കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടം തെറ്റിയ കുഞ്ഞാട്
- കഥ - ആർ.പ്രസന്നകുമാർ.
അവർ ഏഴു പേരുണ്ടായിരുന്നു, ബർണാട് ഉപദേശിയും ആറ് സഹോദരിമാരും.
അയൽപക്കത്തെ ജോഷ്വാച്ചായന്റെ മകൻ എബിൻ, പിറവിയിൽ തന്നെ രോഗപീഢയുമായാണ് കടന്നു വന്നത്. കാലുകൾ ശോഷിച്ച് വലിയ തലയുമായി, ഉടലുകൾ ചലിപ്പിക്കാതെ, മഞ്ഞ നിറം പൂണ്ട പല്ലുകൾ എപ്പോഴും കാട്ടി, വെറുതെ മച്ചും നോക്കി, ഇടയ്ക്കിടെ കിടക്കയിൽ തന്നെ മലമൂത്രവിസർജ്ജനം ചെയ്ത് .... ഹോ ! ഒരേസമയം വ്യസനവും വെറുപ്പും ജനിപ്പിക്കുന്ന വൈകൃതം. ചെയ്യാത്ത ചികിത്സകളില്ല, കാണിക്കാത്ത വൈദ്യന്മാരുമില്ല....പക്ഷേ എബിൻ വാശിപ്പുറത്തെന്നപോലെ പഴയനില തുടർന്നു.
ഇടവകയിലെ ബെനഡിക് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം വെല്ലൂർ മെഡിക്കൽ മിഷനിൽ കൊണ്ടുപോയിരുന്നു. വണ്ടിക്കൂലി ചിലവായതു മിച്ചം ....! ആയിടയ്ക്കുവന്ന ചില ലാടന്മാരുടെ മൈലെണ്ണ - ഭസ്മ ചികിത്സ നടത്തി. അതിനെ തുടർന്ന് എബിനെ നിറുത്താത്ത ശർദ്ദിലിനും വയറിളക്കത്തിനുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അങ്ങനെ എബിനൊരു പ്രശ്നമായി. അനുദിനം വളരുന്ന അവന്റെ തലപോലെ.
അങ്ങനെയിരിക്കെയാണ് അവർ വന്നത്,
അതേ .... അവർ ഏഴു പേരുണ്ടായിരുന്നു, ബർണാട് ഉപദേശിയും ആറ് സഹോദരിമാരും.
ചുറ്റുവട്ടത്തെ നാലഞ്ചുവീടുകളിൽ മുറ്റമടിക്കാൻ വരുന്ന ചിരുതയാണ് അവരെ കൊണ്ടുവന്നത്. അയ്യോ! പറയാൻ വിട്ടുപോയി, ചിരുത എന്ന പേര് മാറ്റി ഇസബല്ല എന്നാക്കിയിട്ടുണ്ട്. അവളല്ല, പുതുതായി നാട്ടിൽ വന്ന ബർണാട് ഉപദേശി. അയാൾ കാടുപിടിച്ചു കിടന്ന കല്ലടിക്കുന്ന് വിലയ്ക്കുവാങ്ങി ജെ.സി.ബി. കൊണ്ട് നിരപ്പാക്കി അവിടെ പ്രാർത്ഥനാകൂടാരം കെട്ടി. മിക്ക നേരങ്ങളിലും പറത്തോൽ കൊണ്ടുള്ള വലിയ തമ്പേറിൽ മുട്ടി ശബ്ദമുഖരിതമാക്കും.
ജയം ജയം ഹല്ലേലുയ്യ
ജയം ജയം എപ്പോഴും
യേശുനാഥ നാമത്തിന്
ജയം ജയം എപ്പോഴും
വിശ്വാസികൾക്കുള്ള വിളികേട്ട് ചിലരൊക്കെ കുന്ന് കയറാൻ തുടങ്ങി. ഇന്നതൊരു ഘോഷയാത്ര പോലെ വളർന്നിരിക്കുന്നു.
'മേരിക്കുട്ടിയേ ... നീ ഇന്നും പള്ളീലേക്കില്ലേ?'
ഭർത്താവിന്റെ അമ്മച്ചിയാണ്, പള്ളിപ്പെരുന്നാളായിട്ടും പോകുന്നില്ലേ എന്നാണ് ധ്വനി. ശരിയാണ് ഈയിടെയായി പള്ളിയും ബെനഡിക് അച്ചന്റെ സ്ഥിരം വചനങ്ങളും അങ്ങനങ്ങോട്ട് പിടിക്കുന്നില്ല.
'ഇല്ലമ്മച്ചീ... ഞാൻ എബിന്റെ വീട്ടിലെ കൂട്ട പ്രാർത്ഥനയ്കു പോകുകയാ' വളരെ പെട്ടെന്ന് മറുപടി പറഞ്ഞു. അല്ലെങ്കിൽ പള്ളിയിൽ കൂടാത്തതിന് വഴക്കും വക്കാണവുമായി വരും. അമ്മച്ചി ഗേറ്റു തുറന്ന് പുറത്തിറങ്ങിയിട്ട് അത് ശബ്ദത്തോടെ വലിച്ചടച്ചു. കൂടെ ചെല്ലാത്തതിന്റെ ദ്വേഷ്യമാണ്.
എബിന് പറയത്തക്ക സൗഖ്യമൊന്നും കൂട്ടപ്രാർത്ഥന കൊണ്ടുണ്ടായില്ല, പക്ഷേ ഒരു ആത്മീയസൗഖ്യമണ്ടായതായി ബർണാട് ഉപദേശി പറഞ്ഞു. വിശ്വസിക്കുന്നവർ കരങ്ങൾ അടിച്ച് പ്രാർത്ഥിക്കാൻ ഉപദേശി പറഞ്ഞു.
കരഘോഷം മുഴങ്ങുമ്പോൾ അറിയാതെ കൂടി. പിന്നതൊരു പതിവു ലഹരിയായി. പതുക്കെ പതുക്കെ പള്ളിയും പട്ടക്കാരും അവിടുത്തെ ചിട്ടവട്ടങ്ങളും തന്റെ ഉള്ളിൽ നിന്നും പുറത്തായി. കമ്മലും മാലയും ധരിക്കുന്നതൊഴിവാക്കി. അമ്മച്ചിയെ പേടിച്ച് കനം കുറഞ്ഞ സ്വർണ്ണനൂലിൽ പേരിനൊരു മിന്നുമാത്രം കെട്ടി.
'എല്ലാം ജഢവസ്തുവാണ്. ജീവിക്കുന്ന നമ്മുടെ പൊന്നു തമ്പുരാൻ ഇന്നു നമ്മേ സൗഖ്യമാക്കുന്നതിനായി നമുക്കു പ്രാർത്ഥിക്കാം'
ബർണാട് ഉപദേശി തൊണ്ടകീറി, കരഘോഷം മുഴക്കി, ഇരു കൈകളും മുകളിലേക്കുയർത്തി അത്യുന്നതങ്ങളിലേക്ക് കണ്ണും നട്ട് പ്രാർത്ഥന തുടങ്ങി. കൂടാരമാകെ ഇളകി മറിഞ്ഞു. ഭ്രാന്തമായ ചേഷ്ടകളോടെ അവിടെ കൂടിയ മക്കൾ തുള്ളി ഉറയുന്ന ഉപദേശിയിലേക്ക് ചേക്കാറാനെന്നവണ്ണം മുന്നോട്ടാഞ്ഞു..... കരങ്ങൾ ഉയർത്തി.... കരഘോഷം മുഴക്കി. ഭക്തി അതിന്റെ പാരമ്യത പൂകി. പിശാചിന്റെ സന്തതികൾ കെട്ടുപാടുകൾ അറുത്ത് കൂടാരത്തിലാകെ ഗതി കിട്ടാതലഞ്ഞു. അവസാനം പുതിയ മേച്ചിൽപുറങ്ങൾ തേടി പുറത്തേക്കു പാഞ്ഞു.
