ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ജീവിതത്തിന്റെ ഏടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിന്റെ ഏടുകൾ


ഇന്നും എന്നും എന്റെ കൂടെ കാണും എന്ന് ഞാൻ കരുതിയവർ എവിടെ? അകലെയാണ് .... ഒരുപാട്.... മറന്നതല്ല.... സാഹചര്യം.... അത് എന്നെ ഏകനാക്കി." ശാസ്ത്രലോകം പോലും പകച്ചു നിൽക്കുന്ന കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയുടെ ചിന്തകളാകാം ഇത്. തട്ടിച്ചും വെട്ടിച്ചും കൊന്നും പിടിച്ചുപറിച്ചും മനുഷ്യൻ നേടിയത് എന്ത്? ഈ ചോദ്യം അനേകം ജനഹൃദയങ്ങളിലൂടെ ഇന്ന് കടന്നു പോകുന്നുണ്ട്. " എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. എന്റെ കൈയ്യിൽ പണമുണ്ട് അധികാരമുണ്ട് ബന്ധുമിത്രാദികൾ ഉണ്ട്. എനിക്കില്ലാത്തതായി ഒന്നും ഇല്ല." ഒരു ധനവാന്റെ ചിന്തകളാണിത്. എന്നാൽ ഇപ്പോൾ എന്ത് സംഭവിച്ചു? എല്ലാം ഉണ്ട് എന്ന് അഹങ്കരിച്ചവരും ഉള്ളതിൽ ഉണ്ടും ഉറങ്ങിയും ജീവിച്ചവരും ഇപ്പോൾ ഒരുപോലെ കൊറോണയുടെ മുമ്പിൽ വാതിലുകൾ അടച്ച് ഒളിച്ചിരിക്കുന്നു. എന്താണ് ഈ ലോകത്തിന് സംഭവിച്ചത്. ഓരോ ദിവസവും പ്രകൃതിയിലും മനുഷ്യരിലും കണ്ട് വരുന്ന മാറ്റങ്ങൾ എന്തിന്റെ അടയാളമാണ്? അറിയില്ല, ആർക്കും.'ലോക്ക് ഡൗൺ' എന്ന പദം ഇന്ന് നമുക്ക് എല്ലാവർക്കും സുപരിചിതമാണ്. കാരണം അതിന്റെ ഒരു ഭാഗമാണ് ഇന്ന് നമ്മൾ എല്ലാപേരും . ശരിയാണ്, നല്ലൊരു നാളേയ്ക്കായി വീട്ടിലിരിക്കാം പ്രതിരോധിക്കാം. പക്ഷെ, ഒരു കാര്യം കൂടി നമ്മൾ ചിന്തിക്കണം. അന്നന്ന് അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഒരു പാട് സാധാരണക്കാർക്ക് ഇത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു വെല്ലുവിളിയാണ്. ആർഭാടം കാട്ടിയും ധൂർത്ത് കാട്ടിയും പണത്തിന് മുകളിൽ തല ചായിച്ച് ഉറങ്ങുന്നവർക്ക് ഇത് ഒരു അവധിക്കാലം, അത്ര തന്നെ. പണം ഉണ്ടാക്കി ലോകത്തിൽ തന്നെ ഒന്നാമതെത്തണം എന്ന് ചിന്തിച്ച് ഓടുവരുടെ ഇടയിൽ പെട്ടു പ്പോയ ഈ സാധാരണക്കാരിലേക്കും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ എത്തുന്നുണ്ട് എന്ന് നമുക്ക് കരുതാം. പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചതിലുള്ള ഭൂമാതാവിന്റെ തിരിച്ചടിയാണോ അതോ മനുഷ്യന് ബുദ്ധി കൂടിയതിന്റെ ഫലമാണോ ഈ വൈറസ് എന്നൊന്നും നമുക്ക് അറിയില്ല. ഒന്നറിയാം നമ്മൾ നേരിടണം. നിപ്പയെയും രണ്ട് പ്രളയത്തെയും അധിജീവിച്ച നമുക്ക് ഇതിനെയും പ്രതിരോധിക്കാനാകും. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ഈ കൊറോണയെ നമുക്ക് തുരത്താം. സമയം കിട്ടുന്നില്ല എന്ന് പറഞ്ഞിരുന്ന നമുക്ക് ഇനി ആ വാദം വേണ്ട. പ്രകൃതിയിലേക്ക് ഇറങ്ങാം, മണ്ണിനെ അറിയാം. പുസ്തകങ്ങൾ വായിക്കാം. ഇത്രയും നാൾ മേശപുറത്ത് വന്നിരുന്ന വിഭവങ്ങളുടെ രുചി കൂട്ട് അറിയാം. സമയത്തെ ചൂണ്ടിക്കാട്ടി മാറ്റി വെച്ചിരുന്ന സ്നേഹബന്ധങ്ങൾ പുതുക്കാം. തൊട്ടടുത്ത മതിലിനപ്പുറം താമസിക്കുന്നത് ആരാണെന്ന് അറിയാം. കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കാം. ഫോണുകൾ ഒന്ന് താഴെവെച്ച് കിളി കളുടെയും കാറ്റിന്റെയും ഭാഷ മനസ്സിലാക്കാം. സ്വന്തം ആരോഗ്യം മറന്ന് നാടിനും നാട്ടുകാർക്കും വേണ്ടി തങ്ങളുടെ ജീവൻ മറന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്ക് വേണ്ടിയും പ്രാർത്ഥിക്കാം. ഈ പ്രതിസന്ധിയിലും പെണ്ണിന്റെ കരുത്ത് തെളിയിച്ച നമ്മുടെ ടീച്ചറമ്മയ്ക്ക് ഒരു വലിയ സല്യൂട്ട്. മാറ്റം നമ്മളിലൂടെ ആവണം. ഇനിയുള്ള ദിവസങ്ങൾ മാറ്റങ്ങളുടെതാണ്, അതിജീവനത്തിന്റെതാണ്. മാറാം നമുക്ക്, മാറ്റാം നമുക്ക് ഈ ദുരന്തത്തെ.

അരുണിമ രമേശ്
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം