കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

ആകാശത്തൊരു പൂരം .... പൊടിപൂരം (സൂര്യഗ്രഹണം) - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.

വലയ സൂര്യഗ്രഹണത്തിൽ ചന്ദ്രൻ സൂര്യനെ മറയ്കുന്നു
2010 ജനുവരി 15 വെള്ളിയാഴ്ച . ഇന്നാണ് നീലാകാശ കോവിലിൽ പൂരം. പൂരക്കാഴ്ച. ആളും അരങ്ങും ഒരുങ്ങി. പേടിത്തൊണ്ടന്മാർ മുറിയ്കകത്ത് കതകടച്ചിരുന്നു, അല്പം ധൈര്യമുള്ളവർ TV യുടെ മുന്നിൽ ചടഞ്ഞുകൂടി.
ഈ സഹസ്രാബ്ദത്തിലെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണത്തെ ആകാശം മുട്ടെ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ആശ്ചര്യവും അറിവിനായുള്ള ദാഹവും എല്ലാ വിടർന്ന മിഴികളിലും തുളുമ്പി നിന്നു..... അവ സൂര്യനെ മാത്രം നോക്കി നിന്നു. കലാലയങ്ങളിൽ ഒരു സൂര്യോത്സവം തന്നെ അരങ്ങേറി. സ്കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, എന്തിനേറെ, ആരാധനാലയങ്ങൾ വരെ ഈ അപൂർവദൃശ്യം, ചന്ദ്രനെ മാറിലൊതുക്കി സൂര്യൻ അഗ്നിവളയമാകുന്ന കാഴ്ച കാണാൻ ജനനിബിഡമായി.
രാവിലെ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ ആദ്യമായി ദൃശ്യമായി. പിന്നീട് ഉഗാണ്ട, കെനിയ, സൊമാലിയ കടന്ന് ഇന്ത്യയിലെത്തി. പിന്നീടത് ബംഗ്ളാദേശിലേക്കും മ്യാൻമറിലേക്കും ചൈനയിലേക്കും കടന്നു.
ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലും കേരളത്തിന്റെ തെക്ക് തിരുവനന്തപുരം ജില്ലയിലെ വർക്കല വരെയുള്ള പ്രദേശങ്ങളിലുമാണ് വലയഗ്രഹണം പൂർണതോതിൽ കാണാനായത്. സൂര്യന്റെ അരികുകൾ ഒഴികെ മറ്റെല്ലായിടത്തും ചന്ദൻ നിഴൽ വീഴ്തി നിൽകുന്ന ദൃശ്യമായിരുന്നു ഇത്. കേരളത്തിൽ മറ്റെല്ലായിടത്തും ഭാഗികമായ വലയ സൂര്യഗ്രഹണമായിരുന്നു.
കേരളത്തിൽ 11.04 ന് സൂര്യഗ്രഹണം ആരംഭിച്ചു, 3.04 ഗ്രഹണം അവസാനിച്ചു. പൂർണവലയക്കാഴ്ച ദൃശ്യമായത് ഏതാണ്ട് 1.15 നാണ്.
1965 നവംബർ 22 നാണ് ഇന്ത്യയിൽ വലയ സൂര്യഗ്രഹണം മുമ്പുണ്ടായത്. ഇനി 2019 ഡിസംബർ 26 നാണ് അടുത്ത വലയ സൂര്യഗ്രഹണം. 2010 ജനുവരി 15 ലെ സൂര്യഗ്രഹണം ഏറെയും ദൃശ്യമായത് തെക്കൻ കേരളത്തിലാണെങ്കിൽ 2019 ഡിസംബർ 26 ലേത് വടക്കൻ കേരളത്തിലാണെന്നതാണ് കൗതുകം.

സൂര്യഗ്രഹണത്തിന്റെ വിവിധഘട്ടങ്ങൾ - ചന്ദ്രൻ തെക്കു നിന്ന് വടക്കോട്ട് നീങ്ങുന്നു


കൊടുമൺ ഹൈസ്കൂളും സുര്യഗ്രഹണവും
ഡോ.സി.വി.രാമൻ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൂര്യഗ്രഹണം ലൈവായും ഐ.ടി. ടൂളായ K.Star ഉപയോഗിച്ചും കുട്ടികൾക്കും താല്പര്യമുള്ള നാട്ടുകാർക്കും കാണുവാനും സംശയനിവാരണത്തിനും അവസരമൊരുക്കി. ലൈവ് സൂര്യഗ്രഹണം ഒരുക്കിയത് ഒരു ചെറിയ വൃത്തമുള്ള കറുത്ത കടലാസ്സൊട്ടിച്ച ദർപ്പണം മുറ്റത്ത് ചരിച്ചുവച്ച് അതിൽ നിന്നുള്ള പ്രതിഫലനം മുറിയിലെ ഭിത്തിയിൽ പതിപ്പിച്ചാണ്. K.Star പ്രദർശനം നടത്തിയത് സ്മാർട്ട് റൂമിൽ വെച്ചായിരുന്നു. കൂടാതെ അസംബ്ളിയിൽ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ ശാസ്ത്രവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കേൾക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ശ്രീ.ആർ.പ്രസന്നകുമാർ (സയൻസ് ടീച്ചർ, SITC) സവിസ്തരം പ്രസംഗിക്കുകയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഹൈസ്കൂളിലെ ഭിത്തിയിൽ ദർപ്പണം ഉപയോഗിച്ച് സൃഷ്ടിച്ച ഭാഗികമായ സൂര്യഗ്രഹണം