവകുപ്പും ഒരു കൈ അകലത്തിൽ അജ്ഞാതശത്രുവിനെ നിർത്തിയിരിക്കുന്നു.കേരളം മാത്രമല്ല പല സംസ്ഥാനങ്ങളും രോഗാണുവിന്റെ പിടിയിൽ അകപ്പെടാൻ തുടങ്ങി.ഭരണകൂടവും ആരോഗ്യവകുപ്പും സടകുടഞ്ഞെഴുനേറ്റു.സ്വയനിയന്ത്രണത്തിലൂടെ മാത്രമേ രോഗാണുവിനെ തടഞ്ഞുനിർത്താൻ കഴിയു എന്നു മനസ്സിലാക്കി രാജ്യങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു.പൊതുഗതാഗതവും വിനോദമേഖലകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും സർക്കാർ ഒാഫീസുകളും അങ്ങനെ ആദ്യമായി അനിശ്ചിതമായി അടഞ്ഞുകിടക്കുന്നു.ഏതൊരു പ്രതിസന്ധിഘട്ടത്തേയും തോളോട്തോൾ ചേർന്ന് നേരിടണമെന്നാണ് നമ്മൾ പഠിച്ചതെങ്കിൽ കൊറോണയുടെ കാര്യത്തിൽ പരസ്പരം അകന്നു നിന്നുകൊണ്ട് നേരിടാനാണ് നമ്മൾ ശ്രമിക്കുന്നത്.

അതിജീവനത്തിനായി വൈറസും പൊരുതുന്നുവോ?

കോവിഡ്19-ന്റെ പിറവി മുതൽ തന്നെ ഈ വൈറസിനെ വരുതിയിലാക്കാൻ ശാസ്ത്രലോകം പഠനങ്ങൾ നടത്തുന്നു.ഇന്നീപഠനങ്ങൾ മനുഷ്യരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.ദേശകാലങ്ങൾ ഭേദിച്ച് വൈറസ് വ്യാപിച്ചപകൊണ്ടിരിക്കുമ്പോൾ കാലാവസ്ഥയ്ക്കും ജീവിതരീതിയ്ക്കും അനുസരിച്ച്സ്വന്തം നിലനിൽപ്പിനായി വൈറസും രൂപാന്തരം പ്രാപിക്കുന്നുവത്രേ. ടൈപ്പ്A ടൈപ്പ്B ടൈപ്പ്C ഇങ്ങനെ വ്യത്യസ്തമായാണ് ഈ വൈറസ് ഇപ്പോൾ കാണപ്പെടുന്നത്.ജീവികളിൽ നിന്നും മനുഷ്യനിലേക്ക് കടന്നുകൂടിയ – ചൈനയിൽ പിറവികൊണ്ട വൈറസ് ടൈപ്പ്A ആയിരുന്നു.ഇറ്റലിയിലും അമേരിക്കയിലും വ്യാപിച്ചുകൊണ്ടിരിക്കുന്നത് രൂപാന്തരം പ്രാപിച്ച ടൈപ്പ്B അത്രേ.ഇങ്ങനെ നിരന്തരം രൂപാന്തരം പ്രാപിക്കുന്ന ഈ വൈറസിനെതിരെ ഒരു പ്രതിരോധ വാക്സിൻ കണ്ടുപിടിക്കുന്നത് ഫലപ്രദമാവില്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

ആശങ്കയോടെ……………………….

ഞാനിതെഴുതി അവസാനിപ്പിക്കുമ്പോഴും അദൃശ്യനായ ശത്രു ദേശാതിർത്തികൾ ഭേദിച്ച് സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്.വായ്മൂടിക്കെട്ടിയും കൈകൾസോപ്പുപയോഗിച്ച് ആവർത്തിച്ച് കഴുകിയും രോഗാണുവിനെ തുരത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.ഭൂമിയിലെ മാലാഖമാർ അവസാന തുടുപ്പിനേയും ശ്രമിക്കുമ്പോൾ അവർക്കുവേണ്ടിയും ലോകത്തിനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

“ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴിതുറക്കൂ……….”

കടപ്പാട്:വിവിധമാധ്യമങ്ങൾ


നിരഞ്ജന
10 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം