ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ജൂനിയർ റെഡ് ക്രോസ്
മഹാനായ ജീൻഹെൻട്രി ഡ്യൂണന്റ് രൂപം കൊടുത്ത അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയാണ് റെഡ് ക്രോസ്. ദുരിതം അനുഭവിക്കുന്നവർക്കും, നിരാലംബർക്കും കൈത്താങ്ങായി കൂടെ നിൽക്കാൻ കുട്ടികൾക്കു വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ്. ദുരിതാശ്വാസം, ആതുരസേവനം, ജീവകാരുണ്യം, നേത്രദാനം, മാതൃശിശു സംരക്ഷണം, രക്തദാനം, രക്തസംഭരണം തുടങ്ങി നാനാമേഖലകളിൽ ഇന്ന് റെഡ് ക്രോസും, ജുനിയർ റെഡ് ക്രോസും പ്രവർത്തിക്കുന്നു.റെഡ് ക്രോസ് ആംബുലൻസ് നിരാലംബർക്ക് സൗജന്യമായും മറ്റ് സർവ്വീസുകളിൽ നിന്ന് കുറഞ്ഞ നിരക്കിലും സേവനം നടത്താൻ കഴിയുന്നു. “I SERVE” എന്ന ആപ്തവാക്യം എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്രസൗഹൃദം ഇവയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ. ഇതിലൂടെ സേവനസന്നദ്ധരായ ഒരു തലമുറ വാർത്തെടുക്കുകയാണ്.
ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ജെ. ആർ. സി. യുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണപരിപാടികൾ, റാലികൾ, ചർച്ചാ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. ലഹരി മരുന്നിനെതിരെ, ട്രാഫിക് നിയമപാലനം, ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം ഇവയ്ക്കു വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ, പ്രഥമ ശുശ്രൂഷ നൽകൽ, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ശ്രീ. ഷാജി , ജെ. ആർ. സി. കൺവീനറായി പ്രവർത്തിക്കുന്നു.