കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ്.പി.സി
2020-21 അധ്യയനവർഷം കെ കെ എം ജി വി എച്ച് എസ് ന് എസ്.പി.സി അനുവദിച്ചെങ്കിലും 2021-22 അധ്യയനവർഷത്തിൽ എട്ടാംക്ലാസിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ മുതൽക്കെ പ്രവേശനാനുമതി ലഭിച്ചുള്ളൂ. വളരെ കുറഞ്ഞ കാലപരിധിക്കുള്ളിൽ തന്നെ മികവാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ എസ്.പി.സി ക്ക് കഴിഞ്ഞു. നന്മയും കർത്തവ്യ ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു.
എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം
2020-21സംസ്ഥാനആഭ്യന്തര വകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ൽ രൂപം നൽകിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഥവാ എസ്.പി.സി. WE LEARN TO SERVE എന്ന മുദ്രവാക്യത്തോടുകൂടി വിവിധ മേഘലകളിലെ സേവനങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കുഞ്ഞിക്കരങ്ങളിലൂടെ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ പോലീസ്, എക്സൈസ്, ഫോറെസ്റ്റ്, ആർ.ടി ഓ എന്നിങ്ങനെ വിവിധ വകുപ്പുകൾ സമന്വയിക്കുന്നു. എന്റെ മരം, ഒരു വയറൂട്ടാം, സഹപാഠിക്കൊരു കൈത്താങ്, ഫ്രണ്ട്‌സ് അറ്റ് ഹോം, ശുഭയാത്ര, ലഹരിമുക്തകേരളം, മാലിന്യനിർമാർജനപദ്ധതി, ടോട്ടൽ ഹെൽത്ത്, ലീഗൽ ലിറ്ററെറി പ്രോഗ്രാം, പരിസ്ഥിതി സംരക്ഷണം എന്നിവ എസ്.പി.സി യുടെ പദ്ധതികളിൽ ചിലത് മാത്രം. പരിസ്ഥിതി ബോധമുള്ള പ്രകൃതി സ്നേഹമുള്ള നിയമ ബോധമുള്ള മനുഷ്യത്വമുള്ള ജനതയെ വാർത്തെടുക്കാൻ ഉള്ള ഒരു സമഗ്ര പരിശീലനമാണ് എസ് പി സി യിലൂടെ ഓരോ വിദ്യാർഥിക്കും ലഭിക്കുന്നത്. പഠന പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷമാണ് എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി പരിസ്ഥിതി ക്ലബ്ബ് എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് അനുവദിച്ചു നൽകിയ അധികൃതരെ നന്ദിപൂർവ്വം സ്മരിക്കുന്നു. എടച്ചേരി സർക്കിൾ ഓഫീസ് പരിധിയിലെ ഏക എസ്പിസി വിദ്യാലയം എന്ന നിലയിൽ യൂണിറ്റിന് സർക്കിൾ ഓഫീസ് നൽകുന്ന നിർലോഭമായ പിന്തുണയേയും സഹായസഹകരണങ്ങളേ യും നന്ദിപൂർവ്വം സ്മരിക്കുകയാണ്. 2020-21 അധ്യായന വർഷത്തിൽ ആണ് യൂണിറ്റ് അനുവദിച്ചെങ്കിലും 21-22 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയത് 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ യൂണിറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രവർത്തനരംഗത്ത് മാതൃകാപരമായ കർമപദ്ധതികളുമായി പ്രയാണം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രവർത്തനങ്ങളും ഇനിയും തുടരേണ്ടതുണ്ട്. നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ഒരുപാട് മാസങ്ങൾ കടന്നു പോയെങ്കിലും വിപുലമായ ഒരു ഉദ്ഘാടനം നടത്താൻ മഹാമാരി കാരണം നമുക്ക് കഴിഞ്ഞില്ല. ആ ഉദ്‌ഘാടന സുദിനമാണ് 14/03/2021 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്.
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം
വനിതാദിനത്തിൽ ഓർക്കാട്ടേരി KKMGVHS സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി കരാട്ടെ പരിശീലന പരിപാടി പി.ടി.എ വൈസ് പ്രസിഡണ്ട് ടി.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രിമതി സീമ അദ്ധ്വക്ഷം വഹിച്ചു, കെ.എസ് സീന ടീച്ചർ, അഖിലേന്ദ്രൻ ടി. സ്റ്റാഫ് സെക്രട്ടറി, രാധാകൃഷ്ണൻ കെ. എസ് ആർ ജി കൺവീനർ, സെൻസെയ് സി ടി രജീഷ്, റിൻസിരാജ്, ആബിദ ടീച്ചർ എന്നിവർ സംസാരിച്ചു
വനിതാ ദിനം
വനിതാദിനത്തോടനുബന്ധിച്ച് " വനിതാ ദിനം പ്രാധാന്യം പ്രസക്തി " എന്നവിഷയത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സീന കെ.എസ് SPC കേഡറ്റുകൾക്ക് ക്ലാസ്സ് എടുക്കുന്നു ക്ലാസ്സിന് സ്വാഗതം: ആബിദ, ആശംസ : അനിത സി കെ, നന്ദി : സജീവൻ പി പി.
റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപന മത്സരത്തിൽ 8 ഇ യിലെ ആദിത്ത് രാജീവിനെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.
ദ്വിദിന വെക്കേഷൻ ക്യാമ്പ്
എസ്.പി.സി യുടെ ദ്വിദിന വെക്കേഷൻ ക്യാമ്പ് 28/12/2021, 29/12/2021 തിയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ ശ്രീ. വാസുദേവൻ കെ. യുടെ അധ്യക്ഷതയിൽ എടച്ചേരി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ. അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി യുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി. സന്തോഷ് കുമാർ, ഡബ്ലൂ.ഡി.ഐ ആയ ശ്രീമതി. വസന്ത കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി.ഐ ശ്രീ. രാംദാസ് ക്യാമ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകി. എ.സി.പി.ഓ അനുപമ ചടങ്ങിനു സ്വാഗതവും കേഡറ്റായ അനുഷ്ക ഇ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഒന്നാം ദിവസം കുട്ടികളിൽ നേതൃപാടവം വികസിപ്പിക്കാനുള്ള ക്ലാസും പരേഡും നടന്നു. എടചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുനിൽ കുമാർ ക്ലാസ് നയിച്ചു. രണ്ടാം ദിവസം സതീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ ക്ലാസും, സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ 'കൗമാരക്കാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലും സ്കൂൾ ജീവശാസ്ത്രം അധ്യാപകനായ സുനിൽ കുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ 'ശാരീരിക വ്യായാമം, ആരോഗ്യ പരിപാലനം' എന്ന വിഷയത്തിലും ക്ലാസുകൾ നടന്നു.
വായനക്കൊരു കൈത്താങ്ങ്
വിലങ്ങാട് ആദിവാസി കോളനിയിലെ കുട്ടികൾക്കായി എസ് പി സി നിർമ്മിച്ചു നൽകുന്ന ഗ്രന്ഥാലയത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പുസ്തകങ്ങളും പുസ്തകാലയങ്ങളും സമൂഹത്തിന്റെ കണ്ണാടികൾ പോലെയാണ്. ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന് വായന അത്യന്താപേക്ഷിതമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു സാമൂഹ്യ ബോധമുള്ള സംഘടന എന്ന നിലയിൽ എസ് പി സി ക്ക് ബാധ്യതയുണ്ട്. ഡിസംബർ 09 ന് പ്രധാനാധ്യാപകൻ കെ വാസുദേവൻ മാസ്റ്റർ പുസ്തകങ്ങൾ എസ് പി സി ജില്ലാ ഭാരവാഹികൾക്ക് കൈമാറി.
മനുഷ്യാവകാശ ദിനം
ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.
വിജിലൻസ് ബോധവത്കരണ വാരാഘോഷം
വിജിലൻസിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സമൂഹത്തിലെ അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ 26 മുതൽ നവംബർ 1 വരെ വിജിലൻസ് ബോധവത്കരണ വരമായി ആഘോഷിച്ചുവരുന്നു. ഇതോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും എസ് പി സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. 'അഴിമതി വിരുദ്ധ സമൂഹം' എന്ന വിഷയത്തിൽ നടന്ന സ്ലോഗൻ മത്സരത്തിൽ 8 ഇ യിൽ പഠിക്കുന്ന ശ്രീവൈഷ്ണവ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പോലീസ് സ്മൃതി ദിനം
ഒക്ടോബർ 21, സർവീസിലിരിക്കെ മരണപ്പെട്ട പോലീസുകാരോടുള്ള ആദരവോടുകൂടി സ്മരിക്കുന്ന ദിനമാണ് പോലീസ് സ്മൃതി ദിനം. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് എസ് പി സി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഉപന്യാസ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ തലത്തിൽ ജൂനിയർ എസ് പി സി കേഡറ്റ് 8 ഇ യിലെ നന്ദിജ എം കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അധ്യാപക ദിനാഘോഷം
സെപ്റ്റംബർ 5, അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് പി സി യുടെ നേതൃത്വത്തിൽ 'എന്റെ അദ്ധ്യാപകൻ' എന്ന വിഷയത്തിൽ ഓർമ്മക്കുറിപ്പ് മത്സരം നടത്തപ്പെട്ടു. 8 സി യിലെ ആഷ്മി ഒന്നാം സ്ഥാനവും 8 ബി യിലെ അനുഷ്ക ഇ രണ്ടാം സ്ഥാനവും നേടി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ എസ്.പി.സി കേഡറ്റുകളും അവരവരുടെ വീടുകളിൽ കുടുംബത്തോടൊപ്പം പതാക ഉയർത്തി. അന്നേ ദിവസം പ്രസംഗ മത്സരം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. കെ വി നാരായണൻ നായരെ ആദരിച്ചു.
എസ്.പി.സി വാർഷികാഘോഷം
ആഗസ്ത് 2, എസ്.പി.സിയുടെ പന്ത്രണ്ടാം വാർഷികത്തിൽ സ്കൂൾ അങ്കണത്തിൽ എടച്ചേരി എസ് ഐ ശ്രീ ഷിജു ടി കെ, എസ് പി സി യുടെ പതാക ഉയർത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തപ്പെട്ടു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നടുന്ന പരിപാടിയും നടന്നു.