കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അധ്യാപക സൃഷ്ടികൾ/യാത്രവിവരണങ്ങൾ

ബർത്ത ബെൻസ്

കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോയമ്പത്തൂർ വരെ ഒന്ന് പോയി....

ഒരുപാട് നാളായി കോയമ്പത്തൂർ പോകണം എന്ന് വിചാരിക്കുന്നു......

രാവിലെ 8.05 ന് കോഴിക്കോട്ട് നിന്നുള്ള കോയമ്പത്തൂർ മെമു എക്സ്പ്രസിൽ ആയിരുന്നു യാത്ര....

രാവിലെ 7 മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി....

പോകുന്ന വഴിക്ക് കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് അടുത്തുള്ള ശ്രീ വെങ്കിടേശ്വര ലഞ്ച് ഹോമിൽ നിന്നും നല്ല ഇഡ്ഡലിയും ചമ്മന്തിയും ചട്ടിണിയും സാമ്പാറും....

നല്ല സ്വാദ്.....

ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു യാചകൻ...

ചെറിയൊരു ദക്ഷിണ അദ്ദേഹത്തിന് നൽകി...

ഈ ഹോട്ടലിൽ നിന്നും ഇടയ്ക്കിടെ കഴിക്കാറുള്ളതാണ്....

എൻറെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഈ ഹോട്ടൽ.....

പ്യുവർ വെജിറ്റേറിയൻ....

ടിക്കറ്റ് എടുത്ത് നേരെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക്...

ട്രെയിൻ വരാൻ അല്പം വൈകി....

വൃത്തിയുള്ള കമ്പാർട്ട്മെൻറ്....

അധികം തിരക്കില്ല... സീറ്റും കിട്ടി...

ഒരുപാട് സ്റ്റേഷനുകളിൽ ഈ തീവണ്ടി നിർത്തുന്നുണ്ട്....

ഇടയ്ക്കിടക്ക് പലതും വിൽക്കാൻ വിൽപ്പനക്കാർ കമ്പാർട്ട്മെന്റുകളിൽ എത്തുന്നുണ്ട്...

പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ച് കവറുകളിൽ ഒതുക്കി വെച്ചിരിക്കുന്നു....

വായിൽ വെള്ളമൂറി....

അദ്ദേഹം കവറിൽ ഉപ്പു കൂട്ടിയ മുളകുപൊടി വിതറി തന്നു...

30 രൂപ...

വാങ്ങിയില്ലെങ്കിൽ നഷ്ടമായി പോയേനെ....

അരമണിക്കൂർ മുമ്പ് തന്നെ കോയമ്പത്തൂർ എത്തി....

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനു തൊട്ട് തന്നെ മസ്ജിദ്....

പ്രാർത്ഥനയും കഴിഞ്ഞ് ഉച്ച ഭക്ഷണം കഴിക്കാൻ വെജിറ്റേറിയൻ ഹോട്ടൽ ആര്യയിലേക്ക്...

120 രൂപ...

പക്ഷേ അത്ര പോരാ...

ഞാൻ കോഴിക്കോട് ഹോട്ടൽ പാരഗണിനെ കുറിച്ച് ഓർത്തു....

37 രൂപക്ക് ചോറും മീൻകറിയും ഉൾപ്പെടുന്ന നല്ല ഭക്ഷണം കിട്ടും....

ഹോട്ടലിൽ നിന്നും ഇറങ്ങി...

സിറ്റി ഒന്നു കറങ്ങണം....

ബസ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയരിയിൽ പോലീസ് മ്യൂസിയം....

അവിടെ ഒന്ന് കയറാം എന്ന് വിചാരിച്ചു...

പോയി നോക്കുമ്പോൾ ലഞ്ച് ബ്രേക്ക് ആണ്...

മൂന്നുമണിക്ക് തുറക്കുകയുള്ളൂ....

ആ ശ്രമം ഉപേക്ഷിച്ചു...

വീണ്ടും മുന്നോട്ടു നടന്നു...

തൊട്ടു മുമ്പിൽ ഒരു സിവിൽ പോലീസ് ഓഫീസർ....

സംശയിച്ച്, സംശയിച്ച് അദ്ദേഹത്തോട് ഇംഗ്ലീഷിൽ വഴി ചോദിച്ചു...

മണി മണിയായി ഇംഗ്ലീഷിൽ അദ്ദേഹത്തിൻറെ മറുപടി...

വെറും ഒരു തമിഴ് സിവിൽ പോലീസ് ഓഫീസറിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല....

ബസ്സിൽ കയറി ടൗൺഹാൾ സ്റ്റോപ്പിൽ ഇറങ്ങി....

തെരുവിലൂടെ കുറെ അലഞ്ഞുതിരിഞ്ഞു.....

തൊട്ടടുത്തായി ചെന്നൈ സിൽക്സും പോത്തീസ് ടെക്സ്റ്റൈൽസും....

ഒന്നും വാങ്ങാനില്ല, പക്ഷേ എന്നിരുന്നാലും വെറുതെ ഒന്ന് കയറി....

ഇതിനേക്കാൾ നല്ല ടെക്സ്റ്റൈൽസ് ഇപ്പോൾ നമ്മുടെ കോഴിക്കോട് ഉണ്ട്....

അവിടെനിന്നും ബസ്സിൽ കയറി നേരെ ഗാന്ധിപുരം ബസ്റ്റാൻഡിലേക്ക്....

അവിടെയും ഒന്ന് കറങ്ങി....

അടുത്തത് ജി.ഡി. നായിഡു കാർ മ്യൂസിയം ആണ് ലക്ഷ്യം...

ഓട്ടോക്കാരനോട് പൈസ ചോദിച്ചു...

150 രൂപ...

100 രൂപക്ക് പോകാമോ.....

ഇല്ല....

ഞാൻ തിരിഞ്ഞു നടന്നു....

അപ്പോഴുണ്ട് പിന്നിൽ നിന്നും വേറൊരു ഓട്ടോക്കാരൻ വിളിക്കുന്നു.....

അങ്ങിനെ 100 രൂപക്ക് മ്യൂസിയത്തിൽ എത്തി....

ഇവിടെ കാർ മ്യൂസിയവും സയൻസ് മ്യൂസിയവും ഉണ്ട്....

രണ്ടിന്റെയും എൻട്രി ടിക്കറ്റ് എടുത്ത് അകത്ത് കയറി...

വിൻ്റേജ് കാറുകളുടെ ഒരു മായാലോകം.....

തുടക്കത്തിൽ തന്നെ പ്രദർശിപ്പിച്ചിട്ടുള്ള മോഡൽ അതിശയിപ്പിക്കുന്നതായിരുന്നു....

വാഹനലോകത്തെ കുലപതി കാൾ ബെൻസ് ആദ്യമായി നിർമ്മിച്ച കാറിൻറെ മോഡൽ....

അതിൻറെ തനി പ്പകർപ്പ്... റണ്ണിംഗ് കണ്ടീഷൻ....

അതിൽ ആകർഷകമായ വസ്ത്രങ്ങളൊക്കെ ധരിച്ച് ഒരു സ്ത്രീയുടെ പ്രതിമ ഇരിക്കുന്നു....

കാൾ ബെൻസിന്റെ ഭാര്യ ബർത്ത ബെൻസ്....

ബെർത്ത ബെൻസ് ആണ് ആദ്യമായി ലോകത്ത് ഒരു വാഹനത്തിൽ ദീർഘദൂര യാത്ര നടത്തിയത്....

അതും ഒരു സ്ത്രീ....

തൻറെ രണ്ട് ചെറിയ ആൺമക്കളെയും അടുത്ത് ഇരുത്തിക്കൊണ്ട്...

109 കിലോമീറ്റർ 12 മണിക്കൂറിനുള്ളിൽ.....

തൻറെ ഭർത്താവ് കാൾ ബെൻസ് അറിയാതെ മക്കളെയും കൂട്ടി അദ്ദേഹത്തിൻറെ ഭാര്യ ബർത്ത ഈ വണ്ടി ഓടിച്ച് പോവുകയായിരുന്നു....

ഈ സംഭവത്തെ ആസ്പദമാക്കി ബെൻസ് എന്ന കാർ കമ്പനി ഈയടുത്ത് അതിമനോഹരമായ ഒരു വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്....

അതിൻറെ വീഡിയോ തൊട്ടടുത്ത സ്ക്രീനിൽ കാണിക്കുന്നു....

ലോകത്ത് ആദ്യമായി ഇത്രയും ദൂരം വണ്ടിയോടിച്ചത് ഒരു സ്ത്രീ ആണെന്ന് നമ്മൾ എത്രപേർക്കറിയാം....?

Really an inspiring story for the vehicle lovers.....

അത്ഭുതപ്പെടുത്തുന്ന നിരവധി പഴയ വാഹനങ്ങളുടെ നിര തന്നെയുണ്ട് ഈ മ്യൂസിയത്തിൽ....

ജർമ്മൻ സ്വേച്ഛാധിപതി ഹിറ്റ്ലർ ലോഞ്ച് ചെയ്ത ഫോക്സ് വാഗൻ കാർ...

1934ൽ ഷെവർലെ കമ്പനി പുറത്തിറക്കിയ കാരവൻ....

ഫോർഡ്, ജർമൻ മോട്ടോഴ്സ്, ബി എം ഡബ്ലിയു, ടൊയോട്ട, നിസ്സാൻ, മാരുതി, ടാറ്റ തുടങ്ങി കേട്ടതും കേൾക്കാത്തതുമായ കമ്പനികളുടെ അതിശയകരവും അസൂയപ്പെടുത്തുന്നതുമായ നിരവധി സുന്ദര മോഡലുകൾ...

എല്ലാം തുടച്ച് മിനുക്കി വെച്ചിരിക്കുന്നു...

മാത്രവുമല്ല ഇതൊക്കെ റണ്ണിംഗ് കണ്ടീഷനിൽ ഉള്ള വണ്ടികളാണ്...

എല്ലാം നല്ലവണ്ണം നോക്കി മനസ്സിലാക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും....

സമയക്കുറവ് കാരണം തൊട്ടടുത്ത സയൻസ് മ്യൂസിയത്തിലേക്ക് നടന്നു....

ഇതും ഒരു അത്ഭുതലോകം തന്നെ....

ലോകത്തെ വിവിധ കമ്പനികളുടെ നിരവധി ഉൽപ്പന്നങ്ങൾ ചരിത്ര കുതുകികൾക്ക് വേണ്ടി മനോഹരമായി അടുക്കും ചിട്ടയോടും കൂടി നിരത്തി വച്ചിരിക്കുന്നു.....

ജി ഡി നായിഡു എന്ന മഹത് വ്യക്തി ലോകത്തിന് സമ്മാനിച്ച വിസ്മയം....

അദ്ദേഹം ആദ്യമായി ഉപയോഗിച്ച ടൂ വീലറിന്റെ പുതുക്കിയ മോഡലും ഈ മ്യൂസിയത്തിൽ ഉണ്ട്....

ഇവിടം സന്ദർശിച്ചില്ലെങ്കിൽ നഷ്ടമായി പോയേനെ.....

കുറച്ചു ഫോട്ടോകൾ എടുത്തു....

സന്ദർശകപുസ്തകത്തിൽ എൻറെ അഭിപ്രായവും രേഖപ്പെടുത്തി അവിടെനിന്നും പടിയിറങ്ങി....

അങ്ങിനെ എന്തെല്ലാം സുന്ദര മുഹൂർത്തങ്ങൾ ഈ ലോകത്തെ ചെപ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു...

മനുഷ്യൻ തിരക്കുപിടിച്ച് എന്തൊക്കെയോ ചെയ്തുകൂട്ടുന്നു....

അവസാനം ഒന്നിനും സമയമില്ലാതെ അനന്തമായ ലോകത്തേക്ക് തനിയെ....

ജീവിതം എത്രയും പെട്ടെന്ന് തീർന്നു പോകും....

അതിനുമുമ്പ് അല്പസമയം..... ........................ ........................