കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ഓമല്ലൂർ വയൽ വാണിഭം - ഭാഗം - 1
- ലേഖനം - ആർ.പ്രസന്നകുമാർ. 19/03/2010

പ്രസിദ്ധമായ ഓമല്ലൂർ വയൽ വാണിഭം തുടങ്ങി. കാർഷിക സമൃദ്ധിയുടെ ഇനിയും നഷ്ടപ്പെടാതെ കിടക്കുന്ന പ്രതാപൈശ്വര്യങ്ങളോതി വീണ്ടും പത്തനംതിട്ടയിലെ ഓമല്ലൂരിൽ വയൽ വാണിഭമെന്ന കാർഷിക മാമാങ്കം ആരംഭിച്ചു. ഇനി ഒരു മാസത്തോളം ഓമല്ലൂരിലും പരിസരഗ്രാമങ്ങളിലും വസന്തത്തിന്റെ കൊടിക്കൂറ ഉയർന്ന് പാറിപ്പറക്കും.
കാർഷിക ഉല്പന്നങ്ങളുടെ പ്രദർശനം, വിപണനം, കന്നുകാലിച്ചന്ത, കാർഷിക - മൃഗസംരക്ഷണ സെമിനാറുകൾ, നാട്ടറിവ് സെമിനാർ, പ്രതിരോധ കുത്തിവെയ്പ്, ശ്വാന പ്രദർശനം, അലങ്കാരമത്സ്യങ്ങൾ, അലങ്കാരച്ചെടികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി മനുഷ്യന് അത്യന്താപേക്ഷിതമായ എന്തും ഇവിടെ വയൽ വാണിഭത്തിന്റെ ഭാഗമായി ഉണ്ട്.
കാർഷിക പ്രദർശനം നടക്കുന്നത് ഓമല്ലൂർ കൃഷിഭവന്റെ മുന്നിലാണ്. ചകിരിച്ചോർ കമ്പോസ്റ്റ് ഉപയോഗിച്ച് ,രാസവള സ്പർശമില്ലാതെ കർഷകർ വിളയിച്ചെടുത്ത വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവയുടെ വിത്തിനങ്ങൾ പ്രദർശനത്തിനുണ്ട്. അതുപോലെ ഓമല്ലൂർ പഞ്ചായത്തിൽപെട്ട കർഷകർക്കായി കാർഷിക വിളകളിൽ മത്സരവുമുണ്ട്. അവർ മത്സരബുദ്ധിയോടെ ഒരു വർഷം മുഴുവൻ കൃഷിയിൽ കേന്ദ്രീകരിച്ച് പ്രത്യേക സ്റ്റാളുകളിലായി തങ്ങളുടെ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നു. 82 കിലോ തൂക്കമുള്ള മരച്ചീനിയും 32 കിലോ വരുന്ന കാച്ചിലും 53 കിലോയുള്ള ഭീമൻ ചേനയുമെല്ലാം ഈ വർഷത്തെ സാമ്പിളുകളാണ്.
കാർഷികവിളകളുടെ വിപണനം നടക്കുന്നത് ഓമല്ലൂർ ചന്തയുടെ വിശാലമായ വളപ്പിലാണ്. ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, കിഴങ്ങ് എന്നിവ കർഷകർ നേരിട്ട് വിപണനം നടത്തുന്നു. ചേമ്പ്, ചേന, കാച്ചിൽ എന്നിവയ്ക് 25 രൂപയും ഇഞ്ചി, കിഴങ്ങ് എന്നിവയ്ക് 50 രൂപയുമാണ് ഏറ്റവും താഴ്ന്ന വില.
തമിഴ്നാട്ടിലെ വിവിധയിനം മൺപാത്രങ്ങൾ, ഭരണികൾ, ചട്ടികൾ, ചെടിച്ചട്ടികൾ, വേനൽ ദാഹത്തിനുള്ള കൂജകൾ, എന്നിവ വൻതോതിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ചെടിച്ചട്ടിയിൽ ബഡ്ഡുചെയ്തു നിർത്തിയ വിവിധയിനം അലങ്കാരച്ചെടികൾ, വൃക്ഷത്തൈകൾ, അത്യുല്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ, ടിഷ്യൂ കൾച്ചർ വാഴകൾ, മാവിൻ തൈകൾ, ജാതി - കൊക്കോ തൈകൾ, ശീമപ്ലാവ് - വരിക്ക പ്ലാവ് തൈകൾ തുടങ്ങി കേരളത്തിന് അനുയോജ്യമായ ഏതു തരം തൈകളും ഇവിടുത്തെ പ്രത്യേകതയിലുൾപെടുന്നു.
കിഴക്കൻ മുണ്ടകൻ വയലിലാണ് കന്നുകാലിച്ചന്ത നടത്തുന്നത്. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രവും വയൽവാണിഭവും തമ്മിൽ ബന്ധമുണ്ട്.

തുടരും


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


ഓമല്ലൂർ വയൽ വാണിഭം ഭാഗം - 2
- ലേഖനം - ആർ.പ്രസന്നകുമാർ. 24/03/2010
ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം പഴമയുടെ പദവി കല്പിക്കപ്പെട്ടിരിക്കുന്നു ഓമല്ലൂർ വയൽ വാണിഭത്തിനും അതിന്റെ പെരുമയ്കും. നാലും കൂട്ടി വിശാലമായി ഒന്നു മുറുക്കി കളപ്പുരയിലിരുന്നു വെടിവട്ടം പറയുന്ന കാർന്നോന്മാരുടെ മനസ്സിൽ ഓമല്ലൂർ വാണിഭപ്പെരുമ പെരുമ്പറ മുഴക്കുകയാണ്. തുള്ളിക്കൊരു കുടം പോലെ അവർ ആയിരം നാവുകളുമായി ആ ഗതകാല സ്മരണകൾ അനായാസം നിരത്തുന്നു.
മീനമാസത്തിലെ കത്തിപ്പടരുന്ന സൂര്യനകമ്പടിയായുള്ള ഒന്നാം തീയതി വാണിഭത്തിന്റെ തുടക്കമാണ്. കാലിൽ ചിലമ്പും കെട്ടി, കൊമ്പിൽ കിലുക്കും കെട്ടി മേടമാസത്തിലെ വിഷുവിന്റെ തലേന്നുവരെ നാടായ നാട്ടിലെ വഴികളൊക്കെ പ്രകമ്പിതമാക്കി കന്നുകാലികളുടെ ഘോഷയാത്രയാണ്.... ഓമല്ലൂർ വാണിഭമരങ്ങേറുന്ന വിശാലമായ വയലേലകളാണ് ലക്ഷ്യം. കൈപ്പട്ടൂർ കടവു മുതൽ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള വിസ്തൃതമായ വയൽനിരയാണ് ഈ രംഗവേദി. പഴമയുടെ പൊൻപ്രഭയിൽ ഈ വിസ്തൃതമായ വയലേല എന്നൊക്കെ കേൾക്കാൻ എന്തു രസം...? പക്ഷെ ഈ നാട്ടിൽ ഇന്നു ജീവിക്കുന്ന പുതുതലമുറയ്കറിയാം അവിടെ വിസ്തൃതം പോയിട്ട് മരുന്നിനു പോലും വയൽ കിട്ടാൻ പ്രയാസമാണെന്ന്. എല്ലാം ദുര മൂത്ത മനുഷ്ൻ നികത്തി വീടുകളും കടകളും മൾട്ടി സ്റ്റോറീട് ബിൽഡിങ്ങുകളും (ബഹുനില കെട്ടിടങ്ങൾ എന്ന് ഒരു വിധം മലയാളത്തിൽ പറയാമെന്നു തോന്നുന്നു....) തീർത്തിരിക്കുന്നു. പക്ഷെ ഒരു കാര്യം ശരിയാണ്, കൈപ്പട്ടൂർ കടവു മുതൽ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള റോഡ് നേർവരപോലെയാണ്, വളവോ തിരിവോ ഇല്ല. അപ്പോൾ വളരെ പണ്ട് വിശാലമായ ആ വയൽനിരയൊന്ന് മനസ്സിൽ കണ്ടു നോക്കൂ... വിദൂരതയിൽ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം തിളങ്ങുന്ന മനോഹരമായ കാഴ്ച ഇങ്ങ് കൈപ്പട്ടൂർ കടവിലിരുന്ന്, തെളനീരൊഴുകുന്ന ആറ്റിലെ ഓളങ്ങളിൽ കാലിട്ടിളക്കി കാണാൻ കഴിഞ്ഞിരുന്ന പഴമക്കാരുടെ ഭാഗ്യകാലമൊന്ന് ചിന്തിക്കൂ.... അസൂയ തോന്നുന്നില്ലേ....? വയൽ വാണിഭത്തിന് കാളവാണിഭം ഒരാഴ്ചയോളം കാണും, എന്നാൽ ഇതിന്റെ ഭാഗമായുള്ള കാർഷികോല്പന്ന വിപണനമേള ഒരു മാസത്തോളം നീളും. പേർഷ്യിലെ സാക്ഷാൽ ഈന്തപ്പഴം യഥേഷ്ടം ഈ മേളയിൽ ലഭ്യമായിരുന്നു. കാളവാണിഭത്തിന് സമീപജില്ലകളായ ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രാതിനിധ്യം ഉണ്ടായിരുന്നു. കാളവണ്ടികൾ, വണ്ടിക്കാളക്കൂറ്റന്മാർ, ബലിഷ്ഠപേശികളുള്ള ഉഴവു കാളകൾ പോത്ത്, എരുമ, ആട് തുടങ്ങിയ മറ്റ് മൃഗജാലം എന്നിവ ഗ്രാമാന്തരങ്ങളിൽ നിന്നും വാണിഭത്തിനെത്തുമായിരുന്നു. കർഷകർക്ക് ഉരുപ്പടികൾ വെച്ചുമാറാനും കാർഷിക രംഗത്തെ പുതിയ ട്രെൻഡുകൾ (രീതികൾ...?)പരസ്പര പങ്കിടലിലൂടെ തിരിച്ചറിയാനും ഒരു വലിയ പരിധി വരെ ഈ വാണിഭം ഉപകരിച്ചിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഈ വാണിഭം അരങ്ങേറുന്നത് കേരളത്തിന്റെ നെല്ലറയായ കുട്ടനാടൻ പാടശേഖരങ്ങളിലെ കാറ്റിന് പുഞ്ചക്കൃഷിക്കുള്ള മാദകഗന്ധം പകരുമ്പോളാണ്, ഊഷരമണ്ണിൽ വിത്തെറിയാൻ കൃഷീവലന്മാർ ദാഹാർത്തനായി ഉണരുമ്പോളാണ്,... വയൽ വാണിഭം അതിനനുയോജ്യമായ ഭൂമിക തീർക്കുന്നുവെന്നുമാത്രം.
തോർത്തുകൊണ്ട് മറച്ച വിരലുകളിൽ പരസ്പരം കാണാതെ പിടിച്ച് വില പറയുന്ന രീതിയാണ് പൊതുവെ എവിടെയും കന്നുകാലി കച്ചവടക്കാർ സ്വീകരിക്കുന്നത്. കന്നുകാലി കച്ചവടം കാണാൻ വന്നു നില്കുന്ന വഴപോക്കർ വിലയറിയണ്ട എന്നതിലുപരി ഏതെങ്കിലും കാരണവശാൽ കച്ചവടം അല്ലെങ്കിൽ 'ഡീൽ' നടന്നില്ലെങ്കിൽ തൊട്ടടുത്ത് തയ്യാറായി നിൽക്കുന്ന മറ്റൊരുവനോട് പുതിയ രീതിയിൽ വിലപേശാനും ഉപകരിക്കും എന്നതാണ്. വിരലിന്റെ പകുതിയിൽ പിടിച്ചാൽ അര എന്നും, മുഴുവനും പിടിച്ചാൽ ഒന്ന് എന്നുമാണർത്ഥം. ഈ അര, ഒന്ന് എന്നത് കാലികളെ ആശ്രയിച്ചിരിക്കും. അവയുടെ വലിപ്പം, ചെറുപ്പം, പേശീബലം, കൊമ്പ് -കുളമ്പിന്റെ പ്രത്യേകത, ജോലിയിലെ മികവിനെക്കുറിച്ചുള്ള കേട്ടറിവ് എന്നിവയെ അടിസ്ഥാനമാക്കി അമ്പത്, നൂറ്, അഞ്ഞൂറ്, ആയിരം എന്നിങ്ങനെ മാറുന്നു.
