കല്പകഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
               കൽപകവൃക്ഷം തിങ്ങിവളർന്നിരുന്ന പ്രദേശമായതിനാലാണ് ഈ ഗ്രാമത്തിനു കൽപകഞ്ചേരി എന്ന പേരു ലഭിച്ചത്. വെട്ടത്തുനാടിന്റെ അധീനതയിലായിരുന്നു ആദ്യകാലത്ത് കൽപകഞ്ചേരി. പിൽക്കാലത്ത് വെട്ടത്തുനാട് കോഴിക്കോട് സാമൂതിരി കീഴ്പ്പെടുത്തിയപ്പോൾ ഇവിടെയുള്ള ഭൂസ്വത്തുക്കൾ മണ്ടായത്തുപുറം, കിഴക്കേ കോവിലകം പൂമുള്ളിമന, പാക്കത്തുമന, കേരളാധിശ്വരപുരം ഊട്ട് ബ്രഹ്മസ്വം എന്നിവരുടെ അധീനതയിലായി. കുറച്ച് ഭൂപ്രദേശം വട്ടപറമ്പുകാരും കൈയ്യടക്കി. അക്കാലത്ത് ഇവിടെയുള്ള ഭൂസ്വത്തുക്കളിൽ 60 ശതമാനവും തരിശുഭൂമിയായിരുന്നു. പടയോട്ടകാലത്ത് ടിപ്പുവിന്റെ പടയാളികൾ കൽപകഞ്ചേരിയിലെ നടയാൽപറമ്പ്, ചോലക്കമാട് എന്നിവിടങ്ങളിൽ ടെന്റടിച്ച് കൂടിയിരുന്നതായി പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട്, ചോലക്കമാട് പ്രദേശത്തുള്ള പാറപ്പുറത്ത് നൂറോളം കുഴികൾ ഇപ്പോഴും കാണാവുന്നതാണ്. നടയാൽപറമ്പിലും അടുത്തകാലം വരെ കുഴികളും മറ്റടയാളങ്ങളും കാണാമായിരുന്നു. സൌകര്യപ്രദമായും സുരക്ഷിതമായും ചുറ്റുപാടുകൾ വീക്ഷിക്കാൻ പറ്റുന്ന തരത്തിൽ ഉയർന്ന സ്ഥലമായിരുന്നതിനാലാവാം പടയാളികൾ അവിടെ തമ്പടിച്ചത്. അക്കാലത്ത് കൽപകഞ്ചേരിയിലെ പ്രമുഖ മുസ്ളീം കുടുംബമായ മണ്ടായപുറത്ത് തറവാട്ടിലെ കാരണവരായിരുന്ന മുയ്തീൻ മൂപ്പന്റെ പിതാവ് ഇവരുമായി സൌഹൃദബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പറഞ്ഞുകേൾക്കുന്നു. സെമിന്താരി വ്യവസ്ഥയിൽ നികുതി ചുമത്തുവാനും പിരിക്കുവാനും അധികാരമുള്ളവരായിരുന്നു അവർ. ആദ്യകാല പഞ്ചായത്തു പ്രസിഡന്റുമാരായ മണ്ടായപുറത്ത് അഹമ്മദ് ഉണ്ണിമൂപ്പൻ എന്ന എം.എ.മൂപ്പൻ, കൊച്ചുണ്ണി എന്ന ആലികുട്ടിമൂപ്പൻ എന്നിവർ ആ തറവാട്ടിലെ പിന്മുറക്കാരായിരുന്നു. പഞ്ചായത്തു രൂപീകരണത്തിനു മുമ്പുണ്ടായിരുന്ന അംശകച്ചേരിയിൽ, പാരമ്പര്യമായി കള്ളിയത്ത് ബീരാൻകുട്ടി ഹാജി മുതൽ കള്ളിയത്ത് ഹുസൈൻകുഞ്ഞി വരെ “മേനോന്മാ”രായി 6 പേർ സേവനം ചെയ്തിട്ടുണ്ട്. 1940 കാലഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്ത് ജുഡീഷറിയായും പ്രവർത്തിച്ചിട്ടുണ്ട്. 
                            കൽപകഞ്ചേരി പഞ്ചായത്തിലെ രണ്ടത്താണി അങ്ങാടി, രണ്ടത്താണിയിലൂടെ കടന്നുപോകുന്ന പഴയ ഊടുവഴികൾ എന്നിവിടങ്ങളിലെല്ലാം പഴയ കാലത്ത് ചുമടുകൾ ഇറക്കിവെക്കാൻ പൂർവ്വികർ അത്താണികൾ സ്ഥാപിച്ചിരുന്നു. കല്ലുവെട്ടിച്ചന്ത എന്ന പുത്തൻചന്തയിലേക്കും, കോട്ടക്കൽ ചന്തയിലേക്കും ചുമടുകളുമായി പോകുന്ന ആളുകൾക്കു വേണ്ടി രണ്ട് അത്താണികൾ സ്ഥാപിച്ചിരുന്നു. ചുമടുകൾ ഇറക്കിവെച്ചിരുന്ന രണ്ട് അത്താണികൾ ഉള്ള സ്ഥലമെന്ന നിലയിൽ വഴിപോക്കരാണ് ഈ പ്രദേശത്തിനു രണ്ടത്താണി എന്ന പേരു നൽകിയത്. അതുപോലെ തന്നെ കൽപകഞ്ചേരിയുടെ പരിസരങ്ങളിലുള്ള പുത്തനത്താണി, കുട്ടികളത്താണി, കുറുകത്താണി എന്നീ സ്ഥലങ്ങളിലും അത്താണികൾ ഉണ്ടായിരുന്നതിനാലാണ് പ്രസ്തുത സ്ഥലനാമങ്ങളുമുണ്ടായത്. പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളിൽ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുർ ആൻ പരിഭാഷകനായ മർഹും മുഹമ്മദ് അമാനി മൌലവി, മുദർയ്യിസ് അബ്ദുറഹ്മാൻ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാർ തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട്. താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാൽപതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തിൽ മറവ് ചെയ്യുന്നതിനായി മയ്യത്തുകൾ എത്തിക്കാറുണ്ട്. 1911-ൽ കൊടക്കല്ലിങ്ങൽ സ്ഥാപിതമായ ബാസൽ മിഷൻ ഓടുകമ്പനിയിൽ നിന്നും ആദ്യം ഉൽപാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേൽക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കാനാഞ്ചരി പ്രദേശത്തെ പല സ്ഥലങ്ങളും മലബാർ സ്വതന്ത്ര്യസമരസേനാനികൾ തങ്ങളുടെ ഒളിത്താവളമായി ഉപയോഗിച്ചിട്ടുണ്ട്. 
                            കൽപകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വർഷത്തോളം പഴക്കമുണ്ട്. പാറക്കാട് നായന്മാർ ഹൈവന്ദരം കാവിൽ താമസമാക്കിയിരുന്നു എന്ന് പറയപ്പെടുന്നു. കാലക്രമേണ കാവിന്റെ ആദ്യകാലപ്രതാപം ക്ഷയിച്ചുപോവുകയാൽ പിൽക്കാലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നും അതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി ചിലരെയെങ്കിലും സംഭാവന ചെയ്യാൻ ഈ ഗ്രാമത്തിനു സാധിച്ചിട്ടുണ്ട്. അതിൽ പ്രമുഖനായിരുന്നു ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു സാഹിബ്. അദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത്, വ്യത്യസ്ത വേഷത്തിലും നാമത്തിലും ജനങ്ങൾക്കിടയിൽ സഞ്ചരിച്ചു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവർത്തനവും ഒപ്പം കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. കൽപകഞ്ചേരിയിൽ ആയിരുന്നപ്പോൾ രണ്ടത്താണിയും, കൽപകഞ്ചേരിയുമായിരുന്നു പ്രവർത്തനകേന്ദ്രം. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും പഞ്ചായത്തിലെ നിരവധി ദേശാഭിമാനികൾ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് പട്ടാളം പഞ്ചായത്തിലെ വീടുകൾ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷന്മാരെ ബന്ധനസ്ഥരാക്കിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും വർഷങ്ങളോളം ജയിലിൽ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. കൽപകഞ്ചേരി സ്വദേശിയായ പള്ളിയത്ത് മുയ്തീൻ ഉൾപ്പെടെ ചിലരെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയിട്ടുമുണ്ട്. 
                            തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാർത്തയറിഞ്ഞ് രോഷാകുലരായ സമരക്കാർ തിരൂർ ട്രഷറി, കൽപകഞ്ചേരി സബ്രജിസ്റ്റാർ ഓഫീസ്, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവ ആക്രമിക്കുകയുണ്ടായി. പട്ടാളം കടുങ്ങാത്തകുണ്ടിൽ ക്യാമ്പ് ചെയ്യുമ്പോഴും സമരസേനാനികൾ തൊട്ടടുത്ത അതിരുമട പ്രദേശത്ത് തോക്കെടുത്ത് വെടിവെക്കാൻ പരിശീലിക്കുകയായിരുന്നു. സ്വതന്ത്ര്യസമരകാലത്ത് കെ.കെ.ഇപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കേരളീയൻ തുടങ്ങിയ നേതാക്കൾ പലവട്ടം കൽപകഞ്ചേരി സന്ദർശിച്ചിട്ടുണ്ട്. മലബാർ മാപ്പിള ലഹള എന്ന് ബ്രിട്ടീഷുകാർ പേരിട്ട മലബാർ സ്വാതന്ത്ര്യസമരത്തെ പട്ടാളനിയമമുപയോഗിച്ച് അടിച്ചമർത്തിയതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനം ഇവിടെ പൂർവ്വാധികം സജീവമാകുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു കൽപകഞ്ചേരി പഞ്ചായത്ത്. 1940 ഒക്ടോബർ 10-ാം തിയ്യതിയാണ് കൽപകഞ്ചേരി പഞ്ചായത്ത് നിലവിൽ വന്നത്. അന്ന് ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പായിരുന്നു പഞ്ചായത്തുമെമ്പർമാരെ തെരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് ഏഴ് ചതുരശ്രനാഴിക ചുറ്റളവാണ് പഞ്ചായത്തിനുണ്ടായിരുന്നത്. കൽപകഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫീസിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കൽപകഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫീസ് സ്ഥാപിക്കുന്നതിനു മുമ്പ് തിരുനാവായ കൊടക്കൽ രജിസ്ട്രാഫീസായിരുന്നു കൽപകഞ്ചേരിക്കാരുടെ രജിസ്ട്രാർ കേന്ദ്രം.
"https://schoolwiki.in/index.php?title=കല്പകഞ്ചേരി&oldid=466882" എന്ന താളിൽനിന്ന് ശേഖരിച്ചത്