ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
1. നാഷണൽ സർവീസ് സ്കീം

കലാലയ വിദ്യാഭ്യാസ രംഗത്ത് ,ഗാന്ധിജിയുടെ ജന്മശതാബ്ദി വർഷമായ 1969-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം.1991-92ൽ കേരളത്തിൽ ഹയർ സെക്കന്റഡറി സ്കൂൾ സ്ഥാപിതമായപ്പോൾ,ഹയർ സെക്കൻഡറി തലത്തിലും നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു.2007-ലാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്റഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിക്കുന്നത്.
കേന്ദ്ര യുവജനക്ഷേമകാര്യ-കായിക മന്ത്രാലയത്തിന്റെ കീഴിലാണ് നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്.സാമൂഹ്യ സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുകയാണ് നാഷണൽ സർവീസ് സ്കീം ന്റെ സുപ്രധാന ലക്ഷ്യം NOT ME BUT YOU എന്നതാണ് അതിന്റെ മുദ്രാവാക്യം ‌‌.
ഓരോ നാഷണൽ സർവീസ് സ്കീം യൂണിറ്റിലും പരമാവധി 100അംഗങ്ങൾ ഉണ്ടാവും. അതിൽ 50പേർ രണ്ടാം വർഷക്കാരായിരിക്കും.ഓരോ നാഷണൽ സർവീസ് സ്കീം വോളന്റിയറും രണ്ട് വർഷംകൊണ്ട് കുറഞ്ഞത് 240 മണിക്കൂറെങ്കിലും സാമൂഹ്യ സേവനം നടത്തുകയും 7 ദിവസം നീണ്ടുനിൽക്കുന്ന ഒരു സഹവാസക്യാമ്പിൽ പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ട്.ഈ വ്യവസ്ഥകൾ തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സർവീസ് സ്കീം സർട്ടിഫിക്കറ്റ് ലഭിക്കും.ഓരോ നാഷണൽ സർവീസ് സ്കീം യൂണിറ്റും തങ്ങളുടെ പ്രവർത്തനങ്ങൾക്കനുയോജ്യമായ ഒരു പ്രദേശത്തെ ദത്തുഗ്രാമമായി സ്വീകരിച്ചാണ് പ്രധാന പ്രവർത്തനങ്ങൾ നടത്തുക.കഴിഞ്ഞ 10 വർഷത്തിനിടയിൽ മംഗലപുരം പഞ്ചായത്തിലെ കുടവൂർ,പോത്തൻകോട്, പഞ്ചായത്തിലെ മണലകം എന്നീ വാർഡുകൾ ദത്തുഗ്രാമമായി സ്വീകരിച്ചാണ് തോന്നയ്ക്കൽ യൂണിറ്റ് പ്രധാന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.
നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ കാർഷികപരിപാടിയുടെ ഭാഗമായി ദത്തുഗ്രാമങ്ങളിൽ ഓരോ വർഷവും 100വീടുകൾ വീതം പച്ചക്കറിത്തോട്ടം നിർമിച്ചു നൽകുന്ന പദ്ധതിനടപ്പിലാക്കുകയുണ്ടായി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കൽ ,കാർഷികബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കൽ,കർഷകരെ ആദരിക്കൽ, വൃക്ഷത്തൈ വിതരണം തുടങ്ങി ഒട്ടേറെ പരിപാടികളും നടപ്പാക്കിയിട്ടുണ്ട്.
ദത്തുഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് വിവിധ സംഘടനകളുമായിച്ചേർന്ന് "ക്ലീൻകുടവൂർ" പദ്ധതിയും മണലകം വാർഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് ഏജൻസികൾക്കു നൽകുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ദത്തുഗ്രാമങ്ങളിൽ സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തുകയും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വികസനരേഖ തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നൽകുകയുമുണ്ടായി.ആരോഗ്യ,ശുചിത്വ മേഖലകളിൽ വിപുലമായ പ്രവർത്തനങ്ങൾ നാഷണൽ സർവീസ് സ്കീംയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന തോന്നയ്ക്കൽ എച്ച്.എസ്.എസ് ലെ മാലിന്യങ്ങൾ നിയന്ത്രിക്കലും നിർമാർജനം ചെയ്യലുമുൾപ്പടെയുള്ള പ്രവർത്തനങ്ങൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ദൈനംദിന പ്രവർത്തനം എന്ന നിലയിൽ നടത്തിവരുന്നു.ജീവിതശൈലി രോഗബോധവത്കരണം,രക്തദാന ബോധവത്കരണം,അവയവദാന ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു.വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ലക്ഷ്യമാക്കിയുള്ള വിവിധ ക്ലാസുകളും ബോധവത്കരണ പരിപാടികളും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.

2. കരിയർ ഗൈഡൻസ് സെൽ


വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ,ഉന്നതപഠന സാധ്യതകൾ,വിദേശതൊഴിലവസരങ്ങൾ ,പ്രവേശന പരീക്ഷകൾ,പ്രമുഖ വിജ്ഞാന കേന്ദ്രങ്ങൾ-കലാലയങ്ങൾ എന്നിവയെക്കുറിച്ച് ദിശാബോധം നൽകുന്നതിന് ഹയർ സെക്കന്ററി തലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് കരിയർ ഗൈ‍ഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെൽ.mതോന്നയ്ക്കൽ എച്ച്.എസ്.എസ് ൽ 2006-07 മുതൽ കരിയർ ഗൈ‍ഡൻസ് സെൽ പ്രവർത്തിച്ചു വരുന്നു. ഈ സ്കൂളിലെ പഠനകോംബിനേഷനുകളായ സയൻസ്,കൊമേഴ്സ്, എന്നിവയുമായി ബന്ധപ്പെട്ട ഉന്നതപഠന സാധ്യതകളും വിവിധ തൊഴിൽ മേഖലകളും പരിചയപ്പെടുത്തുന്ന അനവധി പ്രവർത്തനങ്ങളും ക്ലാസുകളും എല്ലാവർഷവും നടത്താറുണ്ട്. തൊഴിൽ സാധ്യതകൾ,വ്യക്തിത്വ വികസനം,പഠനതന്ത്രങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന വായനസാമഗ്രികൾ ഉൾപ്പെടുത്തി കരിയർ കോർണർ പ്രവർത്തിച്ചു വരുന്നു.


3. സൗഹൃദ ക്ലബ്ബ്


കരിയർ ഗൈഡൻസ് സെല്ലിന് അനുബന്ധമായി 2011 മുതൽ പ്രവർത്തിക്കുന്ന സംവിധാനമാണ് സൗഹൃദ ക്ലബ്ബ്.കുട്ടികൾ തമ്മിൽ ആരോഗ്യകരമായ സൗഹൃദം വളർത്തുക,അധ്യാപക-വിദ്യാർത്ഥി ബന്ധം ദൃഢമാക്കുക,വിദ്യാർത്ഥികൾക്ക് അവരുടെ കൗമാരകാലത്തെ ശാരീരികവും മാനസികവുമായ സവിശേഷതകളെക്കുറിച്ച് അറിവും അത്തരം പ്രശ്നനങ്ങൾ ഉണ്ടായാൽ അതിജീവിക്കുന്നതിനുള്ള സഹായങ്ങളും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നത്
സൗഹൃദക്ലബ്ബിന്റെ പ്രവർത്തന സൗകര്യത്തിനായി എല്ലാ ക്ലാസുകളിൽ നിന്നും നിശ്ചിതഎണ്ണം വോളണ്ടിയർമാരെയും ഓരോ ക്ലാസിലും രണ്ട് സൗഹൃദലീഡർമാരെയും (1M 1F)നിയമിച്ചിട്ടുണ്ട്.ലീഡർമാർക്ക് ഡയറക്ടറേറ്റ് വിപുലമായ പരിശീലനം നൽകുന്നുണ്ട്.
ഹയർ സെക്കന്റണ്ടറി വിദ്യാർത്ഥികളുടെ അമ്മമാരെ ബോധവത്കരിക്കാൻ "അമ്മഅറിയാൻ "എന്ന പേരിൽ പരിശീലന പരിപാടി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു. .മാനസികാരോഗ്യം,പ്രത്യുല്പാദനപരമായ ആരോഗ്യം എന്നിവയെ സംബന്ധിച്ച ക്ലാസുകൾ എല്ലാ വർഷവും കുട്ടികൾക്കു വേണ്ടിയും സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാൻ സൗഹൃദക്ലബ്ബിന്റെ ഭാഗമായDROP BOX സ്ഥാപിച്ചിട്ടുണ്ട്. അതുവഴിയും അല്ലാതെയും ശ്രദ്ധിക്കപ്പെടുന്ന പ്രശ്നങ്ങൾ അവയുടെ ഗൗരവത്തിനനുസരിച്ച് അധ്യാപകർ, കൗൺസിലർമാർ,ചൈൽഡ് ലൈൻ ,മഹിളസമഖ്യസൊസൈറ്റി തുടങ്ങിയവയുടെ സഹായത്തോടെ പരിഹരിച്ചു വരുന്നു. എല്ലാ വർഷവും നവംബർ 20സൗഹൃദദിനമായി ആചരിക്കുകയും അതോടനുബന്ധിച്ച് കുട്ടികൾക്ക് ജീവിതനൈപുണ്യ വികസനശില്പശാല, സ്കിറ്റ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.