ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് "ഇമ്മ്യൂണോളജി". രോഗപ്രതിരോധസംവിധാനത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇമ്യൂണോളജി. രോഗപ്രതിരോധശേഷിയെപ്പറ്റിയുള്ള ആദ്യത്തെ പരാമർശം ബി.സി. 430-ലെ ഏഥൻസിലെ പ്ലേഗിനോടനുബന്ധിച്ചാണ് ഉണ്ടായത്. പതിനെട്ടാം നൂറ്റാണ്ടിൽ തേളിന്റെ വിഷം കൊണ്ട് പരീക്ഷണം നടത്തിയ പിയറി ലൂയിസ് മൗപ്പർടൂയിസ് ചിലയിനം നായ്ക്കൾക്കും എലികൾക്കും ഇതിനെതിരേ പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ പ്രതിരോധക്കുത്തിവയ്പ്പ് സംബന്ധിച്ച തന്റെ പരീക്ഷണങ്ങളിലും രോഗാണുബാധമൂലമാണ് അസുഖങ്ങളുണ്ടാവുന്നതെന്ന സിദ്ധാന്ത‌ത്തിന്റെ (ജേം തിയറി ഓഫ് ഡിസീസ്) രൂപീകരണത്തിലും ലൂയി പാസ്ച്ചർക്ക് സഹായകമായിരുന്നു. 1981-ൽ റോബർട്ട് കോച്ച് കോച്ച്സ് പോസ്റ്റുലേറ്റുകൾ എന്ന തെളിവുകൾ മുന്നോട്ടുവച്ചപ്പോഴാണ് രോഗാണുക്കൾ രോഗമുണ്ടാക്കുന്നുണ്ട് എന്നത് തെളിയിക്കപ്പെട്ടത്. ഇതിന് കോച്ചിന് 1905-ൽ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധസംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. ബാക്ടീരിയകളെപ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്കുപോലും ബാക്ടീരിയോഫേജ് ഇനത്തിൽ പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ പോന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റുതരം രോഗപ്രതിരോധവ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ദ്ധമായ പ്രതിരോധസംവിധാനത്തിന്റെ പൂർവ്വരൂപങ്ങളെ ദർശിക്കാം. മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധസംവിധാനങ്ങളുണ്ട്. കുറച്ച് സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന സംവിധാനം (അക്വയേഡ് ഇമ്യൂണിറ്റി/ആർജ്ജിതപ്രതിരോധം) ഇതിനൊരു ഉദാഹരണമാണ്. ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെസംബന്ധിച്ച "ഓർമ" പ്രതിരോധസംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നുതന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു. പ്രതിരോധക്കുത്തിവയ്പ്പുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറ് ഈ സംവിധാനം സ്വശരീരത്തിനെതിരേ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാകാനും കാരണമാകും. കോശജ്വലനം, അർബുദങ്ങൾ രൂപപ്പെടൽ എന്നിവ രോഗപ്രതിരോധവ്യവസ്ഥയുടെ അപര്യാപ്തതകൊണ്ടാണ് ഉണ്ടാകുന്നത്. രോഗപ്രതിരോധസംവിധാനത്തിനു തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. ഈ തകരാറുകളെ രണ്ടായി വർഗീകരിക്കാം. പ്രതിരോധസംവിധാനത്തിന്റെ അമിതപ്രതികരണം മൂലമുണ്ടാകുന്ന രോഗങ്ങളും പ്രതിരോധവ്യവസ്ഥ ക്ഷയിക്കുന്നതുമൂലമുള്ള രോഗങ്ങളും. സ്വന്ത കോശങ്ങളെയും കലകളെയും അന്യവസ്തുവായിക്കണ്ട് ആക്രമിക്കുക വഴി പ്രതിരോധവ്യവസ്ഥ ശരീരത്തിനു ഹാനിയുണ്ടാക്കുന്നതാണു അമിതപ്രതികരണത്തിൽ സംഭവിക്കുന്നത്. റൂമാറ്റിക് സന്ധിവാതം, സിസ്റ്റമിക് ലൂപ്പസ് രോഗം, മയസ്തീനിയ പേശീരോഗം, ടൈപ്പ്-1 പ്രമേഹം തുടങ്ങിയ ഒരുപിടി രോഗങ്ങൾക്ക് ഈ അമിതപ്രതികരണം കാരണമാകുന്നു. മരുന്നുകളുടെ പാർശ്വഫലം മൂലമോ (ഉദാ:കോർട്ടിക്കോസ്റ്റീറോയ്ഡുകൾ) പ്രതിരോധകോശങ്ങളെത്തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ (ഉദാ:എച്ച്.ഐ. വി ) ചില ജനിതകത്തകരാറുകൾ മൂലമോ ഒക്കെ രോഗപ്രതിരോധവ്യവസ്ഥ ക്ഷയിക്കാം. ആരോഗ്യമുള്ള സാധാരണ അവസ്ഥകളിൽ നിസാര അണുബാധകളായി വന്ന് പോകുന്ന രോഗങ്ങൾ പോലും അത്തരക്കാരിൽ ആവർത്തിക്കുന്നതും മാരകമായ രോഗങ്ങളായി പരിണമിക്കaവുന്നതും ആണ് . ഇത്തരം അവസ്ഥകളെ പ്രതിരോധാപക്ഷയ രോഗങ്ങൾ എന്ന് വിളിക്കുന്നു.


സഫ നൌഷാദ്
+2 Commerce ഗവ. വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം