കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം
പിറന്നാൾ സമ്മാനം
ഇന്ന് അപ്പുവിന്റെ അഞ്ചാം പിറന്നാൾ ആണ്. ഇന്ന് അപ്പുവിനൊരു പുത്തൻ പിറന്നാൾ സമ്മാനവുമായി അവന്റെ അച്ഛൻ മൂന്നു വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി വരികയാണ്. അപ്പുവിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. അവൻ പതിവിലും നേരത്തെ എഴുന്നേറ്റ് കുളിച്ചു ഒരുങ്ങി അച്ഛനെയും കാത്തു ഇരിപ്പായി. ഇന്ന് അവന്റെ പിറന്നാൾ ആണെന്നതിലുപരി അവനെ ഏറെ സന്തോഷിപ്പിച്ചത് അവന്റെ അച്ഛൻ വരുന്നു എന്നതാണ്. അവന്റെ ഒരുപാടു നാളത്തെ ആഗ്രഹമാണ് അച്ഛനെ കാണണം എന്നത്. ഇന്ന് അത് സാധിക്കാൻ പോകുകയാണ്. അച്ഛൻ കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോൾ പറഞ്ഞായിരുന്നു അവനൊരു പിറന്നാൾ സമ്മാനവും കൊണ്ടാണ് അച്ഛൻ വരുന്നതെന്ന്. അതെന്ത് സമ്മാനമായിരിക്കും? പുത്തൻ ഉടുപ്പാണോ? അതോ കളിപ്പാട്ടമാണോ? അവൻ ആലോചനയിൽ മുഴുകി.അവനു അച്ഛനെ കാണാൻ തിടുക്കമായി.അമ്മ അടുക്കളയിൽ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു. മുത്തശ്ശിയും ഒപ്പമുണ്ട് . അമ്മാവനാണു എയർപോട്ടിലേക്കു പോയത്.ഞാനും കൂടി വരട്ടെ എന്ന് അവൻ അമ്മാവനോട് ചോദിച്ചപ്പോൾ അമ്മാവൻ സമ്മതിച്ചില്ല. അച്ഛൻ വരുന്ന ഒരു സന്തോഷവും അമ്മാവന്റെ മുഖത്ത് കണ്ടില്ല. എന്നാൽ അമ്മയും മുത്തശ്ശിയും വളരെ സന്തോഷത്തിലായിരുന്നു. പക്ഷെ ഈ ആഴ്ച്ച അച്ഛൻ വിളിച്ചതെ ഇല്ല.അച്ഛൻ വരട്ടെ ഞാൻ നല്ല വഴക്ക് കൊടുക്കുന്നുണ്ട്. ആദ്യം അച്ഛനൊരു ചക്കരയുമ്മ കൊടുക്കണം. ഇങ്ങനെയൊക്കെ അവൻ ചിന്തിച്ചിരിപ്പായി. അപ്പോഴാണ് മുത്തശ്ശി അമ്മയോട് പറഞ്ഞതു ഇപ്പോൾ കോവിഡിന്റെ കാലമല്ലേ. എല്ലായിടത്തും ഈ രോഗം തന്നെ. അവൻ ഒരു കുഴപ്പവും കൂടാതെ ഇങ്ങെത്തിയാൽ മതിയായിരുന്നു. യാത്രയിൽ ഒരു തടസവും ഉണ്ടാകരുതെ ദൈവമേ. അപ്പോഴാണ് പുറത്ത് ഒരു ആംബുലൻസിന്റെ ശബ്ദം. അവൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ഇതെന്താ ആംബുലൻസ്? അച്ഛനെ കാണാനില്ലല്ലോ. ഇത്രയും നേരമായിട്ടും അച്ഛൻ വന്നില്ലല്ലോ? അമ്മേ അച്ഛൻ എന്താ വരാത്തെ? അവൻ ചോദിച്ചു. അമ്മ മറുപടി പറഞ്ഞില്ല. പെട്ടെന്ന് വീട്ടിലെത്തിയ ആംബുലൻസ് കണ്ട അവർ പകച്ചു നിൽക്കുകയായിരുന്നു. ആംബുലൻസ് അവരുടെ വീട്ടുമുറ്റത്ത് നിർത്തി. അതിൽ നിന്നും അമ്മാവൻ ഇറങ്ങി. അപ്പോൾ അപ്പു അമ്മാവനോട് ചോദിച്ചു. അമ്മാവാ അച്ഛൻ എവിടെ? അമ്മാവൻ ഒന്നും പറഞ്ഞില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോഴാണ് ആംബുലൻസിൽ നിന്നും അവന്റെ അച്ഛന്റെ ബോഡി പുറത്തേക്ക് എടുത്തത്. അവൻ ഒന്നും മനസ്സിലാകാതെ പകച്ചുനിന്നു. അവൻ അച്ഛന്റെ അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ അമ്മാവൻ തടഞ്ഞു. എന്നെ വിട്. എനിക്ക് അച്ഛനെ കാണണം. അവൻ പറഞ്ഞു. അച്ഛനെ കാണാൻ പറ്റില്ല മോനെ. അച്ഛൻ മാരകമായ പകർച്ചാവ്യാധി പിടിപ്പെട്ടാണ് മരിച്ചത്. മോൻ അടുത്തേക്ക് പോകരുത്. അമ്മാവൻ തടഞ്ഞു. അവൻ പൊട്ടിക്കരഞ്ഞു. എനിക്ക് അച്ഛനെ കാണണം. അവൻ ഒരു നിമിഷം അമ്മയുടെ മുഖത്തേയ്ക്കു നോക്കി. അമ്മ സ്വബോധമില്ലാത്ത പോലെ എന്തൊക്കെയോ പറഞ്ഞു കരയുന്നു. മുത്തശ്ശി തളർന്നു അവശയായി കരയാൻ പോലും കഴിയാതെ തറയിൽ കിടക്കുന്നു. അവിടെ നിന്ന പോലീസുകാരിൽ ഒരാൾ മറ്റേയാളോട് പറയുന്നത് അവൻ കേട്ടു. ഇയാൾ കോവിഡ് ബാധിച്ചു ഒരാഴ്ചയായി ആശുപത്രിയിൽ ആയിരുന്നു. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് മരണം. ഇയാളുടെ അളിയനെ മാത്രമേ വിവരമറിയിച്ചിരുന്നുള്ളൂ. ഇയാളുടെ അളിയന്റെ ആവശ്യപ്രകാരമാണ് ബോഡി എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചത്. അതിൽ ഒരു പോലീസുകാരൻ അമ്മാവനോട് പറഞ്ഞു. ആളുകൾ ഇങ്ങനെ കൂടാൻ പാടില്ല. അതിനുമുമ്പ് നമുക്ക് ബോഡി മറവ് ചെയ്യണം. അമ്മാവൻ ബോഡി മറവ് ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു. മാസ്ക് ധരിച്ച് നാലുപേർ ചേർന്ന് അച്ഛന്റെ ബോഡി എടുത്ത് മറവു ചെയ്യാനുള്ള സ്ഥലത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അമ്മ ചോദിച്ചു. ഞാൻ ആ മുഖം ഒന്ന് കണ്ടോട്ടെ എനിക്ക് ഒന്ന് കാണിച്ചു തരോ? അപ്പോൾ പോലീസുകാരൻ പറഞ്ഞു. പറ്റില്ല ഞങ്ങൾക്ക് നിങ്ങളുടെ സുരക്ഷ കൂടി നോക്കണം. ബോഡിയുമായി ആ നാലുപേർ മറവു ചെയ്യാനുള്ള സ്ഥലത്തേക്ക് പോയി. ആരും അങ്ങോട്ടേക്ക് വരരുത്. എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകണം. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പറയുന്നത്. ഒരു പോലീസുകാരൻ പറഞ്ഞു. എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി. അപ്പു അച്ഛനെ മറവു ചെയ്യാനുള്ള സ്ഥലത്തേക്ക് പോയി. അവൻ ഒരു പോലീസുകാരനോട് ചോദിച്ചു. പോലീസ് മാമൻ ഞാൻ അച്ഛനൊരു ഉമ്മ കൊടുത്തോട്ടെ? അപ്പോൾ അയാൾ പറഞ്ഞു. വേണ്ട മോനേ. അങ്ങനെയൊന്നും കൊടുക്കാൻ പാടില്ല. മോൻ വീട്ടിനകത്തേക്ക് പൊയ്‌ക്കോ. ഇവിടെ നിന്നുകൂട. അവൻ മനസ്സില്ലാ മനസ്സോടെ വീട്ടിനകത്തേക്ക് പോയി. അച്ഛന്റെ മുഖം ഒന്ന് കാണാൻ പോലും അവന് കഴിഞ്ഞില്ല. കൊതിയോടെ കാത്തിരുന്ന പിറന്നാൾ സമ്മാനത്തിന് പകരം അവന് കാണേണ്ടിവന്നത് അച്ഛന്റെ ജീവനില്ലാത്ത ശരീരം ആണ്. അവൻ അവന്റെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. അമ്മ അവനെ ചേർത്തുപ്പിടിച്ചു തേങ്ങിക്കരഞ്ഞു. ഇനി എനിക്ക് എന്റെ അച്ഛനെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ? ഇനി എനിക്ക് പിറന്നാൾ സമ്മാനം വാങ്ങി തരാൻ എന്റെ അച്ഛൻ ഇല്ലല്ലോ? അവൻ പൊട്ടിക്കരഞ്ഞു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