കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


ഡോ.സി.വി.രാമൻ സയൻസ് ക്ലബ്ബ് - പ്രവർത്തന റിപ്പോർട്ട് - 2009 - '10

ജൂൺ 17 -2009
ഉദ്ഘാടനം - എന്റെ മരം - ക്വിസ് മത്സരം - By ശ്രിമതി. ഉഷാദേവി
വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സീനിയർ അസിസ്റ്റന്റ് ശ്രീ. ആർ. പ്രസന്നകുമാർ 17 - 06 - 2009 ൽ സ്കൂൾ ലാബിൽ നടന്ന ലളിതമായ ചടങ്ങോടെ ഉദ്ഘാടനം ചെയ്തു. ഏഴ് ഡിവിഷനുകളിൽ നിന്നുമായി 50 കുട്ടികളെ തെരഞ്ഞെടുക്കുകയുണ്ടായി. 10 A യിലെ കൃഷ്ണപ്രസാദ് സെക്രട്ടറിയും 9 A യിലെ നയന ജോയിന്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിൽ ശാസ്ത്രചിന്തകളും നവപ്രതീക്ഷകളും ഉണർത്തുവാൻ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ഏവരും കൂട്ടായി കണ്ടെത്തി. തുടർന്ന് എന്റെ മരം എന്ന പ്രോജക്ടിനെ ആധാരമാക്കി ക്വിസ് മത്സരം നടത്തുകയുണ്ടായി. 9 C യിലെ രജ്ഞു രാജു ഒന്നാം സ്ഥാനവും ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ 9 A യിലെ നയന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂലൈ 10 & 29 - 2009
പ്രഭാഷണം - ഡോ. സി.വി.രാമൻ - By ശ്രീ. ആർ. പ്രസന്നകുമാർ
കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രസന്റേഷൻ രീതിയിൽ ഡോ. സി.വി.രാമന്റെ ജീവിതവും കർമ്മവീഥികളും വളരെ രസകരവും താല്പര്യജന്യവുമായി അവതരിപ്പിക്കുകയുണ്ടായി. ഓരോ ഭാരതീയനും നെഞ്ചേറ്റി അഭിമാനപുളകിതനാകേണ്ട മഹദ് വ്യക്തിത്വം അനായാസകരവും ആസ്വാദ്യകരവുമായി അവതരിപ്പിച്ചു. അപൂർവചിത്രങ്ങൾ, പ്രത്യേകിച്ച് പ്രിസത്തിലൂടെയുള്ള പ്രകാശത്തിന്റെ അപവർത്തനം വിജ്ഞാനദായകമായിരുന്നു.
ചിക്കൻഗുനിയ ബോധവത്കരണം - By ആരോഗ്യ വകുപ്പ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ചന്ദനപ്പള്ളി
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചിക്കൻഗുനിയ ബോധവത്കരണം നടത്തുകയുണ്ടായി. വിശദാംശങ്ങൾ അടങ്ങിയ നോട്ടീസ് എല്ലാ കുട്ടികൾക്കും നൽകുകയുണ്ടായി. പരിസര ശുചിത്വ പ്രതിജ്ഞയും പ്രവർത്തനവും നടത്തുകയുണ്ടായി.
ഡ്രൈ ഡേ ആചരണം
സ്കൂൾ - അതിന്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വപ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി ജലവിമുക്തമാക്കി, വെള്ളക്കെട്ടുകൾ മണ്ണിട്ടുമൂടി, ചിരട്ടകൾ, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കൂടുകൾ, കൺടെയിനറുകൾ എന്നിവ നശിപ്പിച്ചു. സമീപത്തുള്ള റബ്ബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിനിന്ന മഴവെള്ളം കമഴത്തിക്കളഞ്ഞു. ഈ സന്ദേശം വീടുകളിലും പരിസരവാസികളിലും പകർത്തണമെന്ന് നിശ്ചയിച്ചു.
ചിക്കൻഗുനിയ വീഡിയോ പ്രദർശനം
ചിക്കൻഗുനിയയെക്കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് കാണുവാനും ബോധവൽകരണം നേടുവാനും അവസരം ലഭിച്ചു.
ക്ലാസിക് സിനിമാ പ്രദർശനം - ദ ബ്യൂട്ടിഫുൾ പീപ്പിൾ
ആഫ്രിക്കയിലെ വനാന്തരങ്ങളിലെ ജീവികളുടെ ജീവിതം വളരെ പച്ചയായി, എന്നാൽ ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട അഭ്രകാവ്യം. കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഒരു പോലെയുണർത്തുന്ന ഈ ചിത്രം പൂർണമായും ഇഗ്ലീഷിലായതിനാൽ തനിമ ഒട്ടും ചോർന്നു പോകാതെ വിശദമായ കമന്ററിയോടെയാണ് പ്രദർശിപ്പിച്ചത്. പ്രപഞ്ചത്തിലെ 'സുന്ദരന്മാരെയും സുന്ദരികളെയും' കണ്ടിട്ടിറങ്ങുന്ന കുട്ടികളുടെ മുഖം ഏറെ സുന്ദരം തന്നെയായിരുന്നു.
ആഗസ്റ്റ് 20 - 2009
രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനം
ആഗസ്റ്റ് 20 ന് രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനമായി ആചരിച്ചു. ഇന്ത്യയിലാകമാനം ഈ ദിവസം ഊർജ്ജസംരക്ഷണദിനമായി കൊണ്ടാടുകയും ഊർജ്ജ ഉറവിടങ്ങളുടെ അപര്യാപ്തയും ഉള്ള ഊർജ്ജം എങ്ങനെ ക്രിയാത്മകമായി, പാഴാക്കാതെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ഉണ്ടായി. കുട്ടികൾ ഊർജ്ജസംരക്ഷണപ്രതിജ്ഞ ഏറ്റു ചൊല്ലി. ഈ ദിനത്തോടനുബന്ധിച്ച് ഊർജ്ജ ക്വിസ് മത്സരം നടത്തുകയുണ്ടായി.
സെപ്തംബർ 15 - 2009
പ്രഭാഷണം - ലഹരി പദാർത്ഥങ്ങളും അതിന്റെ ദോഷവശങ്ങളും - ശ്രീമതി. എലിസബത് ഏബ്രഹാം
വളരെ പ്രസക്തവും കാലികമൂല്യം ഉൾകൊള്ളുന്നതുമായ ഈ പ്രശ്നം പ്രൗഢഗംഭീരമായി ചുരുങ്ങിയ സമയപരിധിക്കുള്ളിൽ കുട്ടികളുടെ കാൻവാസിനുള്ളിലേക്ക് പകർത്തുവാൻ കഴിഞ്ഞു. ശീലങ്ങൾ തുടങ്ങുന്ന പിഞ്ചിളം മനസ്സുകളിൽ ലഹരിയുടെ നഖക്ഷതങ്ങൾ ആഴ്ന്നു പതിയാതിരിക്കാൻ പ്രഭാഷണം ഒരു പരിധി വരെ ഉപകരിച്ചു. ലഹരി പകരുന്ന ആദ്യസുഖവും പിന്നീട് നിത്യമായി വലിച്ചെറിയുന്ന ദുരിത യാതനകളുടെ അഗാധഗർത്തങ്ങളും ഹൃദയസ്പർശിയായി ഇവിടെ പ്രഭാഷണത്തിലൂടെ ചിത്രത്തിലെന്നപോലെ തെളിയുന്നു. പ്രഭാഷണത്തിന്റെ അന്ത്യത്തിൽ കുട്ടികളും പങ്കെടുത്ത അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി, അതേ ..... ഈ പ്രഭാഷണം ഒരു മഹദ്സന്ദേശമായി മാറ്റപ്പെട്ടു.
ഒക്ടോബർ 2 - ഗാന്ധി ജയന്തി - സേവനദിനം
ഗാന്ധി ജയന്തി ദിനത്തിൽ ഇക്കോ ക്ലബ്ബുമായി ചേർന്ന് സ്കൂൾ ശുചീകരണം നടത്തി. കൂടാതെ ചിരണിക്കൽ ലക്ഷംവീട് കോളനിയിൽ അന്ന് ശുചീകരണവും പരിസര ശുചീകരണ ക്യാമ്പും നടത്തി. മാതൃഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് അംഗങ്ങളും ഇതിൽ പങ്കുചേർന്നു.
യുറേക്കാ വിജ്ഞാനോത്സവം

റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

NB:- താഴെ കൊടുത്തിരിക്കുന്ന റിപ്പോർട്ട് പ്രാധാന്യമുള്ളതിനാൽ പ്രത്യേക ലേഖനമായും കൊടുത്തിട്ടുണ്ട്.
ആകാശത്തൊരു പൂരം .... പൊടിപൂരം (സൂര്യഗ്രഹണം) - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.

വലയ സൂര്യഗ്രഹണത്തിൽ ചന്ദ്രൻ സൂര്യനെ മറയ്കുന്നു
2010 ജനുവരി 15 വെള്ളിയാഴ്ച . ഇന്നാണ് നീലാകാശ കോവിലിൽ പൂരം. പൂരക്കാഴ്ച. ആളും അരങ്ങും ഒരുങ്ങി. പേടിത്തൊണ്ടന്മാർ മുറിയ്കകത്ത് കതകടച്ചിരുന്നു, അല്പം ധൈര്യമുള്ളവർ TV യുടെ മുന്നിൽ ചടഞ്ഞുകൂടി.
ഈ സഹസ്രാബ്ദത്തിലെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണത്തെ ആകാശം മുട്ടെ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ആശ്ചര്യവും അറിവിനായുള്ള ദാഹവും എല്ലാ വിടർന്ന മിഴികളിലും തുളുമ്പി നിന്നു..... അവ സൂര്യനെ മാത്രം നോക്കി നിന്നു. കലാലയങ്ങളിൽ ഒരു സൂര്യോത്സവം തന്നെ അരങ്ങേറി. സ്കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, എന്തിനേറെ, ആരാധനാലയങ്ങൾ വരെ ഈ അപൂർവദൃശ്യം, ചന്ദ്രനെ മാറിലൊതുക്കി സൂര്യൻ അഗ്നിവളയമാകുന്ന കാഴ്ച കാണാൻ ജനനിബിഡമായി.
രാവിലെ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ ആദ്യമായി ദൃശ്യമായി. പിന്നീട് ഉഗാണ്ട, കെനിയ, സൊമാലിയ കടന്ന് ഇന്ത്യയിലെത്തി. പിന്നീടത് ബംഗ്ളാദേശിലേക്കും മ്യാൻമറിലേക്കും ചൈനയിലേക്കും കടന്നു.
ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലും കേരളത്തിന്റെ തെക്ക് തിരുവനന്തപുരം ജില്ലയിലെ വർക്കല വരെയുള്ള പ്രദേശങ്ങളിലുമാണ് വലയഗ്രഹണം പൂർണതോതിൽ കാണാനായത്. സൂര്യന്റെ അരികുകൾ ഒഴികെ മറ്റെല്ലായിടത്തും ചന്ദൻ നിഴൽ വീഴ്തി നിൽകുന്ന ദൃശ്യമായിരുന്നു ഇത്. കേരളത്തിൽ മറ്റെല്ലായിടത്തും ഭാഗികമായ വലയ സൂര്യഗ്രഹണമായിരുന്നു.
കേരളത്തിൽ 11.04 ന് സൂര്യഗ്രഹണം ആരംഭിച്ചു, 3.04 ഗ്രഹണം അവസാനിച്ചു. പൂർണവലയക്കാഴ്ച ദൃശ്യമായത് ഏതാണ്ട് 1.15 നാണ്.
1965 നവംബർ 22 നാണ് ഇന്ത്യയിൽ വലയ സൂര്യഗ്രഹണം മുമ്പുണ്ടായത്. ഇനി 2019 ഡിസംബർ 26 നാണ് അടുത്ത വലയ സൂര്യഗ്രഹണം. 2010 ജനുവരി 15 ലെ സൂര്യഗ്രഹണം ഏറെയും ദൃശ്യമായത് തെക്കൻ കേരളത്തിലാണെങ്കിൽ 2019 ഡിസംബർ 26 ലേത് വടക്കൻ കേരളത്തിലാണെന്നതാണ് കൗതുകം.

സൂര്യഗ്രഹണത്തിന്റെ വിവിധഘട്ടങ്ങൾ - ചന്ദ്രൻ തെക്കു നിന്ന് വടക്കോട്ട് നീങ്ങുന്നു


കൊടുമൺ ഹൈസ്കൂളും സുര്യഗ്രഹണവും
ഡോ.സി.വി.രാമൻ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൂര്യഗ്രഹണം ലൈവായും ഐ.ടി. ടൂളായ K.Star ഉപയോഗിച്ചും കുട്ടികൾക്കും താല്പര്യമുള്ള നാട്ടുകാർക്കും കാണുവാനും സംശയനിവാരണത്തിനും അവസരമൊരുക്കി. ലൈവ് സൂര്യഗ്രഹണം ഒരുക്കിയത് ഒരു ചെറിയ വൃത്തമുള്ള കറുത്ത കടലാസ്സൊട്ടിച്ച ദർപ്പണം മുറ്റത്ത് ചരിച്ചുവച്ച് അതിൽ നിന്നുള്ള പ്രതിഫലനം മുറിയിലെ ഭിത്തിയിൽ പതിപ്പിച്ചാണ്. K.Star പ്രദർശനം നടത്തിയത് സ്മാർട്ട് റൂമിൽ വെച്ചായിരുന്നു. കൂടാതെ അസംബ്ളിയിൽ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ ശാസ്ത്രവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ശ്രീ.ആർ.പ്രസന്നകുമാർ (സയൻസ് ടീച്ചർ, SITC) സവിസ്തരം പ്രസംഗിക്കുകയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഹൈസ്കൂളിലെ ഭിത്തിയിൽ ദർപ്പണം ഉപയോഗിച്ച് സൃഷ്ടിച്ച ഭാഗികമായ സൂര്യഗ്രഹണം


40 ൽ പരം കുട്ടികൾ പങ്കെടുത്തു. സമ്മാനാർഹരെ പഞ്ചായത്ത്തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.
ഫോട്ടോ- ആർപ്രസന്നകുമാർ.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സയൻസ് ക്ലബ്ബ് പ്രവർത്തങ്ങൾ - ഫോട്ടോ ഫീച്ചർ

NB:ചിത്രങ്ങൾ വലുതായി കാണണമെങ്കിൽ ആ ചിത്രത്തിനു മുകളിൽ ക്ലിക് ചെയ്താൽ മതി. വീണ്ടും പഴയ രൂപത്തിലാക്കാൻ ബാക്ക് ആരോ ക്ലിക് ചെയ്യുക.


റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.
ഫോട്ടോ- ബാലുഭാസ്കർ.