ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാത്രി മഴ

Schoolwiki സംരംഭത്തിൽ നിന്ന്
 രാത്രി മഴ     

 മലർ തൻ മുഖത്തെ തഴുകി തലോടുമാ
മാരുതനിന്നെൻ ജനാലയിൽ വന്നു മുട്ടീ
രാവിൻ കുടക്കീഴിൽ ആടിത്തിമിർത്തിടാൻ
കൂട്ടായ് കടന്നെത്തിയിന്നീ മഴ
 ഇരുളിൻമുഖംമൂടി മിന്നലിൽ
നീക്കിയിട്ടിന്നെൻ ജനാലയിൽവന്നുമുട്ടീ
ആടുമാശിഖരത്തിനാർപ്പുവിളികളോ
ഇടിതൻ ഗർജ്ജനത്തിലലിഞ്ഞുപോയ്
 മഴവില്ലിൻ വർണാഭയില്ലാതെ രാവിതിൻ
മഴതൻ മുഖംമൂടി വീണതില്ലാ
കൊഴിയുന്നയിലകളെത്തടയാതെയിന്നിതാ
ഈ മഴ താനേ ഉറച്ചുപെയ്തൂ
 നിദ്രതന്മായാകരങ്ങളിൽ താണവരാ -
രുമീവേളയറിഞ്ഞതില്ല
രാവിൻ നിശബ്ദത കീറിമുറിച്ചുകൊ-
ണ്ടിന്നീമഴ നിന്നുപെയ്തുപോയീ
 ആരും ഭയക്കുന്ന ഘോരസ്വരങ്ങളാൽ
ലോകം മുഴുവൻ വിറച്ചുപോയ് മഴതൻ
വികൃതികൾ കൺകളാൽ നോക്കി ഞാൻ
തനിയേ രസിച്ചങ്ങിരുന്നു പോയീ
 എന്റെ ജനാല ഞാൻ മെല്ലെ തുറന്നപ്പോൾ
മാരുതൻ എൻ മുഖത്തിൽ തലോടീ
മഴതൻ ജലകണമിന്നെൻ മുഖത്തെയോ
ഈറനണിയിക്കാൻ കടന്നുവന്നൂ
 ഇരുളിന്റെ ലോകമടക്കി ഭരിച്ചുകൊ-
ണ്ടിന്നീ മഴ തിമിർത്തങ്ങു പെയ്തൂ
അറിയാതെ ഞാനുമാ മഴയുടെ ശോഭയിൽ
നിർന്നിമേഷയായ് നിന്നുപോയീ
 ഗഗനമാസകലമായ് തിങ്ങി നിറഞ്ഞൊരാ
താരകമെങ്ങോ മറഞ്ഞുപോയീ
മഴതൻറെ മായക്കരത്തെ ഭയന്നിതാ
ചന്ദ്രനുമെങ്ങോ മറഞ്ഞുപോയീ
 വാനത്തിലെവിടെയോ വെള്ളിവെളിച്ചവുമാ
യിതാ അരുണൻ ഉദിച്ചുയർന്നൂ
സൂര്യന്റെ കിരണങ്ങളേറ്റോരാ വർഷമോ
മുകിലിൻ ചിറകിലൊളിച്ചുനിന്നൂ
 പെട്ടെന്നു ഞാനാ വർഷലോകം
വെടിഞ്ഞെന്റെ ലോകത്തിൽ തിരിച്ചുവന്നൂ
എങ്കിലും മഴയുടെ വിസ്മയക്കാഴ്ചകൾ
എൻ ഹൃദയത്തിലൊരു സാഗരമായി!!!!

ദിയ ബി എ
10F ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത