കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


മദം പൊട്ടുന്ന കേരളം
- ലേഖനം - ആർ.പ്രസന്നകുമാർ. 07/03/2010
പത്തനംതിട്ട മലയാലപ്പുഴ നിവാസികൾ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ന്ന രണ്ടു ദിനങ്ങളിലൂടെയാണ് ഈയിടെ കടന്നു പോയത്. അതായത് കൃത്യമായി പറഞ്ഞാൽ മാർച്ച് മാസം ഒന്നും രണ്ടും നാളുകൾ. ആകാശത്തു നിന്നും ഉൽക്കാപതനമുണ്ടായതല്ല, ഭൂചലനമല്ല, പിന്നെ മനുഷ്യനിർമിതമായ കാരണങ്ങൾ. കൂടെ കുംഭമാസത്തിലെ കൊടും ചൂടും.
അമ്പലങ്ങളും ആനയും കേരളത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ആൽത്തറയും ചുറ്റുവിളക്കുകളും അമ്പലക്കുളവും ഒക്കെ നമ്മുടെ സാംസ്കാരിക പ്രതീകങ്ങളാണ്. ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഇല്ലാതെ മലയാളിക്ക് ഉത്സവം സങ്കല്പിക്കാനാവുകില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു പ്രമുഖക്ഷേത്രമാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ശബരിമല കഴിഞ്ഞാൽ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് വിളിപ്പുറത്തമ്മയായ മലയാലപ്പുഴ ദേവീ വാഴുന്നു.അവിടെ ഉത്സവം നടക്കവെ രണ്ട് ആനകളാണ് അടുത്തടുത്ത ദിവസങ്ങളിലായി കലി തുള്ളിയത്, സംഹാര താണ്ഡവമാടിയത്. കൂടെ തട്ടും മുട്ടും കിട്ടിയ മറ്റാനകളും. ജനം പരിഭ്രാന്തിയിൽ തലങ്ങനെയും വിലങ്ങനെയും ഓടി മാറി പ്രാണാഹൂതി ഒഴിവാക്കി. സാഹസികർ തങ്ങി നിന്ന് ആനയെ വിറളി പിടിപ്പിച്ചു. പാപ്പാന്മാർ ജീവൻ പണയം വെച്ച് ആനയെ തളയ്കുവാൻ ശ്രമം നടത്തി. ഒടുവിൽ മയക്കു വെടി വെച്ചും ജനസഹായത്തോടെയും ആനകളെ വരുതിയിലാക്കി.
ഉത്സവം കെങ്കേമമായി. ആളിനും ആനയ്കും ഒരു കുഴപ്പവുമുണ്ടായില്ല. വസ്തു വകകൾക്ക് നാശനഷ്ടമുണ്ടായി. കുറെ നിമിഷങ്ങൾ ഭീതിദമാക്കിയ ഈ സംഭവത്തിന്റെ വിവരണമല്ല ലേഖകന്റെ ലക്ഷ്യം, ലേഖനത്തിന്റെയും....! പിന്നെന്താണ്...?
ആനകൾ മദമിളകി കലി തുള്ളുന്നതെന്തു കൊണ്ട്....? ഇതിന് പരിഹാരമെന്താണ്....? ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമില്ലേ....?
ഡിസംബർ - ജനുവരി മാസങ്ങളിലെ കടുത്ത തണുപ്പ് സൃഷ്ടിക്കുന്ന കഫക്കെട്ടാണ് മദജലം. അത് പൊട്ടിയൊഴുകി ആന പരീക്ഷിണിതനാവുമ്പോൾ അതിനെ ക്രൂരമായി കൂടുതൽ കഷ്ടപ്പെടുത്തുന്നതാണ് ഒരു പ്രശ്നം. മറ്റൊന്നാണ് വേനൽച്ചൂട്.
കറുത്തതും പരുപരുത്തതുമായ പ്രതലങ്ങൾ താപത്തെ നന്നായി ആഗിരണം ചെയ്യും. ശാസ്ത്രമതമതാണ്. ആനയെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ഘടകങ്ങളും വേണ്ടുവോളമുണ്ട്. കറുത്ത കട്ടിത്തൊലി, പാറപ്പുറം പോലെ പരുക്കൻ പ്രതലം, പിന്നെ എഴുന്നെള്ളത്തിന്റെ പേരിൽ മണിക്കൂറോളം അനങ്ങാതെയുള്ള നില്പ്, ചിലപ്പോൾ ചെവി പോലും ആട്ടാൻ സാധിക്കാതെ നെറ്റിപ്പട്ടവും മുതുകിൽ ആളുകളെയും പേറിയുള്ള പീഢനം, സംഗതി ടാറിട്ട നിരത്തിലാണെങ്കിൽ പറയാനുമില്ല..... എന്താ ആനയുടെ സ്ഥാനത്ത് നാമാണെന്ന് കരുതുക , കാരണം കൃത്യമായി പിടികിട്ടും.
ഭൂമുഖത്തെ ഏറ്റവും വലിയ സാധുമൃഗത്തെ വല്ലാതെ കൊല്ലുന്ന വൃത്തികെട്ട മൃഗമാണ് മനുഷ്യൻ....!
എന്തുമാത്രം ആനക്കഥകളാണ് ആ സസ്യഭുക്കായ സഹ്യന്റെ പുത്രന്റെ തലയിൽ കെട്ടി വെച്ചിരിക്കുന്നത്....? ആനപ്പകയുടെ കഥ കേട്ടു കേട്ടു മടുത്തു. ആനയെ കല്ലെറിഞ്ഞാൽ ആന ആ കല്ലെടുത്ത് വായക്കുള്ളിൽ ഒളിച്ചു വെക്കുമത്രെ, എത്ര വർഷം കഴിഞ്ഞാലും ആന സംഭവം മറക്കാതെ സൂക്ഷിച്ച് പിന്നീടെന്നെങ്കിലും എറിഞ്ഞ ആളെ കണ്ടാൽ തിരിച്ചെറിയുമത്രെ. ഇതൊരു സാമ്പിൾ കഥ മാത്രം. ആന ഉപകാരം ചെയ്ത കഥകൾ ഇതിനേക്കാൾ അർത്ഥശൂന്യമാണ്. വിസ്തരഭയം കൊണ്ട് അതൊഴിവാക്കുന്നു.
തീവ്രമായ സൂര്യതാപം മൂലം ശരീരത്തിലെ ജലാശം വൻതോതിൽ നഷ്ടപ്പെട്ട് ആന അസഹ്യതയുടെ പാരമ്യതയിലെത്തുന്നു. ആനയുടെ കാലിൽ ഒരു വടി ചാരി വെക്കുന്നത് കണ്ടിട്ടില്ലേ.... ആനയെ ചിട്ടയിൽ തന്നെ അനങ്ങാതെ നിർത്താനാണ്. അതൊന്ന് താഴെ വീണാൽ പിന്നീട് കിട്ടാവുന്ന കൊടിയ മർദ്ദനമുറകൾ ആനയ്കറിയാം. ആനയുടെ കുഞ്ഞുമനസ്സിൽ ചട്ടം പഠിച്ചിരുന്ന കാലത്തെ പീഢനപർവങ്ങൾ ഒന്നൊന്നൊയി ഓർമ്മ വരും. അതിനാൽ എത്ര അസഹ്യമാണെങ്കിലും ഒരു വലിയ പരിധിവരെ ആന കഷ്ടപ്പാടുകൾ സഹിക്കും. ശരീരം വലുതായി ചലിപ്പിക്കാതെ, ചെവിയനക്കാതെ, കർണ്ണകഠോരമായ മേളങ്ങൾ കേട്ട് അങ്ങനെ മണിക്കൂറോളം നില്കും. ഏതിനും ഒരു പരിധി ഉണ്ട്. അതിനപ്പുറമാകുമ്പോൾ ആന ചെറുതായി ഒന്നു പ്രതികരിക്കും. അതാണ് ഈ ചെറിയ മനുഷ്യന് വലുതായി തോന്നുന്നത്, അനുഭവപ്പെടുന്നത്.
എന്താ... നമുക്ക് ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമോ....?ശരീരമിളക്കാതെ, കൈ കാലുകൾ അനക്കാതെ , കർണ്ണകഠോരമായ നാദങ്ങൾ കേട്ട് ഒരു മൂന്നു മണിക്കൂർ.... മൂന്നേ മൂന്നു മണിക്കൂർ മാത്രം.... അതും പൊരി വെയിലിൽ വെള്ളം കുടിക്കാതെ, ഭക്ഷണം കഴിക്കാതെ.....പോകട്ടെ വെറും ഒരു മണിക്കൂർ.....?
