കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.
കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ...................
- കവിത - ആർ.പ്രസന്നകുമാർ - 05/04/2010
[ ജനിച്ചു വളർന്ന നാട്ടിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം കവി ചെല്ലുകയാണ്. എങ്ങും മാറ്റത്തിന്റെ കൊടിക്കൂറകൾ മാത്രം. പണ്ട് കണ്ടവർ പലരും പരസ്പരം തിരിച്ചറിയാതെ കടന്നു പോകുന്നു, കാലമെന്ന മഹാവേഷക്കാരൻ വരുത്തിയ വേഷപ്പകർച്ചയുടെ ഇന്ദ്രജാലം....! ]
പോയ വർഷങ്ങൾ കൊഴിയുമിലച്ചാർത്തു പോലെ
മായാ യവനികയിൽ മൂടിയെൻ മാനസതലമാകെ....
ഒരു കാറ്റു വന്നെൻ മറവിയിൽ മറയുമാക്കാഴ്ചയേകുവാൻ
തെരു തെരെ വീശുക, യാത്ര തുടരുക പഥിക നീ....
പത്രങ്ങൾ വാനിൽ പറന്നകലട്ടെ, വീണ്ടും ഹരിതാഭ-
നേത്രകുതൂഹലമായി വസുന്ധരക്കേഴകേകട്ടെ...
ജനിച്ച മണ്ണിൻ മാറിലൂടെൻ പദവിന്യാസമുണരും
മാനസയാത്ര തുടരട്ടെ, വൃഥാ സ്വപ്നമാണെങ്കിലും.
മണ്ണുവാരിക്കളിച്ചതും അപ്പമടകളവിയലുമുപ്പലിട്ടതും
പെണ്ണുകെട്ടി പാവക്കുഞ്ഞിനെ താരാട്ടിയുറക്കിയതും
മച്ചിങ്ങ ചെത്തിയൊരുക്കി ഒരു കമ്പിലതു നാട്ടി-
ഉച്ചത്തിലലറി 'മൈക്കു' കളിച്ചതും തൊണ്ടയടച്ചതും
വേദി കെട്ടി, പഴയ സാരി കർട്ടനായി ചമച്ചതും
മോദമോടെ നാടകങ്ങളാടി തിമർത്തതും തളർന്നതും
മഴയുടെ നൃത്തക്കളരിയിൽ ഒരു പിണ്ടിച്ചങ്ങാടമായി
ഒഴുകി നടന്നതും കൂടെയാടി അജീർണക്കോമരമായതും
അപ്പോത്തിക്കിരി വന്നപ്പോളേകിയ സൂചിക്കുന്തങ്ങളും
കുപ്പിക്കുള്ളിലെ ചുവന്ന കയ്പൻ മരുന്നും രൂക്ഷഗന്ധവും
അമ്മൻകോവിലിൽ പിന്നെ അയ്യപ്പൻ നടയിൽ -
ചെമ്മേ വൻമരം നിഴൽക്കളമിട്ട ജഡയൻ കാവിൽ
ചിറപ്പുകൾ നീളെ നിരത്തിയ കടലയും പഴവുമവിലും
ചീറിയുയരും കുഴിപ്പുവും കാതടപ്പിക്കും മാലപ്പടക്കവും
കുഴിയനിലയിൽ പകർന്നേകും പായസമധുരസാമൃതം
കഴിയില്ല മറവിക്കുണ്ടിലേക്കെറിയുവൻ -നാവു സാക്ഷി...
ഉത്സവങ്ങൾ , പട്ടുടയാട ചുറ്റിയ ഗ്രാമപ്പെണ്ണായുള്ളിൽ
മത്സരമേളമൊരുക്കിയ യൗവനപ്പെരുങ്കളിയാട്ടകാലം.
ഇന്നു വേണ്ടതു നാളെവേണ്ട, പുതുമക്കായ്, മനം ചഞ്ചലം
കിന്നാരത്തുമ്പിയായി നീളെ പാറുന്നു, പൂവുകൾ തോറും.....
ആരു തടുക്കും, തൊടുക്കും, കാമവിശിഖങ്ങൾ മാറി മാറി
ആരൂഢങ്ങൾ തകർക്കും - ഹൃദയശലാകയതിലോലം.
കൂടെപ്പഠിച്ചവർ, തല്ലിത്തിമർത്തവർ പിന്നെ കണ്ടാൽ-
നടാടെയെന്നോതി നീങ്ങുമപരിചിത വേഷങ്ങൾ, കഷ്ടം.
പിന്നൊരു കൂട്ടർ, ബന്ധത്തിൻ സുഗന്ധം പൂശുന്നവർ
പിന്നാലെ നടന്നെന്നും ഊഷ്മള വികാരഗീതമേകുന്നു.
നാണം കുണുങ്ങികൾ നാവിൽ പൊന്നിൻ പൂട്ടിട്ടവർ
ഈണത്തിൽ മൊഴിത്തേൻ കുഴമ്പു പുരട്ടുന്നു മന്ദം.
ലോകഗതി കണ്ടു പകച്ചു നീങ്ങവെ മാറിയ ഭൂമിക-
പകലിരവിൻ നിതാന്ത നിർവികല്പ സമാധി പൂകി.
പണ്ടു കല്ലെറിഞ്ഞു വീഴ്ത്തി നുകർന്നലസമെറിഞ്ഞ-
അണ്ടിയിന്നൊരു മാവായിത്തളിർത്തു നില്പൂ...
മാമ്പഴമേകിയ മാവിൻ ചുവടു കണ്ടു, മധുരം കണ്ടു-
തുമ്പച്ചോറിൻ പച്ചപ്പാടത്തരിശുകൾ നീളെ കണ്ടു,
കണ്ടം നികത്തിയതു കണ്ടു, റബ്ബർ മരങ്ങൾ കണ്ടു
തുണ്ടം തുണ്ടായി വെട്ടി നുറുക്കിയ വിപ്ലവം കണ്ടു...
കൊടികൾ കണ്ടു, കൊലപാതകികളെ കണ്ടു
കൊടിയ ഭാരം പേറും പാവങ്ങളെയും കണ്ടു...
കാണാതെ കണ്ടതു പാഠം, ഇനി വരാനുള്ളതിൻ
കാണിക്ക മാത്രം, തുടരുക രാഷ്ട്രനിർമ്മാണം.
മൊബൈൽ ഗോപുരങ്ങൾ ചേക്കേറും മന്ദിരങ്ങൾ
സിംബലായി പരിലസിക്കും പരിഷ്കാരപ്പണ്ടാരങ്ങൾ
അർബുദവിത്തെറിയും മഹാകാളിയായി തുള്ളുന്നു
നിർബാധമെങ്ങും നിർലോഭം നിരന്തരദുരന്തചിത്രം.
അമ്പലഗോപുരം ചെറുതായി ചുരുങ്ങി , ദൈവം പോലും
കമ്പമോടെ തിരയുന്നു 'റേഞ്ചുള്ള ടവർ' ശൃംഗോന്നതി...
കാലപ്രവാഹച്ചുഴിയിൽ കറങ്ങാതെ മാറി നില്പൂ ഞാൻ
നിലപാടു മാറ്റാതെയെൻ തറവാടിടിക്കാതെ കാക്കുന്നു..
ഞാൻ നടന്നൊരാ വഴിയിന്നില്ല, നീരാടിയ പുഴമൃതി പൂകി
തേൻ നുകർന്നൊരാ തൊടിയില്ല, കോൺക്രീറ്റ് വനമുണ്ട്-
ചേക്കേറുവാൻ ഇളം ചില്ലയില്ല, നെല്ലിമരവും തറയുമില്ല
കാക്കേണ്ടവൻ കഥ പറഞ്ഞിരിക്കുന്നു -'വെടിമുക്കിൽ...'
ഗ്രഹാതുരവ്യഥയുമായി ഞാനലയുന്നു, ഗർഭാലസ്യചിന്ത-
ഗ്രഹണ വീഥിയിൽ പുളിയൂറുമേതോ പച്ചമാങ്ങ തേടുന്നു.
തിരിച്ചറിയുന്നില്ല എന്നെയാരുമെങ്കിലും ഉള്ളിലെയഗ്നി
എരിഞ്ഞടങ്ങുന്നുണ്ട് -ഇതു ഞാൻ നടന്ന ഇടവഴികൾ!
ഇതായെൻ കാൽനഖേന്ദു, മായ്ചാലും മായാതെ നില്കും
ചേതോഹരമതു പതിഞ്ഞതെൻ മാനസരഥ്യയിൽ മാത്രം.