അലറിത്തുള്ളിയ മക്കൾ എങ്ങും തളർന്നു വീണു കിടക്കുന്നു, യുദ്ധക്കളം പോലെ. ഒരാൾ മാത്രം തല ഉയർത്തി എന്തൊക്കെയോ പിറുപിറുക്കുന്നു. അത് ബർണാട് ഉപദേശിയായിരുന്നു. താൻ അവിശ്വാസത്തോടെ, തെല്ലു പകച്ച് നോക്കവെ ബർണാട് ഉപദേശി ആംഗ്യഭാഷയിൽ അടുത്തേക്കു വിളിച്ചു. യാന്ത്രികമായി കാലുകൾ ചലിച്ചു.... അങ്ങോട്ടേക്കു തന്നെ.
മുട്ടുകുത്താൻ ഒരുങ്ങവെ തന്നെ പിടിച്ചുയർത്തി ചേർത്തു നിർത്തി. തമ്പേറു കൊട്ടി തഴമ്പുവീണ കരങ്ങൾ തലയിൽ വച്ച് ഉച്ചത്തിൽ പ്രാർത്ഥിച്ചു.
'.... പുതിയ വെളിച്ചം തേടിയെത്തിയ ചിത്രശലഭം പോലെ, മകളെ നിന്നെ തമ്പുരാൻ കാണുന്നു. നിന്റെ പേർ ചൊല്ലി സ്വർഗം വാതിൽ തുറക്കുന്നു. അവനോ ഒന്നും കൊണ്ടു വന്നില്ല, അപ്രകാരം നീയും. എന്നാൽ വിശ്വാസത്താലത്രെ നാം പണിഞ്ഞത്. എത്രയും പെട്ടെന്ന് നീ തമ്പുരാനെ കൈക്കൊള്ളുക, സ്നാനപ്പെടുക ... മശ്റക്കം... മശ്റക്കം... ഹല്ലല ...ഹല്ലല ..മകടം ....മകടം ... മടാടമകടം ...മകടം ....മകടം ... മടാടമകടം ...'
'ഹല്ലേലൂയ്യ..... ഹല്ലേലൂയ്യ....സ്തോത്രം.... സ്തോത്രം....'
'സോത്രം സോത്രം '
അന്യഭാഷയുടെ ലാവയിൽ കുത്തിയൊലിച്ചിറങ്ങിയത് അനുതാപത്തിന്റെ ചുടുകണ്ണീരായിരുന്നു. അനുഭവത്തിന്റെ ദൃഢചരിതവുമായി ദൈവമക്കളുടെ നിര നീണ്ടു.
കാലം എത്ര പെട്ടെന്നാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്....? തികഞ്ഞ ദൈവ വിശ്വാസം പള്ളിയിൽ കാണാനാകാതെ കൂരിരുളിൽ മുങ്ങവെ, എത്ര വേഗമാണ് നാഥൻ ഹൃദയത്തോട് തന്നെ ചേർത്തടുപ്പിച്ചത്....! ബർണാട് ഉപദേശിയിലൂടെ തമ്പുരാൻ അത്ഭുത പരമ്പരകൾ തന്നെ തീർക്കുന്നു.
കാൻസർ പിടിച്ച് വഷളായി മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് മരണത്തിനായി നടതള്ളിയ ചോലപ്പറമ്പിലെ ഓനാച്ചയൻ സൗഖ്യം പ്രാപിച്ചത് തമ്പുരാന്റെ കൃപയാൽ ബർണാട് ഉപദേശിയിലൂടെയാണ്. അഞ്ചു ദിവസത്തെ കൂട്ടപ്രാർത്ഥന, പിന്നൊരു ദിവസത്തെ ഉപവാസം, മൗനവൃതം. ഓനാച്ചായൻ തനിയെ വടിയും കുത്തി നിരത്തിലിറങ്ങാൻ തുടങ്ങി.
ആലിത്തോട്ടത്തിലെ മറിയാമ്മ വെല്ലൂരൊക്കെ പോയി ചികിത്സിച്ചതല്ലിയോ....? അവർക്ക് തലയിൽ ചക്ക പോലത്തെ മുഴ വന്നു. ആദ്യമൊക്കെ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനക്ക് വരുമ്പോൾ തലയിലൂടെ കട്ടിയുള്ള നേര്യതു പുതച്ച് മുഴ മറയ്ക്കും. പിന്നെ പിന്നെ അത് മറയ്ക്കാനാവാത്ത വിധം വലുതായി... അവർ പുറത്തിറങ്ങാതായി. അച്ചൻ മുൻകൈയെടുത്താണ് അവരെ വെല്ലൂർക്ക് അയച്ചത്. പോയതു മാത്രം മിച്ചം. റേഡിയേഷൻ മൂലം മുടിയൊക്കെ കൊഴിഞ്ഞ് വികൃതമായാണ് തിരിച്ചെത്തിയത്. ഏതാണ്ട് വലിയ ഓപ്പറേഷനും നടത്തിയത്രെ.
വ്യസനിച്ച് മുറിയടച്ചിരുന്ന മറിയാമ്മ ചേടത്തിയെ കൂട്ട പ്രാർത്ഥനയിലൂടെ വീണ്ടെടുത്തത് ബർണാട് ഉപദേശിയാണ്. ഇന്ന് എവിടെ പ്രാർത്ഥനയുണ്ടെങ്കിലും ആദ്യമോടിയെത്തുന്നത് അവരാണ്. സദസ്സിനോട് സാക്ഷ്യം പറയുമ്പോളുള്ള അവരുടെ ചൈതന്യം ഒന്നു കാണേണ്ടതു തന്നെ.
യെശയ്യ പ്രവചനം നാല്പത്തിമൂന്നാം വാക്യം ചൊല്ലി അവർ കണ്ണടച്ച് പ്രാർത്ഥിക്കും -
'യഹോവാ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നു -'
'ഭയപ്പെടേണ്ടാ'
'ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു'
'നീ എനിക്കുള്ളവൻ തന്നെ'
'നീ വെള്ളത്തിൽകൂടി നടക്കുമ്പോൾ'
'അവ നിന്റെ മീതെ കവിയുകയില്ല'
'നീ തീയിൽ കൂടി നടന്നാൽ വെന്തു പോകയില്ല'
'അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയില്ല'
'നിന്റെ ദൈവവും യിസ്രയിലിന്റെ പരിശുദ്ധനുമായ'
'യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ'
'....ഹലേലൂയ്യ സോത്രം'
'സോത്രം സോത്രം സോത്രം '
നിരന്തര പ്രാർത്ഥനയിലൂടെ നിരവധി ആത്മാക്കൾ രക്ഷപ്രാപിക്കവെ താനറിയാതെ തമ്പുരാനോട് കൂടുതൽ അടുത്തു. ബർണാട് ഉപദേശിയിലൂടെ തമ്പുരാൻ അത്ഭുതങ്ങൾ തുടരുകയാണ്. നാട്ടിലും പുറംനാട്ടിലും പെരുമ പടരവെ എല്ലാ വെള്ളിയാഴ്ചകളും കൂട്ടപ്രാർത്ഥനക്കായി നീക്കി വെച്ചു. ജന്തുശാസ്ത്രം പഠിപ്പിക്കുമ്പോഴും അതിലെ പല ശാസ്ത്രതത്വങ്ങളും ദഹിക്കാതെ വന്നു. പ്രത്യേകിച്ച് സൃഷ്ടിയുടെ കാര്യത്തിൽ...! പാരമ്പര്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മെൻഡലീഫിനെ എന്നേ പടിയടച്ചു പിണ്ഡം വെച്ചു... പകരം ഉടയതമ്പുരാൻ അരുളിയ സ്ത്രോത്രങ്ങൾ പഠനത്തിനിടയിൽ തിരുകി ആത്മസൗഖ്യം നേടി.
പ്രബോധനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, നിരവധി സാക്ഷ്യങ്ങളിലൂടെ ഞാൻ അപരയായി മാറി... തമ്പുരാന്റെ തിരുസന്നിധിയിലെ നിത്യ സന്ദർശകയായി. ബർണാട് ഉപദേശി ഒരിക്കൽ റാന്നിയിലെ കൂട്ടപ്രാർത്ഥനക്കിടയിൽ പറഞ്ഞതിപ്പോഴും മുഴങ്ങുന്നു.