വയൽ വാണിഭത്തിന്റെ കോഡും ഡീകോഡും :-
കാലി ഉടമകളും കച്ചവടക്കാരും തമ്മിൽ നടക്കുന്ന വിലപേശലിൽ ഉപയോഗിച്ചിരുന്ന രഹസ്യ ഭഷയുടെ ചില സാമ്പിളുകൾ ഇതാ..... ഒന്നു മുതൽ പത്തുവരെയുള്ള അക്കങ്ങൾക്കു പകരം പ്രത്യേകപദങ്ങൾ ഉപയോഗിച്ച് ഓമല്ലൂർ കാളവാണിഭത്തിന് ഒരു പ്രത്യേക ഭാഷ തന്നെ ഉണ്ടായിരുന്നു..... ഒരു സ്ഥലസൂചിക അല്ലെങ്കിൽ ലാന്റ് മാർക്ക് പോലെ. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, ഈ രഹസ്യ ഭാഷ ഇന്ന് പൂർണമായും ആർക്കും അറിയില്ല, കുറെയൊക്കെ കാലാന്തരത്തിൽ അന്യം നിന്നിരിക്കുന്നു.
പഴമക്കാരുടെ ഓർമ്മച്ചെപ്പിൽ നിന്നും കിട്ടിയത് ദാ ഇതൊക്കെയാണ്.....ഇങ്ങനെയാണ്.... കാളക്കച്ചവടക്കാരുടെ ഭാഷയാണ്, അല്പം അശ്ലീലച്ചുവ കാണും.... ക്ഷമിക്കുമല്ലോ.....?
ചവ് = ഒന്ന്
തോവ് = രണ്ട്
തിലവു = മൂന്ന്
പാത്ത് = നാല്
തട്ടല് = അഞ്ച്
തടവല് = ആറ്
നൊളയ്ക്കല് = ഏഴ്
വലു = എട്ട്
തായം = ഒൻപത്
പുലു = പത്ത്
പത്തിനു ശേഷം മേല്പറഞ്ഞ പ്രതീകങ്ങളെ അനുയോജ്യമായി ചേർത്തു പറഞ്ഞാൽ മതി.
ഉദാഹരണമായി -
പുലു ചാവ് = പതിനൊന്ന്
പുലു തോവ് = പന്ത്രണ്ട്
തോ പുലു = ഇരുപത്
തി പുലു = മുപ്പത്
പുലു പുലു = നൂറ് ..... എന്നിങ്ങനെ. നോക്കൂ, എത്ര അനായാസമായി ഇന്നാട്ടുകാർ സംഖ്യകളെ എടുത്ത് അമ്മാനമാടുന്നു. പരിഷ്കാരത്തിന്റെ വേരുകളിൽ തട്ടി ഒരു വലിയ ജനതയുടെ ആത്മാവിഷ്കാരങ്ങളാണ് തകർന്നടിഞ്ഞില്ലാതായത്.
