ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഞാൻ സഞ്ചരിച്ച വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ സഞ്ചരിച്ച വഴികൾ

കണ്ണ് തുറന്നപ്പോൾ എല്ലായിടവും ഇരുട്ട്. ഒന്നും കാണാൻ കഴിഞ്ഞില്ല. പകൽ വെട്ടം മെല്ലെ നുഴഞ്ഞു കയറുന്നു. ഇരുട്ടും പകലും തമ്മിലുള്ള മിശ്രിതം പോലെയുള്ള സമയം. കുറേ നേരം ചുറ്റും നോക്കി. ഞാൻ ഒരു ചാക്കിലായിരുന്നു. എന്നെപോലെ കുറേ നെല്ലുകൾ ചുറ്റുമുണ്ട്. എന്നെപ്പോലെ കുറേ പേർ പതുക്കെ കണ്ണ് തുറക്കുന്നു. അവിടെ നിന്ന് എന്നെയും എന്റെ കൂട്ടുകാരെയും ഒരു കർഷകൻ വിലയ്ക്ക് വാങ്ങി. അവർക്ക് ഒരു ചെറിയ സ്ഥലമാണ് കൃഷിയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ കാലം മഴ കുറവായതിനാൽ കൃഷി മോശമായിരുന്നു എന്നതാണ് കർഷകനും കൃഷിക്കാരനും തമ്മിലുള്ള സംസാര വിഷയം. അവിടെ നിന്ന് ഞാൻ നേരെ കൃഷി സ്ഥലത്തേയ്ക്ക്. വരണ്ട ഭൂമി. എന്ത് ചെയ്യണമെന്നറിയാതെ ദാരിദ്ര്യത്തിന്റെ വക്കിൽ നിൽക്കുന്ന കർഷകൻ. കറുത്തിരുണ്ട മേഘം എപ്പോഴാണൊന്ന് പൊട്ടിക്കരയുക എന്ന് നോക്കി നിൽക്കുകയാണദ്ദേഹം. ദൈവവിധി പോലെ അതിഗംഭീരമായി അന്ന് മഴ പെയ്തു. മഴയുടെ വരവ് കർഷകനെ ഏറെ സന്തോഷത്തിലാഴ്ത്തി. പിറ്റേന്ന് മുതൽ കർഷകൻ അവിടെ കൃഷി ആരംഭിച്ചു. ആദ്യമായാണ് ഞാൻ കൃഷി കാണുന്നത്. അത്ഭുതകരമായ കാഴ്ച. മഴ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണ്. പാടത്തേക്ക് വെള്ളം ഒഴുക്കിവിടുന്ന തിരക്കിൽ ആയിരുന്നു കർഷകനും മക്കളും. നല്ല വളക്കൂറുള്ള മണ്ണ്. അതിൽ നിന്ന് കളകൾ പറിച്ചുമാറ്റുന്ന കർഷകർ. അങ്ങനെ നാലു ദിവസം കഴിഞ്ഞു. പിറ്റേന്ന് ഞാൻ ഉണർന്നപ്പോൾ ഞാൻ ആരുടെയോ കൈക്കുമ്പിളിൽ ആയിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. കൈക്കുമ്പിളിൽ നിന്ന് മണ്ണിലേക്ക് വീണ ഞാൻ ആരെയും ശ്രദ്ധിച്ചില്ല. മണ്ണിന്റെ സുഗന്ധം അറിയുവാൻ ഞാൻ അതിലേക്ക് ഇറങ്ങിച്ചെന്നു. ആവശ്യമായിരുന്ന വെള്ളവും വളവും എനിക്ക് എന്നും കിട്ടുമായിരുന്നു. അങ്ങനെ ഞാൻ വളരാൻ തുടങ്ങി. എന്റെ ഓരോ ഇലകളും തളിരിട്ടു. എന്നെയും കൂട്ടുകാരെയും കർഷകർ മാറ്റി നട്ടു. ആദ്യമായി ഞാൻ പരിചയപ്പെട്ട എന്റെ കൂട്ടുകാരെ ഞാൻ പിന്നെയും കണ്ടു. അവരും എന്നെപ്പോലെ വളർന്നിരിക്കുന്നു. പിന്നെയും നിലം ഉഴുതുമറിയ്ക്കലും മറ്റും നടന്നു. വെള്ളം കെട്ടിനിർത്തുവാൻ വേണ്ടി ചാലുകൾ നിർമിക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും. ഞാൻ പിന്നെയും വളരാൻ തുടങ്ങി. എന്നിൽ പച്ച ഇലകൾ തളിരിടാൻ തുടങ്ങി എല്ലായിടത്തും പച്ച നിറം മാത്രം. മുന്നിലും പിന്നിലും അങ്ങനെ എന്റെ ചുറ്റിനുമുള്ള എല്ലായിടത്തും പച്ചനിറം നിറഞ്ഞു. അങ്ങനെ അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ആദ്യമായി പൂത്തുതുടങ്ങി. പൂവ് പിന്നെ നെന്മണികളായി. നെന്മണികൾ കൊത്തിത്തിന്നാൻ ദിവസവും കിളികളും മറ്റും വരുമായിരുന്നു. കിളികളുടെ വരവ് കാണുമ്പോഴേ കർഷകൻ കിളികൾ വരുന്നുണ്ടേ..... എന്ന് എല്ലാവരോടും വിളിച്ചു പറയും. പിന്നെ അവയെ പറത്തിവിടുകയാണ് എല്ലാവരുടെയും സായാഹ്നജോലി. ഓരോ ദിവസം കഴിയും തോറും എന്റെ പച്ച നിറം ഇളം മഞ്ഞയായി മാറുന്നുണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരും കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന സമയം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. കിളികൾ ഞങ്ങളുടെ സ്ഥിരം അതിഥികൾ ആയിരുന്നു. അവരെ കാണുമ്പോൾ പലപ്പോഴും എനിക്കും ഒരു കിളി ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ആകാശത്തിൽ പാറിപ്പറക്കുവാനും കൂട്ടുകാരുമൊത്തു പല സ്ഥലങ്ങളിൽ പാറി നടക്കുവാനും ഞാൻ ആഗ്രഹിച്ചു, പക്ഷെ ഞാൻ ഒരു നെല്ല് ആണ്. അങ്ങനെ ഇരിക്കെ അപ്രതീക്ഷിതമായി, ഞങ്ങളെ കർഷകർ മുറിച്ചുമാറ്റുകയുണ്ടായി. ഞങ്ങളെ മനുഷ്യർ ഏറെനേരം തല്ലുകയുണ്ടായി. എന്റെ നെന്മണികൾ എന്നിൽ നിന്നും അവർ മാറ്റി. ഒരുപക്ഷെ എന്റെ അമ്മയ്ക്കും ഇതുതന്നെയാവണം സംഭവിച്ചിട്ടുണ്ടാകുക, എന്നെയും ഇതുപോലെ ആയിരിക്കണം കർഷകർ എന്റെ അമ്മയിൽ നിന്നും പെറുക്കിമാറ്റിയത്. ഞാൻ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുഞ്ഞുനെന്മണികളെയൊക്കെയും ചാക്കിലാക്കുകയും, എന്നെയും എന്റെ മറ്റു കൂട്ടുകാരെയും മാറ്റി ഒരു കൂനയാക്കി ഇടുകയും ചെയ്തു. "ഈ നെല്ല് പുഴുങ്ങി ഉരലിൽ അടിച്ചു അരിയാക്കി മാറ്റണം, ഇനി നമ്മുടെ കുട്ടികൾ ഭക്ഷണം ആസ്വദിച്ചു കഴിക്കട്ടെ", എന്ന് കർഷകൻ തന്റെ ഭാര്യയോട് പറയുകയുണ്ടായി. ഒരിറ്റ് നോവോടെയാണെങ്കിലും എന്റെ നെന്മണികൾ കാരണം പല കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ സാധിക്കും എന്നാ വാസ്തവം ഓർത്ത് ഞാൻ മെല്ലെ എന്റെ കണ്ണുകൾ അടച്ചു. ഇനിയെന്റെ ജീവൻ നിലയ്ക്കുന്നില്ല. ഒരുപക്ഷെ ഇതെന്റെ ആത്മകഥയാവാം, നെല്ലെന്നതാണെന്ന് പോലും അറിയാത്ത ഒരു തലമുറയാണ് നമുക്ക് മുന്നിൽ വളർന്നു വരുന്നത്. വരും കാലത്ത് നെല്ലെന്നതാണെന്നും അതെങ്ങനെ കൃഷി ചെയ്യുന്നു, അതെങ്ങനെ നമ്മിലേക്ക്‌ എത്തുന്നു എന്നൊക്കെ അവർക്ക് അറിയുവാൻ വേണ്ടി കുറച്ചു ഭൂമിയെങ്കിലും ബാക്കി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.

മനീഷ എം
9M ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