ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
| Home | 2025-26 |
എസ് പി സി കുട്ടിപാവകൾ ദേശീയ ശ്രദ്ധയിലേക്ക്

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച അതിജീവനത്തിന്റെ കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്.എസ്.പി.സി.പാഠ്യപദ്ധതിയുടെ ഭാഗമായ സ്‌കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് കേഡറ്റുകൾ കുട്ടിപ്പാവകൾ തയ്യാറാക്കിയത്. ജില്ലാ ശുചിത്വ മിഷൻ അസി.കോർഡിനേറ്റർ ശ്രീമതി.സുജ സ്‌കൂളിൽ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ സ്വചിതാഹി സേവാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് കുട്ടി പാവകളുടെ വിജയ കഥ സംസ്ഥാന ശുചിത്വ മിഷൻ റിപ്പോർട്ട് ചെയ്യും. കേഡറ്റുകൾ തയ്യാറാക്കിയ നൂറു കണക്കിന് പാവകൾ വിൽപന നടത്തി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്‌കൂൾ പി.റ്റി.എ യ്ക്ക് കൈമാറും. കാർബൻ ന്യൂട്രൽ വിതുര ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ചു വരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് കുട്ടി പാവകളുടെ നിർമ്മാണം.
പ്ലാസ്റ്റിക്കിനു പകരം മിനിലൈബ്രറി
2025-26 അക്കാഡമിക് വർഷത്തെ എസ്.പി.സിയുടെ ആദ്യത്തെ പരിപാടി സമൂഹ നന്മയ്ക്ക് ഊന്നൽ നല്കികൊണ്ടുള്ള നല്ലൊരു മാതൃകാ പ്രവർത്തനം ആണ്. കഴിഞ്ഞ ശിശുദിനത്തിൽ വിതുര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭയിൽവെച്ചു വിതുര ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡററ്റുകൾ നൽകിയ ഇക്കോ ബ്രിക്സ് ചലഞ്ച് വിതുര ഗവ. യു.പി.എസിലെ സോഷ്യൽ സർവീസ് അംഗങ്ങൾ ഏറ്റെടുത്തു. ഇതിനുള്ള പ്രതിഫലമായി സീനിയർ ബാച്ച് എസ്.പി.സി. കേഡറ്റുകൾ സ്കൂളിൽ മിനി ലൈബ്രറി സജ്ജീകരിക്കാനുള്ള പുസ്തകങ്ങൾ സമ്മാനം നൽകി. വിദ്യാർത്ഥികൾ മധ്യവേനലവധിക്കാലത്ത് ലഭിച്ച ഒഴിവുസമയം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു ഇക്കോ ബ്രിക്കുകൾ തയ്യാറാക്കി ആർട് വർക്ക് ചെയ്തു മനോഹരമാക്കി സ്കൂളിൽ എത്തിച്ചു. ഇവ ഉപയോഗിച്ച് ബെഞ്ച്, ചട്ടികൾ തുടങ്ങിയവ ഉണ്ടാക്കാൻ സാധിക്കും. വിതുര ഗവ. ഹൈസ്കൂളിലെ എസ്.പി.സി. കേഡറ്റുകൾ സ്‌കൂളിന് പുറത്തു ചെയ്തു നൽകുന്ന മൂന്നാമത്തെ മിനി ലൈബ്രറിയാണിത്. അൻപതു പുസ്തകങ്ങൾ അടങ്ങുന്ന പറവ മിനി ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ കണ്ടെത്തിയതും എസ്.പി.സി. കേഡറ്റുകൾ തന്നെയാണ്.