ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും
                                നമ്മുടെ ശുചിത്വ ശീലങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഒരു പുനർവിചിന്തനം നടത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.  പരിസ്ഥിതിയെ മറന്ന് മനുഷ്യൻ്റെ മുന്നേറ്റമാണ് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്തിന് കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം. ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു പ്രവർത്തനങ്ങളും ഫലവത്താകാത്ത വിധത്തിൽ ഒരു മഹാവ്യാധി നമ്മുടെ ലോകത്തെ ബാധിച്ചിരിക്കുന്നു. ഇതിൽ നിന്ന് രക്ഷനേടുന്നതിനായി ലോകം ഒറ്റക്കെട്ടായി നിൽക്കേണ്ട ആവശ്യകത നാം ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.പലപ്പോഴായി പലവിധത്തിൽ പ്രകൃതി മനുഷ്യന് മുന്നറിയിപ്പ് നൽകിയിട്ടും അവയിൽ നിന്നൊന്നും പഠിക്കാതെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തും പ്രകൃതിയ്ക്ക് നാശകരമാംവിധത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മുന്നേറിക്കൊണ്ടിരുന്നു. മാലിന്യങ്ങൾ കുന്നുകൂടുകയും കൊതുകുകൾ പെരുകുകയും കുടിവെള്ളം മലിനീകരിക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നത് മൂലം പകർച്ചവ്യാധികൾ ആവർത്തിച്ച് വ്യാപിക്കുകയും വിലപ്പെട്ട ജീവനുകൾ അപഹരിക്കപ്പെടുകയും ചെയ്യുന്നു.രോഗങ്ങൾ പകർന്നു പിടിക്കുമ്പോഴല്ല, അതിനും മുൻപ് തന്നെ നാം കരുതലുകൾ സ്വീകരിക്കേണ്ടതാണ്.ഓടകൾ വൃത്തിയാക്കൽ, സുരക്ഷിതമായ സംസ്ക്കരണം, മുഴുവൻ വീടുകളിലും ശൗചാലയ നിർമ്മാണം, ക്ലോറിനേഷൻ, കുടിവെള്ള സ്രോതസ്സുകൾ മാലിന്യമുക്തമാക്കൽ, കൊതുകുനിവാരണ പരിപാടികൾ ഇവയെല്ലാം തന്നെ ശുചിത്വ സംരക്ഷണത്തിനായി നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളാണ്.പ്രകൃതിയെ ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു കാലഘട്ടത്തിലേയ്ക്ക് എത്തിച്ചേർന്നപ്പോൾ മനുഷ്യന് തടുക്കാൻ കഴിയാത്ത മഹാവിപത്തുകൾ അവനെ തേടിയെത്തി. വിഷ രഹിതമായ പച്ചക്കറികളിൽ നിന്ന് രാസവസ്തുക്കളുടെ ആധിക്യമുള്ള ഫാസ്റ്റ്ഫുഡുകളിലേയ്ക്കും ഭൂമിയിൽ മനുഷ്യനെ പോലെ അവകാശികളായ ജന്തുക്കളുടേയും പക്ഷികളുടേയും മാംസത്തിനോടുള്ള  ആർത്തിയിലേയ്ക്കും മനുഷ്യൻ്റെ ഭക്ഷണ പ്രീയം വളർന്നു.അതു കൊണ്ട് തന്നെ പക്ഷിപ്പനിയും പന്നിപ്പനിയും നിപ്പാവൈറസുമൊന്നും പടർന്നു പിടിക്കാൻ അധികം താമസമുണ്ടായില്ല. ഇപ്പോഴിതാ കൊറോണയെന്ന മഹാവ്യാധിയും ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു.ഇനിയെങ്കിലും മനുഷ്യൻ പഴയ ശീലങ്ങളിലേയ്ക്ക് തിരികെ പോകേണ്ടിയിരിക്കുന്നു. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായും കൊറോണ പോലുള്ള വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായും വ്യക്തി ശുചിത്വം പാലിക്കണം.പുറത്ത് പോയി വന്നാൽ കൈകാലുകൾ ശുചിയാക്കിയ ശേഷം മാത്രം വീടിനുള്ളിലേയ്ക്ക് കടക്കുന്ന ഒരു ശീലം പണ്ട് മനുഷ്യൻ്റെ ജീവിത ശൈലിയുടെ ഭാഗമായിരുന്നു. ആ കാലത്തിലേയ്ക്ക് നാം തിരികെ പോകണം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് നാം തിരിച്ചറിയണം. രോഗങ്ങളില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. അതിനായി അങ്കണവാടികൾ മുതൽ ശുചിത്വ ശീലങ്ങൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാകണം. സാമൂഹിക അകലം പാലിച്ചുകൊണ്ട് വൈറസ് പോലുള്ള വ്യാധികളെ തടയണം.വിഷ രഹിതവും മാലിന്യ മുക്തവുമായ ഒരു പരിസ്ഥിതിയിലേയ്ക്ക് തിരികെ പോകാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും മനുഷ്യൻ തയ്യാറാകുമ്പോൾ പ്രളയവും രോഗങ്ങളുമില്ലാത്ത ഹരിതാഭയാർന്നൊരു പ്രകൃതി നമുക്കും സ്വപ്നം കാണാം
വൈഷ്‍ണവ്
വി എച്ച് എസ് ഇ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം