ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ ഒരു ബ്രേക്ക്ഡൗൺ

ലോക്ഡൗൺ ഒരു ബ്രേക്ക്ഡൗൺ

കോവിഡ് കാലം നമുക്ക് നൽകിയ ഈ ലോക്ക്ഡൗൺ ശരിക്കും ഒരു ലോക്ക്ഡൗണിന്റെ കാലമല്ല, മനുഷ്യന്റെ ബാക്ക്-വേഡ് കാലമെന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്. കാരണം ജീവിതശൈലിയ്ക്കനുസരിച്ച് മനുഷ്യൻ മനുഷ്യനെ തന്നെ മറന്നു പാഞ്ഞു തുടങ്ങിയ ഈ കാലഘട്ടത്തിൽ മരുഷ്യനെ കുറച്ചു സമയത്തേക്കെങ്കിലും ഒന്നുകടിഞ്ഞാണിടാനും അവനവനെ തന്നെ തിരിച്ചറിയാനുംകൂടി ഉള്ളതാണ് ഈ കാലഘട്ടം. ഉള്ളവനെന്നും ഇല്ലാത്തവനെന്നമുള്ള വേർതിരിവില്ലാതെ ആകാശവും ഭൂമിയും തൊടാതെ പറന്നു നടന്നവർ പ്പോലും ഒരു കൂരയ്ക്കുക്കീഴിൽ സ്വസ്ഥമായിരിക്കാൻ പ്രകൃത്യാ അനുവദിച്ചു കിട്ടിയ ചെറിയൊരു കാലഘട്ടം.

ലോകം കണ്ട ഒരു മഹാമാരിയെ തുടർന്നാണ് ഈ ലോക്ക്ഡൗൺ എങ്കിൽപ്പോലും മനുഷ്യന് ഇത് അനിവാര്യമായിരുന്നില്ലേ? മനുഷ്യൻ പഴയ തലമുറയിലേക്ക് ഒന്നു എത്തി നോക്കിയാൽ അന്ന് ഇതൊക്കെ സർവ്വസാധാരണമായിരുന്നില്ലേ. അന്നും മനുഷ്യൻ ഒരു വീർപ്പുമുട്ടലുമില്ലാതെ തന്നെയല്ലെ ജീവിച്ചിരുന്നേ. വാഹനങ്ങൾപ്പോലും ഇല്ലാതിരുന്നൊരു കാലഘട്ടവും നമ്മുടെ പൂർവ്വികർക്ക് ഉണ്ടയിരുന്നല്ലോ. അതിനെയെല്ലാം അതിജീവിച്ച് വന്ന മനുഷ്യൻ ഇന്ന് ഈ സുഖ സൗകര്യങ്ങളുടെ പിടികിട്ടാകൊമ്പിലെത്തിയപ്പോൾ പഴയതൊന്നും ഓർക്കാൻ സമയമില്ലാതെ പോയിരിക്കുന്നു. മനുഷ്യന് തിരക്കൊഴിഞ്ഞൊരു സമയം അവന്റെ നിഘണ്ടുവിലില്ല. മാതാപിതാക്കൾക്ക് മക്കളോടൊപ്പം ചെലവഴിക്കാൻ പോലും സമയം കിട്ടാതയായി. പ്രായമായ മാതാപിതാക്കളെ നോക്കാൻ മക്കൾക്കും സമയം തീരെയില്ലാത്രെ. ഒരു ദിവസം അവധിയെടുത്ത് സ്വന്തം കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കാത്തവർപ്പോലും ഇന്ന് വീടുകളിൽ തങ്ങുന്നു. തിരക്കിനിടയിൽ അവൻ മറന്നുപ്പോയ അവന്റെ വാസനകൾ പുറത്തുക്കൊണ്ടുവരാൻ, മണ്ണിനെ അടുത്തറിയാൻ, കുടുംബത്തെ അടുത്തറിയാൻ എല്ലാറ്റിനും ഇപ്പോൾ മനുഷ്യന് കഴിയുന്നു. ആലോചിച്ചുനോക്കിയാൽ ഒരു കുഞ്ഞ് ലോക്ക്ഡൗൺ എങ്കിലും അനിവാര്യമായിരുന്നില്ലേ.

ലോക്ക്ഡൗണിനെ പൂർണ്ണമായും അനുകൂലിക്കാനും ആവുന്നില്ല. ഇതേത്തുടർന്ന് കഷ്ടതകൾ അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. എന്നാലും ഈ ലോക്ക്ഡൗൺ കാലത്ത് ഉള്ളതുക്കൊണ്ട് ജീവിക്കാൻ അവരും പഠിച്ചു. നമ്മുടെ പൂർവ്വികർ ഭക്ഷണമാക്കിയിരുന്ന ചുറ്റുവട്ടത്തെ പല ഭക്ഷ്യവസ്തുക്കളും ഇന്ന് നമ്മുക്ക് വേണ്ടതായി പോയിരുന്നു.എന്നാൽ ഇപ്പോൾ ഭൂരിഭാഗം ജനങ്ങളും നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ചക്കയും മാങ്ങയും ചേമ്പും കാച്ചിലും ഈ ലോക്ക്ഡൗൺ കാലത്ത് നമ്മുടെ അടുക്കളയിലെ പ്രധാന വിഭവങ്ങളായി മാറി.

അധികാരത്തിനും പദവിയിക്കും വേണ്ടി മനുഷ്യർ കടിപിടികൂടുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനും കഴിയുന്ന ദിനങ്ങളായി കൂടി തീരട്ടെ, പകയും വിദ്വേഷവും മറന്ന് ഉള്ളവനും ഇല്ലാത്തവനെന്നുമുള്ള വേർതിരിവില്ലാതെ മനുഷ്യരെ ഒന്നായി കാണുന്നൊരു കാലഘട്ടവും കൂടെ ആവട്ടെ. ഉള്ളതുക്കൊണ്ട് എങ്ങനെ ജീവിതം മുന്നൊട്ടുക്കൊണ്ടു പോകാമെന്ന് കാണിച്ചു തന്നു ഈ ദിനങ്ങൾ. ഫാസ്റ്റ് ഫുഡിൽ കിടന്നവർക്ക് വീട്ടിലെ നാടൻ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചും ജീവിക്കേണ്ടി വന്ന ദിനങ്ങൾ. ഒരു മദ്യദുരന്തമുണ്ടായാൽപ്പോലും മദ്യം ഉപേക്ഷിച്ച് ഇരിക്കാൻ പറ്റാത്തവർക്കും അത് ഇല്ലാതെയു ജീവിക്കാൻ പറ്റുമെന്ന് തെളിയിച്ച കാലം. പ്രളയം പോലെയുള്ള മഹാദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ട നമ്മൾ എല്ലാപേരും ഒത്തൊരുമയോടെ ഈ കോറോണ കാലവും മറികടക്കും. ഈ തളർച്ചകളിൽ നിന്നും നമ്മൾ പൂർവ്വാധികം ശക്തിയോടെ തന്നെ ഉയർത്തെഴുന്നേറ്റിരിക്കും.

ഈ കാലഘട്ടത്തിൽ നമ്മൾ ഓർക്കേണ്ട  ഒന്നുണ്ട്, എല്ലാപേരും കോവിഡിനെ തോൽപ്പിക്കാൻ വീട്ടിനുള്ളിൽ കഴിഞ്ഞപ്പോഴും സ്വന്തം ജീവനും ജീവിതവും ഉളളം കൈയ്യിൽ വച്ച് മറ്റുള്ളവരുടെ ജീവനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും എത്ര നവിച്ചാലും മതിവരില്ല. അവരെയാണ് ഈ ദിനങ്ങളിൽ നമ്മൾ പ്രണമിക്കേണ്ടത്. അവരുടെ ഈ ത്യാഗപൂർണ്ണമായ സമർപ്പണം മറ്റുള്ളവർക്ക് കൂടി മാതൃകയാവകട്ടെ. അവരുടെ ശ്രമമില്ലാതെ ഈ യുദ്ധം പരിപ്പൂർണ്ണ വിജയത്തിൽ എത്തിച്ചേരാൻ ആവില്ല.

നാട്ടിൻപുറം നന്മകളാൽ സമൃദ്ധന്നെതുപ്പോലെ ഈ ലോക്ക്ഡൗൺ ദിനങ്ങൾ നന്മകളാൽ സമൃദ്ധമാകട്ടെ. എല്ലാരുടെയും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന അനുസ്മരണീയ നിമിഷങ്ങൾ ഉള്ളതാകട്ടെ ഈ ദിനങ്ങൾ. മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുക, ആ നന്മയിലൂടെ തിന്മയെ ചെറുത്ത് ഈ കോവിഡിനെ നമ്മുക്ക് ഒറ്റക്കെട്ടായി തുരത്താം.

അഖില ഗോപി
+1 സയൻസ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം