കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./നാടോടി വിജ്ഞാനകോശം
സ്കൂൾ സ്ഥിതി ചെയ്യുന്ന തെക്കേപ്പുറം ഭാഗത്തു ഉപയോഗിക്കുന്ന ചില നാടൻ പദങ്ങൾ
ഇത്ത= ഉപ്പയുടെ ഉമ്മ
ഇത്തോക്കം=ഉപ്പയുടെ വീട്
കുടിയിരിക്കൽ=വീട് കൂടൽ
പടാപ്പുറം= വീട്ടിന്റെ ഉമ്മറം
പാസി=മാറാല
കാപ്പ = കീശ
ഔത്ത്= തറവാട്
വിളിക്കാരിത്തി= കല്യാണം ക്ഷണിക്കാൻ പോകുന്ന സ്ത്രീ
ഉടുപടം= വസ്ത്രം
മൊഞ്ച് = ഭംഗി, സൗന്ദര്യം
ബസി = ഭക്ഷണം കഴിക്കുന്ന പരന്ന പാത്രം, പ്ലേറ്റ്
തക്കാരം = സൽക്കാരം
അസർ = വൈകുന്നേരം
ബായക്ക = നേന്ത്രപ്പഴം
പിയ്യാപ്ല = പുതുമണവാളൻ
പിയ്യോട്ടി = മണവാട്ടി
ലങ്കുക = തിളങ്ങുക
ഒജീനം = ഭക്ഷണം
അൾമാറ = അലമാര
പരിസക്കാര് = പരിചയമുള്ളവർ, ബന്ധുക്കൾ
പിരിസം = ഇഷ്ടം, സ്നേഹം
ബട്ടക്കാര് = അയൽക്കാർ
തണ്ടാസ് = കക്കൂസ്
മറക്കിരിക്ക്യ = മലമൂത്ര വിസർജനം നടത്തുക
സുറുമ = നീലനിറം
കൊയ്മാന്തരം = പ്രശ്നം
അൽക്കുൽത്ത് = പ്രശ്നമുണ്ടാവാൻ സാധ്യതയുള്ള
മക്കാറാക്കുക = കളിയാക്കുക
ബിസായം = സംസാരം, വിശേഷം
ബാല്യേക്കാര്ത്തി = യുവതി
ബാല്യേക്കാരൻ = യുവാവ്
കരിമുര്ങ്ങനെ = നല്ല തണ്ടും തടിയുമുള്ള
കച്ചറ = വഴക്ക്
തന്തോസം = സന്തോഷം
കുൽമാല് = ഗുലുമാൽ
ഉറുമാല് = കർച്ചീഫ്, ടവൽ
കുപ്പായം = ഷർട്ട്
ബെക്കം = വേഗം, പെട്ടെന്ന്
മുട്ട്യുർപ്പ്യ = ഒരു രൂപ നാണയം
തഞ്ചാരം = അസ്വസ്ഥത
കാനെയ്ത്ത് = നിക്കാഹ്
സിൽമ = സിനിമ
ബൈന്നേരം = വൈകുന്നേരം
സൊബേയ്ക്ക് = പുലർച്ചക്ക്
കുൽക്കൂസ് = ഗ്ലൂക്കോസ്
ബെല്യാപ്പ = മുത്തശ്ശൻ, അപ്പൂപ്പൻ
കിർദ = ഒരു പലഹാരം
പൂട്യ, പീട്യ = കട, ഷോപ്പ്
കച്ചോടം = കച്ചവടം
കപ്പടം = കിണറിന്റെ /കുളത്തിന്റെ ചുറ്റുമുള്ള കല്പടവുകൾ
പാത്തുക = മൂത്രമൊഴിക്കുക
പിരാന്തൻ = ഭ്രാന്തൻ
ഔത്ത് = അകത്ത്
പടാപ്പൊറം = ഉമ്മറം
ബേക്കില് = പിൻവശത്തത്
അറ = മുറി, റൂം
ബണ്ണാത്തൻ = ചിലന്തി, എട്ടുകാലി
കണ്ണെച്ചത്തിരി = കുഴച്ചമാവ് മടക്കി പരത്തി ഉണ്ടാക്കുന്ന പത്തിരി
അലുവ = ഹൽവ
മുട്ടായി = മിഠായി
പിയ്യത് = പുതിയത്
എർച്ചി = ഇറച്ചി
കൊൾത്ത്ങ്ങല് = കുളക്കരയിൽ
മുയ്മനും = മുഴുവൻ
സുയ്പ്പാക്ക = ബുദ്ധിമുട്ടിക്കുക, വിഷമത്തിലാക്കുക
ബേജാറ് = വിഷമം
ഹലാക്ക് = നശിച്ച
മാർക്കം = സുന്നത്ത് കല്യാണം
കാപ്പട്ട = പേഴ്സ്
പാട്സാലം = പാദസരം
ഇരിപ്പ് = ബെഞ്ച്
ചുളുപ്പ് = ഉളുപ്പ്
കൊയ്ക്ക് = ക്ഷീണം, തളർച്ച
നമ്പലം = പ്രസവവേദന
ഈറ്റാര്ത്തി = പ്രസവ ശുശ്രൂഷ ചെയ്യുന്ന ആൾ
പൈറ്റഞ്ഞി = വൻപയർ കൊണ്ടുള്ള മധുരമുള്ള കഞ്ഞി
നാപ്പുളി = പ്രസവിച്ച് നാല്പത് കുളിക്കൽ
അട്ടത്ത് = മച്ചിന്റെ മുകളിൽ
ദസ് വ്യ = തസ്ബീഹ് മാല, ജപമാല
ചീരാക്കഞ്ഞി = ജീരകക്കഞ്ഞി
തണ്ണി = വെള്ളം
ചീരാത്തൈരി = ജീരകശാല അരി, നെയ്‌ച്ചോർ വെക്കുന്ന അരി
ആംമ്പ്ളേയ്റ്റ് = ഓംലറ്റ്
കോയി = കോഴി
നായി = നായ
മുയ്മനും = മുഴുവൻ
കർലാസ് = കടലാസ്
പിയ്യാപ്ലക്കോര = കിളിമീൻ
കൊവ്വ = മത്തി
കണ്ടം = കഷണം
ഇങ്ങള് = നിങ്ങൾ
അമ്മള് = നമ്മൾ
കുൽക്കുയിഞ്ഞ് = വായിൽ വെള്ളം കൊപ്ലിക്കുക
പുസു = പുഴു
മോട്ടർലച്ച = ഓട്ടോറിക്ഷ
പൗത്താങ്ങ = പഴുത്ത മാങ്ങ
ജിങ്കാന = മിന്നിത്തിളങ്ങുന്ന
ബയ്തിരിങ്ങ്യ = വഴുതന
ബെട്ടാട്ട = ഉരുളക്കിഴങ്ങ്
തേങ്ങാണി = വെളിച്ചെണ്ണ
കുര്ത്തക്കച്ചക്ക = സീതപ്പഴം
മുസായ്ബ് = വിശുദ്ധ ഖുർആൻ
പൈഞ്ചോറ് = പഴഞ്ചോർ
ബെത്തിലാട്ക്ക = വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില
ദെല്ലാലി = ദല്ലാൾ
പാട്ടച്ചേരി = ഗാനമേള
മൗലാഞ്ചി = മൈലാഞ്ചി
പാഹം = ഭാഗം
സൽസലാവുക = അലയടിക്കുക
നെലിംബിളീം = ആർത്ത് കരയുക
ഒസാൻ = ബാർബർ
മൊയ്ലാളി = മുതലാളി
കില്ല = നെറ്റ്, വല
മാങ്ങാമൂച്ചി = മാവ്
ബെക്കം = പെട്ടെന്ന്
ബെയ്ക്ക്യ = കഴിക്കുക, തിന്നുക
കാവുർപ്യ = നാലണ, ഇരുപത്തഞ്ച് പൈസ
ബൊമ്മാച്ചുട്ടി = പാവക്കുട്ടി
ബട്ടപ്പല = ഉയരം കുറഞ്ഞ സ്റ്റൂൾ
അസറാപ്പൂവ് = നാലുമണിപ്പൂവ്
അര്ച്ചുട്ടത്തിരി = അരി അരച്ചു ചുടുന്ന പത്തിരി
പോയ്‌ത്തക്കാരൻ = മണ്ടൻ
കർമൂസ = പപ്പായ
മോറ് = മുഖം
കയ്യാള് = സഹായി
ബെപ്പാരൻ = പാചകക്കാരൻ
പണ്ടാരി = ഹോട്ടലിൽ ഭക്ഷണമുണ്ടാക്കുന്ന ആൾ
സലാവാത്തി ഓതുക = അവസാനിപ്പിക്കുക
സലാമത്താക്കുക = രക്ഷപ്പെടുക
ബെർപ്പ് = വെറുപ്പ്
ബെർങ്ങനെ = വെറുതെ
നടോകം = അകത്തളം
പയ്യാല = കാലിത്തൊഴുത്ത്
ചപ്പും പുള്ളീം = ഭംഗിയുള്ള ഡിസൈൻ
അരാക്ക് = അരയിൽ കെട്ടുന്ന ചരട്
ആലാത്ത് = വണ്ണമുള്ള കയർ (ചകിരികൊണ്ടുള്ള)
കുഞ്ചാല = ഊഞ്ഞാൽ
മാത്താവ് = പഴയ കാലത്തെ മണവാട്ടിയുടെ വേഷം
അങ്ക്റ്ക്ക = പഴയ കാലത്തെ മണവാളന്റെ വേഷം
കുര്മ്പക്ക = മച്ചിങ്ങ
ബെമ്മാടം = വലിയ വീട്, കെട്ടിടം
ബത്ത് = താറാവ്
ഒപ്പരം = ഒരുമിച്ച്
കൊപ്പര = കൊപ്ര
ലങ്ക്ട = ചട്ടുകാലൻ
തൽക്കാണി = തലയണ
മൊയ്ന്ത് = വിഡ്ഢി
പ്രദേശത്തെ തനതായ കലാ രൂപങ്ങൾ
ഒപ്പന
മലബാർ മാപ്പിള (മുസ്ലിം) സംസ്കാരത്തിന്റെ സംഭാവനയാണ് ഒപ്പന. കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാർക്ക കല്ല്യാണം, കാതുകുത്ത്, നാല്പതുകുളി, പിറപ്പുമുടികളയൽ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങൾ മത്സരബുദ്ധിയോടെ ഒപ്പന പാടും. മാപ്പിളപ്പാട്ടിന്റെ ഒരു ഇശൽ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ. ശൃംഗാരരസം നിറഞ്ഞ പാട്ടുകൾക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയിൽ പാടാറുണ്ട്.
പാട്ടിന് ചായൽ, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയൽ ചായൽമുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും.
അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു മുൻകാലത്തു ഒപ്പനപ്പാട്ടുകാർ ധരിച്ചിരുന്നത്. പുള്ളികളുള്ള കളർതുണിയും തട്ടവുമണിഞ്ഞ വേഷം വർണ്ണശബളമായിരുന്നു. അരയിൽ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളിൽ കുപ്പിവളയും ധരിക്കുക സാധാരണമാണ്. കാതില (കർണാഭരണം) പല തരമുണ്ട്. തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില -ഇവ അവയിൽ ചിലതു മാത്രം. കഴുത്തിൽ അണിയാൻ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് വേണ്ടത്. കൂടെ ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. ഒപ്പന നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇശലുകളുടെ മാത്രകൾക്കൊത്ത് കളിക്കാർ കൈമുട്ടണം.
പുരുഷന്മാരും ഒപ്പന അവതരിപ്പിക്കാറുണ്ട്. സ്ത്രീകളുടെ ഒപ്പനയിൽ നിന്ന് ഇതിന് പല മാററങ്ങളുമുണ്ട്. പുരുഷന്മാർ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്. വെള്ള മുണ്ടും ഷർട്ടും ആണ് സാധാരണ ഉപയോഗിക്കുന്ന വേഷം. തൊപ്പിയോ തലയിൽ കെട്ടോ ഉണ്ടാകും.
മാപ്പിള വീടുകളിലെ അകത്തളങ്ങളിൽനിന്നും ഒപ്പന ക്രമേണ സാംസ്കാരിക സദസുകളിലേക്കും യുവജനോത്സവങ്ങളിലേക്കും പറിച്ചു നടപ്പെട്ടു. തനതു രീതികൾക്കൊപ്പം ഒട്ടേറെ പരിഷ്കാരങ്ങൾക്കും ഇതു വഴി വെച്ചു. ഹൃദ്യവും ആകർഷകവും ആയ ഒരു കലാവിരുന്നായി ഒപ്പന രൂപാന്തരപ്പെട്ടു എന്നു പറയാം.
മാപ്പിളപ്പാട്ട്
മാപ്പിളമാരുടെ അഥവാ മുസ്ലിംങ്ങളുടെ ഇടയിൽ പ്രചാരമുള്ള പാട്ടുകളാണ് മാപ്പിളപ്പാട്ടുകൾ. മലബാർ മുസ്ലിംങ്ങളുടെ തനതു ഭാഷയായ 'അറബി-മലയാള'ത്തിന് അതിന്റേതായ ഒരു സാഹിത്യശാഖയുണ്ട്, ആ സാഹിത്യത്തിലെ പദ്യവിഭാഗമാണ് മാപ്പിളപ്പാട്ട്.
മാപ്പിളമാരുടെ ജീവിതത്തേയും സംസ്കാരത്തേയും ആചാര സവിശേഷതകളും പ്രതിഫലിപ്പിക്കുന്നവയാണ് മാപ്പിളപ്പാട്ടുകൾ. കേരളത്തിലെ നാടൻപാട്ടുകളുടേയും അറബിഗാനശൈലിയുടേയും സങ്കലനം ഈ കലാശാഖയിൽ കാണാം. നാടൻഗാനങ്ങളുടെ സ്വഭാവസവിശേഷതകൾ ഈ ഗാനശാഖയിൽ ഒത്തിണങ്ങിയിട്ടുണ്ട്. വാമൊഴിപാരമ്പര്യത്തിന്റേയും വരമൊഴി പാട്ടുകളുടെയും മിശ്രിതമാണ് ഈ ഗാനശാഖ. മലയാള ഭാഷയിൽ പാട്ടുപ്രസ്ഥാനം മണിപ്രവാളപ്രസ്ഥാനത്തെ ഉൾക്കൊണ്ട് വളർന്ന കാലത്താണ് മാപ്പിളപ്പാട്ടുകളുടെ ഉത്ഭവം. മാപ്പിളപ്പാട്ടുകളിൽ ഒട്ടേറെ വിഭാഗങ്ങളുണ്ട്. പുണ്യപുരുഷന്മാരെ പ്രകീർത്തിക്കുന്ന മാലപ്പാട്ടുകൾ, യുദ്ധവിവരണം നടത്തുന്ന ഉറുദികൾ, സ്തുതികളായ വിരുത്തങ്ങൾ, കഥാപ്രധാനങ്ങളായ കിസുകൾ, പ്രേമകാവ്യങ്ങളായ കെസുകൾ, കല്ല്യാണ പാട്ടുകൾ, കത്തുരൂപത്തിലുള്ള പാട്ടുകൾ എന്നിവ അവയിൽ ചിലതാണ്.
ശൃംഗാരരസമാണ് മാപ്പിളപ്പാട്ടിലെ മറ്റൊരു പ്രത്യേകത. താളപ്രധാനവും പ്രാസനിബദ്ധവുമാണ് മാപ്പിളപ്പാട്ടുകളേറെയും. മാപ്പിളപ്പാട്ടിന്റെ ജനനം അറബിവൃത്തങ്ങളും കേരളത്തിൽ നിലവിലുണ്ടായിരുന്ന ഗാനരീതികളും അനുകരിച്ചുകൊണ്ടായിരുന്നു. ദ്രാവിഡവൃത്തങ്ങളുടെ സ്വാധീനവും സംസ്കൃത പദസ്വീകരണവും പിന്നീടുണ്ടായി. നാടൻ ശീലുകളം പദപ്രയോഗങ്ങളുമാണ് മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത.മാപ്പിളപ്പാട്ടിലെ വൃത്തങ്ങളാണ് ഇശലുകൾ. ഒരു കാവ്യത്തിൽ തന്നെ പല ഇശലുകൾ മാപ്പിളപ്പാട്ടുകളുടെ പ്രത്യേകതയാണ്. കാവ്യഗതിക്കനുസൃതമായി ഇശലുകൾതീർക്കുന്നതിൽ മാപ്പിളപ്പാട്ടുകവികൾ വൈദഗ്ദ്ധ്യം കാട്ടി. ഒരേ വൃത്തത്തിൽ തന്നെ പുതിയ ചരണങ്ങളും തുണ്ടുകളും ചേർത്താണ് പുതിയവ ഉണ്ടാക്കിയത്.
കോഴിക്കോട്ടുകാരനായിരുന്ന ഖാസി മുഹമ്മദ് എഴുതിയ 'മുഹ്യുദ്ദീൻമാല'യാണ് മാപ്പിളപ്പാട്ടുകളിലെ ആദ്യകാല കൃതികളിൽ പ്രധാനം. അറേബ്യയിലെ പുണ്യപുരുഷനായ മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജിലാനിയെക്കുറിച്ചുള്ള വർണ്ണനകളാണിതിൽ. 1607-ലാണ് ഈ കൃതി എഴുതിയത് എന്നു കരുതപ്പെടുന്നു. തലശ്ശേരിക്കാരനായ കുഞ്ഞായിൻ മുസ്ല്യാർ എഴുതിയ 'നൂൽമാല' എന്ന കൃതിയാണ് മറ്റൊന്ന്. മുഹമ്മദു്നബിയെ പ്രകീർത്തിക്കുന്നതാണ് ഈ രചന. കണ്ണൂർ ജില്ലയിലെ കോട്ടയം കോവിലകത്തെ പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ടാണ് 'കപ്പപ്പാട്ട്'. കുഞ്ഞായിൻ മുസ്ല്യാരുടേത് തന്നെയാണ് ഈ കൃതിയും. മനുഷ്യശരീരത്തെ പായകപ്പലിനോട് ഉപമിച്ച് എഴുതിയതാണ് ഈ പുസ്തകം.
'അറബി-മലയാള' സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവി മോയിൻകുട്ടി വൈദ്യരാണ്. അറബി-മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ വൈദ്യർക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. കൊല്ലവർഷം 1051-ൽ (ഹിജ്റ 1293) വൈദ്യർ രചിച്ച അതിബൃഹത്തായ കാവ്യമാണ് ബദർ പടപ്പാട്ട്. എൺപത്തിയെട്ടിൽപ്പരം ഇശലുകൾ ഇതിലുണ്ട്. മാപ്പിളമാർക്കിടയിൽ ദേശാഭിമാനബോധം വളർത്തുന്നതിന് ഈ കൃതി വളരെ സഹായിച്ചു. ആദ്ധ്യാത്മികപ്രഭാവത്തിൽ ഊന്നൽ നൽകി എഴുതിയിരുന്ന മാപ്പിളപ്പാട്ടുകളിൽ നിന്നും വ്യത്യസ്തമായി പ്രേമത്തിൻറേയും ശൃംഗാരത്തിൻറേയും അംശം കലർന്ന കൃതികൾ രചിച്ചവരിൽ പ്രധാനിയാണ് മോയിൻകുട്ടി വൈദ്യർ. അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രീതിയാർജിച്ച കൃതിയായ 'ബദറുൽ മുനീർ'ഒരു പ്രേമകാവ്യമാണ്. ഹുസനുൽ ജമാൽ, ഉഹുദ്പട, മലപ്പുറംപാട്ട്, ജിൻപട, കിഴത്തിമാല, എലിപ്പട, ഹിജ്റപ്പാട്ട് തുടങ്ങിയവയാണ് വൈദ്യരുടെ മറ്റു പ്രധാന കൃതികൾ.
ചേറ്റുവ പരീക്കുട്ടി, ചാക്കീരി മൊയതീൻകുട്ടി, പുലിക്കോട്ടിൽ ഹൈദർ, നല്ലളം ബീരാൻ, ടി. ഉബൈദ് തുടങ്ങിയവർ മാപ്പിളപ്പാട്ട് സാഹിത്യത്തിന് കാര്യമായ സംഭാവനകൾ നൽകിയപ്രമുഖരാണ്. പി.കെ. ഹലീമ, വി. ആയിശക്കുട്ടി, കുണ്ടിൽ കുഞ്ഞാമിന തുടങ്ങിയ വനിതകളും പാട്ടുകൾ എഴുതി പ്രസിദ്ധരായവരാണ്.
താളാത്മകമായ പദമേളനവും ആപാദമധുരമായ ഗാനരീതിയുമുള്ള മാപ്പിളപ്പാട്ട് മലയാള സിനിമാഗാനശാഖക്കും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.