ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/ശാസ്ത്രം
റോക്കറ്റിന്റെ അടിയിലെ വെള്ളച്ചാട്ടം
റോക്കറ്റ് വിക്ഷേപണം ടെലിവിഷൻ വഴിയെങ്കിലും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കൗണ്ട്ഡൗണ് മുതൽ തീയും പുകയും പുറന്തള്ളിക്കൊണ്ടുള്ള ആ കുതിപ്പ് മനോഹരമായ ഒരു കാഴ്ചയാണ്.എന്നാൽ നാസയുടെ ഭീമൻ റോക്കറ്റുകൾ മുകളിലേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് റോക്കറ്റിന്റെ അടിവശത്തായി ഒരു വമ്പൻ ജലപ്രവാഹം ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല മാത്രവുമല്ല നമ്മൾ പുകയെന്ന് തെറ്റിദ്ധരിക്കുന്നത് മിക്കവാറും ബാഷ്പീകരിക്കപ്പെട്ട ജലം ആയിരിക്കും.
പറഞ്ഞുവരുന്നത് നാസ,സ്പേസ് എക്‌സ് തുടങ്ങിയവരുടെ മൊബൈൽ റോക്കറ്റ് ലാഞ്ചിങ് പാഡുകളിൽ കാണപ്പെടുന്ന Sound Suppression Water System (SSWS) എന്ന സംഗതിയെപ്പറ്റിയാണ്.ബഹിരാകാശ ഷട്ടിലുകളും മാറ്റും കൊണ്ടുപോകുന്ന വലിയ റോക്കറ്റുകൾ വിക്ഷേപണ തറകളിൽ പ്രയോഗിക്കുന്ന ബലം വളരെ വലുതാണ്.റോക്കറ്റുകൾ ജ്വലനം ആരംഭിക്കുമ്പോൾ പുറത്തേക്ക് വരുന്ന ബലം(thrust) വലിയ തോതിലുള്ള ശബ്ദ തരംഗങ്ങളും(acoustic shock waves) താപവും സൃഷ്ടിക്കാറുണ്ട്.ശക്തമായ ഇത്തരം തരംഗങ്ങൾ തറയിൽ ഇടിച്ച് തിരിച്ച് മുകളിലേക്ക് പോകാനും അതുവഴി റോക്കറ്റിനും അതിലെ യാത്രികർക്കും അപകടമുണ്ടാകാനും കാരണമാകും.ഇത് തടയുക എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ ലക്ഷ്യം.റോക്കറ്റ് ജ്വലനം തുടങ്ങുന്നതിന് തൊട്ട് മുൻപുള്ള സെക്കന്റുകളിൽ ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് വിക്ഷേപണതറയിലേക്ക് അഴിച്ചുവിടുന്നത്.ഇനി എങ്ങനയാകും ജലം ശബ്ദതരംഗത്തെ ഒതുക്കുന്നത്
റോക്കറ്റിൽ നിന്നും വരുന്ന തരംഗങ്ങൾ ജലത്തിലെ വായൂകുമിള(air bubbles)കളുമായി കൂട്ടിമുട്ടുന്നു.അങ്ങനെ തരംഗത്തിന്റെ ഊർജ്ജത്തിന്റെ നല്ലൊരു ഭാഗം കുമിളകൾ ആഗീരണം ചെയ്യുകയും ചുരുങ്ങുകയും ചെയ്യുന്നു അതിനോടൊപ്പം ഈ തരംഗഊർജ്ജത്തെ താപ ഊർജ്ജമായി മാറ്റുകയും ചെയ്യുന്നു.ഇതിന്റെയൊക്കെ ഫലമായി ജലം നീരാവിയാവുകയും പുക പോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
വിക്ഷേപണത്തിന് തൊട്ട്മുൻപുള്ള ഈ വെള്ളപ്പാച്ചിൽ ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്കുകളിൽ കയറി നോക്കാവുന്നതാണ് https://youtu.be/uuYoYl5kyVE https://youtu.be/OnoNITE-CLc
എഴുതിയത് ദീപു രവീന്ദ്രൻ ,ചിത്രങ്ങൾക്ക് കടപ്പാട് :വിക്കിമീഡിയ
നിർമ്മിത ബുദ്ധി - ഭാവിയിലേക്കുള്ള വഴി
നിർമ്മിത ബുദ്ധി (AI) പുതിയ സാങ്കേതിക ലോകത്തിന്റെ മുന്നോട്ടുള്ള വഴിയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. ഭാവിയിൽ, AI ജീവിതത്തിന്റെ വിവിധ മേഖലകളിൽ എങ്ങനെ മാറ്റം വരുത്താൻ പോകുന്നു എന്നത് നമ്മുടെ ചിന്തകൾക്കും അതീതമാണ് .
1. ആരോഗ്യ മേഖല
ആരോഗ്യ പരിപാലനത്തിൽ നിർമ്മിത ബുദ്ധി വലിയ പുരോഗതി ഇതിനോടകം തന്നെ കൈവരിച്ചു കഴിഞ്ഞു . രോഗനിർണയം, ചികിത്സാ മാർഗങ്ങൾ നിർദ്ദേശിക്കുക, ഡിജിറ്റൽ നഴ്സിംഗ്, ഓട്ടോമേറ്റഡ് സർജറികൾ തുടങ്ങിയവയിലെല്ലാം AI വലിയ പങ്ക് വഹിക്കും. ഓൺലൈൻ കൗൺസിലിംഗ്, ടെലി മെഡിസിൻ എന്നിവ മുഖേന ആരോഗ്യ സേവനങ്ങൾ ആൾത്തിരക്ക് ഒഴിവാക്കി കൂടുതൽ കാര്യക്ഷമമാക്കും.
2. വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയിലും AI വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്നു . ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ, വ്യക്തിഗത പഠന അനുഭവങ്ങൾ, ഓൺലൈൻ ട്യൂട്ടറിംഗ്, എഡ്യുക്കേഷണൽ ഗെയിമുകൾ തുടങ്ങിയവ വഴി വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കും. AI അധിഷ്ഠിത സ്വയം പഠന സംവിധാനങ്ങൾ അറിവ് നിർമ്മാണ പ്രക്രീയയെ പുതിയ തലങ്ങളിലേക്ക് ഉയർത്തും .
3. തൊഴിൽ മേഖല
ഭാവിയിൽ, തൊഴിലിടങ്ങളിൽ AI തൊഴിൽ സംസ്കാരത്തെ തന്നെ മാറ്റിമറിക്കും. ശാരീരികമായും മാനസികമായും അധ്വാന ശേഷി കൂടുതൽ ആവശ്യമുള്ള ജോലികൾ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ മുഖേന ചെയ്യുന്നതിന് സാധ്യതയുണ്ട്. എന്നാൽ, ഇത് ധാർമ്മികമായതും നിയമപരമായ പ്രശ്നങ്ങൾക്കും വഴിവെക്കാം. വാൻ തോതിലുള്ള തൊഴിൽ നഷ്ടം, തൊഴിലാളികളുടെ അവകാശധ്വംസനങ്ങൾ എന്നിവയെകുറിച്ചുള്ള ചർച്ചകൾ ഇപ്പൊ തന്നെ സജീവമാണ് .
4. ഗതാഗതം
സ്മാർട്ട് കാറുകൾ, ഡ്രൈവർലസ് വാഹനങ്ങൾ തുടങ്ങിയവയിലൂടെ ഗതാഗത മേഖലയിൽ വലിയ മാറ്റം വരും. AI മുഖേന ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കും. അപകടങ്ങൾ കുറയ്ക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യും.
5. സുരക്ഷ
സൈബർ സുരക്ഷ, ക്രൈം ഡിറ്റക്ഷൻ, സ്മാർട്ട് സർവെയിൽലൻസ് എന്നിവയിൽ AI വലിയ പങ്ക് വഹിക്കും. ഇൻറർനെറ്റിന്റെ സുരക്ഷ, വ്യാജ വാർത്തകൾ , സൈബർ ആക്രമണങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ AI യുടെ അനന്ത സാധ്യതകൾ സഹായകരമാകും.
6. വിനോദം
വിനോദമേഖലയിലും AI വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഓൺലൈൻ ഗെയിമുകൾ, ആനിമേഷൻ -സിനിമ നിർമ്മാണം, ടെലിവിഷൻ മേഖല , സംഗീതം എന്നിവയിൽ കാര്യമായ മാറ്റം AI യുടെ വളർച്ച സൃഷ്ട്ടിക്കും .
7. കാർഷികം
കാർഷിക മേഖലയിലും AI ഗുണപരമായ മാറ്റങ്ങൾ വരുത്തും. പച്ചക്കറികൾ, ഫലങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ കൃഷി നിർദ്ദിഷ്ട രീതിയിൽ ചെയ്യുന്നതിനും വിളവെടുപ്പിനും AI ഉപകരിക്കും. ഇത് ഭക്ഷ്യ ഉൽപ്പാദനം മെച്ചപ്പെടുത്തുകയും കാർഷിക മേഖലയിലെ തൊഴിൽ ക്ഷാമം കുറയ്ക്കുകയും ചെയ്യും.
8. പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണത്തിലും AI വളരെ പ്രധാന പങ്ക് വഹിക്കാൻ പോകുന്ന നാളുകളാണ് വരാനിരിക്കുന്നത് . കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നത്, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നത്, ജലവിതരണം നിയന്ത്രിക്കുന്നത് തുടങ്ങിയവയിലോക്കെ AI യുടെ സാദ്ധ്യതകൾ വരും നാളിൽ പ്രായോജനപ്പെടുത്തും .
9. ബിസിനസ്സ്
ബിസിനസ്സ് ലോകത്ത് AI വലിയ മാറ്റങ്ങൾ വരുത്തും. സ്മാർട്ട് കസ്റ്റമർ സർവീസ്, ഓട്ടോമേറ്റഡ് മാർക്കറ്റിംഗ്, ഡാറ്റ അനാലിറ്റിക്സ് എന്നിവ വഴി ബിസിനസ്സ് മെച്ചപ്പെടുത്തും. വിപണിയിൽ മാറ്റങ്ങൾ നിരീക്ഷിച്ച് മുന്നോട്ടുള്ള വഴികൾ നിശ്ചയിക്കുന്നതിനും AI ഉപകരിക്കും.
10. നിയമം
നിയമപരമായ കാര്യങ്ങളിലും AI ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായകരമാകും. നിയമപരമായ കൗൺസിലിംഗ്, കേസുകളുടെ വിശദവിവരങ്ങൾ, വിധി നിർണ്ണയം എന്നിവയിൽ AI സഹായകരമായ രീതിയിൽ പ്രവർത്തിക്കും.
നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ ഭാവിയിൽ കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമാകും. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും AI വലിയ മാറ്റങ്ങൾ വരുത്തും. ഇതിന്റെ ഉപയോഗം ശ്രദ്ധയോടെയും അവബോധത്തോടെയും ചെയ്യേണ്ടതുണ്ട് ,അല്ലാത്തപക്ഷം മനുഷ്യന്റെ നിലനില്പിനുപോലും ഭീഷണി ആകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല .
തയാറാക്കിയത് ശ്രീരാജ് എസ്
Great Carrier Reef
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫിന്റെ പേരിനോട് സാമ്യമുള്ള ഒരു കൃത്രിമ പവിഴപ്പുറ്റാണ് ഗ്രേറ്റ് ക്യാരിയർ റീഫ്. ഈ പേരിന്റെ ഉറവിടം തിരക്കി പോയാൽ കൗതുകകരമായ ഒരു യുദ്ധക്കപ്പൽ "മുക്കലിൽ" ആണ് ചെന്നെത്തുക.
പവിഴപ്പുറ്റ് നിർമ്മിക്കുവാൻ ഒരു വിമാനവാഹിനി(aircraft carrier) കടലിൽ മുക്കുക.അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.2006 മേയ് 17 ന് അമേരിക്ക അവരുടെ ഡീ കമ്മീഷൻ ചെയ്ത USS Oriskany എന്ന ഭീമൻ കപ്പൽ മെക്സിക്കൻ ഉൾക്കടലിൽ മുക്കുകയായിരുന്നു. പാരിസ്ഥിതിക അനുമതികൾ നേടിയതിനുശേഷം അമേരിക്കൻ നേവി C4 എന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് കപ്പൽ മുക്കുകയായിരുന്നു.ഏകദേശം 37 മിനുട്ട് കൊണ്ട് കപ്പൽ 64 മീറ്റർ താഴെ അടിത്തട്ടിൽ ചെന്ന് നിന്നു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറിയ ഈ ഭീമൻ കപ്പൽ ഇന്ന് നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
എഴുതിയത് ദീപു രവീന്ദ്രൻ ,ചിത്രങ്ങൾക്ക് കടപ്പാട് :വിക്കിമീഡിയ