കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്




ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - (ജില്ലാ വൃത്താന്തം)
-ആർ.പ്രസന്നകുമാർ.
സഹ്യന്റെ മടിത്തട്ടിൽ പിറന്ന് ഒരു സംസ്കാരം പോലെ പമ്പ ഒഴുകുന്നു....പ്രശാന്തം ....പ്രദീപ്തം. 18 മലകളുടെ അധിപനായി, കാനന വാസനായി പള്ളികൊള്ളുന്നു....കലിയുഗ വരദ൯....അയ്യപ്പ൯. ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ഏവരും ആരാധിക്കുന്ന ശ്രീധർമ്മശാസ്താവ്. പ്രകൃതിയുടെ തനി സ്വരൂപമായി മണ്ഡല വൃതം നോക്കുന്ന മാനവർ, ഭക്തി പ്രകർഷത്തിൽ മുങ്ങി നിവരുന്ന പമ്പാ സരസ്സ്, മനം മയക്കുന്ന കാട്ടു വഴിത്താരകൾ, കരിമല കയറ്റം കഠിനം കഠിനം എങ്കിലും കല്ലും മുള്ളും കാലുക്കു മെത്തയാക്കുന്ന മനോനിശ്ചയം, പൊന്നു പതിനെട്ടു പടിയേറിയുള്ള ദിവ്യ ദർശനം... ഇതല്ലേ ശബരിമല, അല്ല ലോകത്തിന്റെ ഒരു ചെറു കുമിള.
ശ്രീ അയ്യപ്പനും പന്തള മന്നനും
മിത്തുകൾക്കു മിഴിവേകി അയ്യപ്പചരിതം പമ്പയാറായി ഒഴകുന്നു, ജനാരണ്യങ്ങളിലൂടെ, ഇടതടവില്ലാതെ, അനുസ്യൂതം...അനിർഗളം. മൃഗയാ വിനോദത്തിനു കാട്ടിലെത്തിയ പന്തള മന്ന൯ അവിടെ അനാഥനായി കണ്ടെത്തിയ ശൈവ-വിഷ്ണു മായയെ, മോഹിനീ സുതനെ, തന്റെ കൊട്ടാരത്തിൽ കൊണ്ടു വന്ന്, പോറ്റി വളർത്തി, സ്വന്തം പുത്രനോടുള്ള അമിത സ്നേഹ വായ്പിൽ നില മറന്ന മഹാ റാണി, മാറാ രോഗം നടിച്ചു. പ്രതിവിധിയായി, ഗൂഢാലോചനയിൽ പങ്കു ചേർന്ന കൊട്ടാരം വൈദ്യ൯ വിധിച്ചത് പുലിപ്പാലായിരുന്നു. മൂത്ത പുത്രനായ അയ്യപ്പ൯ പുലിപ്പാലിനായി കാട്ടിലേക്കു തിരിച്ചു. ഒപ്പം റാണിയുടെ മനം തുടിച്ചു, തന്റെ മക൯ രാജാവാകുമല്ലോ!, അയ്യപ്പ൯ തിരികെ വരില്ലല്ലോ!! പക്ഷേ അയ്യപ്പ൯ തിരികേ വന്നു, പുലിപ്പാലുമായി. മഹാ ചൈതന്യം തിരിച്ചറിഞ്ഞ റാണി അയ്യപ്പനോട് മാപ്പു പറഞ്ഞു. രാജപദവി സ്വീകരിക്കാനപേക്ഷിച്ചു. പക്ഷേ സർവസംഗപരിത്യാഗിയായ ഭഗവദ് ചൈതന്യം ഒന്നു ചിരിച്ചു,... തന്റെ ജന്മഗേഹമായ കാട്ടിലേക്കു തന്നെ മടങ്ങി. ആണ്ടിലൊരിക്കൽ തന്നെ വന്നു കാണാനുള്ള അനുവാദവുമേകി....


ഇന്ന് ശബരിമല ഒരു അന്താരാഷ്ട്ര സാംസ്കാരിക സമന്വയ പ്രതീകമാണ്. മുഹമ്മദീയനായ വാവരു സ്വാമിയുടെ സന്നിധി തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. എരുമേലി ക്ഷേത്രം, പേട്ടതുള്ളൽ, വാവരു പള്ളി എന്നീ ത്രയങ്ങൾ മനുഷ്യ൯ ഒന്നാണെന്ന മഹിമ വിളിച്ചോതുന്നു. ഇന്ത്യയിൽ കുംഭമേള കഴിഞ്ഞാൽ ഇത്രയും ജനങ്ങൾ സംഗമിക്കുന്ന വേദി മറ്റെവിടെയുണ്ട്. അതിൽ തന്നെ ഭക്തനെ ദൈവമായി കാണുന്ന മഹാ സങ്കല്പം ...ഉദാത്തവും ഉന്നതവുമായ ഗാഭീര്യം ശബരി മലയിലല്ലാതെ ഏതു സന്നിധിയിലുണ്ട്.


സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ... 14/12/2009