കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്



ഭോപ്പാൽ ദുരന്തം (കഥാലേഖനം)
-ആർ.പ്രസന്നകുമാർ.
1984 ഡിസംബർ 2. ഭോപ്പാലിലെ യൂണിയ൯ കാർബൈഡ് നഗരിയിൽ പതിവു പോലെ രാത്രി വശ്യമോഹിനിയായി കടന്നു വന്നു. അദ്ധ്വാനത്തിന്റെ ഒരു പകൽ കൂടി മറഞ്ഞിരിക്കുന്നു. എവിടെയും തിരക്കാണ്. കൂടണയുന്നതിന്റെയും ജീവിതോപാധികൾ സംഘടിപ്പിക്കുന്നതിന്റെയും നെട്ടോട്ടം. ആർക്കും സമയമില്ല.... പരസ്പരം കണ്ടാൽ ഒന്നു ചിരിക്കാ൯, പ്രത്യഭിവാദ്യം ചെയ്യാ൯.....
രാംഗോപാൽ തിരക്കിട്ട് തന്റെ കീറിത്തുന്നിയ കുപ്പായത്തിന്റെ കുടുക്കിടുകയാണ്. ഫാക്ടറിയിലെത്താ൯ കഷ്ടിച്ച് സമയമേ ഉള്ളു. സൂപ്പർവൈസർ കൈലാസ് വർമ്മ കൃത്യം എട്ടിന് തന്നെ ഗേറ്റ് പൂട്ടും.
'എനിച്ച് ചോക്കലേറ്റ് കൊണ്ടു വരണം..ഒത്തിരി ...ഒത്തിരി വേണം ' മകളാണ്...ഗൗരി. എന്റെ ചക്കരമുത്ത്. ഗൗരിക്കൊരു ചുടുമുത്തം നല്കി തിരിയവെ നിറഞ്ഞ കണ്ണുമായി അവന്തി...അവളുടെ യാത്രാമൊഴി അങ്ങനെയാണ്. എന്റെ സാമീപ്യം അവളുടെ കണ്ണുകളിലെ പ്രകാശമാണ്.... വിരഹം ഈറ൯ മേഘമാണ്. എന്റെ അഭാവത്തിൽ അത് രാത്രി മഴയായി പൊഴിയും. തലയണയെ ആർദ്രമാക്കും. നൈറ്റ് ഷിഫ്റ്റുള്ളപ്പോൾ പറയാനുമില്ല.
'ആജ് മൗസം ബടാ ബേയമാ൯ ഹൈ' - റാഫിയുടെ അനശ്വര ഗാനം മൂളി തുരുമ്പിച്ച സൈക്കിൾ അതിവേഗം ചവുട്ടി ഫാക്ടറിയെത്തുമ്പോൾ എട്ടിന് വെറും രണ്ട് മിനിട്ട് മാത്രം ബാക്കി. ഹാവൂ ഫാക്ടറിക്കുള്ളിലെ കട അടച്ചിട്ടില്ല. തിടുക്കത്തിൽ രണ്ട് ചോക്കലേറ്റ് വാങ്ങി പാന്റിന്റെ കീശയിലിട്ടു. സൂപ്പർവൈസറുടെ രൂക്ഷനോട്ടം അവഗണിച്ച് പഞ്ചിങ് നടത്തി.
ബോയിലറിന്റെ കടുത്ത ചൂടിലും ചലിക്കുന്ന യന്ത്രങ്ങളുടെ ആരവത്തിലും മനുഷ്യപ്പേക്കോലങ്ങൾ തളരാതെ മാടുകളായി പണിയുന്നു. അമേരിക്ക൯ സായ്വിന്റെ പ്രീതി പറ്റാ൯ നാട൯ സായ്വുകളുടെ ഉഗ്രശാസനങ്ങൾ യന്ത്രാരവങ്ങളെ പിന്നിലാക്കുന്നു.
ഫാക്ടറി അങ്ങനെയാണ്.... അങ്ങനെയല്ലെങ്കിലേ പ്രശ്നമുള്ളു.
അർദ്ധഷിഫ്റ്റിന്റെ സൈറ൯ മുഴങ്ങി...ആദ്യ ബാച്ചിന് ഇനി പത്തു മിനിട്ട് വിശ്രമ വേളയാണ്. പുറത്ത് മാലിന്യം മൂലം കരിഞ്ഞു തുടങ്ങിയ പുൽതകിടിയിൽ ആകാശം നോക്കി കിടന്നു. ഏതോ വല്ലാത്ത ശബ്ദം മുളി ഒരു പറവ കടന്നു പോയി... കൂടെത്താ൯ വൈകിയതിന്റെ പരിഭവം പറഞ്ഞു തീർക്കാ൯ ഏതോ അജ്ഞാത പല്ലവി മൂളിയതാവാം... വിട്ടിൽ ഗൗരി കരഞ്ഞുറങ്ങിക്കാണും. അവളങ്ങനെയാണ്, ചിരിച്ചോണ്ട് യാത്രയാക്കും... പിന്നെ കരഞ്ഞുറങ്ങും. അവന്തി എന്റെ വരവും കാത്ത് തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിക്കും. പുലർച്ചെ ഞാ൯ ചെന്നതിനു ശേഷമാണ് ഞങ്ങളുടെ രാവും നിലാവും....
ഠേ....
ഒരു വലിയ ശബ്ദം ഫാക്ടറിക്കുള്ളിലായി കേട്ടു... തുടർന്ന് ഞാ൯ ജോലി ചെയ്തിരുന്ന കെട്ടിടമാകെ അഗ്നി ജ്വാല വിഴുങ്ങി.
അഡ്മിനിസ്ട്രേഷ൯ കോപ്ളക്സിൽ നിന്നും സായ്വുകൾ ഒന്നൊന്നായി അവരുടെ കാറുകളിൽ പലായനം ചെയ്യുന്നതിന്റെ ബഹളം. കൂടെ രകഷപ്പെട്ട നാട൯ ഇനങ്ങളും.. ഇതെല്ലാം സംഭവിച്ചത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു.
യാഥാർഥ്യത്തിന്റെ ലോകത്ത് എത്തിച്ചേർന്നത് ഒരു വല്ലാത്ത രൂക്ഷഗന്ധം വ്യാപിച്ചപ്പോഴാണ്. എങ്ങും നിലവിളികൾ, ആക്രന്ദനങ്ങൾ, ആക്രോശങ്ങൾ... ആരൊക്കെയോ തലങ്ങനെയും വിലങ്ങനെയും ഓടുന്നു...കൂട്ടത്തിൽ ആരോ വിളിച്ചു കൂകി ...
'രക്ഷപ്പെട്ടോളൂ...വിഷവാതകം ചോർന്നു...മിക് .മിക്....'
മിക് ... പഠിച്ചതാണ്. മീഥൈൽ ഐസോസൈനേറ്റ് ....മിക്.
കാലുകൾ യാന്ത്രികമായി ചലിച്ചു, ഒരുവിധം ഫാക്ടറിക്കു പുറത്തു വന്നു. അപ്പോളാണ് ജീവനു വേണ്ടി പിടയുന്ന രണ്ടാം ബാച്ചിലെ സഹജരെക്കുറിച്ചോർത്തത്. നിസ്സഹായതയുടെ ചങ്ങലക്കെട്ടിൽ കിടന്ന് ഞങ്ങൾ പിടയവെ ശക്തമായ കാറ്റ് വീശുവാ൯ തുടങ്ങി. ഇനി ഇവിടെ തങ്ങുന്നത് അപകടകരമാണ്. തൊട്ടടുത്തുള്ള റയിൽവേ സ്റ്റേഷനിലേക്ക് എല്ലാവരും ഓടുകയാണ്...കൂട്ടത്തിൽ ഞാനും...
അവസാനത്തെ ട്രെയി൯ ചലിക്കാ൯ തുടങ്ങിയിരുന്നു. ഒരുവിധം കയറിക്കൂടി....ടിക്കറ്റില്ലാതെ ....എങ്ങോട്ടെന്നില്ലാത്ത യാത്ര... സ്റ്റേഷനിൽ പച്ചക്കൊടിയും വീശി ഒരാൾ മാത്രം...സ്റ്റേഷ൯ മാസ്റ്റർ മൽഹോത്ര...
പ്ളാറ്റ്ഫോമിലൂടെ ഒരമ്മയും കയ്യിൽ തൂങ്ങി ഒരു ബാലികയും ദൂരെ നിന്ന് ഓടി വന്ന് കെഞ്ചുകയാണ്...
'....ഞങ്ങളെ കൂടി ....ഞങ്ങളെ കൂടി....'
ങ് ഹേ....അവർ...അവർ അവന്തിയും ഗൗരിയും അല്ലേ...
ഒന്നു കൂടി സൂക്ഷിച്ചു നോക്കി.... അല്ല...അല്ലേ ...അല്ല...ഹാവൂ...ആശ്വാസമായി.....


ഇത് രാംഗാപാൽ അറിയാനാണ്... -ലേഖക൯.
1984 ഡിസംബർ 3. പ്രഭാതം ഭോപ്പാലിലെ കാർബൈഡ് നഗരിയിൽ വിറങ്ങലിച്ചു നിന്നു...ആകാശം കറുത്ത ദുപ്പട്ട അണിഞ്ഞു നിന്നു...ഏതോ ദുരന്ത ഭൂവിലെന്ന പോലെ.
അതേ...ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു...അമേരിക്ക൯ കമ്പനിയിലെ സായ്വുകളും ഉന്നത ഉദ്യോഗസ്ഥരും രാംഗോപാലിനെ പോലുള്ള ഏതാനും സാധാരണക്കാരും രക്ഷപ്പെട്ടെങ്കിലും മൃത്യു അതിന്റെ കണക്കു കോറിയിട്ടിരുന്നു....ഫാക്ടറി സ്ഥിതി ചെയ്യുന്ന പത്തു കിലോമീറ്റർ ചുറ്റളവിൽ...
കുന്നി൯ മുകളിൽ നിന്നും കാറ്റ് മെല്ലെ താഴ്വാരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ എല്ലാം മറന്നുറങ്ങുന്ന അനേകായിരങ്ങളെ വിഷനാവുകൾ കൊണ്ട് തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയിൽ നിന്നെണീറ്റോടിയ പതിനായിരങ്ങളിൽ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും....
സ്വന്തമായി വാഹനമുണ്ടായിരുന്നവർ ഞെട്ടി ഉണർന്ന് കുടുംബാംഗങ്ങളുമായി വാഹനത്തിൽ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളിൽ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങൾ വഴിയിൽ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങൾ വല്ലാതെ വാ പിളർന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയിൽ നിന്നും പക്ഷികൾ കൂട്ടമായി ഉണങ്ങിയ പത്രങ്ങളെപ്പോലെ വീണു....
ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാൽ പുതിയ പ്രഭാതത്തെ വരവേൽക്കുകയാണ്...
ഒരു പ്രേതനികേതനം പോലെ ഭോപ്പാൽ റയിൽവേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയിൽ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റർ മൽഹോത്ര ഒരിറ്റ് പ്രാണവായുവിനായി വാ പിളർന്ന് കണ്ണുകൾ തുറിച്ച് മരിച്ചു കിടന്നു. ....രക്ഷപ്പെടാമായിരുന്നെങ്കിലും അനേകായിരങ്ങൾക്ക് ജീവിതത്തിലേക്ക് പച്ചക്കൊടി വീശി.....!
പക്ഷേ രക്ഷപ്പെടാനായി പിന്നീട് ഓടിയെത്തിയവർ പ്ളാറ്റ്ഫോമിലും ട്രാക്കിലും ഭീകരതയുടെ ബാക്കിപത്രമായി കിടന്നു...
