ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

  ഓരോ ദേശത്തിനും  കലകളും ആചാരങ്ങളുമൊക്കെ ചേർന്ന തനിമയാണ് നാടോടി വിജ്ഞാനം. ഒരു നാടിന്റെ തനത് കലകളും ഭാഷാ പ്രയോഗങ്ങളും  ഉൾക്കൊള്ളുന്നതാണിത്.  ഒരു  ജനതയുടെ   വാമൊഴി സാഹിത്യം ,സാമൂഹ്യാചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തു വിദ്യ, വേഷ ഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണരീതികൾ  തുടങ്ങിയ എന്തും നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു. ഇവയുടെ വേരുകൾ തേടിയുള്ള യാത്രയാണ് നാടോടി വിജ്ഞാന ശാഖയുടേത്.

പഴങ്കഥ

     തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതി വിപുലവും വിശാലവുമായ ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയ മനോഹരമായ ഭൂപ്രദേശമാണ് ഇളമ്പ. ഇളന്ന പ്രദേശം അതായത് കുന്നും മലകളുമൊന്നുമില്ലാത്ത നിരന്ന പ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് പണ്ഡിതമതം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തിപ്പെട്ടു. , അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ , ക്രിസ്ത്യൻ പള്ളികൾ  എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന്  ഉത്തമ മാതൃകയാണ്.

കാളീയൂട്ട്

കാളിയൂട്ട്

ഇളമ്പ പള്ളിയറ ക്ഷേത്രത്തിലെ തൂക്കവും കാളിയൂട്ടും വളരെ പ്രസിദ്ധമാണ്. കാളിയൂട്ട് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് പള്ളിയറ ക്ഷേത്രം. കാളീസങ്കല്പവുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കാളിയൂട്ട്. തിരുവനന്തപുരം ജില്ലയിലാണ് കാളിയൂട്ടിനു പ്രാധാന്യം. ഇവിടെ കാളീക്ഷേത്രങ്ങൾ മുടിപ്പുരകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയുടെ മുടി സൂക്ഷിക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് മുടിപ്പുര എന്ന പേര് വന്നത്.

മുടിപ്പുരകളിലെ പൂജാരിമാരെ 'വാത്തി'മാരെന്നാണ് വിളിക്കുന്നത്. വാത്തിമാരാണ് കാളിയൂട്ടിലെ പ്രധാന കാർമ്മികർ. ഭദ്രകാളിയുടെ വേഷം കെട്ടിയ വാത്തി കളംകാവൽ ചടങ്ങ് നടത്തും. കളംകാവലും അണിയറകെട്ടലും കഴിഞ്ഞതിനു ശേഷമാണ് അനുഷ്ഠാനനാടകം അരങ്ങേറുന്നത്. വിശദമായ ചടങ്ങുകളോടെ നടത്തുന്ന ഉച്ചബലിയാണ് പ്രധാനം. ഭദ്രകാളീയാമത്തിൽ നടത്തുന്ന ചടങ്ങാണിത്.

ദേവി ആവേശിച്ച വാത്തി ഉറഞ്ഞു തുള്ളി അരിയും കമുകിൻ പൂവും ഭസ്മവും മറ്റും തൂവും. കുരുതിയും നടത്തും. തുടർന്ന് ദാരികൻ അയക്കുന്ന സൈനികന്റെ സങ്കല്പത്തിലുള്ള ഒരാൾ ബലിക്കളം അലങ്കോലപ്പെടുത്തും. കാളി ശൂലംകൊണ്ട് വീഴ്ത്തിയ സൈനികനെ പായയിൽ പൊതിഞ്ഞു കൊണ്ടു പോകും.

ഏഴു യുദ്ധങ്ങളുടെ അന്ത്യത്തിൽ കാളി ദാരികന്റെ തല കൊയ്തെടുക്കുന്നു എന്നാണ് സങ്കല്പം. ആറാട്ടിനുശേഷം ദേവി മുടിപ്പുരക്കുള്ളിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കുന്നു.

കലാകേന്ദ്രങ്ങൾ

കലാരംഗത്ത് സാമാന്യം മുന്നിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഇളമ്പ. ചെണ്ട, മദ്ദളം, വയലിൻ തുടങ്ങിയ വാദ്യകലാപഠന കേന്ദ്രങ്ങളും നൃത്തപഠന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കൂടാതെ നമ്മുടെ സാകൂളിൽ തന്നെ കലാഭ്യാസനത്തിനായി സ്ഥാപിക്കപ്പെട്ട കലാപരിശീലനക്ലാസ് വളരെ നല്ല നിലവാരം പുലർത്തിവരുന്നു. ക്ലാസ്സുകൾ ഓഫ് ലൈനായും പ്രവർത്തിച്ചുവരുന്നു എന്നത് ഏറെ സന്തോഷകരമായ സംഗതിയാണ്.

കാർഷിക പാരമ്പര്യം

നെല്ല്, വാഴ, കുരുമുളക്, ചുക്ക് തുടങ്ങിയവ ഇവിടുത്തെ കാർഷിക ഉല്പന്നങ്ങളായിരുന്നു. ഈ വിഭവങ്ങളുടെ ഉത്പാദനത്തിനും വാണിജ്യത്തിനും വളരെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു കാർഷിക സംസ്കാരമായിരുന്നു ഇളമ്പയുടേത്. കല്ലറ, വെഞ്ഞാറമൂട്, വേങ്ങോട് ചന്തകളിൽ ഇവിടെ നിന്നും കാർഷികോൽപ്പന്നങ്ങൾ കൊണ്ടുപോയി വിറ്റിരുന്നു.

തനത് കലകൾ

  സാറ്റുകളി

കുട്ടികൾ കൂട്ടം കൂടി ഒരുമിച്ച് കളിക്കുന്ന കളിയാണിത്. ഒരാൾ കണ്ണടച്ച്   ഒരു സംഖ്യ വരെ എണ്ണുന്നു.  ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക്  ഒളിക്കാം. എണ്ണി തീരുന്നതിന് അനുസരിച്ച് എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ട ആളാണ് തുടർന്ന്  എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനാവാതെയും മറ്റുള്ളവരെല്ലാം പോയിന്റ് നേടിയാൽ എണ്ണിയ ആൾ വീണ്ടും എണ്ണണം.

 കുട്ടിയും കോലും

നിലത്ത് ഒരു ചെറിയ കുഴിയിൽ   പുള്ള് / കുട്ടി വച്ച് കോലുകൊണ്ട് അതിനെ തോണ്ടിതെറിപ്പിച്ച് ആണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താവും.