കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.
ആമയായി മാറിപ്പോയി ...ഞാൻ
-കവിത - ആർ.പ്രസന്നകുമാർ - 18/04/2010
തുരുത്തൊന്നു തീർത്തു, ഞാനീ മർത്യപ്രയാണ സാഗരമദ്ധ്യേ-
ചുരുങ്ങിച്ചുരുങ്ങിയെൻ കർമ്മാനുഷ്ഠാനാംഗങ്ങൾ ശിലാസമം.
കൈനിവർത്തിയാൽ സഹജീവിയൊരുവനു നോവും - പിന്നെന്റെയീ-
മുനമിഴി തുറന്നാൽ മമ സോദരിക്കുൾത്തടം നീറും ..ഹാ..!
വല്ലതും പറഞ്ഞുപോയാൽ മുഖം തിരിക്കും, ചിലർ കൊണ്ടപോൽ,
വല്ലവുമായിറങ്ങിയാൽ മോഷ്ടിക്കാനീ വിരുതന്റെ ഗമനം.
തൂലികമേലാ...തുരുമ്പിച്ച തൂമ്പാപോലുമെടുക്കാൻമേലാ-
തല കണ്ടാൽ ചിലർക്കന്നത്തെ തൃക്കണിപോലും മ്ലേച്ചമത്രെ.
തോടിന്നുള്ളിലേക്കുവലിഞ്ഞീ ലോകമാരണങ്ങൾക്കു ശാന്തി-
തേടും ആമയായി മാറിപ്പോയി -എൻ മനോനിലയെത്ര കഷ്ടം!
പരഹൃത്തടം നൊന്താൽ കരിയുമെന്നകതാരും വിശ്വമേ-
പരിഭവമില്ല - പരിദേവനമില്ല -കേവലം സനാതന സത്യം.