കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

വിഷു വന്നു, കൈക്കുടന്നയിൽ കൊന്നപ്പൂവും കൈനീട്ടവുമായി. -ലേഖനം - ആർ.പ്രസന്നകുമാർ - 14/04/2010

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ കേരളത്തിന്റെ സവിശേഷമായ ഉത്സവദിനമാണ് വിഷു. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പലയിടത്തും ഇതേ ദിനം പുതുവർഷമായി കൊണ്ടാടുന്നു. പഞ്ചാബുകാർക്ക് ബൈശാഖോത്സവമായും ആസ്സാംകാർക്ക് ഗോരുബിഹുവായും കർണാടകയിലെ തുളുനാട്ടുകാർക്കും തമിഴ് നാട്ടുകാർക്കും ബിസുവായും ഈ ദിനം അറിയപ്പെടുന്നു. പേരിനെല്ലാം വിഷുവിനോട് വളരെ സാദൃശമുണ്ട്. ആചാരങ്ങളും അനുഷ്ഠാനരീതികളും ചെറുതായി വ്യത്യസ്ഥമാണുതാനും. ബിഹു കർഷകരുടെ ആഘോഷമാണ്. അന്ന് അവർ തങ്ങളുടെ കാലികളെ കുളിപ്പിച്ച് മഞ്ഞൾ പൂശി അവയ്ക് ശർക്കരയും വഴുതിനങ്ങയും കൊടുക്കും. ഇതവരുടെ പ്രധാന ചടങ്ങാണെങ്കിൽ നമ്മുടേത് കണികാണലാണ്. ഇതിന് സമാനമായി കാശ്മീരികൾക്കും ഒരു ചടങ്ങുണ്ട്. അവരുടെ പുതുവർഷദിനമായതിനാൽ അന്ന് രാവിലെ വീട്ടമ്മമാർ കുളിച്ചൊരുങ്ങി ഒരു തളികയിൽ (ഇവിടെ ഓട്ടുരുളി)നെയ്യ്, പഞ്ചസാര, തൈര്, പഴം, നാണയം, കണ്ണാടി എന്നിവ കമനീയമായി നിരത്തി വീട്ടിലെ മറ്റ് അന്തേവാസികളെ കൊണ്ടുനടന്ന് കാണിക്കുന്നു. പഞ്ചാബികളുടെ ബൈശാഖോത്സവം വളരെ പ്രസിദ്ധമാണ്. ബംഗാളികൾക്കിത് നബബർഷയാണ്. ആന്ധ്ര, തമിഴ് നാട് എന്നിവിടങ്ങളിൽ ഇത് ചിത്തിരൈ മാസാരംഭമാണ്. എല്ലായിടത്തും ഇത് പുതുവർഷാരംഭമാണ്. അതുകൊണ്ട് ആട്ടവും പാട്ടും ആഘോഷത്തിമർപ്പും ഘോഷയാത്രയും ഇതിന്റെ ഭാഗമായി അരങ്ങേറുന്നു. ജ്യോതിഷകലണ്ടർ പ്രകാരം മേടം ഒന്ന് വിഷുദിനം പുതുവർഷമാണ് കേരളത്തിലും. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ചിങ്ങം ഒന്നാണ്. രസകരമെന്നു പറയട്ടെ, ഈ ചിങ്ങം ഒന്നിന് ജ്യോതിഷപരമായും ജോതിശാസ്ത്രപ്രകാരമായും യാതൊരുവിധ പ്രാധാന്യവുമില്ല. മറിച്ച് കേരളത്തിലും കർണാടകത്തിലെ തെക്കൻ തീരപ്രദേശങ്ങളിലും ഇത് കേവലം ഒരു കൊയ്തുകാലമാണ്. ....ഒരു കൊയ്തുത്സവത്തിന്റെ തുടക്കം മാത്രമാണ്. 'കണി കഴിഞ്ഞാൽ കൊന്നപ്പൂവും പൂരം കഴിഞ്ഞാൽ പണിക്കരും പടിക്കു പുറത്ത് ' എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് 'തുമ്പ പൂത്താൽ ഓണം, കൊന്ന പൂത്താൽ കണി'എന്ന ചൊല്ലും. രണ്ടിലും കേരളത്തിന്റെ മറ്റൊരു ദേശീയ ഉത്സവമായ വിഷുവിനെക്കുറിച്ച് പരാമർശമുള്ളതിനാൽ വിഷുവിന്റെ പ്രസക്തി എന്തെന്ന് മനസ്സിലാക്കാം. ശരിക്കും മലയാളിയുടെ പുതുവത്സരദിനമാണ് വിഷു. ഭാസ്കര രവിയുടെ തൃക്കൊടിത്താനം ശാസനത്തിന്റെ ഏടുകളിൽ വിഷുവിനെക്കുറിച്ചുള്ള പ്രഥമ പരാമർശമുണ്ട്. ഐതീഹ്യപ്പഴമയിൽ വിഷു വളരെ സമ്പന്നമായ ഒരു ചിത്രം പകരുന്നു. മര്യാദാ പുരുഷോത്തമനായ സാക്ഷാൽ ശ്രീരാമൻ, പത്തു തലകളിലായി അഹങ്കാരഭാവം കാട്ടി സീതാപഹരണമെന്ന കൊടുംപാതകം ചെയ്ത രാവണനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണെന്നതാണ് ഒരു മതം. ലോകമെങ്ങും ഭീതിയുടെ മിന്നൽപ്പിണരുകൾ വർഷിച്ച നരകാസുരന്റെ വധം നടത്തിയ വിഷ്ണു ദേവനുള്ള അപദാനഘോഷമാണെന്നതാണ് മറ്റൊരു കൂട്ടരുടെ വാദം. ഇതൊന്നുമല്ല കലിയുഗത്തിന്റെ തുടക്കമാണെന്നും പറയുന്നു. ഐതീഹ്യങ്ങൾ എന്തുമാകട്ടെ, വിഷു മലയാളിയുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും ഏതു മലയാളിയാണ് ആജീവനാന്തം ഓർക്കാത്തത്.......? ആ നല്ല നാളുകളുടെ മധുരിമയിൽ സ്വയമലിഞ്ഞ് ഊർജ്ജം നുകരാത്തത്.......? വിഷു സംസ്കൃതത്തിൽ വിഷുവം എന്നൊരു വാക്കുണ്ട്. അർത്ഥമിതാണ് - പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഒരുപോലെയാകുന്ന ദിനം. അതിനാൽ വിഷുവിന് തുല്യഭാഗം, ഒരുപോലെ എന്നൊക്കെ അർത്ഥം കൽപ്പിക്കാം. ഇങ്ങനെ വർഷത്തിൽ രണ്ടു പ്രാവശ്യം രാവും പകലും തുല്യമായി വരുന്നുണ്ട്, മേടമാസത്തിലും തുലാമാസത്തിലും. ഇതിൽ മേടമാസത്തിലെ തുല്യദിവസം നമ്മുടെ വിഷുവായി ആഘോഷിക്കുന്നു.

വിഷുക്കണി വിഷുവിന്റെ പ്രതീകമാണ് കണിക്കൊന്നകൾ. നിറയെ സ്വർണവർണ്ണത്തിൽ പൂത്തുലഞ്ഞ് , ഇലകളുടെ ഹരിതാഭ മറച്ച് ഐശ്വര്യത്തിന്റെ കൊടിക്കൂറയുമായി നാടെങ്ങും പീതവർണ്ണത്തിൽ കൊന്നകൾ തലയുയർത്തി നില്കുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ ഈ മരം കാണപ്പെടുന്നു. ഇംഗ്ലീഷിൽ ഇതിന്റെ നാമം 'ഇന്ത്യൻ ലാബർനം' എന്നാണ്. സംസ്കൃതത്തിൽ 'സുവർണതരു, രാജതരു, ഗിരിമാല, സുന്ദലി' എന്നിങ്ങനെ പല പേരുകളുണ്ട്. ഹിന്ദിയിൽ 'അമൽടാസ് 'എന്നും തമിഴിൽ 'കൊന്നൈ' എന്നും കന്നട ഭാഷയിൽ 'കക്കെ' എന്നും തെലുങ്കിൽ 'റെലെ' എന്നും ഉറുദുവിൽ 'സുനാരി' എന്നും അറിയപ്പെടുന്നു. വരാൻ പോകുന്ന വർഷം സന്തോഷനിർഭരവും ഐശ്വര്യപൂർണവും ആകുവാൻ കണി കാണുന്നു. അഗാധ നിദ്രയിലാണ്ടു പോകുന്ന വെളുപ്പാൻ കാലത്ത് കുടുംബത്തിലൊരാൾ ആദ്യമുണർന്ന് തലേന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന കണിവിഭവത്തിനരികിൽ നിലവിളക്കു തെളിയിക്കും. ഭഗവാനെ തൊഴുതു മടങ്ങുന്ന ഈ വ്യക്തി പിന്നീട് കുടുബാംഗങ്ങളെ ഓരോരുത്തരെയായി വിളിച്ചുണർത്തി കണ്ണുപൊത്തി കണിമണ്ഡപത്തിനരികിലേക്ക് നയിച്ച് ദീപാലംകൃതമായ കണി കാണിക്കുന്നു.