ഫ്ളാഷ് ബായ്ക് :-
സ്ഥലം ഓമല്ലൂർ വേലൻ തറ.- സീനിൽ വിശാലമായ വയൽപ്പരപ്പ് - കൊയ്തു് കഴിഞ്ഞ സമയം - എവിടെയും ആൾകൂട്ടം - കന്നുകാലിക്കൂട്ടങ്ങളും അവയുടെ പാലകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു - അവർ ഉരുപ്പടികളെ ക്രയവിക്രയം ചെയ്യുന്നതിന്റെ ക്ലോസ് ഷോട്ട് --
തലയിൽ നീല തലക്കെട്ട് അണിഞ്ഞ ഒരാൾ കട്ടി മീശയും വെള്ളിത്തലപ്പാവുമണിഞ്ഞ മറ്റൊരാളിനോട് -
അവരുടെ കൈകൾ രണ്ടും വായുവിൽ സംസാരമനുസരിച്ച് ചലിക്കുന്നുണ്ട് - ക്ലോസ് ഷോട്ട് --
ആദ്യത്തെ ആൾ മറ്റേയാളിനോട് -
തിലുപുലു
പുലുവട്ടം - മറ്റേയാളിന്റെ പ്രതികരണം
ചാവട്ടുകൂടി - ആദ്യം പറഞ്ഞയാളിന്റെ മറുപടി
ഇവർ തമ്മിലുള്ള സംഭാഷണത്തിന്റെ പൊരുൾ ഇപ്രകാരമാണ് -
തിലുപുലു = മൂന്നു പത്ത് (3000)
പുലുവട്ടം = ആയിരം (1000)
ചാവട്ടുകൂടി = നൂറു രൂപ കൂടി (100)
1000 വരെയുള്ള രൂപയ്ക് ഒരക്ക കോഡുകളോട് വട്ടം എന്നു ചേർത്ത് പറയുന്നു. 2000 മുതലുള്ള രൂപയ്ക് രണ്ടക്ക കോഡ് ഉപയോഗിക്കുന്നു. ഭാഷാവിദഗ്ദരുടെ മേൽകോയ്മ അടക്കി വാണിരുന്ന പ്രബുദ്ധമായ കാളച്ചന്തയായിരുന്നു ഓമല്ലൂർ വേലൻ തറ എന്ന് ഇതിൽ നിന്ന് അനുമാനിക്കാം. ഇന്ന് വേലൻ തറ 'ഓമല്ലൂർ തറ' എന്നു മാത്രമായി ലോപിച്ചിരിക്കുന്നു. കാളച്ചന്തയുടെ അവിഭാജ്യഘടകമാണ് ഇടനിലക്കാർ. ഇന്ന് വസ്തു കച്ചവടമായാലും വിവാഹക്കാര്യമായാലും ഇടനിലക്കാർ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. അതുപോലെ പണ്ട് കന്നുകച്ചവടത്തിലും സർവ്വാധിപത്യം പുലർത്തിയിരുന്ന വർഗ്ഗമാണ് ഇവർ. ഇവരുടെ വേഷഭൂഷകളും ചേഷ്ടകളും രസാവഹവും കൂടുതൽ ദുർഗ്രഹവുമാണെന്നാണ് പഴമക്കാർ പങ്കുവെയ്കുന്നത്. കോഡുകളുടെ തമ്പുരാക്കന്മാരാണിവർ. അത് ചിലപ്പോൾ ഒരു പ്രത്യേക തരം മൂളലാവാം, ആംഗ്യമാവാം, ഒഴിവാക്കാനാവില്ലെങ്കിൽ സംഭാഷണവുമാവാം. ദൂരെ നിന്ന് വീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവർ പരസ്പരം സംഭാഷണം ചെയ്യുന്നതായേ തോന്നില്ല, മറിച്ച് കണ്ണിൽ കണ്ണിൽ നോക്കി നില്കുകയും ഇടയ്ക് അങ്ങോട്ടുമിങ്ങോട്ടും തട്ടി പൊട്ടിച്ചിരിച്ച് നിൽക്കുന്നതായുമേ തോന്നുകയുള്ളു. ഒന്നു രണ്ടു സാമ്പിൾ വെടിക്കെട്ടുകളിതാ........
ചുണ്ടുവട്ടം
കാളക്കൊമ്പ്
തേങ്ങാമുറി .....
ഇവ പഴമക്കാരുടെ പിൻബലത്തോടെ ഡീക്കോടിങ്ങിനു വിധേയമാക്കിയാൽ...
ചുണ്ടുവട്ടം = ഒന്ന്
കാളക്കൊമ്പ് = രണ്ട്
തേങ്ങാമുറി = മൂന്നര { തേങ്ങയുടെ മൂന്നു കണ്ണുകളും മുറിയുടെ അരയും ചേർക്കുമ്പോൾ മൂന്നരയെന്ന ധ്വനി }
ഇത് തീർത്തും ഊഹക്കച്ചവടമാണ്. പരസ്പരം നിഗൂഢതയുടെ പരിവേഷം ആംഗ്യ ചേഷ്ടകളിലും സംഭാഷണത്തിലും നിറച്ച് പരമാവധി കച്ചവടം കൊഴുപ്പിക്കുക എന്നതാണ് പരമമായ സത്യം. നിഗൂഢപരിവേഷം അവസാനംവരെയും നിലനിർത്തുന്ന ആൾ ഈ കച്ചവടത്തിൽ എപ്പോഴും വിജയിക്കും. സാധാരണ കൃഷിക്കാരന് ഇവിടെ അടുക്കാൻ പറ്റില്ല. ഇടനിലക്കാരന്റെ സഹായമില്ലാതെ കന്നുകച്ചവടം തീർത്തും അസാദ്ധ്യമാവുന്നത് ഇവിടെയാണ്. വാങ്ങുകയും വില്കുകയും ചെയ്യുന്ന കൃഷിക്കാരൻ തന്റെ ഉരുവിന്റെ യഥാർത്ഥവില ഒരുകാലത്തും അറിയാനെ പോവുന്നില്ല, അത്ര രഹസ്യമാണ് എല്ലാം.
ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം :-
ഓമല്ലൂർ വയൽ വാണിഭത്തിന് രക്തകണ്ഠസ്വാമി ക്ഷേത്രവുമായി അഭേദ്മായ ബന്ധമുണ്ട്. തെക്കൻ തിരുവിതാംകൂറിലെ പഴയ ഇളയിടത്തു സ്വരൂപത്തിനടുത്തുള്ള ( ഇന്നത്തെ കൊട്ടാരക്കര) വെളിയനല്ലൂർ എന്ന പ്രസിദ്ധമായ കാളച്ചന്തയിൽ നിന്നും ഒരു വലിയ കാള, കെട്ടുപാടുകൾ പൊട്ടിച്ച്, പിടിച്ചു നിർത്താൻ തുനിഞ്ഞ കന്നുകർഷകനെ കുത്തിയെറിഞ്ഞ്, വയലേലകൾ തണ്ടി, കയ്യാലയുള്ള പുരയിടങ്ങൾ ചാടിക്കടന്ന്, കല്ലടയാറും (ഏനാറ്) പിന്നീട് അച്ചൻകോവിലാറും (കൈപ്പട്ടൂരാറ്) നീന്തിക്കടന്ന് ഓമല്ലൂർ വേലൻ തറയിൽ എത്തിച്ചേർന്നു. ധൈര്യപൂർവം ഓമല്ലൂരിന്റെ ഒരു കർഷകപുത്രൻ അതിസാഹസികമായി ആ കാളക്കൂറ്റനെ വയലിന്റെ ഒത്തനടുക്കുള്ള പാലമരത്തിൽ കെട്ടിയിട്ടു. പഴമക്കാരുടെ നാവ് കടമെടുത്താൽ ഈ കാള രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷൻ തന്നെയാണെന്നും ഭഗവാന് ഓമല്ലൂർ വയൽ വാണിഭം കാണുവാനുള്ള ജിജ്ഞാസയുടെ ബഹുർസ്ഫുരണമാണ് ഈ കാളക്കൂറ്റനായുള്ള വരവെന്നും പ്രശ്നത്തിൽ തെളിഞ്ഞുവത്രെ.
ഐതീഹ്യങ്ങൾ എന്തുമാകട്ടെ, ഇന്നും ആ ചരിത്രപുരുഷനായ പാലമരം അവശേഷിക്കുന്ന ഒരു തുണ്ട് വയലിന്റെ ഒത്ത നടുക്ക് പച്ചിലക്കുടയേന്തി, പഥികർക്കും വാണിഭപ്പെരുമയ്കും കുളരായി, തണലായി, തറയിൽ നിഴൽ കളങ്ങൾ തീർത്ത് നിൽക്കുന്നു.
ഓമല്ലൂർ അറിയപ്പെടുന്നത് വയൽ വാണിഭത്തിന്റെ പ്രശസ്തിയിലൂടെയാണ്. തമിഴ് നാടുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പത്തേക്കാളുപരി ശബരിമലയിലേക്കുള്ള വഴിയും അയ്യപ്പന്റെ ജന്മനാടായ പന്തളവുമായുള്ള സാമീപ്യവും ഓമല്ലൂർ ചന്തയെ പാണ്ടിനാട്ടിലെ കച്ചവട ശൃംഖലയുമായി വളരെ പണ്ടേ സുദൃഢമായി ബന്ധിക്കുവാൻ ഇടയാക്കി. അവരുടെ ട്രേഡ് മാർക്കായ പാണ്ടിമുളകിന്റെ വലിയ മൊത്ത വ്യാപാരകേന്ദ്രമായി വളരെപ്പെട്ടെന്ന് ഇവിടം വളർന്നു. ചന്തയുടെ ക്രമാനുഗതമായ ഉയർച്ച മറ്റ് വിപണന സാധ്യതകൾക്ക് വഴി തുറന്നു. ലോഹനിർമ്മാണ വൈദഗ്ദ്യം തുളുമ്പുന്ന മാന്നാർ വളരെയകലെയല്ലാത്തതിനാൽ അവിടുന്നുള്ള ഉരുളി, ചെമ്പ്, വാർപ്പ്, പലതരം നിലവിളക്കുകൾ, ലോഹപ്പാത്രങ്ങൾ എന്നിവയുടെ ഒരു വലിയ വിപണനകേന്ദ്രമായി ഈ വാണിഭവേദി മാറി.
ഇന്നത്തെ ഓമല്ലൂർ :-
പത്തനംതിട്ട ടൗണിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തായി ഗ്രാമാന്തരീക്ഷം പൂർണമായും ചോർന്നു പോകാതെ നില നിൽക്കുന്നു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട പട്ടണത്തിലേക്കുള്ള പ്രവേശനകവാടമായതിനാൽ സ്വാഭാവികമായും ഓമല്ലൂർ ധാരാളം വളർന്നിട്ടുണ്ട്. സ്ഥിരം കച്ചവടം നന്നായി വ്യാപിച്ചു കഴിഞ്ഞു, വയൽ വാണിഭം ആചാരമായി ചുരുങ്ങി. ഓമല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രത്യേകതാല്പര്യമെടുത്ത് ഈ വയൽ വാണിഭപ്പെരുമ നിലനിർത്തുവാൻ വളരെ അഭിനന്ദനാർഹമായി ശ്രമിക്കുന്നുണ്ട്.
വെള്ളിയരഞ്ഞാണമിട്ട അച്ചൻകോവിലാർ (കൈപ്പട്ടൂരാർ) ഓമല്ലൂരിന്റെ ജീവവാഹിനിയായി ഇന്നും ഒഴുകുന്നു. പുഴകൾ മരിക്കുകയും ഭൂമി കൈയ്യേറുകയും ചെയ്യുന്ന നാട്ടിൽ ഒരു അപവാദം പോലെ ഗ്രാമീണതയുടെ തെളിനീരുമായി ഇനിയും പ്രിയവാഹിനി നീ ഒഴുകുക... വയൽ വാണിഭത്തിന്റെ വർണ്ണപ്പെരുമയുമായി...

ആർ.പ്രസന്നകുമാർ 24/03/2010