ആനയെ പണ്ട് കിലോമീറ്ററോളം നടത്തിച്ചാണ് ഒരു ഉത്സവ സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോയിരുന്നത്. അതായത് ഒരമ്പലത്തിൽ നിന്നും മറ്റൊരമ്പലത്തിലേക്ക്. ഈ നടത്തക്ക് ഒരു സുഖമുണ്ട്, വഴിയരികിൽ ഇടയ്കിടെ വിശ്രമിച്ച്, ആനപ്രേമികളും നാട്ടാരും തരുന്ന വിഭവങ്ങൾ യഥേഷ്ടം നുകർന്ന്, ഏതെങ്കിലും പറമ്പിലൊന്ന് വിശ്രമിച്ച്, ഏതെങ്കിലും പുഴയിൽ നീരാടിത്തിമർത്ത്... അതേ അതൊരു ആരോഗ്യപരമായ വഴക്കമായിരുന്നു. അവിടെയാണ് മനുഷ്യന്റെ ദുര ദംഷ്ടകൾ നീട്ടി ലോറിയുടെ രൂപത്തിൽ കടന്നു വന്നത്. ലോറിയിലാണെങ്കിൽ വളരെ വേഗം ലക്ഷ്യത്തിലെത്താം, കൂടുതൽ എഴുന്നെള്ളത്തിൽ പങ്കെടുക്കാം, പണം കൊയ്യാം. പാവം ആനയെന്ന സാധുവിനെ ആരോർക്കുന്നു. ദുർബലമായി കെട്ടിയ ചട്ടക്കൂട്ടിന്നുള്ളിൽ ലോറിയുടെ ദൃതചലനം സമ്മാനിക്കുന്ന കുലുക്കത്തിൽ സ്ഥിരത കിട്ടാതെ ആ പാവം ഉള്ളാലെ അലറിവിളിക്കുന്നുണ്ടാവാം.... നിശബ്ദമായി. അങ്ങനെ താളം തെറ്റിയ മനസ്സുമായി ഏതെങ്കിലും ഉത്സവപ്പറമ്പിൽ ആന നില്കെ അവന് ചിലപ്പോൾ സഹിക്കവയ്യാതെ കലിയിളകിപ്പോകും. കുറ്റമാണോ...?
ഉത്സവമേളത്തിനിടയിൽ ആനയുടെ ജീവിത ശൈലിയിൽ തന്നെ മാറ്റം ഉണ്ടാകുന്നു. സമയത്ത് ആഹാരം നിഷേധിക്കപ്പെടുന്നു, ഉറക്കം തീരെ കിട്ടാതെ പോകുന്നു. കടുത്ത ചൂട്, വലിയ ഒച്ച, ആൾക്കൂട്ടം, മറ്റാനകളുടെ ചൂര്, ചിലതിന്റെ പ്രകോപനപരമായ പെരുമാറ്റം, ചിലപ്പോൾ മനുഷ്യജന്യമായ കുസൃതികൾ...ക്രൂരതകൾ ഒക്കെ ആനയുടെ സ്വതസിദ്ധമായ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കുന്നു. നിശ്ചലമായ തടാകത്തിൽ കല്ലുവീണാലുണ്ടാകുന്ന ഓളങ്ങൾ അടങ്ങുവാൻ സമയമെടുക്കുന്നതുപോലെ ആനയുടെ ഉള്ളം ശാന്തമാകുവാൻ നേരമെടുക്കുന്നു. അതുവരെ.... അതുവരെ മാത്രം ചില ദുശാഠ്യങ്ങൾ... ചില നേരംമ്പോക്കുകൾ... ഇതാണ് പൊതുവെ ആനയുടെ മനശാസ്ത്രം.

പരിഹാരങ്ങൾ :-
ആനയെ അടുത്തറിയുക. അവർ മാത്രം അതിനോട് ഇടപെടുക.
ശരീരം കൂടെക്കൂടെ തണുപ്പിക്കുക. ആനയുടെ ശരീരത്തിൽ ഹോസ് ഉപയോഗിച്ച് ജലം ചീറ്റുക. അതുമൂലം ചവിട്ടുന്ന പ്രതലവും തണുക്കുന്നു. ഏതാണ്ട് 150 ലിറ്റർ ജലം ആന ഒരു ദിവസം മോന്തും. വേനൽക്കാലത്ത് ഇതിലധികം വേണം.
വേനൽച്ചൂട് ഒട്ടും സഹിക്കാൻ പറ്റാത്ത ജീവിയാണ് ആന. നമ്മേപ്പോലെ ആനയും അത്യുഷ്ണത്തിൽ വിയർക്കുന്നുണ്ട്. പക്ഷേ സ്വേദഗ്രന്ഥികളില്ലാത്തതിനാൽ തുമ്പികൈ വായക്കുള്ളിൽ കടത്തി ഉള്ളിൽ നിന്ന് വിയർപെടുത്ത് പുറത്തേക്ക് ഊതിയാണ് വിയർപ്പാറ്റുന്നത്. ഇങ്ങനെ കഷ്ടപ്പെടുന്ന വലിയ ശരീരമുള്ള ആനയെയാണ് സുഖലോലുപനായ ചെറിയ മനുഷ്യൻ വെയിലത്ത് മണിക്കൂറോളം നിർത്തി പീഢിപ്പിക്കുന്നത്.
ഭക്ഷണത്തിൽ അകം തണുപ്പിക്കുന്ന ഇനങ്ങൾ ഉൾപെടുത്തണം. ഉദാഹരണമായി കൈതച്ചക്ക , തിളപ്പിച്ചാറ്റിയ പാൽ ( പത്തു ലിറ്റർ വരെ) , ശീതീകരിച്ച ശുദ്ധജലം എന്നിവ നല്കാം.
ആനയെ ആസ്വദിക്കാൻ മാത്രം ഉപയോഗിച്ചാൽ പോര, അതിനെ സ്നേഹിക്കുകയും വേണം.