ഒരു നാടു മുഴുവ൯ ശ്വാസനാളിയിലെ പുകച്ചിലോടെ നീറിപ്പിടയവെ ...ഇന്ത്യ ...പിന്നെ ലോകം ശാന്തമായി ഉറങ്ങി...പലവട്ടം...
കാർബാറിൽ (സെവി൯) എന്ന കീടനാശിനി ഉണ്ടാക്കുന്ന ഈ ഫാക്ടറി ബഹുരാഷ്ട്രഭീമനായ അമേരിക്കയിലെ യൂണിയ൯ കാർബൈഡിന്റെയാണ്. എവറെഡി ബാറ്ററി കമ്പനിയുമായി വന്ന് പിന്നീട് കീടനാശിനി ഫാക്ടറിയാക്കിയതാണ്. കാർബാറിൽ ഉൽപ്പാദനത്തിന് വേണ്ട രാസവസ്തുവാണ് വിനാശം വിതച്ച, മിക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മീഥൈൽ ഐസോസൈനേറ്റ്. ഡിസംബർ രണ്ടാം തീയതി രാത്രിയിൽ 42 ടൺ മീഥൈൽ ഐസോസൈനേറ്റ് സുക്ഷിച്ചിരുന്ന സംഭരണിയിലേക്ക് വെള്ളം കയറി. അപ്പോഴുണ്ടായ രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 200 ഡിഗ്രി സെൽഷ്യസിലും മുകളിലേക്കുയർന്നു. തൽഫലമായി സംഭരണിക്കുള്ളിലെ മർദ്ദം ഉയർന്ന് അതിന്റെ സുരക്ഷാ വാൽവ് തുറന്നു കൊടുത്തു. വിഷവാതകം വ൯തോതിൽ പുറത്തു വന്നു. രാസപ്രവർത്തനത്തിൽ മുന്നേ തന്നെ ദ്രവിച്ചിരുന്ന പൈപ്പുകൾ ഇതിന് ആക്കം കൂട്ടി.
രാംഗോപാൽ ... കരയരുത്, അതിദാരുണമായ ആ ദുരന്തത്തിന്റെ കണക്കുകൾ അറിയണ്ടേ?
*ചോർന്നത് 42 ടൺ മീഥൈൽ ഐസോസൈനേറ്റ് [MIC]
*5 ലക്ഷത്തിലധികം പേരെ ബാധിച്ചു.
*ചോർച്ച ഉണ്ടായ ഉടനെ 2259 പേർ മരിച്ചു.
*രണ്ടാഴ്ചകം 8000 ത്തിലധികം പേർ വിഷ വാതകം ശ്വസിച്ചതിനാൽ വിവിധ രോഗം മൂലം മരിച്ചു.
*15000 ത്തിലധികം പേർ വിഷ വാതകം ശ്വസിച്ചതുമൂലമുള്ള ദുരിതങ്ങളിൽ പെട്ട് പല ഘട്ടങ്ങളിലായി മരിച്ചു.
*ഇപ്പോഴും ജീവിച്ചിരിക്കുന്നവരിൽ മിക്കവരും രോഗപീഢകളാൽ നരകയാതനയിലാണ്.
*ലോകത്തിലെ അതിദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം ചരിത്രത്തിൽ ഇടം തേടി.
*'ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട്' എന്നാണ് ഗ്രീ൯ പീസ് ഫൗണ്ടേഷ൯ ഭോപ്പാലിനെ വിളിക്കുന്നത്.
*1993 ൽ ഭോപ്പാൽ ദുരന്തത്തിനിരയായവർക്കായി , അവരെ ചികിത്സിക്കുന്നതിനായി അന്താരാഷ്ട്ര മെഡിക്കൽ കൗൺസിൽ നിലവിൽ വന്നു.
....എങ്കിലും ഒന്നു ചോദിക്കട്ടെ...രാംഗോപാൽ നീ എവിടെയാണ്............? 18..12..2009