കല്ലാമല യു പി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
കല്ലാമല
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങൾ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവിൽ അക്ഷരമെഴുതാൻ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദൻ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയിൽ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്.