കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്




ആനയും കടലാസും - (ലേഖനം) 21..12..2009
-ആർ.പ്രസന്നകുമാർ.
ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമൺ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബർ പ്ളാന്റേഷന്റെ മേഖലകൾ കൈകോർത്തു പിടിക്കുന്നു. കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കിൽ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു.
ആധുനിക കാലത്ത് ടൂറിസത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോൾ ആനക്കൂടിനെ ആനത്താവളമായി പരിഷ്കരിച്ചു. കൂടുതൽ ആനകളെ ഉൾപ്പെടുത്തി ആനപരിപാലനക്കളരിയായും സന്ദർശകർക്ക് ആനയെ അടുത്തറിയാനും സവാരി നടത്തുവാനും ഉള്ള ടൂറിസ്റ്റ് സ്പോട്ടായും പരിവർത്തിതമാക്കി.
ടൂറിസം, വരുമാനത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും എവിടെയും കൊണ്ടു വരാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആനകളുടെ എണ്ണം കൂടിയപ്പോൾ ആനപ്പിണ്ടത്തിന്റെ അളവും കൂടി. അത് ആനകൾക്ക് വൃത്തിഹീനവും അനാരോഗ്യപരവുമായ ജീവിത സാഹചര്യം സൃഷ്ടിച്ചു. പരിസരവാസികൾക്ക് ദുസ്സഹമായി.
ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ? ആനപ്പിണ്ട നിർമാഞ്ജനം എങ്ങനെ ശാസ്ത്രീയമായി നിർവഹിക്കാം? ഈ ചോദ്യങ്ങൾക്ക് ഉത്തരവുമായി കടന്നു വന്നത് കൊച്ചിയിലെ ശ്രീ. ടി.എം.വേണുഗോപാലനാണ്. (ശ്രീനിവാസ്, തമ്മനം, കൊച്ചി - റിട്ട.ഉദ്യോഗസ്ഥ൯, വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി).അദ്ദേഹത്തിന്റെ രൂപകല്പനയിൽ ഇക്കോ ടൂറിസം പദ്ധതിയായി കോന്നി ഫോറസ്റ്റ് റേഞ്ച് ആഫീസിനരികിലായി ആനപ്പിണ്ടത്തിൽ നിന്നും കടലാസ് നിർമ്മിക്കാനുള്ള പ്ളാന്റ് തയ്യാറായി കഴിഞ്ഞു.
പ്രവർത്തന രീതി - ആനപ്പിണ്ടം കഴുകി തരം തിരിച്ച് പഴയ പേപ്പറുകളുമായി ഇടകലർത്തി നന്നായി യന്ത്രത്തിൽ അരച്ച് പൾപ്പാക്കി കടലാസാക്കി മാറ്റുന്നു. ആദ്യ ഘട്ടത്തിൽ തന്നെ കാര്ഡിനത്തിൽ കട്ടിയുള്ളതും അല്ലാത്തതുമായ പേപ്പർ ഇവിടെ ഉൽപ്പാദിപ്പിക്കാം. ഇത് പൂർണമായും ബാക്ടീരിയ, ഫംഗസ്, ഗന്ധ മുക്തമാണ്.
സാധാരണ തീറ്റ എടുക്കുന്ന ഒരു ആന ഒരു ദിവസം ശരാശരി 50 കിലോ ആനപ്പിണ്ടം തരുമെന്നു കണക്കു കൂട്ടിയാൽ ഏതാണട് 115 ഷീറ്റ് തയ്യാറാക്കാം. കോന്നിയിൽ ട്രയൽ റൺ ഘട്ടത്തിൽ ഇവിടുത്തെ മാത്രം പിണ്ടം ഉപയോഗിക്കും. പിന്നീട് ഇതര ആന സങ്കേതങ്ങളെ (ഗുരുവായൂർ, നിലമ്പൂർ, വയനാട്, പെരിയാർ, ആനമുടി...)കോർത്തിണക്കി പദ്ധതി വിപുലീകരിക്കും. ചരിത്രം - തായ്ല൯ഡാണ് ആനപ്പിണ്ടത്തിൽ നിന്ന് കടലാസ് ഉണ്ടാക്കുന്നതിൽ നമുക്കു മുന്നേ ബഹുദൂരം മുന്നേറിയ രാജ്യം. വിദഗ്ദരായ തൊഴിലാളികൾ , വ്യത്യസ്ഥതയുള്ള നിർമാണ രീതി, വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ട് അവർ സമ്പന്നരാണ്.
ഗതി കെട്ടാൽ ആനയും പുല്ലു തിന്നും ... കാട്ടിൽ യഥേഷ്ടം തിന്നു തിമർത്തു നടന്നിരുന്ന ആനകൾക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകൾ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്. ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാൾ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതിൽ പുല്ലു വളർത്തൽ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ. ആനകളുടെ ഭക്ഷണ രീതി മാറ്റിയാൽ ആനയ്ക്കും കടലാസ് നിർമാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതൽ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂർണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്.