കയനി യു പി എസ്‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മട്ടന്നൂർ നഗരസഭയുടെ അതിർത്തി ഗ്രാമമാണ് കയനി .അഞ്ചരക്കണ്ടി പുഴയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം സാംസ്കാരികമായും കാർഷിക പരമായും ഏറെ പ്രാധാന്യം ഉള്ള ചരിത്രം വിളിച്ചോതുന്നു . കയനി ജുമാ മസ്‌ജിദ്‌ ,തിരുവാനായി വാസുപുരം ക്ഷേത്രങ്ങൾ ,പുലിപ്പശു കാവ് ,തുടങ്ങി നിരവധി സാംസ്‌കാരിക ചരിത്ര ഏടുകൾ കൂടാതെ ആരോഗ്യ രംഗത്ത് ഗ്രാമീണർക്ക് താങ്ങായി കുടുംബ ക്ഷേമ ഉപകേന്ദ്രവും ഉണ്ട്.നെൽ വയലുകൾ കൊണ്ട് സമ്പന്നമായ പ്രദേശത്തെ പ്രധാന വരുമാന മാർഗം കൃഷി ആയിരുന്നു .നിലവിൽ 3500 ഓളം ജനസംഖ്യ ഉള്ള നാട്ടിൽ പുരാതന കാലത്ത് മാറ്റ് സ്ഥലങ്ങളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല അതിനാൽ തന്നെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ പൗര പ്രമുഖരും ഗ്രാമവാസികളും ചേർന്ന് ഒരു കുടിപ്പാളിക്കൂടം ആരംഭിച്ചു.അത് ഗ്രാമത്തിന്റെ വളർച്ചയ്ക്ക് കാരണമായി. ഇന്ന് മട്ടന്നൂർ നഗരസഭയിലെ 20 ,21 വാർഡ് ചേർന്ന പ്രദേശം ആണ് കയനി അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും.സാക്ഷരത കൊണ്ടും ഏറെ മുൻപന്തിയിൽ നിൽക്കുന്ന പ്രദേശം ആണ് .

അഞ്ചരക്കണ്ടി പുഴ

കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്‌വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്നു ഈ നദി 48 കിലോമീറ്ററാണ് ദൈർഘ്യം. കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.

മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം. കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. മുഴപ്പിലങ്ങാട് - ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.


മട്ടന്നൂർ നഗരസഭ

അടിസ്ഥാന വിവരങ്ങൾ

2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.

ആകർഷണങ്ങൾ

പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചാലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പെരിയച്ചൂർ ചാലാടൻകണ്ടി മഠപ്പുര ക്ഷേത്രം, പരിയാരംസുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ.. നഗരവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്. പെരിയച്ചൂരിലെ പുളിയനാനം വെളളച്ചാട്ടം വർഷകാലത്ത് ഏറെ ആകർഷണീയമാണ് മട്ടന്നൂർ മഹാദേവക്ഷേത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു

പ്രശസ്ത വ്യക്തികൾ

പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത   മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ എന്നിവരുടെ സ്വദേശം മട്ടന്നൂരിനടുത്താണ്.പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
  • മട്ടന്നൂർ പോളിടെൿനിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
  • മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം


കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം(IATA: CNN, ICAO: VOKN). കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂരിൽ നിന്നുളള ആദ്യവിമാനം10.10 ഓടെ പറന്നുയർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് ആദ്യം പുറപ്പെട്ടത്. എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും മറ്റ് മന്ത്രിമാരോടും ഒപ്പം നിർവ്വഹിച്ചു.പ്രശസ്ത രാജ്യാന്തര എയർലൈനായ ഗോഎയർ ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം