കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.
ചിരുതേ .... മാപ്പു തരൂ..... ! - കഥ
- ആർ.പ്രസന്നകുമാർ.
മനുഷ്യാവകാശ കമ്മീഷനിലിലെ ഒരംഗം എന്ന നിലയിൽ നിരവധി യാത്രകൾ വേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ആ യാത്ര- അതേ ജീവിതയാത്ര തുടരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും - അത് വയനാട് തന്നെയാണ്. ആ നീലച്ഛവിയാർന്ന കുന്നുകളും പഞ്ഞിക്കെട്ടുകൾ പറന്നു നടക്കും പോലുള്ള മേഘങ്ങളും നീർചോലകളും ഹൃദയഹാരികളാണ്.
കമ്മീഷന്റെ ജൂൺ ഒന്നാം തീയതിയിലെ സിറ്റിങിന് ഞാനുമുണ്ടായിരുന്നു. ഇത്തവണ, ആവലാതികളും ദുരിതങ്ങളും കീറഭാണ്ഡങ്ങളായി മുതുകിലേന്തി തളർന്നവർ, കൂനിക്കൂടിയവർ, അനേകം വന്നു. വയനാട്ടിലെ ഊരുകളിൽ വാറ്റിന്റെ മണമുയരുമ്പോൾ, കുന്നുകളിൽ കഞ്ചാവ് പൂത്തുലയുമ്പോൾ പിടയുന്നത് പെൺമനമാണ്, അമ്മമാരുടെ ഉള്ളിലെ പേടമാനുകളാണ്. പണ്ടൊക്കെ പെൺമക്കളുടെ അമ്മമാർക്ക് വേപഥുപൂണ്ടാൽ മതിയായിരുന്നു. എന്നാലിപ്പോൾ കാലപ്രവാഹത്തിൽ ആൺ - പെൺ ഭേദമില്ല, അമ്മയ്കുപോലും മോചനമില്ല.
കാട്ടിലെ മൃഗങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. വേട്ടയാടുവാൻ ക്ഷാമം നേരിടുകയാണ്. നഗരവാസികൾക്ക് ആദിവാസികളുടെ ചോരയും നീരും അവകാശമാണ്., അമൃതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രതിബന്ധങ്ങളും അവർക്ക് പ്രശ്നമല്ല.
സുഗതകുമാരി ടീച്ചറും അവരുടെ സ്വർഗഗേഹമായ 'അഭയയും' സമൂഹത്തിന് ഒരു വലിയ സാന്ത്വനം തന്നെയാണ്. എന്റെ അമ്മയോടൊപ്പം ബി.എഡിന് പഠിച്ച അവർ ഒരു വലിയ മനുഷ്യ സ്നേഹിയും മാതൃതുല്യയുമാണ്. അവരുടെ സാന്നിദ്ധ്യത്തിൽ നടന്ന സിറ്റിങിലാണ് വയനാട്ടിലെ ചിയമ്പൂരിൽ നിന്നുള്ള ആ അമ്മ, ചിരുത കോപം കൊണ്ട് പൊട്ടിത്തെറിച്ചത്. എത്ര കാര്യവിവരമുള്ളവരെപ്പോലെ അവർ പരാതി പറയുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കമ്മീഷന്റെ മുമ്പാകെ ഒരു വാങ്മയചിത്രമായി കാട്ടുന്നു.
'പേടിയാണെനിക്ക് .... വലിയ പേടി. പേടിച്ച് പനി പിടിച്ച് ഞങ്ങൾ വിറയ്ക്കുമ്പോൾ നിങ്ങൾ എവിടെയാണ്?' - അവൾ തന്റെ കണ്ണുകൾ വിടർത്തി, നെറ്റിയിലേക്കൂർന്നുവീണ കുറുനിരകൾ മാടിയൊതുക്കിപ്പറഞ്ഞു.
പുറത്തേക്കുനോക്കി അവിടെ ആരൊക്കെയോ നില്കും പോലെ ഭയന്ന്, എന്നാൽ ധൈര്യമായി തന്നെ അവൾ പറഞ്ഞു.- 'അവർ വല്ലാത്ത ആളുകളാണ്. എന്നും ഊരിൽ എവിടുന്നെന്നറിയാത്ത ചിലരൊക്കെ വരും. ചാരായം വാറ്റും, കഞ്ചാവ് കൃഷിയുമാണ് നിറയെ. എന്തിനും പോന്നവർ, ഏത് കൃത്യവും ചെയ്യുന്നവർ....'
ഭയക്കാതെ ധൈര്യമായിരിക്കാൻ ഉപദേശിക്കവെ അവർ ദൈന്യതയോടെ ടീച്ചറിന്റെ മെലിഞ്ഞ നീണ്ട കരങ്ങൾ മുറുകെ പിടിച്ച് പുലമ്പി -'അമ്മാ ഭയമായിരുക്ക്, ...രൊമ്പ കഷ്ടമായിരുക്ക്. നീ താൻ കാപ്പാത്തണം. ഏൻ കുളന്തൈ, ....രാജമാണിക്യവും ശിത്തിരയും..... വരുന്ന ആടിയിൽ ശിത്തിരയ്ക്ക് വയസ്സ് പന്ത്രണ്ടാവും. അമ്മാ നീ എന്നെ വിട്ടു കൊള്ളു. ഇന്ത കുളന്തകളെ രച്ചിക്കണം. അവർ ചീത്തയായിപ്പോകും...'
ആ അമ്മയുടെ പരിദേവനത്തിനിടയിൽ ഞാനവരെ ശ്രദ്ധിച്ചു. സുന്ദരിയാണവർ. കാട്ടിനുള്ളിൽ വിടർന്ന ഒരു നീർമാതളപ്പൂവുപോലെ സുഭഗയാണവൾ. ആരെങ്കിലും, അതേ നഗരവാസികളിൽ ആരെങ്കിലും ഒരുക്കിയ ചതിയുടെ ബാക്കിപത്രം. തന്റെ കുഞ്ഞുങ്ങളെ ഈ വന്യമൃഗയാവിനോദത്തിൽ നിന്നും മുക്തരാക്കുവാൻ കേഴുകയാണിവർ.
ഉപദേശങ്ങളിലൂടെ അവർക്ക് സാന്ത്വനാമൃതം പകരാൻ ഒരുങ്ങിയ മറ്റൊരു കമ്മീഷനംഗം ജോർജ്ജിനെ പുച്ഛത്തോടെ നോക്കിയിട്ട് അവർ വീണ്ടും ടീച്ചറിന്റെ കരുണാദ്രമായ മിഴികൾ നോക്കി പരിദേവനം ചൊല്ലി. -'തായേ എൻ കുളന്തകൾ മുടിഞ്ഞുപോവും. നിജമാ അവരെ ചീത്തതാൻ ആക്കും. എന്നുടെ രാജമാണിക്യം പള്ളിക്കൂടം കണ്ടിട്ട് ഇരണ്ടു വർഷമായി. ശിത്തിരയ്ക് ഭയമായിരുക്ക്. അവളെ മൂന്നു തവണ കാട്ടിലേക്കു കൊണ്ടുപോകാൻ തെമ്മാടികൾ ശ്രമിച്ചമ്മാ.... നിങ്കത്താൻ അവരെ പള്ളിക്കൂടത്തിലയക്കണം.... കാപ്പാത്തണം....രച്ചിക്കണം....'
തമിഴും മലയാളവും കൂടിക്കലർത്തിയ അവരുടെ 'പേച്ച്' ഒരു മാരി തോർന്നതുപോലെ നിന്നു. ഞാൻ ടീച്ചറിനെ ശ്രദ്ധിച്ചു. ആ മിഴികൾ സജലങ്ങളായിക്കഴിഞ്ഞിരിക്കുന്നു. നെറ്റിത്തടം വലിഞ്ഞുമുറുകി. മാതൃത്വത്തിന്റെ പൊൻശലാകകൾ വേദനയാർന്ന് വലിഞ്ഞ് പൊട്ടാറായിരിക്കുന്നു.
ഞങ്ങൾ ഈ പ്രശ്നം ഏറ്റെടുക്കുവാൻ നിശ്ചയിച്ചു. അവർ പഠിച്ചിരുന്ന ശാന്തിഗിരി സ്കൂളിൽ ഞങ്ങൾ പിറ്റേന്നു തന്നെ ആ അമ്മയേയും കുട്ടികളേയും കൂട്ടിച്ചെന്നു...... ടി.സി. വാങ്ങുവാൻ, ......അനന്തപുരിയിലുള്ള അഭയത്തിന്റെ ചിറകിന്നടിയിൽ സുരക്ഷിതരാക്കുവാൻ....
പേരുപോലെ പ്രശാന്തസുന്ദരമായ ഒരു കുന്നിൻമുകളിലാണ് സ്കൂൾ. മിഷണറിമാരുടേതാണ്. സിസ്റ്റർ ഫിലോമിന എന്ന വെളുത്തു തുടുത്ത മദ്ധ്യവയസ്കയാണ് പ്രിൻസിപ്പൽ. പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്ത അവർ ഞങ്ങളുടെ ആഗമനോദ്ദേശം അറിയവെ മുഖം താഴ്ത്തിയിരുന്നു, ഏതോ പ്രാർത്ഥനാനിരതയായ മെഴുകുപ്രതിമപോലെ.
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്റെ ഖഡ്ഗം പുറത്തെടുക്കവെ ആ മെഴുകുപ്രതിമ മെല്ലെ ചലിച്ചു, കരുണയ്ക്കായി ഉരുകിയൊഴുകി. അവർ ധാർഷ്ട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ടീച്ചറോടു കേണു - 'ഇക്കൊല്ലം കുട്ടികൾ വളരെ കുറവാണ്. കഷ്ടിച്ച് ബ്രിമ്മിലെത്തിക്കാനേ കഴിഞ്ഞുള്ളു. ഈ രണ്ടു കുട്ടികളെ കൊണ്ടുപോയാൽ പ്രശ്നമാണ്.. ടീച്ചറൊന്ന് രക്ഷിക്കണം.'
വളരെക്കാലം അധ്യാപികയായിരുന്നതിനാലാവാം ടീച്ചർ വളരെ സൗമ്യയായി പറഞ്ഞു - 'ശരി, ഞങ്ങൾ കൊണ്ടുപോകുന്നില്ല. ഈ രണ്ടു കുട്ടികളേയും ഇവിടുത്തെ ഹോസ്റ്റലിൽ താമസിപ്പിച്ച് പഠിപ്പിക്കണം.'
മെഴുകുപ്രതിമ ഉരുക്കു പ്രതിമയായി. ആ പരിണാമം വളരെ പെട്ടെന്നായിരുന്നു. - നോക്കു ടീച്ചർ ഇതു വളരെ റസ്പെക്റ്റഡ് ആയുള്ള സ്ഥാപനമാണ്. ഹോസ്റ്റലിൽ ഇത്തരം കുട്ടികൾ പറ്റില്ല. ഇത് വളരെ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കും. നാട്ടിലെ കുട്ടികൾ എതിർക്കും, രക്ഷകർത്താക്കളും. അതുകൊണ്ട് പ്ലീസ് അങ്ങനെ നിർബന്ധിക്കരുത്. അവർ അവരുടെ ഊരിൽ തന്നെ മുമ്പത്തെപ്പോലെ താമസിക്കട്ടെ,..... ഹാജർ ഞങ്ങൾ കൃത്യമായി നൽകാം. എന്താ ടീച്ചറേ.....? അവർ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.
'സാധ്യമല്ല. അവരുടെ ഊരിൽ പ്രശ്നമുള്ളതുകൊണ്ടാണ് ടി.സി. വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു കാര്യം ചെയ്യു..... അങ്ങനെയെങ്കിൽ ഉടൻ തന്നെ അപേക്ഷ സ്വീകരിച്ച് ടി.സി. എഴുതിക്കൊള്ളു.' ടീച്ചർ അക്ഷോഭ്യയായി പറഞ്ഞു നിർത്തി.
പുറമെ അക്ഷോഭ്യയെങ്കിലും ടീച്ചറിന്റെ ഉള്ളിലെ വികാരം വായിച്ചെടുക്കാം, ആ ചലനങ്ങളിൽ, ആ വീക്ഷണങ്ങളിൽ. സിസ്റ്ററിന്റെ പിൻവശത്തായി തറച്ചിരിക്കുന്ന യേശുദേവന്റെ ക്രൂശിത ചിത്രത്തിൽ തന്നെ അവർ കണ്ണും നട്ടിരിക്കുകയാണ്. തിരുമുറിവുകളുടെ എണ്ണം വീണ്ടും വീണ്ടും സേവനത്തിന്റെ പേരിൽ കൂട്ടുന്ന മനുഷ്യപുത്രരെ ഓർത്ത് ആ മഹാനായ മനുഷ്യപുത്രൻ തേങ്ങുന്നുണ്ടാവും.
'അത് ടീച്ചറെ, സ്ട്രെങ്ത് വെരിഫിക്കേഷൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഈ കേസിന് ഞങ്ങൾ പ്രത്യേക പരിഗണന നൽകാം. ഏതായാലും സിക്സ്ത് വർക്കിങ്ഡേ കഴിയട്ടെ. ടി.സി.ഉറപ്പായി തരാം.' അവർ തെല്ലു ജാള്യതയോടെ, ആവശ്യകതാബോധത്തോടെ അപേക്ഷിച്ചു.
കമ്മീഷന്റെ ഇത്തവണത്തെ സിറ്റിങ് കഴിഞ്ഞ് വളരെ ഖിന്നരായാണ് ഞങ്ങൾ മടങ്ങിയത്. മേഘപ്പഞ്ഞിക്കൂട്ടങ്ങളെ നെറുകയിൽ വെച്ച് ഉമ്മവെയ്ക്കുന്ന വയനാടൻ കുന്നുകളും ചുറ്റിപ്പിണയുന്ന ചേതോഹാരിയായ ചോലകളും എന്റെ മനസ്സിലേക്ക് ഇത്തവണ കടന്നു വന്നില്ല. അർദ്ധനഗ്നാംഗിയായ ആ വനസുന്ദരിയും അവരെ സൗന്ദര്യത്തിൽ വെല്ലുന്ന നീലക്കണ്ണുള്ള മകളും ചെമ്പൻമുടിക്കാരനായ മാണിക്യവും ഹൃദയമുകുരങ്ങളിൽ മാറി മാറി മിന്നിത്തെളിയുന്നു, .... മറയുന്നു. മാനുഷികഭാവം ഉറഞ്ഞുകൂടി കാരുണ്യമൂർത്തിയായിത്തീർന്ന സുഗതകുമാരി ടീച്ചറിന്റെ സജലമിഴികൾ എന്നെ ഇപ്പോഴും വല്ലാതെ അസ്വസ്ഥനാക്കുന്നു.
അനന്തപുരിയിലെ തിരക്കേറിയ വീഥികളിൽ പരസ്പരം മുട്ടിയും തട്ടിയും നീങ്ങുന്ന ജനാവലികൾക്കിടയിൽ, ജീവിതസമരത്തിന്റെ തീച്ചൂളകൾക്കിടയിൽ, ഞാൻ മുങ്ങവെ, വയനാടിന്റെ നൊമ്പരം മറന്നു പോയി. പുതിയ പ്രശ്നങ്ങളും പരിവേഷങ്ങളും എന്നെ വന്നു പൊതിയവെ, ഒക്കെ മറന്നു.
മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്ര പതനധ്വനിയും പത്രക്കാരന്റെ ചിരപരിചിത മണിയടിയും എന്നെ ചിന്തയിൽ നിന്നും ഉണർത്തി. എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുകയാണ്. ആവി പറക്കുന്ന മധുരമിടാത്ത ചായ നിറച്ച കപ്പ് ചുണ്ടോട് ചേർത്ത്, മറുകൈയാൽ പത്രത്താൾ നിവർത്തവെ, തലവാചകം എവിടെയോ ഉടക്കി....അകതാരിന്റെ ഉള്ളിലാവാം. ഞാൻ ചുണ്ടോടടുപ്പിച്ച പാനീയം താഴെ വെച്ച്, ചായ മൊത്തിക്കുടിച്ച് പത്രത്താളുകൾ പരതുന്ന പതിവ് ഉപേക്ഷിച്ച്, വായനയിൽ മുഴുകി.
'വയനാടൻ കുന്നുകൾ വീണ്ടും നിണമണിഞ്ഞു' - തലവാചകം അതാണ്. വളരെ വേഗം അതിനു താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടു. ദൈവമേ, ഇത് അവളാണല്ലോ? ചിരുത.... അമ്മയ്ക്ക് മാനവും ജീവനും കൂടിയാണ് നഷ്ടപ്പെട്ടത്. മകൾക്ക് മാനവും ശിഷ്ടജീവിതവും. എതിർത്ത മാണിക്യത്തിന്റെ തല തല്ലിപ്പൊട്ടിച്ചിരിക്കുന്നു. പത്രം വലിച്ചെറിഞ്ഞ് ടീച്ചറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഫോണിനടുത്തേക്ക് നീങ്ങവെ, ഫോൺ മുരണ്ടു. റിസീവർ കൈയിലെടുത്ത് കാതോടു ചേർത്തു. മെല്ലെ 'ഹലോ' എന്നു പറയവെ മറുതലയ്ക്കൽ ടീച്ചറിന്റെ മുഴക്കമുളള ശബ്ദം. 'കുമാർ, ഒക്കെ വെറുതെയായല്ലോ?നമുക്കവരെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ...? ആ മകളെയെങ്കിലും നമുക്ക് അഭയയിൽ കൊണ്ടുവരാൻ സാധിച്ചില്ലല്ലോ.....?'
റിസീവർ യാന്ത്രികമായി താഴെ വെച്ച് ഞാനകലെ അഗസ്ത്യപർവ്വതനിരകളിൽ സൂര്യന്റെ ആദ്യകിരണങ്ങൾ പതിയുന്നത് ശ്രദ്ധിച്ചു. കുന്നിന്റെ മൂർദ്ധാവിൽ നിന്നും പൊട്ടിയൊലിക്കുന്ന ചോരച്ചാലുകൾപോലെ അത് താഴ്വരയാകെ പരക്കുകയാണ്..... ശരിക്കും ചോര തന്നെ!
പെട്ടെന്ന് എനിക്ക് പച്ചച്ചോരയുടെ തീഷ്ണഗന്ധം അടുത്തനുഭവപ്പെട്ടു. ആ ചോരക്കളത്തിൽ ചിലമുഖങ്ങൾ പിന്നീട് തെളിഞ്ഞു വന്നു. വയനാടൻ കാടുകളിൽ കാമവെറിക്കു വിധേയരായി മകളെ രക്ഷിക്കാൻ ശ്രമിക്കവെ കൊലക്കത്തിക്ക് വിധേയയായ ചിരുതയുടെ മുഖം. തൊട്ടടുത്ത് പ്രഥമസംഗമത്തിന്റെ പരിക്കേറ്റ് പിടയുന്ന ശിത്തിരയുടെ മുഖം.
ഞാൻ പെട്ടെന്ന് മുഖം താഴ്ത്തി, .....ലജ്ജയോടുതന്നെ.