കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

ദാരികവധം - കഥ
- ആർ.പ്രസന്നകുമാർ.

ല്ലിക്കുന്നിന്റെ നെറുകയിൽ ഉച്ചവെയിലിന്റെ തിറയാട്ടക്കാർ ആലസ്യത്തിലാണ്ടുമയങ്ങി. കാൽചിലമ്പുകൾ ഉടഞ്ഞുവീണ വഴിത്താരയിൽ മുത്തും പൊന്നും തേടിയെത്തിയ ബാല്യകുതൂഹലങ്ങളിൽ ഞാനെന്റെ നിഴലിനെ തേടി. ...ഒക്കെ വ്യർത്ഥം. അവയൊന്നും എന്റെ മുഖത്തിന് ചേർന്നതല്ല. എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ നിമിഷത്തിന്റെ മൂളലിൽ, മുരൾച്ചയിൽ എല്ലാം അടങ്ങിയപോലെ.
ദർശനം കഴിഞ്ഞ് മടങ്ങവെ, ധവളപുഷ്പാഭിഷിക്തയായ ഞാറയുടെ തണലിൽ ഒരു പുതിയ ദേവീ വിഗ്രഹം കണ്ടു. മഷിയെഴുതിയ കൺകോണുകളിലൂടെ മഴച്ചിമിഴു പോലെ അശ്രുകണങ്ങൾ പൊഴിയാതെ പൊഴിയാൻ വെമ്പിനിന്നു. വേനലിൽ കുരുത്ത മഴയുടെ ആദ്യ ഗന്ധവുമായി കാറ്റ്, അവളുടെ ഉടയാടയിൽ ഉടക്കി നിന്നു. നിമീലിത നേത്രങ്ങളിൽ നാണം ഊയലാടി. മെല്ലെ പറന്നുയരുന്ന പാവാടത്തുമ്പുയർത്തി അവൾ നടന്നു, പഥികനായി പിൻതുടർന്ന് എന്റെ മോഹവും.
....പൂവിട്ട മോഹങ്ങളുടെ ബാക്കിപത്രമായ ആദ്യത്തെ കണ്മണിയെ തൊഴീക്കുവാൻ അവളുടെ നാട്ടിലെ പ്രസിദ്ധമായ ഈ ദേവിയുടെ മുന്നിൽ ഞങ്ങൾ എത്തിയിരിക്കുകയാണ്. എനിക്കിത് ഭക്തിയേക്കാളുപരി കടപ്പാടിന്റെ ദർശനമാണ്. രണ്ടുവർഷം മുമ്പുള്ള ഉത്സവത്തിമർപ്പിൽ ഞാനവളെ കണ്ടുമുട്ടിയത് ഇവിടെ വെച്ചാണ്. ഇവിടുത്തെ ഞാറയുടെ ചോട്ടിൽ വെച്ചാണ്....പട്ടാളക്കാരനായ എന്നിൽ മോഹാങ്കുരങ്ങൾ നിറച്ചത് ദേവിയല്ലേ? ആ ദേവിയുടെ തിരുനാളിൽ ഭരണി തൊഴീക്കൽ മുടക്കാമോ?
തൂക്കച്ചാടുകൾ ഉഴുതുമറിച്ചിട്ട വീഥികളിലൂടെ നിഴലായി പിൻതുടർന്ന് വലം വയ്ക്കവെ, നടക്കല്ലിൽ കുട്ടിയെ കിടത്തി ചോറു കൊടുക്കവെ, അകലെ കാവിലെ പനയോലകൾ ശബ്ദമുഖരിതമായി. പടുകൂറ്റൻ ഞാറമരത്തിലെ തത്തകൾ ചിലച്ചു. തൂക്കക്കാരുടെ ചുട്ടികുത്തൽ പുരക്കരികിലെ തണലിൽ കരക്കാരുടെ ആവേശവും ആത്മാഭിമാനവും ലഹരിയായി നുരഞ്ഞു.
പടയണി മേളത്തികവിൽ വേഷങ്ങൾ തേടിയെത്തിയ ഭൂതങ്ങൾ .... പലരിലായി .....പലവട്ടം ആവേശിച്ചു. ദാരികൻ തെയ്യവും മച്ചകത്തു ഭഗവതിയും ഉറഞ്ഞിടുന്ന കളത്തട്ടിൽ വെടിവട്ടം പറയാൻ കൂടിയ ജനം പേടിച്ചു വിറച്ചു. ഭയം രോമകൂപങ്ങളിലൂടെ നിണമണിഞ്ഞ കുമിളകളായി പൊട്ടിവിടർന്നു. വായ്ത്താരികളും കണ്ണേറുകളും പൊയ്വേഷമിട്ട നാലമ്പലത്തിലാകെ കനത്ത നിശബ്ദത തളം കെട്ടി. നിമിഷം പോലും കനം തൂങ്ങി നിന്ന തൂണുകളുടെ മറവിൽ, അവയുടെ ഉള്ളിന്റെ ഉള്ളിൽ നിന്നുമായി പുതിയ നരസിംഹങ്ങൾ അലറിവിളിച്ചെത്തുന്നത് പലരും കണ്ടു ഭയന്നു. മനസ്സാകെ ഭീതിയുടെ കുതിരകൾ ചവുട്ടിക്കുഴച്ചിട്ട കേദാരമായി. ഇടയ്ക്കിടെ ഭയത്തിന്റെ വിത്തെറിയുന്ന കോമരങ്ങളുടെ ആരവഭേരികൾ.... ഭയം തണുത്തുറഞ്ഞു നിന്നു, എവിടെയും....
'കുഹോ.... കുഹോ....' രക്തചാമുണ്ഡിയുടെ വരവാണ്. ചരൽക്കല്ലുകൾ നാലുപാടും ചവുട്ടിത്തെറിപ്പിച്ച് കുണ്ഡലങ്ങളും കച്ചമണികളും കിലുക്കി ....ഉടവാളിലെ പൊൻചിലമ്പുകൾ വാനിലുയർത്തിക്കറക്കി, സ്ത്രീകളുടെ കുരവമേളത്തിമർപ്പിനിടയിലൂടെ,...ഭയന്നൊഴിയുന്ന ഊരാളവർഗ്ഗത്തിന്റെ നെഞ്ചിലൂടെ ചവിട്ടിക്കയറി, ...തീച്ചാമുണ്ടിയുടെ വരവാണ്.
അമ്മമാർ കുട്ടികളെ തങ്ങളുടെ മാറോടു ചേർത്തമർത്തിപ്പിടിച്ച് കരച്ചിലടക്കുകയാണ്. യുവതികൾ പിന്നിലേക്കൊതുങ്ങി തൊഴുകയ്യോടെ മംഗലാതിര രാവുകൾക്കായി മന്ത്രിക്കുന്നു.
ദേവീ മന്ത്രങ്ങളും സ്തുതികളും പാടിത്തളർന്ന് പൊടിയിൽ മുങ്ങി അവശനായ ചാമുണ്ഡിയുടെ നാവിൽ ആക്രോശങ്ങൾ ഉച്ചണ്ഡമുയർന്നു. വിശപ്പിന്റെ വിളിയും പൈദാഹവും, പ്രായത്തിന്റെ പരുക്കേല്പിച്ച മെയ്യിൽ മറ്റൊരു ചാമുണ്ഡിയായി ഉള്ളിലുറഞ്ഞുനിന്നു.
'രക്തം ....രക്തം .... എനിക്ക് രക്തം വേണം.... അമ്മേ ഭഗവതീ.... എനിക്ക് ദാഹിക്കുന്നു...രക്തം...രക്തം.... ' ചാമുണ്ഡി ഉച്ചത്തിൽ ഉറഞ്ഞുതുള്ളി. ബീഭത്സതയിൽ കണ്ണുകൾ തീക്കനലുകളായി. ചെന്തീച്ചൂളകളിൽ മൺകട്ടകൾ ചുട്ടു പഴുത്തു. കറങ്ങിച്ചുറ്റുന്ന കണ്ണുകൾ അമ്മമാരുടെ ഒക്കത്തെ കുഞ്ഞുങ്ങളിൽ തറഞ്ഞു നിന്നു.
'ആരും എനിക്ക് രക്തം തരില്ലേ... തരൂ...അമ്മേ...രക്തം ...രക്തം വേണം... എനിക്കു ദാഹിക്കുന്നു...' ചാമുണ്ഡിയുടെ പരിദേവനങ്ങൾ വീൺവാക്കുകളായി. അമ്മമാരുടെ നെഞ്ചോടൊട്ടി കുട്ടികൾ അഭയത്തുരുത്തുകൾ തീർത്തു. കുട്ടികളെ ഒന്നുകൂടി മുറുകെ പിടിച്ച് അവരുടെ മൂർദ്ധാവിൽ അമ്മമാർ രക്ഷാമുദ്ര നൽകി. ഭക്തരുടെ മനമുണരാത്തതിൽ കുപിതനായി സ്വന്തം ശിരസ്സിൽ അയാൾ ആഞ്ഞാഞ്ഞ് വാൾ വീശി.
'ഹും...രക്തം..ഹും...രുധിരം .... ' ഓരോ വെട്ടിലും അയാൾ ഉറഞ്ഞാടി. പാറിപ്പറന്ന മുടിയിഴകളിലൂടെ, വിയർപ്പും ചോരയും കലർന്ന് ഒഴുകി. നെറ്റിത്തടത്തിലൂടെ....കൺപീലിയിലൂടെ....അത് മുഖമാകെ പടർന്ന് ഒഴുകി. അധരങ്ങളിൽ ശോണമുത്തുകളായി അവ തങ്ങി നിന്നു. മെല്ലെ.... അവ അടർന്നു വീഴാൻ തുടങ്ങവെ ചാമുണ്ഡി സ്വന്തം നാവാൽ അത് വലിച്ചെടുത്തു. രക്തദാഹിയായി വീണ്ടും വീണ്ടും ഉറഞ്ഞു നിന്നു.
'ഇത്ര നല്ല ചാമുണ്ഡിവേഷം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല! 'തൊട്ടടുത്തു നിന്ന വൃദ്ധൻ മറ്റൊരാളിനോട് പറഞ്ഞു.
'ശരിയാ ... ഗോവിന്ദനാശാനല്ലേ ...കലക്കും ' മറ്റേയാൾ പ്രതിവചിച്ചു.
'ദേവി നിശ്ചയമായും അയാളിൽ അനുഗ്രഹിച്ചിരിക്കുന്നു.....അമ്മേ ഭഗവതീ .....കാത്തു കൊള്ളേണമേ.........!' വൃദ്ധൻ പ്രാർത്ഥനാനിരതനായി ഇമകൾ പൂട്ടി നിന്നു.
ഭക്തജനപ്രതികരണത്തിന്റെ ഏതോ ശകലം ആരവങ്ങൾക്കിടയിൽ അയാൾ കേട്ടു. ഉള്ളിലുറയുന്ന നൈരാശ്യത്തോടെ അയാൾ അവരെ നോക്കി മെല്ലെ പിറുപിറുത്തു. 'കഴിഞ്ഞ മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. കുട്ടികളുടെ വിശന്ന വയറിനു മുന്നിൽ എന്തു നൽകി നിറയ്കും. അങ്ങനെയാണ് 81 വയസിലും രോഗപീഢക്കിടയിലും താൻ ചാമുണ്ഡിവേഷം കെട്ടാൻ തയ്യാറായത്. കയ്യൊക്കുന്നിടത്ത് മനസ്സൊക്കുന്നില്ല. അവശത ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ ഉമ്മറത്ത് വാലും ചുരുട്ടി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. '
രുധിരാഭിഷേകത്താൽ ചോപ്പണിഞ്ഞ ചാമുണ്ഡി ഭക്തജനങ്ങളുടെ ഇടയിലേക്ക് ആവേശത്തോടെ പാഞ്ഞുനടന്നു. എങ്ങും ദേവീസ്തുതികൾ മാത്രം. പ്രകൃതിപോലും പകച്ചു നില്കേ അയാളിൽ ഭക്തി അതിന്റെ പാരമ്യത പൂകി.
'രക്തം ....രക്തം... ' ഒരേയൊരു പല്ലവി മാത്രം മുഴക്കി, അധികാരത്തിന്റെ അഹംഭാവത്തോടെ താല്കാലികമായ അപ്രമാദിത്വത്തോടെ അയാൾ നടന്നു. അലറിക്കരയുന്ന കുട്ടികളെ കണ്ട് അയാളുടെ ഉള്ളത്തിൽ ചിരി ഉയർന്നു. ഗൂഢമന്ദസ്മിതം തൂകി അയാൾ ഓരോ കുട്ടിയേയും എടുത്ത് അമ്മാനമാടി. അതയാളുടെ അന്നത്തെ അവകാശമാണ്. കല്പിത കഥകളിലൂടെ ദേവി അന്ന് അയാളിൽ കുടി കൊള്ളുമ്പോൾ ആരെയും അയാൾക്ക് അനുഗ്രഹിക്കാം. ആരിലും ശാപവചസ്സുകൾ ചൊരിയാം. കുട്ടികളുടെ തലയിൽ കൈയുഴിഞ്ഞനുഗ്രഹിച്ച്, ദേവിയുടെ കുങ്കുമം തൊടുവിച്ച് അമ്മയ്ക്കു തന്നെ തിരിച്ചേകി. ദക്ഷിണയുടെ ഭാരത്താൽ മടശീല കനംതൂങ്ങി.
'പോരാ .... പോരാ ... എനിക്ക് രക്തം വേണം... എനിക്ക് ചോര തരൂ.... ' അയാൾ ഭ്രാന്താവേശത്തോടെ ക്ഷേത്രത്തറയാകെ ഇളക്കിമറിച്ചു. അവിടമാകെ കനം തൂങ്ങുന്ന ചുവടുകൾ വച്ച് വിറപ്പിച്ചു. ഭക്തരുടെ മാറിലൂടെ തന്നെ ഭീതിയായി അമർത്തിച്ചവുട്ടി നടന്നു.
പെട്ടെന്നാണ് അയാൾ ഞങ്ങളുടെ അരികിൽ എത്തിച്ചേർന്നത്. ആൾക്കൂട്ടത്തിൽ അമ്മയുടെ മാറിലൊട്ടി നിഷ്കളങ്കസ്മിതം തൂകുന്ന അവളെ, എന്റെ പൊന്നോമനയെ കണ്ടത്.
ചുവന്ന പട്ടു പാവാട ഉടുത്ത് നീണ്ട കണ്ണുകളിൽ മയ്യെഴുതി, തുടുത്ത കവിളുകളിൽ രക്താഭയുടെ ദേവീപ്രസാദമണിഞ്ഞ എന്റെ കൊച്ചു സുന്ദരിയെ....
ശരിക്കും അവൾ സന്ധ്യാകുങ്കുമം അണിഞ്ഞ ദേവിയേപ്പോലുണ്ട്. അവളുടെ ഇളകിയാടുന്ന കൊച്ചളകങ്ങളിൽ, എടുപ്പു കുതിരകളും കാളകളും വിശ്രമിക്കുന്ന വയലേലയിലെ കാറ്റ്, വല്ലാതെ കുസൃതിക്കരങ്ങൾ നീട്ടി ഇക്കിളികൂട്ടുന്നു.
അമ്മയുടെ ഒക്കത്തായി അള്ളിപ്പിടിച്ചിരിക്കുന്ന അവളെ രുദ്രമിഴികൾ കാട്ടി, ...ചാമുണ്ഡിയുടെ കനൽമിഴിയുടെ ശോഭ കാട്ടി അയാൾ വിളിച്ചു. മുജ്ജന്മവാസനയുടെ നനുത്ത ശീലങ്ങൾ ഉടഞ്ഞ വേളയിൽ അയാൾ അവളെ ബലമായി കോരിയെടുത്തു.,....ആർത്തട്ടഹസിച്ചു. വീണ്ടും തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ പുലമ്പി. 'രക്തം....രക്തം....എനിക്ക് രക്തം വേണം... അമ്മേ! മഹാമായേ തായേ....രക്തം....ഇതാ ...രക്തം....'
ചാമുണ്ഡിയുടെ തുള്ളൽ കൂടുതൽ രൗദ്രതാളം പൂണ്ടു. അസുരവാദ്യങ്ങൾ പരസ്പരം മത്സരിച്ച് തുടിച്ചു, ഹൃദയം പെരുമ്പറ കൊട്ടി.... എവിടെയും....എല്ലാരിലും....
താളമേളങ്ങളുടെ അകമ്പടി നേർത്തു വന്നു. ചാമുണ്ഡി തുള്ളിത്തളർന്നു. എങ്കിലും അയാൾ മാറോടു ചേർത്ത പിഞ്ചുകുട്ടിയെ വിട്ടില്ല. നെഞ്ചിലെ ഭൂമികയിൽ മുഖമുരഞ്ഞ് കുഞ്ഞ് കരയുവാൻ തുടങ്ങി.... ഉച്ചത്തിൽ തന്നെ.
പെട്ടെന്ന് അയാളിൽ,....ചാമുണ്ഡിയുടെ ഭാവത്തിൽ സമൂലവ്യതിയാനം തിരനീട്ടി. കടവായിൽ നിന്നും തേറ്റകൾ ഇറങ്ങിവന്നു. കയ്യിൽ കിടന്നു പിടയുന്ന കുഞ്ഞിന്റെ കഴുത്തിലെ നീല ഞരമ്പുകളിൽ ദംഷ്ട്രകൾ ആഴ്ന്നമർന്നു. രക്തം ചീറ്റിയൊഴുകി...രൗദ്രഭാവം....രൗദ്രതാളം മുഴുകി, ചെണ്ടത്തുകലുകൾ വീണ്ടുകീറിയലറി,....കാറ്റ് ചീറിപ്പാഞ്ഞണഞ്ഞു,....പിന്നെ പതുങ്ങി നിന്നു.
ഉള്ളിലുറയുന്ന ഭക്തിയുടെ തെച്ചിപ്പൂക്കളും വലിച്ചെറിയുന്ന മർദ്ദിതാവേശങ്ങളുടെ ചെങ്കനലുകളും അമ്പലപ്പറമ്പാകെ നിറഞ്ഞു. ആവേശം ....കൈകളിൽ ....മെയ്യിൽ, അതിന്റെ ദ്രുതവിന്യാസത്തിൽ തുടിച്ചു നിന്നു.
ദുന്ദുഭി നാദങ്ങളും ഇന്ദ്രചാപങ്ങളും ഘോരവർഷവും പ്രകൃതി അകമ്പടിക്കായി നിറച്ചു. തുള്ളിക്കൊരുകുടം മഴ. കാറും കോളും ഇല്ലാതെ തെളിഞ്ഞ അന്തരീക്ഷത്തിൽ മഴ.
മരപ്പൊത്തുകളിൽ അഭയം തേടിയിരുന്ന ഏതോ പക്ഷിയുടെ ദീനാരവം എവിടെയോ മുഴങ്ങി. ഭക്തിയിൽ മുങ്ങിയമർന്ന ജനാരവത്തിന്റെ പെരുമഴയിൽ അതെവിടെ തിരിച്ചറിയാൻ! എങ്കിലും ആ മുഖം ഓർമ്മയുണ്ട്... ആ ശബ്ദം പരിചിതമാണ്.
യാഥാർത്ഥ്യത്തിന്റെ ലോകം മെല്ലെ തിരിച്ചു കിട്ടവെ എന്നിലെ പടയാളി ഉണർന്നു.'ഹും...അവൾ, എന്റെ മകൾ....എന്റെ ചോര... ' അലറിക്കൊണ്ട് ഞാൻ മുമ്പോട്ട് കുതിക്കവേ ഒരു കരം എന്നെ പിന്നോട്ട് പിടിച്ചു വലിച്ചു. ക്രൂദ്ധനായി തിരിഞ്ഞുനോക്കവേ ഞാനാ മുഖം കണ്ടു.....
'അത് അവളാണ്, അമ്മ!.....അല്ല ദേവി!' 06/01/2010