ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1912ൽ പുല്ലാട് പ്രദേശത്തുള്ളവർ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോക്ടർ മിർച്ചൽ സായിപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ കെട്ടുവാൻ തയ്യാറായി. നാട്ടിലെ എല്ലാവരും ചേർന്ന് വലിയ അധ്വാനത്തിലൂടെ സ്കൂളിന് ആവശ്യമായ കെട്ടിടം ഉണ്ടാക്കി. ചെങ്ങന്നൂർ വിദ്യാഭ്യാസ റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂളിനെ സർക്കാരിലേക്ക് സ്വീകരിച്ചു. ഊന്നുപാറയ്ക്കൽ വൈദ്യൻ നാരായണപണിക്കർ, കൃഷ്ണപണിക്കർ, തെങ്ങും തോട്ടത്തിൽ ഇടിച്ചേനൻ നായർ ,വലിയകാലായിൽ ഗീവർഗീസ്, തച്ചിലേത്തു ചാണ്ടി എന്നിവരായിരുന്നു സ്കൂൾരൂപീകരണക്കമ്മറ്റിക്ക് നേതൃത്വംകൊടുത്തത്.നിയമാനുസൃതമായി എല്ലാ വിദ്യാർഥികൾക്കും പള്ളിക്കുടത്തിൽ ചേർന്ന് പഠിക്കാം. എന്നാൽ സവർണരെ മാത്രം വിദ്യാലയത്തിൽ പ്രവേശിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.സർക്കാർ വിളംബരം അട്ടിമറിച്ച് ഒരു വിഭാഗം മനുഷ്യരെ വിദ്യാലയത്തിൽ നിന്ന് അകറ്റിനിർത്തുന്നതിനെതിരെ തിരുവതാംകൂറിന്റെ പല ഭാഗങ്ങളിലും അയ്യങ്കാളിയുടെ ആശിർവാദത്താൽ അവകാശസമരങ്ങൾ ശക്തമായിക്കൊണ്ടിരുന്ന കാലം.പുല്ലാട്ടെ സ്കൂളിൽ അവശസമുദായത്തിൽപെട്ട കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെയും എതിർപ്പുകൾ ഉണ്ടായി. വൈദ്യൻ നാരായണ പണിക്കർ മാത്രമാണ് സാമൂഹ്യ വിരുദ്ധവും,മനുഷോചിതമല്ലാത്തതുമായ ഈ നടപടിക്കെതിരെ ശബ്ദിക്കുവാൻ സവർണപക്ഷത്തും നിന്നും ഉണ്ടായത്.

 വിദ്യാലയ പ്രവേശന സമരങ്ങളുടെ അലയൊലി അയ്യങ്കാളിയിൽ നിന്ന് ഉൾക്കൊണ്ട് ശ്രീമൂലം പ്രജാസഭാമെമ്പർ കൂടിയായ 

വെള്ളിക്കര ചോതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപ്രവർത്തനങ്ങൾ ആരംഭിച്ചു.എല്ലാ ജാതിക്കാരേയും സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ വീണ്ടും പുറപ്പെടുവിച്ചെങ്കിലും സവർണ മേധാവിത്വം കുലുങ്ങിയില്ല. സ്കൂൾ പ്രവേശനഉത്തരവിന്റ കോപ്പിയുമായി കുട്ടികളേയും കൂട്ടി സ്കുളിലെത്തിയ വെള്ളിക്കരചോതിക്ക് സ്കൂളിന്റെ വരാന്തയിൽ പോലും പ്രവേശനം ലഭിച്ചില്ല.

 കുട്ടികളെ സ്കൂളിൽ ചേർത്താൽ ദേഹോപദ്രവം ഏൽക്കുമെന്ന ഭയത്താൽ പാവപ്പെട്ട ദളിതർ കുട്ടികളെ ഒളിവിൽപാർപ്പിച്ചു.കൊച്ചുപറമ്പിൽ മൈലൻ എന്ന പുലയ സമുദായനേതാവ് സ്കൂൾ പ്രവേശനത്തിന് കുട്ടികളെ തേടി നടന്നു. തട്ടിൻപുറത്ത് ഒളിപ്പിച്ച് വെച്ചിരുന്ന തേവൻ എന്ന 

കുട്ടിയെ കിട്ടി .പൈങ്കൻ, തേവൻ, കിളിയൻ എന്ന മൂന്ന് കുട്ടികളേയും സ്കൂളിൽ ചേർക്കാൻ ലഭിച്ചു. തോർത്ത് മുണ്ടുടുപ്പിച്ച് സ്കൂളിലേക്ക് ഓരോരുത്തരെയായി അയച്ചു.നാല് കുട്ടികളും സ്കൂളിൽ പ്രവേശിച്ചു. കുട്ടികളെയും കൊണ്ട് രക്ഷകർത്താക്കളും സ്കൂൾ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും തിരിച്ചിറങ്ങിയപ്പോൾ അവരെ സ്വീകരിച്ചത് രൂക്ഷമായ കല്ലേറായിരുന്നു. തുണ്ടുപറമ്പിൽ തേവൻ എന്ന കുട്ടി പോലീസുകാരന്റെ തോളിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസുകാരന് നെറ്റിയിൽ ഏറ്കിട്ടി. അവശസമുദായക്കാരെ അതിരൂക്ഷമായി കൈയ്യേറ്റം ചെയ്തു.

വെള്ളിക്കര ചോതിയും സംഘവും അടങ്ങിയിരുന്നില്ല. അടിയ്ക്കടി എന്ന സമീപനം തന്നെ സ്വീകരിച്ചു. സവർണ്ണരുടെ അതിക്രമങ്ങളെ ഫലപ്രദമായി നേരിടുവാൻ സംഘടിത നീക്കത്തിന് ശക്തിയുണ്ടായി.അക്രമം, തീവെയ്പ്പ്, എന്നിവ പടർന്നു പിടിച്ചു.തിരുവനന്തപുരത്ത് നിന്ന് പട്ടാളം വന്നു. സർക്കാർ ഉത്തരവിന് അനുസൃതമായി അവശ സമുദായക്കാർക്ക് സംരക്ഷണം നൽകി. കുട്ടികൾ സ്കൂളിൽ കയറി പഠനം ആരംഭിച്ചു. സ്കൂൾ പ്രവേശനത്തെ എതിർത്ത യാഥാസ്ഥിതികർ സ്കൂളിന് തീവെച്ചു നശിപ്പിച്ചു.

വെളളിക്കര ചോതി, വൈദ്യൻ നാരായണപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾകെട്ടിടം പുതിയതായി പണികഴിപ്പിച്ച് ഈ പ്രശ്നം പരിഹരിച്ചു. ഇന്നത്തെപുല്ലാട് യു.പി.എസിലാണ് ഈ സമരം നടന്നത്. തീവെച്ച സ്കൂൾ എന്ന് ഇന്നും പ്രാദേശികമായി ആളുകൾ വിശേഷിപ്പിക്കുന്നു. കരിഞ്ഞ കടലാസുകളും ബഞ്ചുകളും പൂർവ സംഭവങ്ങളെ ഓർമ്മിപ്പിച്ച് വിദ്യാലയത്തിൽ ഉണ്ടായിരുന്നു. പ്രവേശനം ലഭിച്ച കുട്ടികളിൽ ഒരാൾ പിന്നീട് ടി.ടി.കേശവ ശാസ്ത്രി എന്ന പേരിൽ പ്രശസ്തനായി. തിരുക്കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തീർന്നു.

മധ്യതിരുവതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തെ നിർണായകമായി സ്വാധീനിച്ച ഈ സംഭവമാണ് ആയിരക്കണക്കിന് സാധാരണക്കാർക്ക് മനുഷ്യരായി ജീവിക്കുവാൻ നട്ടെല്ല് നൽകിയത്.വെള്ളിക്കരചോതിക്കൊപ്പം നിലയുറപ്പിച്ച വൈദ്യൻ നാരായണപണിക്കരും കാലത്തിന് മുൻപേ നടന്ന മനുഷ്യസ്നേഹിയാണ്.   (കടപ്പാട് - ശ്രീ.രാജേഷ് വള്ളിക്കോട്