ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/അക്ഷരവൃക്ഷം/ഓർമ്മകളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകളിലേക്ക്

ഓർമ്മകൾ നിഴലിക്കുന്ന വൃക്ഷത്തണലിലിരുന്ന് ഇലകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മിയുടെ കുസൃതി സ്വീകരിച്ച് അവൾ ഭൂതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. മിഴികളടച്ച് തന്റെയോർമ്മകളിൽ അറിയാതെ അലിഞ്ഞുപോയി. ഇളം കാറ്റ് മുടിയിഴകളെ തഴുകി തലോടി. മുടിനാരിഴകൾ നൃത്തമാടി ഏതോ വരവേൽപ്പ് പോലെ... ഊഞ്ഞാലിലേറി ആകാശത്തിന്റെ വിദൂരതകളിലേക്കെന്ന പോലെ ആടി രസിക്കുന്നതിനിടയിൽ കെച്ചനുജൻ പുറകിൽ നിന്നു  നൽകിയ അപ്രതീക്ഷിത ഭയപ്പെടുത്തലിൽ അവൾ താഴേക്ക് ഒപ്പം ആഴത്തിലേക്കടുക്കുന്ന മിഴികളും അറിയാതെ തുറന്നുപോയ്.. പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു.പതിയെ തന്റെ കാൽപ്പാദങ്ങൾ മണ്ണിലുറപ്പിച്ച് നടക്കാൻ തുടങ്ങി.ഇന്നലെ പെയ്ത മഴയിൽ പ്രകൃതിയിലുടലെടുത്ത കുളിർമയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട്. തന്റെയനുജൻ അമ്മയെ വലിച്ചെറിയുന്നത് വിലക്കിയ മണ്ണിൽ വിരിഞ്ഞ പുഷ്പത്തെ നോക്കി അറിയാതെ പറഞ്ഞു പോയ്, മനോഹരം! അവളുടെ മിഴികൾ വീണ്ടുമണയാൻ തുടങ്ങി. മാന്ത്രിക സുഗന്ധത്തിൽ. വീണ്ടും ഭയത്തിന്റെ പ്രഹരത്താൽ മനോഹരമിഴികൾ തുറക്കാനിടയായി .പിന്നീടത് കണ്ണന്റെ കുസൃതിയെ ആനന്ദത്താൽ എതിരേറ്റ യശോദയെപ്പോലെ ചുണ്ടുകൾക്കൊപ്പം പുഞ്ചിരിയേകി.അനുജൻ കുലുക്കിയ ചെറു വൃക്ഷത്തിൽ നിന്ന് അവൻ സൃഷ്ടിച്ച ചെറു മഴയിൽ അവൾ ആനന്ദം കണ്ടെത്തി.കാലങ്ങളായി ഓഫീസെന്ന ചെറുലോകത്തിൻ കീഴിൽ അടിമത്വം സ്വീകരിച്ച അവൾ ആനന്ദം നുകരാൻ ശ്രമിച്ചിട്ട്..." ചേച്ചീ, അമ്മ വിളിക്കുന്നു. ഭക്ഷണം കഴിക്കാൻ " ഇതു പറഞ്ഞ് അവൻ വീടിനെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. പിറകിൽ അവളും... മുറ്റത്തെ കോണിൽ സ്ഥാപിച്ച കിണ്ടി കണ്ടത്ഭുതത്തോടെ അവൾ ചോദിച്ചു " ഇതെവിടുന്ന് കിട്ടി " "ഓ അതോ, ഇവിടെയുണ്ടായിരുന്നു. പൊടിതട്ടിയെടുത്തതാ, പിന്നെ കൈ കഴുകാൻ മറക്കെണ്ട,പറമ്പിലലഞ്ഞതല്ലെ " അവനെ നോക്കി അവൾ മനസ്സിൽ കരുതി "ഇവൻ വളർന്നിരിക്കുന്നു, ഒരുപാട്..." തണുത്ത ജലകണകൾ സ്പർശിച്ചപ്പോൾ വല്ലാത്തൊരനുഭൂതി. അകത്തു കയറി ജനലഴികളിലൂടെ അവൾ പറമ്പിലേക്ക് നോക്കി. അച്ഛന്റെ കരങ്ങളെ തടഞ്ഞു നിർത്തി താൻ കാത്ത ഓർമ്മകളുടെ മായാലോകം നൽകിയ വൃക്ഷത്തിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. അത് എന്തോ പറയുന്നതുപോലെ അവൾക്ക് തോന്നി.ചിലപ്പോൾ അതുപറയുന്നുണ്ടാകും" നന്ദി... വീണ്ടും അലിഞ്ഞുചേരൂ,എന്നിലേക്ക്..."

സ്വാതി കൃഷ്ണ
IX A ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