കണിയൊരുക്കിന്റെ വിഭവങ്ങൾ എന്തെന്ന് അറിയണ്ടെ.....? സാധാരണയായി നല്ല പോലെ തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ ഉണക്കലരി, അലക്കിയ വസ്ത്രം, പൊന്ന്, വാൽക്കണ്ണാടി, കണിക്കൊന്നപ്പൂവ്, കണിവെള്ളരി, നാളികേരമുറി, ചക്ക, മാങ്ങ, പാരായണ ഗ്രന്ഥം എന്നിവ കമനീയമായി അലങ്കൃതമാക്കി ശ്രീകൃഷ്ണ വിഗ്രഹത്തിനരികിൽ തലേന്നു തന്നെ തയ്യറാക്കി വെയ്കും. ഒരു നിലവിളക്ക് തൊട്ടടുത്തായി കത്തിക്കാൻ ഒരുക്കി വെയ്കും. മിക്കയിടങ്ങളിലും പൂജാമുറിയായിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. പൂജാമുറിയുടെ അഭാവത്തിൽ വിളക്കു കൊളുത്തുന്ന സ്ഥലത്ത് അനുയോജ്യമാക്കും. എന്നാൽ പ്രാദേശികമായി ഇതിന് ധാരാളം വ്യതിയാനങ്ങൾ കാണപ്പെടുന്നു. നന്നായി തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ കണി ഒരുക്കുന്നു. ഉരുളി സാധാരണ പഞ്ചലോഹ നിർമ്മിതമാണ്. പഞ്ചലോഹം പ്രതിനിധീകരിക്കുന്നത് പ്രപഞ്ചത്തെ തന്നെയാണ് - അതായത് അഞ്ച് മൂലകങ്ങളുടെ ചേരുവയാണ് - ഭൂമി, ജലം, അഗ്നി, വായു, ശൂന്യാകാശം. തെക്കൻ കേരളത്തിലെ കൊല്ലം പ്രദേശങ്ങളിൽ അരിയും മഞ്ഞളും പകുതി വീതം എടുത്ത് ഉരുളിയിൽ വെയ്കുന്നു.കേരളത്തിലെ ഇതര സ്ഥലങ്ങളിൽ ഉണക്കലരിയാണ് പ്രധാന വസ്തുവായി ഉരുളിയിൽ വെയ്കുന്നത്.അതിനുമുകളിലായി അലക്കിത്തേച്ച ഒരു കസവു പുടവ (നേര്യത്) വിരിച്ചു വെയ്കും. പിന്നീട് കണിവെള്ളരി, വെറ്റില, പഴുക്കാപ്പാക്ക്, പഴുത്ത മാങ്ങ, ചക്ക, വാൽക്കണ്ണാടി എന്നിവ ഭംഗിയായി നിരത്തി വെയ്കും.ഒരു തിളങ്ങുന്ന കിണ്ടിയിൽ വിശറി പോലെ മടക്കിയെടുത്ത കസവു നേര്യത് ഇറക്കി വെച്ച് മുന്നിൽ വാൽക്കണ്ണാടിയും വെയ്കുന്നു. ഇതെല്ലാം കൂടി ഉരുളിയിലെ അരിയുടെ മുകളിലായി ക്രമീകരിക്കുന്നു. ചില സ്ഥലങ്ങളിൽ രാമായണം, ഭാഗവതം തുടങ്ങിയ പുരാണങ്ങൾ ആലേഖനം ചെയ്ത താളിയോലകളും കണിയായി വെയ്കും. അതുപോലെ അഷ്ടമംഗല്യവും സ്വർണനാണയമോ മാലയോ കൂടി വെയ്കും. കൂടാതെ തേങ്ങയുടച്ച് എണ്ണ നിറച്ച് തിരിയിട്ട് കൊളുത്തിയും വെയ്കും. മറ്റു ചിലയിടങ്ങളിൽ താഴെയായി ഒരു പരന്ന ചരുവം വെച്ചിട്ട് അല്പം അരിയും ഒരു വെള്ളി നാണയവും കുറച്ചു പൂക്കളും ഇട്ടു വെയ്കും. കണി തൊഴുതിട്ട് ആർക്കും അതിലെ നാണയം കണ്ണടച്ച് എടുത്ത് നാണയത്തിന്റെ തലയാണോ വാലാണോ വന്നത് എന്ന് നോക്കി ആ വർഷത്തെ വിലയിരുത്താം. അതിനായി കണി കാണുമ്പോൾ തന്നെ നാം നമ്മുടെ അഗ്രഹങ്ങൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരിക്കണം. കണി ഉരുളി വെയ്കുന്നത് കൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ്. വടക്കൻ കേരളത്തിൽ വാൽക്കണ്ണാടി ശ്രീഭഗവതിയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതായി കരുതുന്നു. എന്നിട്ട് ഉരുളിയുടെയും കൃഷ്ണ വിഗ്രഹത്തിന്റെയും പരിസരമാകെ കണിക്കൊന്നപ്പൂക്കൾ വിതറി ഒരു സ്വർണ മഞ്ഞ വർണാഭയൊരുക്കുന്നു, ഒരു ദിവ്യ പരിവേഷം സൃഷ്ടിക്കുന്നു. കണികാണൽ കണിയൊരുക്കൽ പൂർത്തിയാക്കിയാൽ പിന്നീട് അടുത്ത ദിവസം പുലരും മുമ്പുള്ള കണികാലലാണ്. വീട്ടിലെ ഏറ്റവും മുതിർന്ന അംഗം, മിക്കവാറും മുതിർന്ന സ്ത്രീ തന്നെ (അമ്മൂമ്മ) ഇതിന്റെ ചുമതല ഏറ്റെടുക്കുന്നു. അവർ കണിയുടെ തൊട്ടരികിലായി തന്നെ പായ് നിവർത്തി കിടന്നുറങ്ങുന്നു. കൈയകലത്തിൽ ഒരു തീപ്പെട്ടിയും കരുതിയിരിക്കും. ബ്രാമ്ഹമുഹൂർത്തത്തിൽ സൂര്യഭഗവാൻ കിഴക്കുണരും മുമ്പ് എഴുന്നേറ്റ് ,ഭക്തിപൂർവം കണ്ണടച്ച് അവർ വിളക്ക് കൊളുത്തുന്നു. ആദ്യകണി കാണുന്നു. അതവരുടെ അവകാശമാണ്. സുവർണപ്രഭയിൽ മുങ്ങിയ, പീതാംബരധാരിയുടെ ദര്ശനം, അതും വിഷുക്കണിക്കിടയിലൂടെ, മഞ്ഞ നിറമോലുന്ന പശ്ചാത്തലത്തിൽ ഭക്തി അതിന്റെ പരമസീമയിൽ നിറഞ്ഞാടുമ്പോൾ ഏത് മനമാണ് ദിവ്യാനന്ദത്തിലാറാടാത്തത്. ആ പുണ്യദർശനം തനിക്ക് മാത്രം അവകാശപ്പെട്ടതല്ല, കുടുംബത്തിലെ ഇതര അംഗങ്ങൾക്കും കൂടി ലഭിക്കണം. അതിനായി അവര് മറ്റുള്ളവരെ വിളിച്ചുണർത്തി വിഷുക്കണിയേകും. കുടുംബാംഗങ്ങളെ ഒന്നൊന്നായി കമ്മും പൂട്ടി പൂജാമുറിയിലേക്ക് നയിച്ച് കണിദർശനമരുളും. കുട്ടികളെ സ്നേഹമസൃണമായ അവരുടെ കരങ്ങൾ കൊണ്ട് പൊത്തി, അല്ലെങ്കിൽ ഒരു ചെറിയ തുണി കൊണ്ട് മൂടി അവിടേക്കാനയിച്ച് ദർശനമരുളും.മനുഷ്യവർഗത്തിന്റെ അവസരം കഴിഞ്ഞാൽ പിന്നീടുള്ള ഊഴം തൊടിയിലെ സസ്യജാലത്തിനും വൃക്ഷങ്ങൾക്കും മൃഗങ്ങൾക്കുമാണ്. കണിയുരുളിയുമായി പുറത്തേക്കിറങ്ങി കാലിത്തൊഴുത്തിലും കുളക്കടവിലും തൊടിയിലും പാടത്തുമൊക്കെ നടക്കുന്നു. അവസാനം വീടിന് മൂന്ന് വലം വെച്ച് തിരിച്ച് പൂജാമുറിയിലേക്ക് തന്നെ കൊണ്ടു വെയ്കുന്നു. ചില സ്ഥലങ്ങളിൽ കുട്ടികൾ അവരുടേതായ കണിയൊരുക്കി വീടു വീടാന്തരം കൊണ്ടു നടക്കും. കൃഷ്ണഗീതികൾ പാടി ഭക്തിയും ഉല്ലാസവും തുളുമ്പി , ചില കൃഷ്ണവേഷക്കാരുമായി , വാദ്യഘോഷം മുഴക്കി പുലർവേളയിൽ അവർ നടിനു മുഴുവൻ കണിയാകും. കൈനീട്ടവും മധുരപലഹാരങ്ങളും മിക്കയിടത്തു നിന്നും അവർക്ക് കിട്ടുന്നു. വിഷുക്കണി വളരെ ഭക്ത്യാദരവിൽ ദിവ്യദർശനമായി പ്രസിദ്ധക്ഷേത്രങ്ങളായ അമ്പലപ്പുഴ, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിൽ കൊണ്ടാടുന്നു. അവിടെല്ലാം വിഷുക്കണിക്ക് അഭൂതപൂർവമായ തിരക്ക് അനുഭവവേദ്യമാകുന്നു. വിഷുക്കൈനീട്ടം ഇത് കുട്ടികളുടെ ആഘോഷമാണെന്ന് പറയാം. അവർ അക്ഷമരായി കാത്തു നിൽക്കുന്നത് ഇതിനാണ്. അപ്പൂപ്പൻ അല്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന പുരുഷ അംഗം കൈനീട്ടം നൽകുന്നു. കുട്ടികൾക്കും തന്നേക്കാൾ പ്രായം കുറഞ്ഞ എല്ലാവർക്കും നല്കുന്നു. കൈനീട്ടത്തിൽ നാണയം, കൊന്നപ്പൂവ്, അരി, ഉരുളിയിൽ വെച്ചിരിക്കുന്ന സ്വർണ്ണം എന്നിവയുണ്ടാവും. ഇതിൽ സ്വര്ണ്ണവും അരിയും ഉരുളിയിലേക്കു തന്നെ തിരിച്ചിടുന്നു. പൂക്കൾ രണ്ടു കണ്ണിനോടും ഭക്ത്യാ ചേർത്തമർത്തി നാണയം സൂക്ഷിച്ചു വെയ്കുന്നു. കുടുംബത്തിലെ കാരണവർ വിഷുക്കണിക്കു ശേഷം നൽകുന്നതാണ് വിഷുക്കൈനീട്ടം. ഇത് കണി കണ്ടവർകെല്ലാം അവകാശപ്പെട്ടതാണ്. കാരണവർക്കു ശേഷം മറ്റ് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകാറുണ്ട്. ജന്മി - കുടിയാൻ സമ്പ്രദായം നില നിന്നിരുന്നപ്പോൾ പൊൻ നാണയം തന്നെയായിരുന്നു കൈനീട്ടം. ഒരു വിധത്തിൽ പറഞ്ഞാൽ വിഷു ആഘോഷത്തോടൊപ്പം അല്പം ധന സമ്പാദന മാർഗം കൂടിയാണ്. കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാൽ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്കാണ് ട്രഷർ ഹണ്ട്. അവിടെ അവരുടെ വരുമാനമനുസരിച്ച് കൈനീട്ടം പ്രതീക്ഷിക്കാം. വിഷു വരുന്ന ആഴ്ചയിലെ വിരുന്നുകാരിൽ നിന്നും ചിലപ്പോൾ കൈനീട്ടം പ്രതീക്ഷിക്കാം. പഴയകാലത്ത് കൈനീട്ടം വീട്ടിലെ വേലക്കാർക്കും വയൽപ്പണിക്കാർക്കും കുടിയാന്മാർക്കും നല്കുമായിരുന്നു. ഇവിടെ പ്രതീകാത്മകമായി ഐശ്വര്യവും സമ്പൽസമൃദ്ധിയും സന്തോഷവും എല്ലാവരുമായി പങ്കുവെയ്കുകയാണ്. പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്, കുടിയാന്മാർ അന്ന് വരി വരിയായി നിന്ന് തമ്പുരാന്റെ മുന്നിലെത്തി , വായ് പൊത്തി , തോർത്ത് അരയിൽ കെട്ടി, താണു വീണ് പറയണം - 'ഇന്ന് വിഷുവാണേ....'. ഇങ്ങനെ മൂന്നു തവണ പറഞ്ഞു കഴിയുമ്പോൾ തമ്പുരാൻ തന്റെ വെള്ളിച്ചെല്ലത്തിൽ നിന്നും കുടിയാന്റെ അവസ്ഥയും നിലയുമനുസരിച്ച് നാണയങ്ങൾ (ചെമ്പ്, വെള്ളി, പൊന്ന്) കാര്യസ്ഥൻ മുഖാന്തിരം നൽകുന്നു. പഴയ ഫ്യൂഡൽ വ്യവസ്ഥയുടെ ബാക്കിപത്രമായി പല ആചാരങ്ങളും ഇന്ന് ആധുനികതയുടെ മുഖംമൂടിയണിഞ്ഞ് നില നിൽകുന്നു. കൈക്കോട്ട് കാലും വിഷുച്ചാലും കൃഷിയുമായി നമ്മുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും അഭേദ്യമായ ബന്ധമുണ്ട്. വിഷുവും അങ്ങനെ തന്നെയാണ്. തിരുമുറ്റം അലങ്കരിച്ച് ഒരു ഭാഗത്ത് കൈക്കോട്ടും (തൂമ്പ, കൂന്താലി....)മറുഭാഗത്ത് ഒരു കല്ലും വെക്കും. പ്രത്യേക പൂജാദി കർമ്മങ്ങൾക്കു ശേഷം അവിടെ വിളക്കിനെ സാക്ഷിയാക്കി പായസവും മധുരവും നിവേദിക്കും. തൂമ്പ കൊണ്ട് കുഴിയെടുത്ത് , ചുറ്റും പ്ലാവിലയിൽ തിരി വെച്ചു കൊളുത്തി ധാന്യങ്ങൾ കുഴിയിലിടുന്ന ചടങ്ങും വിഷു അനുബന്ധിച്ച് ചിലയിടങ്ങളിൽ ഉണ്ട്. ഇതാണ് വിഷുച്ചാലിടൽ എന്നു പറയുന്നത്. പണിയായുധങ്ങളെ മൂർച്ച കൂട്ടി പരിശോധിക്കാനും ഭൂമിയെ തിരിച്ചറിയാനും അവയുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാനും വിഷു ഒരു നിമിത്തമായി മാറുകയാണിവിടെ. കാർഷിക സംസ്കാരത്തിന്റെ മകുടോദാഹരണമായി ഇത്തരം അനുഷ്ഠാനങ്ങളെ കരുതാം.

വിഷുപ്പടക്കം കുട്ടികളുടെ ആവേശകരമായ മുഖം ഈ വിഷുപ്പടക്ക വേളയിൽ സാർവ്വദേശീയമായി കാണാം. അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളുടെ ബഹുർസ്ഫുരണമാണ് ഈ ശബ്ദപ്രപഞ്ചം..... ഈ ദൃശ്യപ്പൊലിമ. വിഷുക്കണി ദർശനം കഴിഞ്ഞാൽ തൊട്ട് രാത്രി വളരെ വൈകുവോളം ഇത് നീണ്ടു നില്കും. കണി കഴിഞ്ഞ്, ഉച്ചഭക്ഷണം കഴിഞ്ഞ്, അത്താഴസദ്യ കഴിഞ്ഞ് .... ഏതു വേളയും പടക്കം പൊട്ടിച്ച് തിമർക്കാനുള്ളതാണ്. സാമ്പത്തികശേഷി അനുസരിച്ച് വളരെ നേരത്തെ തന്നെ പടക്ക സമാഹരണം നടത്തിയിരിക്കും. ചിലരാകട്ടെ വിഷുക്കൈനീട്ടമായിരിക്കും മൂലധനമായി എടുക്കുക. പണവും സ്വാതന്ത്രവുമൊത്തു വരുന്ന ഈ വേള കുട്ടികൾക്ക് ഉല്ലാസനാളുകളാണ്. വൈവിധ്യമാർന്ന പടക്കങ്ങൾ കടകളിൽ നിരന്നിരിപ്പുണ്ട്....