ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശ‍ുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധശേഷി

ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന കടകങ്ങളാണിവ . ഒന്നിനും സമയം ഇല്ലായെന്ന് പരാതിപ്പെടുന്ന ആധുനിക മനുഷ്യൻ ദിവസം അല്പനേരമെങ്കിലും തന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അഥിതി രോഗങ്ങളെ സ്വീകരിച്ചേ മതിയാകൂ .

മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്കു പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നതു സവിശേഷ പ്രാധാന്യമർഹിക്കുന്നു . പത്തു വർഷങ്ങൾക്ക് മുൻപുള്ള ജീവിതരീതികളിൽനിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ . പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വക്താക്കളായി മലയാളികൾ മാറിക്കൊണ്ടിരിക്കുകയാണ്. യുവത്വത്തിന്റെ ആരംഭദശയിൽ തന്നെ നല്ലൊരു വിഭാഗം ആൾക്കാർ അമിതവണ്ണം , പ്രമേഹം , ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ ,കൊളെസ്ട്രോൾ ,എന്നിവക്കടിമപ്പെടുന്നു . ക‍ൃശസുന്ദരികളാകാൻ (slim beauty ) മോഹിച്ചു ഇന്ന് പല യുവതീയുവാക്കള‍ും അകാലവാർധക്യത്തിന്റെ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ് .ഇന്ന് പരസ്യവിപണി ശ്രദ്ധിച്ചാൽ മനസ്സിലാകും പണ്ട് സോപ്പുകളും തുണിത്തരങ്ങളും കയ്യടക്കി വാണിരുന്ന പരസ്യമേഖലയിൽ ഇന്ന് തെളിയുന്നത് ആരോഗ്യവർധകവസ്തുക്കളുടെയും വണ്ണം കുറക്കാനുള്ള മരുന്നുകളയുടെയും വാഗ്ദാനപ്പെരുമഴയാണ് . എന്നാൽ ആരോഗ്യസംരക്ഷണത്തിന്റെ ലേബലിൽ ഇവയിൽ പലതും പരീക്ഷിച്ചു 'ഇടിവെട്ടേറ്റവന് പാമ്പുകടിയേറ്റ ' അവസ്ഥയാണ് .

ആരോഗ്യ സംരക്ഷണ മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായുള്ള ധാരാളം കാരണങ്ങളുണ്ട് . ഇന്നത്തെ മലയാളികളിൽ ഭൂരിഭാഗം പേരും ഭക്ഷണപ്രിയരാണ് .വിശക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളം നാവിനു രുചിയേറിയ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് പതിവ് . ഈ ശീലം മാറ്റേണ്ടതുണ്ട് . കഴിവതും തന്റെ പ്രായത്തിനനുസരിച്ചുള്ള പോഷകപ്രദമായ ഭക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക .കഴിവതും കലോറി കൂടിയ എണ്ണയിൽ വറുത്ത പദാർത്ഥങ്ങൾ ,മാംസഭക്ഷണം എന്നിവ ഒഴിവാക്കുകയും ധാന്യത്തിനും പച്ചക്കറിക്കും കൂടുതൽ പ്രാധിനിത്യം നൽകുന്നതാണ് നല്ലതു .ആരോഗ്യമുള്ള ശരീരത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നാണ് വ്യായാമം .ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റെങ്കിലും വ്യായാമത്തിനായി ചെലവഴിച്ചിരിക്കണം .ദിവസേനയുള്ള നടത്തം ഒരു നല്ല വ്യായാമശീലമാണ് . എന്തെങ്കിലും വിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ വ്യായാമത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും .

ഭാരതീയ സംസ്‌കൃതി ലോകജനതക്കായി സമർപ്പിച്ച യോഗ ,ധ്യാനം ,പ്രാണായാമം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യപരമായ വ്യക്തിത്വത്തിന്റെ വളർച്ചയിലേക്കുള്ള വീഥിയാണ് .ശാരീരികവും മാനസികവുമായ സദ്പ്രയോജനങ്ങൾ സംഭാവന ചെയ്യുന്ന ഈ ശീലങ്ങൾ തീർത്തും പാർശ്വരഹിതമായ ചികിത്സാരീതികൾ കൂടിയാണ് .ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കുവാൻ ഈ ശീലങ്ങൾ ഒരു വ്യക്തിയെ സഹായിക്കുന്നു . ശാരീരികാരോഗ്യം പോലെ വളരെ അധികം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും . പരിസ്ഥിതിയും വീടും വൃത്തിയാക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് ആരോഗ്യം ലഭിക്കുകയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുകയും ചെയ്യും . ഇപ്രകാരം ചെയ്തു എല്ലാപേരും ആരോഗ്യവാന്മാരായി ജീവിക്കുക .

അഖില ആർ.ജി.
10B ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം