ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/അല്പം ചില നാട്ടു വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അല്പം ചില നാട്ടുവിശേഷങ്ങൾ

കാത്ത് കാത്തിരുന്ന വേനലവധി ഇത്തവണ നേരത്തെവന്നതിൽ,എല്ലാവരേയും പോലെ ഞാനും സന്തോഷത്തിൽ തന്നെയാണ്.ലോകം മുഴുവൻ ദു:ഖിച്ചിരിക്കുമ്പോൾ ഞാനിങ്ങനെചിന്തിക്കുന്നത് അവിവേകമാണെന്ന് എനിക്കറിയാം .നമ്മുടെ ലോകത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.അതിൽ സംശയമില്ല. അതു പോട്ടെ ഞാൻ സന്തോഷത്തിലാണെന്ന് നേരത്തെ പറഞ്ഞില്ലേ കാരണമെന്തെന്നോ ...
അതാണ് പറയാൻ പോകുന്നത് ഞാനിവിടെ നിങ്ങൾക്ക് ഒരു നാടിനെ പരിചയപ്പെടുത്തുകയാണ്.
"ചന്ദ്രകളഭംചാർത്തിയുറങ്ങുംതീരം ഇന്ദ്രധനുസ്സിൻ തൂവൽകൊഴിയും തീരം"എന്ന് വയലാർ പാടിയ പോലൊരു ഗ്രാമം. ഈ അവധിക്കാലത്ത് ഞാനിപ്പോൾ എൻെറ അമ്മയുടെവീട്ടിലാണ്.
അത്,എവിടെയാണന്നല്ലേ...കൊല്ലം ജില്ലയിൽ പൂതക്കുളത്തിനടുത്ത് 'നെല്ലേററിൽ'എന്ന കൊച്ച് ഗ്രാമം..പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച അതിസുന്ദരമായ ഗ്രാമം. മൂന്ന് വശവും കായലാൽ ചുററപ്പെട്ട ഈ നാടിനെ കുറിച്ച് വർണിക്കാൻ തുടങ്ങിയാൽ ആരും എഴുത്തുകാരായി പോകും. ഞാനും ഒന്നു ശ്രമിക്കട്ടെ വർണിക്കാനല്ല വിവരിക്കാൻ....
ഞങ്ങളുടെ വീട്ട്പുരയിടത്തിൻെറ താഴെ തെങ്ങിൻതോപ്പാണ് ഈ തെങ്ങിൻ തോപ്പ് കഴിഞ്ഞാൽ ഒരു തോടുണ്ട്.ഈ തോട്ടിൽ മഴക്കാലത്ത് വെളളം നിറയുമെന്നും അത് കായലിലേക്ക് ഒഴുകിച്ചേരുമെന്നും അപ്പുപ്പൻ പറഞ്ഞു തന്നു.അത് പോലെ ഈ തെങ്ങിൻത്തോപ്പിനടുത്തുളള കുന്നിൻെറ വശങ്ങളിലായി ഒന്ന് രണ്ട് നീരുറവച്ചാലുകൾ കണ്ടു.അതിനെ തൂമ്പെന്നാണ് അവിടെങ്ങളിൽ വിളിക്കുന്നത്.എന്ത് തണുപ്പാണെന്നോ ആ തൂമ്പിലെ വെളളത്തിന്...ഫ്രിഡ്ജിലെ വെളളത്തിനെക്കാൾ തണുപ്പാണെന്നേ...വേനൽക്കാലത്തും അത് വററാറില്ല.
കായൽത്തീരത്ത് കൂടി നടക്കാൻ നല്ല രസമാണ് കേട്ടോ..ഓളപ്പരപ്പിലൂടെ തലമാത്രം കാണിച്ച് നീന്തി പോകുന്ന ഒരു തരം പക്ഷികളെ ആ കായലിൽ കണ്ടു....നീർക്കാക്ക എന്നാണ് അതിൻെറ പേര്..കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്,ചെമ്പോത്ത്,തത്തകൾ,കാക്കത്തമ്പുരാട്ടി,ഇരട്ടത്തലച്ചി,മഞ്ഞക്കിളി,എന്നിങ്ങനെ പേരറീയാത്തതും അറിയുന്നതുമായ നിരവധി പക്ഷികളെയും അവിടെ കാണാൻ കഴിഞ്ഞു.
'നെല്ലേററിൽ'ഗ്രാമത്തെ ചുററി കാണപ്പെടുന്നത് ഇടവാനടയറക്കായലാണ്.കായലിനക്കരെ.കാപ്പിലാണ്.റോഡ്മാർഗം ഇവിടെനിന്നും പുറത്തേക്ക് ഒരുവഴിയെയുളളൂ.അല്ലെങ്കിൽ കടത്തുകടന്ന് അക്കരെ കാപ്പിൽ വഴിയാണ് യാത്രാമാർഗം.പഞ്ചായത്ത് വക കടത്ത് സർവീസ് അരമണിക്കൂർ ഇടവിട്ടുണ്ട്.കാപ്പിലേക്കും അവിടെ നിന്നും നെല്ലേററിലേക്കും ഉണ്ട്.ചുരുക്കത്തിൽ യാത്രാസൗകര്യം വളരെ കുറവെന്നർത്ഥം.അതു പോട്ടെ .ബസ് സർവീസ് കുറവെങ്കിൽ അത്രയും നല്ലത് അതിൽ കുറച്ചല്ലേ വായുമലിനീകരണം ഉണ്ടാകൂ.
കായലിൻെറ തീരത്ത് മൂന്ന് വശങ്ങളിലും പച്ച നിറത്തിൽ കസവിട്ടപോലെ പീലീവിരിച്ചാടുന്ന തെങ്ങിൻത്തോപ്പുകൾ ഹാ! എത്ര മനോഹരമായ കാഴ്ചയെന്നോ....അതു കാണാൻ..... കരിമീൻ,തേട്,പരിച്ചീൽ, കുററ തുടങ്ങിയ നിരവധി മീനുകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മത്സ്യ സമ്പത്ത് പണ്ടത്തെ അത്രത്തോളം ഇല്ലെന്നാണ് അപ്പുപ്പൻ പറഞ്ഞത്.അത് പോലെ കക്കകളും.... ഒരു കാലത്ത് കക്കവാരൽ ഇവിടത്തെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു.കക്ക നീററി കുമ്മായം ഉണ്ടാക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇന്നും ഇവിടെ കക്ക നീററുകയും കുമ്മായം,ചുണ്ണാമ്പ് എന്നിവ കയററി അയക്കുകയും ചെയ്യുന്നുണ്ട്.
കായൽത്തീരത്തായി നിരവധിയിനത്തിലുളള കണ്ടൽച്ചെടികളും ഒതളങ്ങ എന്ന വിഷച്ചെടിയുമുണ്ട്. വിവിധമതവിഭാഗക്കാർ വളരെ സൗഹൃദമായി കഴിയുന്ന ഈ ഗ്രാമത്തെകുറിച്ച് എത്രവർണിച്ചാലും മതി വരില്ല.കായലിൽ നീന്തിപഠിപ്പിക്കുമോ എന്ന് ഞങ്ങൾ അപ്പുപ്പനോട് ചോദിച്ചപ്പോൾ കായലിനിപ്പോൾ ആഴം കൂടുതലാണെന്നും മണലൂററ് കാരണം അഗാധമായ ഗർത്തങ്ങൾ കായലിൽ ഉണ്ടെന്നും കുക്കമ്മ പറഞ്ഞു തന്നു. കുക്കമ്മ എന്നാൽ എൻെറ കുഞ്ഞയാണ് കേട്ടോ.. അതു പോലെ ഈ കായൽ തീരത്തുകൂടി ഒരു പാട് ദൂരം മുമ്പൊക്ക നടക്കാമായിരുന്നെന്നും ഇപ്പോൾ ഓരോരുത്തരും അവരവരുടെ പുരയിടത്തിൽ വലിയ-വലിയ മതിലുകൾ കെട്ടിയടച്ചെന്നും കുക്കമ്മ പറഞ്ഞു.മനസുകൾ തമ്മിൽ കെട്ടുന്ന വേലി പുരയിടങ്ങൾ തമ്മിൽ ഉണ്ടാകുന്നു..പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യൻെറ അതിമോഹം നമ്മുടെ കായലുകളെയും പരിസ്ഥിതിയെയും തന്നെ നശിപ്പിക്കും.അത് പരിസ്ഥിതിയുടെനാശത്തിനോ,നമ്മുടെയെല്ലാവരുടെയും സർവനാശത്തിനോ തന്നെ കാരണമാകുന്നു.
നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.അതിൻെറ കാവലാളാകാം...അതിനായി പ്രതിഞ്ജയെടുക്കാം ഇല്ലെങ്കിൽ ഇത്ര സുന്ദരമായ ഗ്രാമ പ്രദേശങ്ങൾ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാകും.

ദേവനാരായണൻ എസ്
7 B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം