കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ശവകുടീരങ്ങൾക്കരികിൽ....
-കവിത - ആർ.പ്രസന്നകുമാർ - 19/04/2010
[നന്നുവക്കാട് പള്ളിയിലെ ശവകുടീരങ്ങൾ. കൂട്ടുകാരിൽ നിന്നകന്ന് ഒറ്റക്ക് ഞാനവിടെ പോയി. ഒരു പഴയ മാർബിൾ പാകിയ കുടീരത്തിനരികിൽ ഞാനിരുന്നു. നിതാന്ത സുഷുപ്തിയിലാണ്ട മുൻതലമുറകൾ. അവരിലൊന്നായി ഞാനും മാറി...ചിന്തയിലൂടെ. ഓരോ വ്യക്തിയേയും ഞാൻ ശിലാലിഖിതങ്ങളിലൂടെ പരിചയപ്പെട്ടു...അവരേ കാണുവാൻ, തന്റെ ദു:ഖങ്ങൾ അറിയിക്കുവാൻ എത്തുന്ന ബന്ധുജനങ്ങളെ ഞാൻ കണ്ടു. കൈയ്യിൽ മെഴുകുതിരികളുമായി അവർ വരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുടീരങ്ങളിൽ അവ കൊളുത്തി, മുഖം ചേർത്തവർ കരയുന്നു, നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. എന്റെ മിഴികൾ സജലങ്ങളായി.....]

വിജനമേകാന്ത ശോകാന്ത ഭൂവിലൊരുദിവസം
സ്വജനങ്ങൾ നിതാന്തനിദ്ര പൂകുമീ കുടീരത്തിൽ-
വന്നെത്തി ഞാൻ, ദീർഘയാത്രാക്ഷീണമകറ്റാൻ മെല്ലെ
കന്നിമണ്ണിൻ മാറത്തു മലർന്നു മിഴി പൂട്ടിക്കിടക്കവെ
ശുഷ്കപത്രങ്ങൾ കാലടികൾക്കിടയിൽ ഞെരിയും
വിഷാദ മൃദുലനിനദം കേട്ടു ഞാനെഴുന്നേറ്റു...
മെഴുകുതിരി വിളക്കും കൈയ്യിലേന്തി വരുന്നിതാ
അഴലിന്റെ മണ്ഡപത്തിൽ- ഇവർ മുഗ്ദമാലാഖമാരോ..?
എന്നെ കണ്ടു കാണും - പക്ഷെ ദു:ഖത്തിനശ്രുച്ചില്ലിലീ-
മിന്നാമിനുങ്ങിൻ വിളറിയ കന്ദളം കെട്ടതാകാം.
വന്നവരോരുത്തരായി തൻ പ്രിയകുടീരങ്ങളിൽ
പൊന്നിൻതിരി കൊളുത്തി സഗദ്ഗതം പ്രാർത്ഥിക്കുന്നു.
പ്രാർത്ഥിച്ചു തളർന്നവർ, കേണുവീണവർ, മിഴിനീരിൻ-
തീർത്ഥജലത്തിലീ മൃതാത്മാക്കൾ സ്വർഗ്ഗം പൂകിയേക്കാം.
ജനിമൃതിപോലെ, വന്നവർ വന്നവർ മടങ്ങവെ-
കുനിഞ്ഞിരുന്നൊരു കുടീരം പുല്കിക്കൊണ്ടൊരാൾ മാത്രം
പൊട്ടിക്കരയുന്നു, ജീവിതഭാരമറിയിക്കുന്നു-
മുട്ടി മുട്ടി പ്രാർത്ഥിക്കുന്നു - ദേവനിതു കണ്ടിരിക്കാം.
ഇളം തെന്നലിലാ മെഴുകുതിരി നാളം കെടുമ്പോൾ
കൊളുത്തിയും, ഇടയ്കിടെ മാറത്തടിച്ചവൾ തൻ-
കൊച്ചുസങ്കടങ്ങൾ ഏറ്റു പറയുകയാവാം- മെല്ലെ
വേച്ചു വേച്ചാ ശുഭ്രരൂപവും നമ്രയായകലവെ...
സജലനേത്രനായ് കുടീരത്തിനരികിൽ നിന്നും
മുജ്ജന്മ രഹസ്യവും തേടി ഞാനീ ഭാണ്ഡവുമെടുത്തു.