കുട്ടികൾ ആർത്തി പൂണ്ട് പരസ്പരം പടക്കങ്ങൾ വാരിയെടുക്കുന്നു. മാലപ്പടക്കം, ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പൂ, റോക്കറ്റ്... തുടങ്ങിയ വമ്പൻ ശ്രേണി തന്നെയുണ്ട്. കൂട്ടത്തിൽ ചൈനീസ് പടക്കങ്ങളും കാണും. അവർ ശബ്ദത്തേക്കാൾ ദൃശ്യത്തിനാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. പടക്കങ്ങളുടെ പ്രകടനത്തിന് തീർച്ചയായും മുതിർന്നവരും ആവേശത്തോടെ പങ്കുചേരും. വിഷുക്കഞ്ഞി വിഷുദിവസം വൈകീട്ട് ചിലയിടങ്ങളിൽ കഞ്ഞി വെയ്കാറുണ്ട്. അതിൽ തേങ്ങ ചുരണ്ടിയിട്ടിരിക്കും. ഇതാണ് വിഷുക്കഞ്ഞി. കഞ്ഞിക്ക് കൂട്ടാനായി പുഴുക്കും കാണും. മരച്ചീനി, ചേമ്പ്, വാഴയ്ക, കാച്ചിൽ തുടങ്ങിയ നാടൻ കാർഷിക ഇനങ്ങൾ കൊണ്ടാണ് പുഴുക്കുണ്ടാക്കുന്നത്. വിഷുവിനെന്താണ് കഞ്ഞി....? ഓണസദ്യ പോലെ കേമത്തരത്തിലാവത്തതെന്താണ്....? ന്യായമായും ചോദ്യമുയരാം. ഇതിന് കാരണമുണ്ട്. ഓണം ചിങ്ങക്കൊയ്ത് കഴിഞ്ഞ് വരുന്ന നിറപ്പത്തായ കാലത്താണ്. സമൃദ്ധിയുടെ പച്ചപ്പിലാണ് ഓണം. പക്ഷെ വിഷു, മേടമാസത്തിനു ശേഷം ഇടവം, മിഥുനം, കർക്കടകം എന്നിവ ചേർന്ന പഞ്ഞമാസങ്ങളിലാണ് കടന്നു വരുന്നത്. ദാരിദ്രം രൗദ്രഭാവം പൂണ്ടു് ദംഷ്ടകളും കാട്ടി അട്ടഹസിച്ചു നില്കെ എന്ത് സദ്യ... എന്ത് ആഘോഷം....? ഇത് പഴയ ചിന്താഗതിയാണ്. ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഒക്കെ പഴയ ദൃഷ്ടിയിൽ കാണുന്നതാണ് സുഖം. ഇന്ന് അന്യ സംസ്ഥാനക്കാരന്റെ വിയർപ്പുമണികൾ അരിമണിയാക്കി നമ്മൾ പായ്ക്കറ്റുകളിൽ വാങ്ങി, നിലം എന്തെന്നറിയാത്ത തലമുറയോട് പഴയ കഥയും പറഞ്ഞിരിക്കുന്നു. അവർക്കിത് മനസ്സിലാവത്തതിൽ അത്ഭുതം തെല്ലുമില്ല. അവർക്ക് എല്ലാം ഒരാഘോഷമാണ്....അല്ലേ? വിഷുദിനസദ്യക്ക് വിഭവങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപ്പും മധുരവും എരിയും കവർപ്പും ഇടകലർത്തിയാണ്. വേപ്പംപൂരസം (കയ്പേറിയ വേപ്പടങ്ങിയ കറി), മാമ്പഴപ്പച്ചടി (കടുത്ത പുളിയുള്ള മാങ്ങാക്കറി, മധുരവും തോന്നിപ്പിക്കും)എന്നിവ ഏതാനും വിഭവങ്ങളാണ്. അതായത് ജീവിതത്തിലെ സുഖദു:ഖങ്ങളെ ഓർമ്മിപ്പിക്കുവാൻ , എല്ലാം ഇടകലർന്നതാണെന്ന പരമസത്യം ഉണർത്തുവാൻ വിഷു വിഭവങ്ങളിലൂടെ പഴമക്കാർ അവസരമൊരുക്കുന്നു. വിഷുവിന്റെ വ്യത്യസ്തഭാവങ്ങൾ - ചിത്രങ്ങളിലൂടെ......