കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ആശാന്റെ വായ്ത്താരി നോക്കി, തപ്പ് താളപ്രകാരം പയറ്റ് മുറ നടത്തുന്ന തൂക്കക്കാർ.... ദേവീക്ഷേത്രനടയിൽ...
ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ. - 22/02/2010
ഏഴകളുടെ അമ്മയാണ് ഏഴംകുളത്തമ്മ. ഏഴുകരകൾ, പിന്നീടത് പത്തു കരകളായി വളർന്നു, അവരുടെ ശരണാംബ.
പത്തുകരകൾ ഇവയാണ് - ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, പറക്കോട് വടക്ക്, പറക്കോട് തെക്ക്, പറക്കോട് ഇടയിൽ, നെടുമൺ, മങ്ങാട്, ചെറുകുന്നം.
കംഭമാസത്തിലെ ഭരണി പ്രസിദ്ധമാണ്, ചെട്ടികുളങ്ങര ഭരണി പോലെ. പത്തു കരകളിലെ കരനാഥന്മാരും ഭക്തലക്ഷങ്ങളും അണി ചേരുന്ന മഹാസംഗമം. ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ ചടങ്ങാണ് തൂക്കവഴിപാട്. ഭക്തജനങ്ങൾ അവരുടെ അഭീഷ്ടസിദ്ധിക്കായി തങ്ങളെ തന്നെ ദേവിക്കു സമർപ്പിക്കുന്ന വഴിപാടാണിത്. സ്വന്തമായി പങ്കെടുക്കാൻ കഴിയാത്തവർ പകരം ആളെ കണ്ടെത്തുന്നു.
പ്രാചീനകാലത്ത് ക്ഷേത്രങ്ങളിൽ നടത്തിയിരുന്ന നരബലിയുടെ പിൻതുടർച്ചയാണിതെന്ന് കരുതുന്നു. ദേവീപ്രീതിക്കായി മഹാഹോമങ്ങളും അതിന്റെ പാരമ്യതയിൽ മനുഷ്യനെ തന്നെ നടക്കല്ലിൽ വെട്ടി നിണച്ചാലൊഴുക്കുന്ന പ്രാകൃതരീതികളെ പിന്നീട് സംസ്കാരത്തിന്റെ വെള്ളി വെളിച്ചത്തിൽ മൃഗബലിയും തൂക്കമായും പരിവർത്തിതമാക്കിയതാണ്. മൃഗബലി പിന്നീട് നിരോധിക്കപ്പെട്ടു. തൂക്കം പഴയ പ്രൗഢി നഷ്ടപ്പെട്ട് ഏതാനും ക്ഷേത്രങ്ങളിൽ ഒരോർമ്മത്തെറ്റുപോലെ വരും കാലത്തിനായി അവശേഷിക്കുന്നു.
നാളീകേരമുടയ്കുന്നതോടെ തൂക്കവഴിപാടിന് തുടക്കമാകും. ആദ്യ തൂക്കം ഊരായ്മക്കാരുടേതാണ്.
ദേവീവൃതം നോറ്റ് ചൈതന്യതേജസികളായ തൂക്കക്കാർ പട്ടുടുത്ത് മുഖത്ത് ചുട്ടി കുത്തി, തലയിൽ ചുട്ടിത്തോർത്ത് പടുത്ത് കെട്ടി, മേൽശാന്തി നല്കുന്ന ചന്ദനം പൂശി, പൂജിച്ച മാല കഴുത്തിലണിഞ്ഞ്, ആശാന്റെ കാൽക്കൽ നമസ്കരിച്ച് ദക്ഷിണ നല്കി, വാളമ്പും വില്ലും ഭക്ത്യാ ഏറ്റുവാങ്ങി തൂക്കവില്ലിനടുത്തെത്തും. തൂക്കക്കാരുടെ മുതുകിൽ ചൂണ്ട കോർത്ത്, വെറ്റില കൊണ്ട് അമർത്തി പ്രത്യേകം പശയിട്ട് കട്ടി വരുത്തിയ താങ്ങുമുണ്ട് കൊണ്ട് തൂക്കവില്ലിനോട് ബന്ധിക്കും. അഭൗമവും അലൗകികവും അപരിമേയവുമായ ദേവീകടാക്ഷം തുടിച്ചു നിൽകുന്ന വേളയിൽ തപ്പുതാളങ്ങൾ മുറുകുന്നു. തപ്പ്, ശുദ്ധമദ്ദളം, ഇലത്താളം, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങളാണ് മേളത്തികവിന് ഉപയുക്തമാക്കുന്നത്. വായ്ക്കുരവകൾ, ദേവീസ്തുതികൾ ആർപ്പുവിളികൾ എങ്ങും ഉയരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗതകാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കൂറ്റൻ 'തൂക്കച്ചാട് ' (രഥം) വലിയ വടം കെട്ടി ഭക്തരും വഴിപാടുകാരും അവരുടെ കരക്കാരും വലിച്ചു നീക്കി ക്ഷേത്രത്തെ വലം വെയ്ക്കുന്നു.

ആശാന്റെ വായ്ത്താരി നോക്കി, കരചലനപ്രകാരം പയറ്റ് മുറ അഭ്യസിക്കുന്ന എല്ലാതൂക്കക്കാരും.... ദേവീക്ഷേത്രമൈതാനിയിൽ....
തൂക്കവില്ലിൽ മൂന്ന് വഴിപാട് തൂക്കക്കാർ കാണും. തൂക്കവില്ലുയർത്തി ക്ഷേത്രത്തെ വലം വെയ്കുമ്പോൾ തൂക്കവില്ലിൽ കിടന്ന് തൂക്കക്കാർ ആശാന്റെ വായ്ത്താരിക്കും താളമേളങ്ങൾക്കും കാതോർത്ത്, ആശാന്റെ കരചലനങ്ങൾക്ക് കൺപായിച്ച് ഇടതുകൈയിൽ വില്ലും വലതു കൈയിൽ വാളമ്പുമായി ആകാശത്ത് അഭ്യസിച്ച പയറ്റുമുറകൾ കാട്ടും. ക്ഷേത്രത്തിന് ഒരു വലം പൂർത്തിയാകുമ്പോൾ ഒരു വഴിപാട് തൂക്കം കഴിയും....ഒരു വളയം പൂർത്തിയാകും. ഇനി അടുത്ത തൂക്കക്കാരുടെ ഊഴമാണ്.
ചില തൂക്കങ്ങളുടെ അവസാനം കുട്ടിയെ എടുത്തുള്ള തൂക്കം കാണും. അതായത് ക്ഷേത്രത്തെ ഒരു വലം വെച്ച് തൂക്കവില്ല് എത്തുമ്പോൾ തട്ട് താഴ്തി അതാത് വഴിപാട് തൂക്കക്കാരുടെ വശം നേർന്ന കുട്ടിയെ നല്കും. വീണ്ടും വില്ല് ഉയരുമ്പോൾ ഭക്തജനങ്ങളുടെ ആർപ്പുവിളി ഉയരും, കുട്ടിയുടെ ബന്ധുക്കളുടെ പ്രാർത്ഥന ദേവീമന്ത്രങ്ങളായി മുഖരിതമാകും. ഈ ദിവ്യാന്തരീക്ഷത്തിൽ കുട്ടിയേയും കൈയിലേന്തി തൂക്കക്കാർ പയറ്റുമുറകൾ കാട്ടും. അതേ സന്താനലബ്ദിക്കും ഉദിഷ്ടകാര്യസിദ്ധിക്കുമാണല്ലോ ഭക്തർ തൂക്കവഴിപാട് നടത്തുന്നത്....?കന്നിത്തൂക്കക്കാർ മകര ഭരണി മുതലും മറ്റുള്ളവർ ശിവരാത്രിക്കും ദേവീവൃതം നോറ്റു തുടങ്ങും. മണ്ണടി ക്ഷേത്രത്തിൽ ചെന്ന് രേവതി നാളിൽ ഭഗവതിയെ വണങ്ങും. ഈ ഐതീഹ്യത്തിനു പിന്നിൽ തൂക്കം സർവമംഗളമാക്കാൻ 'ആനയടവി' എന്ന ശക്തി സ്വരൂപത്തെ ക്ഷണിച്ച് ഗുരുത്വം നേടുക എന്നതാണ് ലക്ഷ്യം.
കണ്ണിന് കുളിരു പകരുന്ന കെട്ടുകാഴ്ച ഭരണിദിവസം വൈകീട്ട് കാഴ്ചക്കണ്ടത്തിൽ അരങ്ങേറും. ഇതിൽ പത്തുകരകളിലെയും കുതിരകളോ കാളകളോ കാണും. തുടർന്ന് ഓരോ കരക്കാരും ക്ഷേത്രമുറ്റത്ത് നാളീകേരമുടച്ച് കരപറഞ്ഞ് കെട്ടുരുപ്പടികളുടെ അടുത്തെത്തും. തുടർന്ന് ദേവി ജീവതയിൽ എഴുന്നള്ളി ഓരോ കെട്ടുകാഴ്ചകളുടെയും അടുത്തെത്തി അനുഗ്രഹം ചൊരിയും. ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ആർപ്പുവിളികളോടെ, ആവേശത്തിമർപോടെ കരക്കാർ ഭീമാകാരങ്ങളായ ഉരുപ്പടികളെ എടുത്ത് അമ്മാനമാടുമ്പോൾ അത്ഭുതവും അതിലേറെ സഹകരണപ്പെരുമയും അവിടെ വിളങ്ങുന്നു.
കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ വലം വെച്ച ശേഷം സന്ധ്യയോടെ ക്ഷേത്രത്തിനു മുന്നിൽ അണിനിരക്കും. അസ്തമനക്കതിരൊളിയിൽ കുളിച്ച കെട്ടുരുപ്പടികളുടെ ദർശനം നയനമനോഹരം എന്ന വാക്കിലൊതുങ്ങുന്നില്ല എന്നതാണ് പരമ സത്യം. കണ്ണു കൊണ്ട് കാണേണ്ട കാഴ്ച കാണുക തന്നെ വേണം. കെട്ടുകാഴ്ചയുടെ സമാപനമായി. അമ്പലത്തിൽ ദീപാരാധനയ്കുള്ള ശംഖൊലി മുഴങ്ങുന്നു. ദീപാരാധനയ്കുശേഷം കളമെഴുതിപ്പാട്ടും പുലരിയിൽ എഴുന്നെള്ളത്തും നടക്കും. ബ്രാഹ്മമുഹൂർത്തത്തിൽ ഇരുൾ പരന്ന അന്തരീക്ഷത്തിൽ വലിയ ആലുവിളക്ക് കത്തിക്കും....ഭക്തർ അത് ചുമലിലേന്തി ക്ഷേത്രത്തിനു വലം വെയ്കും.
ഭക്തി.... സൗന്ദര്യം .... സൗമ്യത സമ്മേളിക്കുന്ന വേദിയിൽ അഗ്നിപ്രഭയിൽ മുങ്ങിയ ദേവീസന്നിധി അവാച്യമായ അനുഭൂതി പകരുന്നു. പരിഷ്കാരത്തിലും മനുഷ്യൻ പാരമ്പര്യ ഖനികളെ കൈയ്യൊഴിയാത്തതിന്റെ പിന്നിലെ രഹസ്യവും ഇതു തന്നെ.
ആഘോഷങ്ങൾ മനുഷ്യന്റെ ദൗർബല്യമാണ്. ആധുനിക കാലഘട്ടത്തിൽ അതിന് യാതൊരു കുറവും വന്നിട്ടില്ലെന്നു മാത്രമല്ല ഏറുകയും ചെയ്തിരിക്കുന്നു. ആരാധനാലയങ്ങളിലെ ആഘോഷമാണ് ഉത്സവങ്ങൾ.
ഉത്സവങ്ങൾ മത്സരങ്ങളല്ല, മദമാത്സര്യങ്ങൾ മഞ്ഞുപോലെ ഉരുകുന്ന വേദിയാണ്. അത് ആരും മറക്കരുത്.....?