ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ ഓർമ്മയ്ക്കായ് ഒരു വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയ്ക്കായ് ഒരു വിഷുക്കാലം

"മോളെ പെട്ടെന്ന് എഴുന്നേറ്റു വാ അമ്മയുടെ വിളി കേട്ട് കണ്ണ് തുറക്കുമ്പോൾ ഇന്ന് വിഷു ആണെന്ന് പെട്ടെന്ന് ഓർമ്മ വന്നില്ല. കാരണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ സ്വീകരിക്കുവാൻ പതിവിനു വിപരീതമായി ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലല്ലോ !.കഴിഞ്ഞ വർഷം വരെ അമ്മ വിളിക്കാതെ തന്നെ എന്തു സന്തോഷത്തോടെയാണ് ഞാൻ വിഷുക്കണി കാണാനും കൈനീട്ടം വാങ്ങാനുമൊക്കെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിയിരുന്നത്. എടീ നിനക്ക് കൈ നീട്ടം വേണമെങ്കിൽ പെട്ടെന്ന് വാ, അച്ഛന് കൃത്യ സമയത്ത് പോലീസ് സ്റ്റേഷനിൽ എത്താനുള്ളതാ . അമ്മയുടെ സ്വരം കടുക്കുന്നതായി മനസിലാക്കി ചാടിപ്പിടഞ്ഞെഴുന്നേറ്റ് ഡൈനിംഗ് ഹാളിൽ എത്തുമ്പോൾ, യൂണിഫോം അണിഞ്ഞു പുറപ്പെടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അച്ഛൻ. "എന്താ അമ്മേ രാവിലെ വിളിക്കാത്തത് "
"വിഷുക്കണി ഒരുക്കിയില്ലെങ്കിലും രാവിലെ ഉണർത്തി അച്ഛനെയും അമ്മയെയും കണിയായ് കാണിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ അമ്മേ "അതിനായ് നീ പിണങ്ങേണ്ട, അതിരാവിലെ ഞാൻ ഉണർന്നപ്പോൾ തന്നെ അതൊക്കെ ചെയ്തു, മോള് മറന്നുപോയതാ ". "ഈ വർഷത്തെ കണി ഇങ്ങനെയാകട്ടെ.. ഈ മഹാമാരി സമയത്തു വേണ്ടപ്പെട്ടവരെ അടുത്തുകാണുക എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വിഷുക്കണി".
"ഇങ്ങ് വന്നേ, ദാ കൈനീട്ടം വാങ്ങിച്ചേ, നിന്റെ ചേട്ടൻ എപ്പോഴേ വാങ്ങിക്കഴിഞ്ഞു ".
അച്ഛന്റെ വാക്കുകേട്ട് അടുത്തേക്ക് നീങ്ങുമ്പോൾ അച്ഛൻ നിന്നിടത്തുനിന്നും കുറേക്കൂടി പുറകിലേക്ക് മാറി, എന്റെ കയ്യിൽ തൊടാതെ നാണയതുട്ടുകൾ ഉള്ളംകൈയിൽ ഇട്ടു തന്നപ്പോൾ സങ്കടം തോന്നി. "എന്താ അച്ഛാ ഇങ്ങനെയാണോ കൈ നീട്ടം തരുന്നത്? "
"ഇപ്പോഴത്തവിഷുവും ഇങ്ങനെ സാമൂഹികഅകലംപാലിച്ചുള്ളതാകട്ടെ മോളെ, അച്ഛൻ എന്നും പുറത്തു പോയി സാമൂഹികഇടപെടലുകൾ നടത്തുന്ന ആൾ അല്ലേ "
"ഇന്ന് നമ്മൾ കുറച്ചകലം പാലിച്ചാൽ നാളെ നമുക്ക് തന്നെ കൂടുതൽ അടുക്കാം "
അച്ഛന്റെ വാക്കുകളിലെ കരുതലും സ്നേഹവും അമ്മയും കൂടി വ്യക്തമാക്കിയപ്പോൾ തന്നെ എന്റെ പിണക്കവും പമ്പ കടന്നിരുന്നു. മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായലോക്ക്ഡൗൺ വേളയിൽ എല്ലാപേരും സുരക്ഷിതരായി വീടുകളിൽ കഴിയുമ്പോൾ, അവശ്യസർവീസുകളിൽ ജോലി ചെയ്യുന്ന അച്ഛനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെ യും അവരുടെ കുടുംബങ്ങളെയും കുറിച്ചുള്ള സുരക്ഷാ ഭീതി എന്റെ മനസ്സിലൂടെയും കടന്നുപോയിട്ടുണ്ട്.
"ഗുളിക കഴിച്ചോ, മാസ്ക്കും കയ്യുറയും ബാഗിലുണ്ടോ "അമ്മയുടെ പതിവ് ചോദ്യങ്ങൾക്ക് തലകൊണ്ട് ഉത്തരം നൽകി അച്ഛൻ കാറിനടുത്തെത്തുമ്പോൾ, മാസ്ക്കണിഞ്ഞചേട്ടൻ കാർ സ്റ്റാർട്ടാക്കുകയായിരുന്നു. തലേദിവസം ആരോ കൊടുത്ത ഒരുപിടികണിക്കൊന്നപ്പൂ മുൻസീറ്റിൽഉണ്ടായിരുന്നു. എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ.... വരികൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴേക്കും കാർ ഗേറ്റ് കടന്നിരുന്നു.

മിനാഷിഫ
9 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