'സ്ത്രോത്രം....സ്ത്രോത്രം... ഈ കുഞ്ഞേലിയാമ്മ ടീച്ചറിനെ നോക്കുവിൻ ദൈവമക്കളെ... അവൻ മണിമന്ദിരങ്ങളിൽ പാർക്കുന്നവനല്ല എന്ന് തിരിച്ചറിഞ്ഞ് നമ്മോട് കൂടിയതാണ്. എല്ലാ കൂട്ടപ്രാർത്ഥനകൾക്കും മുന്നിട്ടിറങ്ങുന്ന ടീച്ചർ സ്കൂളിൽ പഠിപ്പിക്കുന്നത് ബയോളജിയാണ്. അതായത് മനുഷ്യൻ കുരങ്ങീന്ന് ഉണ്ടായതാണെന്ന്.... നിങ്ങൾ ചിരിക്കണ്ട.. സ്ത്രോത്രം ചൊല്ലുവിൻ...'
'സ്ത്രോത്രം....സ്ത്രോത്രം... '
'മനുഷ്യൻ കുരങ്ങീന്നാണെങ്കിൽ എന്റെ ദൈവമക്കളേ... ഞാൻ പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ തിരുവനന്തപുരം കാഴ്ച ബംഗ്ളാവിൽ വിനോദയാത്രക്ക് പോയിട്ടുണ്ട്. അവിടുത്തെ കുരങ്ങന്മാരുടെ വികൃതിത്തരങ്ങൾ കാണാൻ ബഹുകേമമാണ്. നമ്മുടെ കുഞ്ഞേലിയാമ്മ ടീച്ചറിന്റെ ശാസ്ത്രപ്രകാരം അതെല്ലാം ഇപ്പോ മനുഷ്യരായി കാണണമല്ലോ... ഇല്ലിയോ ടീച്ചറേ....?'
താനെന്തു പറയാൻ... കൂട്ടത്തിൽ ചേർന്നു ചിരിച്ചു... സ്ത്രോത്രം ചൊല്ലി...
'സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ'
'ഹാലേലൂയ്യ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ'
അതിനിടയിൽ ബർണാടുപദേശി ഇത്രയും കൂടി പറഞ്ഞു -
'...ടീച്ചർ സ്കൂളിലൊക്കെ പഠിപ്പിക്കുന്നതല്ലിയോ.. സഭാകമ്പം വിട്ട് ഈ ദൈവപൈതലുകൾക്കായി ഒന്ന് പ്രാർത്ഥിച്ചാട്ടെ...'
അവിടുന്ന് ആരംഭിച്ച പ്രാർത്ഥനയും പ്രസംഗവും ഇന്നും തമ്പുരാന്റെ കൃപാകടാക്ഷത്താൽ തുടരുന്നു. ഒരു ലഹരിയായി തന്നെ.. പക്ഷേ സ്കൂളിലെ അദ്ധ്യയനം താറുമാറായി. രണ്ടു വിശ്വാസങ്ങൾ തമ്മിലുള്ള ദ്വന്ദയുദ്ധത്തിൽ താൻ പരീക്ഷീണയായി. വർഷങ്ങളിലൂടെ നേടിയ ശാസ്ത്രവിജ്ഞാനങ്ങളെ വെറും ജഢവസ്തുവായി ബർണാട് ഉപദേശി അവതരിപ്പിക്കവെ, താനതിലൊരു തുഴയില്ലാ തോണിയായി ഉലയവെ, മിഥ്യാ ബോധതലങ്ങളിൽ നീന്തിത്തുടിക്കവെ, എന്റെ പ്രയപ്പെട്ട കുഞ്ഞുങ്ങളെ ക്ലാസിൽ കാണാനാകുന്നില്ല.... പകരം അവിടൊക്കെ ദൈവമക്കൾ ആത്മീയ ദാഹവുമായി നിരന്നിരിക്കുന്നു.....
ശരിയാണ്.... ഞാനിവിടെ കൂട്ടം തെറ്റിയ കുഞ്ഞാടു തന്നെ.....! 14/02/2010

എന്റെ പള്ളിക്കൂടം കഥകൾ - ആർ.പ്രസന്നകുമാർ.