ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/നൊമ്പരപ്പാടുകൾ
നൊമ്പരപ്പാടുകൾ
അന്നത്തെ സൂര്യൻറെ സിന്ധൂര വർണ്ണ ത്തിന് രക്ത ക്കറയുടെ കരിവാളിപ്പായിരുന്നു. അന്നത്തെ കാറ്റിന് മരണത്തിന്റെ ഗന്ധമായിരുന്നു. ഓരോ നിമിഷവും ഭീതിയോടെയല്ലാതെ തള്ളിനീക്കാൻ ആകുമായിരുന്നില്ല, ആ ദിനങ്ങൾ........ മുൾക്കിരീടവു മായി അതിവേഗ വ്യാപന ശേഷിയുള്ള കൊറോണ എന്ന അദൃശ്യ രാക്ഷസന്റെ പൈശാചിക താണ്ഡവത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നു. അന്താരാഷ്ട്ര മനുഷ്യൻറെ അതിർത്തികളി ല്ലാത്ത സഞ്ചാര പഥങ്ങളിലൂടെ കൊറോണ എന്ന വൈറസ് ചക്രവർത്തി മനുഷ്യ സാമ്രാജ്യങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. ലക്ഷങ്ങൾ നക്ര ശ്വാസം വലിച്ച് പിടഞ്ഞു വീഴുന്നത് കണ്ട് പകച്ചു നിൽക്കുന്ന മനുഷ്യനെ നോക്കി കുഞ്ഞൻ ഭീകരൻ സർവ്വസംഹാര ശേഷിയും പ്രയോജനപ്പെടുത്തി മനുഷ്യനെ നിഗ്രഹിക്കാൻ വേണ്ട പഴുതുകളില്ലാത്ത തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേയിരിക്കുന്നു .ശാസ്ത്രത്തിൽ ഇതിനെ മ്യൂട്ടേഷൻ എന്നു പറയുന്നു. ആതിഥേയ ശരീരത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ജീവൻ കൈവരിച്ച അസുരവിത്ത് മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ തകർത്ത് മൃത്യുവിന്റെ വെന്നിക്കൊടി വാഹകരായി വിലസുന്നു.കാലത്തിൻറെ പരിണാമ പ്രക്രിയയിൽ മനുഷ്യരുടെ ഉന്മൂലനം ആണോ ഈ ഉഗ്രമൂർത്തിയുടെ ലക്ഷ്യം........!! പണ്ട് പരീക്ഷത്ത് രാജാവ് മരണത്തെ ഭയന്ന് ഒളിച്ച കഥപോലെ കൊറോണഫോബിയയിൽ ജനങ്ങൾ വീടുകളുടെ അകത്തളങ്ങളിൽ 'ബ്രേക്ക് ദ ചെയിൻ' പാലിച്ച് കഴിഞ്ഞുകൂടുന്നു.2020 മാർച്ച് 24-നായിരുന്നു ഇന്ത്യ കൊറോണക്ക് നേരേ ലോക് ഡൗൺ പ്രതിരോധ തന്ത്രം പ്രയോഗിക്കുന്നത്. അതിനും ഒരു ദിവസം മുൻപേ കേരളം ഈ തന്ത്രം പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. കൊറോണ യുടെ സമൂഹ വ്യാപനം തടയാൻ അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. തൊഴിലിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം നിശ്ചലമായി. ഇലയനക്കം ഇല്ലാത്ത കളിക്കളങ്ങൾ. ആരാധനാലയങ്ങളും ആൾദൈവങ്ങളും അന്യമായി. മതമില്ല ജാതിയില്ല വൈരമില്ല. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചുപൂട്ടി. അന്താരാഷ്ട്ര മനുഷ്യൻ പ്രതിയോഗിയെ എതിരിടാൻ കഴിയാതെ ഓടിയൊളിച്ച വ്യാളി കളെ പോലെ സ്വന്തം കൂരകൾക്കുള്ളിൽ........!!! ഭരണകൂടവും ആരോഗ്യപ്രവർത്തകരും ശാസ്ത്രലോകവും പോലീസും സന്നദ്ധസംഘടനകളും അകലാതെ അകന്നു കൊണ്ട് പ്രതിരോധത്തിന്റെ മതിൽക്കെട്ടുകൾ ശക്തമാക്കാൻ അക്ഷീണം പ്രയത്നിച്ചു . അവർക്കു ശക്തിപകരാൻ നാടെങ്ങും ഭേദചിന്തകൾ മറന്ന് 'ലോകാസമസ്താസുഖിനോഭവന്തു' എന്ന മന്ത്രം ഏറ്റുചൊല്ലി. പുതിയൊരു സംസ്കാരത്തിന് ചുവടുമാറ്റത്തി ലേക്കുള്ള തയ്യാറെടുപ്പ്.പണത്തെക്കാളും പ്രൗഢിയെക്കാളും വില മതിക്കേണ്ടത് തന്റെ നിലനിൽപ്പിനാധാരമായ പ്രപഞ്ചമാണെന്നും മണ്ണും വിണ്ണും ജലവും ജീവനും ചേർന്ന ആവാസ വ്യവസ്ഥിതി യിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ ഉന്മൂലനം ആസന്നമാക്കുന്നുവെന്ന തിരിച്ചറിവുകളുടെ നാളുകൾ. അങ്ങനെ കൊറോണ കാലത്തിന്റെ ഓർമകളിലൂടെ അവളുടെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞു പിന്നെ അമ്മയുടെ ഓർമ്മകളിലേക്കും............ഇന്ന് അമ്മയുടെ ഓർമ്മ ദിവസം 16 വർഷം മുൻപ് അമ്മ നമ്മളിൽ നിന്നും ഈ ലോകത്തിൽ നിന്നും പോയി. അന്ന്. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം തന്നെയാണ്. അമ്മയെ ഒരു നോക്ക് കാണാതെ ഒന്നു മുത്തം വയ്ക്കാതെ....... മരണംവരെ തന്റെ ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനായിരുന്നു അമ്മ വില കൽപിച്ചിരുന്നത്. അവരുടെ ജീവനായി പൊരുതി അവസാനം സ്വയം ബലിയാടായി......... അമ്മ മരിക്കുന്നതിനു മുൻപ് അവസാനമായി കണ്ടത് ആശുപത്രിയുടെ വരാന്തയിൽ മുഖാവരണം അണിഞ്ഞ്, കൈയ്യുറകൾ ധരിച്ച് , കോട്ടുമിട്ട് നിറയുന്ന കണ്ണുകളുമായി........... അമ്മയുടെ നിറയുന്ന കണ്ണുനീർ തുള്ളികൾക്ക് കനൽച്ചൂടിന്റെ പൊള്ളലാണെന്ന് ഞാനറിഞ്ഞത് പിന്നെയും വൈകിയാണ്. അമ്മയുടെ ഗദ്ഗദങ്ങളിൽ കുടുങ്ങിയ ശബ്ദങ്ങൾ പൂർത്തിയാക്കാനാകാതെ പോയ കനവുകളുടെ നിലയ്ക്കാത്ത നിലവിളിയായിരുന്നുവെന്ന് അച്ഛനിലൂടെ അമ്മയെ അറിഞ്ഞ ഞാൻ ഇന്നു മനസ്സിലാക്കുന്നു. അന്ന് അമ്മയെ അവസാനമായി കണ്ട നാൾ. അമ്മയുടെ അടുക്കലേക്ക് ഓടിച്ചെന്ന് ആയിരം മുത്തങ്ങൾ നൽകാൻ എന്റെ കുഞ്ഞു മനസ്സ് വെമ്പൽ പൂണ്ടു. അരികിലേക്ക് വരാത്ത അമ്മയെ നോക്കി ഞാൻ അലമുറയിട്ടു. സങ്കടം സഹിക്കാനാവാതെ അച്ഛൻ വാപൊത്തി ഇരുന്നു. കണ്ടു നിന്നവരും പ്രകൃതിയും ഹൃദയ ഭേദകമായ ആ കാഴ്ചയിൽ സ്തബ്ധരായിട്ടുണ്ടാകണം ആ നിമിഷം ആ അവസാന നിമിഷം ഇന്നും എന്റെ മനസ്സിൽ നൊമ്പരപ്പാടായി മിന്നി മറയാറുണ്ട്. എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം .അമ്മമ്മയും ബാക്കിയുള്ളവരും നിലവിളിക്കുന്നു .അമ്മ ഇനി ഒരിക്കലും വരില്ല എന്ന നഗ്നമായ സത്യം അറിഞ്ഞ നിമിഷം ഞാൻ.... സ്തബ്ധയായിപ്പോയി. ആ കുഞ്ഞു മനസ്സിൽ നിന്ന് എന്തോ ഒന്ന് പറിച്ചു മാറ്റപ്പെട്ടതുപോലെ. വേർപാടിന്റെ വേദന ആദ്യമായറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ചയോളം ഞാൻ കരഞ്ഞു കാണും. പിന്നെയും ഒരുപാട് നാളുകൾ വേണ്ടിവന്നു വേദനയിൽ നിന്ന് മുക്തയാകാൻ. ഇന്നു ഞാൻ മനസ്സിലാക്കുന്നു .അമ്മ എന്നെ വിട്ടു പോയെങ്കിലും അമ്മയിലൂടെ ജീവിച്ച ഒരുപാട് പേർ ഈ ലോകത്തുണ്ട്. അവരിൽ ഞാൻ എന്റെ അമ്മയെ കാണുന്നു. ഇന്ന് ഞാൻ ഒരു നേഴ്സാണ്. അമ്മയുടെ മാനസികാവസ്ഥ ഇന്നെനിക്കറിയാം. എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടെങ്കിലും ഒരുപാട് പേർക്ക് ബന്ധുക്കളെ തിരിച്ചുകിട്ടി ഒരുപാട് കൂട്ടുകാർക്ക് കൂട്ടുകാരെ തിരിച്ചുകിട്ടി.ഒരുപാട് കുട്ടികൾക്ക് അമ്മമാരെ തിരിച്ചുകിട്ടി. എന്റെ അമ്മയിലൂടെ.......... പക്ഷെ എന്റെ അമ്മ മാത്രം............. അല്ല .എൻറെ മാത്രമല്ല..............
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |